രചന : അപ്പു
:::::::::::::::::::
” എനിക്കൊരു സാനിറ്ററി നാപ്കിൻ വാങ്ങണം.. പിന്നെ ഒരു പൗഡർ.. “
പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഭർത്താവിന്റെ മുഖം ഇരുളുന്നത് കണ്ടു. ഇനി അതിന് തെളിച്ചം വരാൻ സാധ്യതയില്ല.
” കഴിഞ്ഞ മാസമല്ലേ നിനക്ക് ഞാൻ നാപ്കിൻ വാങ്ങി തന്നത്..?പിന്നെ വലിയ ഒരുക്കമൊന്നും വേണ്ട.ഇടയ്ക്കിടയ്ക്ക് പൗഡർ എന്നും പൊട്ട് എന്നും ഒക്കെ പറഞ്ഞു എന്നോട് പൈസ ചോദിച്ചാൽ എന്റെ കൈയിലും ഇല്ല…”
നിർദയം ഭർത്താവ് പറഞ്ഞപ്പോൾ അവൾക്ക് നാണക്കേട് തോന്നി.
“ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വന്ന് ചോദിക്കണമെന്നില്ല. നിനക്ക് ഒരു മാസം എന്തൊക്കെയാണ് ആവശ്യം എന്ന് എനിക്കറിയാം. അതനുസരിച്ച് ഞാൻ അങ്ങോട്ട് തരും. അല്ലാതെ ഇങ്ങോട്ട് വന്ന് ചോദിക്കേണ്ട.”
അവസാന തീരുമാനം പോലെ പറഞ്ഞു കൊണ്ട് ഭർത്താവ് മുറിവിട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.
അതുകണ്ട് വല്ലാത്ത നാണക്കേടും അപമാനവും ഒക്കെ തോന്നി ശിഖയ്ക്ക്.
സ്വന്തമായി ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ താൻ വല്ലാതെ അനുഭവിക്കുന്നുണ്ടെന്ന് അവൾക്കറിയാം.
പക്ഷേ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായി പോയി. രണ്ടര വയസ്സുള്ള ചെറിയൊരു കുട്ടിയാണുള്ളത്. തനിക്കൊരു ജോലിക്ക് പോകണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും കുഞ്ഞിനെ നോക്കാൻ മറ്റാരുമില്ല എന്നുള്ളത് കൊണ്ട് ആഗ്രഹം ഉള്ളിൽ അടക്കി വെച്ചിരിക്കുകയാണ്.
പല കാര്യങ്ങളിലും അവൾ ഭർത്താവിനോട് പണം ചോദിക്കുമ്പോൾ അയാൾ അവളെ താഴ്ത്തി കെട്ടുന്നത് പതിവായി.അവളുടെ ഇഷ്ടത്തിന് ചെലവാക്കാൻ ഒരു രൂപ പോലും ഇല്ല എന്ന അവസ്ഥ.
പേഴ്സണലായി ഉള്ള ആവശ്യങ്ങൾക്കു പണം കിട്ടില്ല എന്നുള്ളത് അവസ്ഥ.
അവൾക്ക് ആ അവസ്ഥയെ തരണം ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് സ്വന്തമായി ഒരു ജോലിയെക്കുറിച്ച് അവൾ ചിന്തിച്ചു തുടങ്ങിയത്.
കുഞ്ഞിന് ഏകദേശം മൂന്ന് വയസ്സ് പ്രായമായപ്പോഴേക്കും ഭാഗ്യം പോലെ അവൾക്ക് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി കിട്ടി.കുഞ്ഞിന്റെ ഭാഗ്യം എന്നാണ് അവൾ അതിനെ വിശേഷിപ്പിച്ചത്.
കുഞ്ഞിനെ എവിടെ നിർത്തിയിട്ട് ജോലിക്ക് പോകും എന്നുള്ള ചോദ്യത്തിന് ഭർത്താവിന്റെ അമ്മ തന്നെയാണ് കുഞ്ഞിനെ ഞാൻ നോക്കിക്കോളാം എന്ന് മറുപടി പറഞ്ഞത്.
നാളുകളായി അവൾ അനുഭവിക്കുന്നതൊക്കെ ഭർത്താവിന്റെ അമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” സ്വന്തമായി ഒരു ജോലിയും വരുമാനവും ഒക്കെ എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ.. അന്ന് എനിക്ക് അതിനുള്ള അവസരം കിട്ടിയില്ല. ഇപ്പോൾ നിനക്ക് മുന്നിൽ അങ്ങനെ ഒരു അവസരമുണ്ട്. അത് നീ പാഴാക്കി കളയരുത്. “
ആ നിമിഷം ആ അമ്മയോട് അവൾക്ക് വല്ലാത്ത ഒരു ആരാധന തോന്നി.
തനിക്ക് വേണ്ടി ഇങ്ങനെ ഒരു സഹായം ചെയ്തു തരാൻ മുതിർന്ന അമ്മയെ ഒരിക്കലും ബുദ്ധിമുട്ടിക്കേണ്ടി വരരുത് എന്ന ചിന്ത ഉള്ളിലുള്ളത് കൊണ്ട് തന്നെ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് അടുക്കളയിലെ പണികളൊക്കെ തീർത്തതിനു ശേഷം ആയിരുന്നു അവൾ ജോലിക്ക് പോകാറ്.
അവൾക്ക് ജോലി കിട്ടിയ കാര്യം പറഞ്ഞപ്പോൾ തന്നെ ഭർത്താവ് പറഞ്ഞ ഒരേ ഒരു കാര്യവും അത് തന്നെയായിരുന്നു.
” ജോലിക്ക് പോകുന്നതൊക്കെ കൊള്ളാം. പക്ഷേ നിന്റെ ഒരു കാര്യവും ചെയ്തു തരാൻ ഇവിടെ ആരുമില്ല എന്നൊരു ഓർമ്മ വേണം. എന്നുമാത്രമല്ല ഇവിടെ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഒരു വീഴ്ച വരാനും പാടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അന്നത്തോടെ തീരും നിന്റെ ജോലിക്ക് പോക്ക്.. “
അവന്റെ ആ വാക്കുകൾ ഒരു ഭീഷണി പോലെ തോന്നിയതു കൊണ്ടാണ് അവൾ അത് അക്ഷരംപ്രതി അനുസരിച്ചത്. ജോലിക്ക് പോകുന്നതിനു മുൻപ് തന്നെ വീട്ടിലുള്ള ജോലികളെല്ലാം ചെയ്തു തീർത്തിട്ട് മാത്രമേ അവൾ പോകാറുള്ളൂ..
ഏതെങ്കിലും ഒരു ദിവസം അവൾ ഒന്ന് ലേറ്റ് ആയാൽ ഒന്ന് ബസ്റ്റോപ്പിൽ കൊണ്ടുവിടാൻ ഉള്ള മര്യാദ പോലും അവൻ കാണിക്കാറില്ല. തനിക്ക് അതിന്റെ ആവശ്യമില്ല എന്നാണ് അവൻ പറയാറ്.
പക്ഷേ എത്രയൊക്കെ ബുദ്ധിമുട്ടേണ്ടി വന്നാലും തനിക്ക് കിട്ടിയ ജോലി താൻ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് അവൾ മനസ്സു കൊണ്ട് ഉറപ്പിച്ചിരുന്നു.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു ആദ്യത്തെ സാലറി കിട്ടിയ ദിവസമായി. സാലറി അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ട് എന്ന മെസ്സേജ് വന്ന നിമിഷം അവളുടെ കണ്ണ് നിറഞ്ഞു.
തന്റെ പരിശ്രമത്തിന് ഫലം കണ്ടിരിക്കുന്നു എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. തന്റെ ഇഷ്ടത്തിന് തനിക്ക് ചെലവാക്കാൻ എന്തെങ്കിലുമൊക്കെ ഇനി തന്റെ കൈയിൽ ഉണ്ടാകുമല്ലോ എന്നൊരു സന്തോഷവും അവൾക്കുണ്ടായിരുന്നു.
വല്ലപ്പോഴും സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ അമ്മയുടെ കയ്യിൽ എടുത്തു കൊടുക്കാൻ തന്റെ കയ്യിൽ ഒരു 500 രൂപയെങ്കിലും ഉണ്ടാകുമല്ലോ എന്നൊരു സന്തോഷവും അവളിൽ പ്രകടമായിരുന്നു.
ആദ്യമായി കിട്ടിയ സാലറി ആയതുകൊണ്ട് തന്നെ വീട്ടിൽ എല്ലാവർക്കും വേണ്ടി ഓരോ ജോഡി ഡ്രസ്സ് എടുത്തു.പിന്നെ വീട്ടിലേക്ക് കുറച്ച് പലഹാരങ്ങളും വാങ്ങി.
എല്ലാം വാങ്ങി കഴിഞ്ഞു അവൾ വീട്ടിലെത്തുമ്പോൾ സന്തോഷമായിരുന്നു അവൾക്ക്. വാങ്ങിയ സാധനങ്ങൾ ഓരോന്നായി ഓരോരുത്തർക്കും കൊടുക്കുമ്പോൾ അവൾക്ക് അഭിമാനമായിരുന്നു.
” കിട്ടിയ പൈസ മുഴുവൻ ഇന്നുതന്നെ നശിപ്പിച്ചു കഴിഞ്ഞോ..? നിനക്ക് പൈസ സൂക്ഷിക്കാൻ അറിയില്ല എന്ന് ഞാൻ പറയുന്നത് ഇതുകൊണ്ടാണ്. “
ഭർത്താവിന്റെ ഭാഗത്ത് നിന്നുണ്ടായ മറുപടി അങ്ങനെയായിരുന്നു.
“എന്തായാലും കിട്ടിയതിൽ ബാക്കി പൈസ എവിടെ..?”
അവൻ ചോദിച്ചപ്പോൾ അവൾക്ക് സംശയമായി.
” എന്റെ കയ്യിൽ ഉണ്ട്.. “
“എന്നാൽ അതിനെ എടുത്തിട്ട് വാ..”
അയാൾ ഒരു നിർദ്ദേശം പോലെ പറഞ്ഞപ്പോൾ സംശയിച്ചിട്ട് ആണെങ്കിലും അവൾ എടിഎമ്മിൽ നിന്ന് എടുത്ത പണം അയാളെ ഏൽപ്പിച്ചു.
” ഇത് ഞാൻ സൂക്ഷിച്ചോളാം. ഇത്രയും പണം കൈകാര്യം ചെയ്യാൻ എന്തായാലും നീ ആയിട്ടില്ല.. “
അയാൾ പറഞ്ഞത് കേട്ട് അവൾ പകച്ചു പോയി.
” ഇത് കൈയിൽ ഇരിക്കട്ടെ.. ബസിന് കൊടുക്കാൻ പണം വേണ്ടി വരുമല്ലോ.. ഇനി ഈ മാസം എന്നോട് പണവും ചോദിച്ചു വരരുത്.”
അവൾ സമ്പാദിച്ച പണത്തിൽ നിന്ന് ഔദാര്യം പോലെ ആയിരം രൂപ അവളെ എടുത്തു നീട്ടുമ്പോൾ,അവൾക്ക് ഹൃദയം വേദനിച്ചു.
മാസാവസാനം വീണ്ടും ബസ്സ് കൂലിക്ക് തികഞ്ഞില്ല എന്നു പറഞ്ഞ് അയാൾക്ക് മുന്നിൽ കൈ നീട്ടുമ്പോൾ അയാളുടെ മുഖം കനത്തു.
” നിന്റെ കയ്യിൽ ഞാൻ ഒരു ആയിരം രൂപ തന്നതല്ലേ..? അത് ഇത്രവേഗം ധൂർത്തടിച്ച് തീർത്തോ..? “
ചോദിച്ചു കൊണ്ട് അയാൾ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അവളുടെ മുഖത്തേക്ക് എറിഞ്ഞു.അവൾക്ക് അത് വലിയ അപമാനം ആയിട്ടാണ് തോന്നിയത്.
നേരം പുലരുന്നതിനു മുൻപേ എഴുന്നേറ്റു വീട്ടിലെ പണികളും തീർത്ത് ഓഫീസിലേക്ക് ഓടി അവിടത്തെ പണികളും ചെയ്തു തീർത്തിട്ട് വീട്ടിൽ വന്ന് യന്ത്രം പോലെ അവിടുത്തെ പണികൾ വീണ്ടും ചെയ്തു തുടങ്ങുമ്പോൾ ഒരിക്കലും അവൾക്ക് അതൊരു ഭാരമായി തോന്നാത്തത് തനിക്ക് സ്വന്തമായൊരു വരുമാനം ഉണ്ടല്ലോ എന്ന ചിന്തയിലായിരുന്നു. പക്ഷേ ഇപ്പോൾ സ്വന്തമായി സമ്പാദിച്ച പണത്തിന് വരെ കണക്ക് പറയേണ്ട അവസ്ഥയാണ്. അങ്ങനെയാണെങ്കിൽ താൻ എന്തിന് ജോലിക്ക് പോകുന്നു എന്നൊരു ചിന്ത അവൾക്കുണ്ടായി..
തൊട്ടടുത്ത മാസം ശമ്പളം കിട്ടിയപ്പോഴും അയാൾ അവളുടെ കയ്യിൽ നിന്ന് ശമ്പളം ചോദിക്കുമെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. അത് പ്രതീക്ഷിച്ചു തന്നെയാണ് അവൾ വീട്ടിലെത്തിയത്.
പ്രതീക്ഷിച്ചതു പോലെ അവൻ ശമ്പളത്തിന് വേണ്ടി കൈനീട്ടി.
” ഈ മാസം അക്കൗണ്ടിൽ നിന്നും ഞാൻ പൈസ എടുത്തിട്ടില്ല. “
അവൾ പറഞ്ഞപ്പോൾ അവൻ മുഖം ചുളിച്ചു.
“അതെന്താ..? അല്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് നേരിട്ട് എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ മതി..”
അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
” ചേട്ടന്റെ അക്കൗണ്ടിലേക്ക് വരുന്ന പണം എപ്പോഴെങ്കിലും എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ..? അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാണ് എന്റെ പണം ഞാൻ നിങ്ങൾ അയച്ചുതരുന്നത്..? “
അവൾ ചോദിച്ചപ്പോൾ അയാൾ പതറി.
” നിനക്ക് ഇത്രയും പണം കൈകാര്യം ചെയ്തു പരിചയമില്ലല്ലോ.. നീ വെറുതെ പണം ധൂർത്തടിക്കും..”
ദുർബലമായ ശബ്ദത്തിൽ അയാൾ പ്രതിരോധിച്ചു.
“അത് സാരമില്ല ചേട്ടാ.. ഇങ്ങനെയൊക്കെ തന്നെയാണല്ലോ കൈകാര്യം ചെയ്ത് പഠിക്കുന്നത്. എന്റെ പണം എന്റെ അക്കൗണ്ടിൽ കിടന്നോട്ടെ. എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ നമുക്കെടുത്ത് ചെലവാക്കാം.. “
അത്രയും പറഞ്ഞുകൊണ്ട് അവൾ തലയുയർത്തിപ്പിടിച്ച് അകത്തേക്ക് പോകുമ്പോൾ അയാൾ ജാള്യതയോടെ തല കുനിച്ചു…