രചന : അപ്പു
:::::::::::::::::::::::
“അമ്മയ്ക്ക് ഇപ്പോ ജോലിക്ക് പോകണമെന്ന് എന്താ ഇത്ര നിർബന്ധം..? അമ്മ ജോലിക്ക് പോയാൽ പിന്നെ എന്റെ കാര്യങ്ങളൊക്കെ ആരാ നോക്കുക..?”
ഏഴു വയസ്സുകാരി പെൺകുട്ടിയുടെ ചോദ്യം അവളുടെ ഉള്ളിൽ വീണ്ടും വീണ്ടും അലയടിച്ചു.
“താൻ എന്താടോ ചിന്തിച്ചിരിക്കുന്നത്..?”
ഭർത്താവ് വന്ന് തട്ടി വിളിക്കുമ്പോൾ അവൾ ഓർമ്മകളിൽ നിന്നുണർന്ന് അവനെ നോക്കി.
” ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർക്കുകയായിരുന്നു.. “
അവന്റെ മുഖത്ത് നോക്കാതെ അവൾ മറുപടി പറഞ്ഞപ്പോൾ തന്നെ എന്താകും അവൾ ഓർത്തിരുന്നത് എന്ന കാര്യത്തിനെ കുറിച്ച് അവന് നല്ല ധാരണ ഉണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ കാണുന്നതാണ് അവൾ ഇങ്ങനെ ഒരേ കാര്യവും പറഞ്ഞ് വേദനിക്കുന്നതും വിഷമിക്കുന്നതും. അതിന് ഇന്നുവരെ ഒരു പരിഹാരം കാണാൻ അവൾക്ക് കഴിഞ്ഞിട്ടുമില്ല..
” അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേടോ..? താൻ വീണ്ടും അതിനെക്കുറിച്ച് ഓർത്തിരുന്നത് കൊണ്ട് എന്ത് ലാഭമുണ്ടാകാനാണ്..? “
ഭർത്താവ് അവളെ ആശ്വസിപ്പിക്കാൻ വേണ്ടിയാണ് ചോദിച്ചതെങ്കിലും അവൾക്ക് ഒന്നും പറയാനോ ചോദിക്കാനോ കഴിഞ്ഞില്ല.
താൻ ചെയ്തു പോയ പെട്ടെന്ന് പരിഹാരം ചെയ്യണം എന്നൊരു ചിന്ത മാത്രമായിരുന്നു അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത്. അവൾ അങ്ങനെ ചിന്തിച്ചിരിക്കുന്നത് കാണുമ്പോൾ അവനും അവളോട് സഹതാപം തോന്നുന്നുണ്ടായിരുന്നു.
അന്ന് ആ ഏഴ് വയസ്സുകാരിയായ പെൺകുട്ടി അവൾ തന്നെയായിരുന്നു.
അവൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അമ്മയ്ക്ക് ദൂരെ ഒരു സ്കൂളിൽ ജോലി ശരിയാവുന്നത്.രാവിലെ നേരത്തെ പോയാലേ അവിടെ ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് അമ്മയ്ക്ക് അവിടെ എത്താനാവൂ.
അതുകൊണ്ട് രാവിലെ ഏഴുമണിക്ക് തന്നെ അമ്മ വീട്ടിൽ നിന്ന് പുറപ്പെടുമായിരുന്നു. വീടിന്റെ തൊട്ടടുത്തുള്ള സ്കൂളിൽ പഠിക്കുന്ന അവൾക്ക് ആ സമയത്ത് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാനുള്ള സമയം ആവുകയേയുള്ളൂ.
മിക്കപ്പോഴും അവൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരുമ്പോഴേക്കും അമ്മ ജോലിക്ക് പോയിട്ടുണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളിൽ അച്ഛമ്മയാണ് അവളെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും ഒക്കെ.
ചെറിയമ്മ ചെറിയമ്മയുടെ മോന് ആഹാരം വാരി കൊടുക്കുന്നതും അവനെ ലാളിക്കുന്നതും ബസ് കയറ്റിവിടാൻ വേണ്ടി വന്നു നിൽക്കുന്നതും ഒക്കെ കാണുമ്പോൾ അവൾക്ക് സങ്കടം തോന്നാറുണ്ട്. തനിക്ക് മാത്രം അമ്മയുടെ സ്നേഹം വിധിച്ചിട്ടില്ലല്ലോ എന്നോർത്ത് അവൾ പരിതപിക്കും.
” വീട്ടിൽ നോക്കാൻ അമ്മ ഇല്ലല്ലോ.. അമ്മയ്ക്ക് ജോലി ഉള്ളതുകൊണ്ട് കൊച്ചിനെ നോക്കാൻ സമയം ഉണ്ടാവില്ല. അതുകൊണ്ടല്ലേ അതിങ്ങനെ തേക്കാത്ത യൂണിഫോം ഒക്കെ ഇട്ട് വരുന്നത്.. “
സഹതാപത്തോടെ ടീച്ചർമാർ പരസ്പരം സംസാരിക്കുന്നത് ഒരിക്കൽ അവൾ കേട്ടു. അത് കേട്ടതോടെ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.
അന്ന് വൈകിട്ട് വീട്ടിലെത്തിയ അവൾ മുത്തശ്ശി കൊടുത്ത ആഹാരം കഴിക്കാൻ തയ്യാറായില്ല.
“നിനക്കെന്താ കുട്ടി ആഹാരം കഴിച്ചാൽ..? ഒരു ഗ്ലാസ് ചായ പോലും കുടിക്കില്ലെന്ന് വെച്ചാൽ.. എന്തൊരു കഷ്ടമാണെന്ന് ആലോചിച്ചു നോക്ക്..”
അച്ഛമ്മ സ്വയം എന്നതുപോലെ പറയുന്നത് അവൾ കേട്ടു. പക്ഷേ വാശി പിടിച്ച് ഇരുന്നതല്ലാതെ അവൾ ഒരു കാര്യത്തിനും മുന്നിട്ടിറങ്ങിയില്ല.
” അഹങ്കാരം എന്നല്ലാതെ എന്തു പറയാനാണ്.. അതിന്റെ അമ്മ ഒരുത്തിയുള്ളത് ഇനി ഏതു നേരത്താണ് കയറി വരുന്നതെന്ന് കണ്ടറിയണം. അവനവന്റെ വീട്ടിൽ കുട്ടികൾ ഉണ്ടെന്നും കുടുംബം ഉണ്ടെന്നും ഒക്കെ ചിന്തിച്ചിട്ട് വേണം ഇങ്ങനെ ഓരോ ജോലിക്കും പോകാൻ. അതങ്ങനെയാ അവൾ പറയുന്നതിനപ്പുറം തുള്ളാത്ത ഒരു ഭർത്താവിനെ അല്ലേ അവൾക്ക് കിട്ടിയിരിക്കുന്നത്.. കാര്യം എന്താ മോനൊക്കെ തന്നെയാണെങ്കിലും അവൻ വെറുമൊരു പെൺകോന്തനായി പോയല്ലോ എന്ന് ഓർക്കുമ്പോൾ ആണ്.. “
പുച്ഛത്തോടെ അച്ഛമ്മ പറയുന്നത് അവൾ കേട്ടിരുന്നു, അതുകൂടി കേട്ടതോടെ അവൾക്ക് അമ്മയോടുള്ള ദേഷ്യം വർദ്ധിച്ചു.
അച്ഛന്റെ പൊന്നോമന മകളായിരുന്നു അവൾ. അച്ഛനെ വെറുതെ പോലും ഒരാളും കുറ്റപ്പെടുത്തുന്നത് സഹിക്കാത്ത ഒരു മകളായിരുന്നു അവൾ. അങ്ങനെയുള്ളപ്പോൾ അമ്മയുടെ പേരിൽ അച്ഛൻ കുറ്റക്കാരനാവുന്നത് അവൾക്ക് സഹിക്കാൻ ആവുന്ന കാര്യമായിരുന്നില്ല.
“എല്ലാത്തിനും കാരണം അമ്മയുടെ ജോലി തന്നെയാണ്. അമ്മയ്ക്ക് എന്റെ കാര്യങ്ങൾ നോക്കി ഇവിടെ ഇരുന്നാൽ പോരെ..”
അവളുടെ മനസ്സ് വാശി പിടിച്ചു.
അന്ന് സന്ധ്യ മയങ്ങിയ നേരത്താണ് അവളുടെ അമ്മ വീട്ടിലേക്ക് കയറി വന്നത്. രാവിലെ മുതൽ തുടങ്ങുന്ന ഓട്ടം ആണല്ലോ.. അതുകൊണ്ട് ക്ഷീണിച്ചു അവശയായി ആണ് അമ്മ കയറി വന്നത്. വന്നപ്പോൾ തന്നെ മുഖവും വീർപ്പിച്ചുകൊണ്ട് അവൾ അമ്മയുടെ മുന്നിലേക്ക് ചെന്നു.
” മോള് ഇന്ന് വന്നിട്ട് യൂണിഫോം പോലും മാറ്റിയിട്ടില്ലല്ലോ.. എന്തുപറ്റി മോളെ..? അച്ഛമ്മ മോൾക്ക് യൂണിഫോം മാറ്റി തന്നില്ലേ..?”
അവൾ നിൽക്കുന്ന കോലം കണ്ട് ആശങ്കയോടെ അമ്മ അന്വേഷിച്ചു. അമ്മയോടൊപ്പം വീട്ടിലേക്ക് കയറി വന്ന അച്ഛനും അവളുടെ വേഷം കണ്ടിട്ട് അമ്പരന്നു പോയിരുന്നു.
” എന്റെ കാര്യങ്ങളൊക്കെ അവരെന്തിനാ ചെയ്തു തരുന്നത്..? അമ്മയ്ക്ക് എന്നെ നോക്കാൻ വയ്യാത്തത് കൊണ്ടല്ലേ..? “
മകളുടെ ചോദ്യം കേട്ട് ആ അമ്മയുടെ ഹൃദയം വേദനിച്ചു.
“മോൾ എന്താ അങ്ങനെയൊക്കെ പറയുന്നത്..? അമ്മ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ..? മോൾക്ക് വേണ്ടി ആഹാരം ഒക്കെ ഉണ്ടാക്കി വെച്ചിട്ടല്ലേ അമ്മ ജോലിക്ക് പോകാറ്..”
അമ്മ ചോദിച്ചത് കേട്ടപ്പോൾ അവളുടെ മുഖം വീർക്കുകയാണ് ചെയ്തത്.
” എന്റെ കൂടെ പഠിക്കുന്ന കുട്ടികളുടെയൊക്കെ അമ്മമാരാണ് അവരെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുന്നത്. അവരെ പല്ലുതേപ്പിക്കാനും ആഹാരം കൊടുക്കാനും സ്കൂളിൽ പോകാൻ തയ്യാറാക്കി വിടാനും ഒക്കെ അമ്മമാർ തന്നെയാണ് അവരോടൊപ്പം നിൽക്കുന്നത്. ഇവിടെ ചെറിയമ്മ അല്ലേ അപ്പുവിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്.. എന്റെ അമ്മയ്ക്ക് മാത്രം എന്നെ നോക്കാനും എന്റെ കാര്യങ്ങൾ ചെയ്തു തരാനും സമയമില്ല.. “
പരിഭവത്തോടെ അവൾ പറയുന്ന ഓരോ വാക്കുകളും ആ അമ്മയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
“മോളേ എന്തൊക്കെയാ അമ്മയോട് പറയുന്നത്..? അമ്മ നമുക്ക് വേണ്ടി കൂടിയല്ലേ ജോലിക്ക് പോകുന്നത്..? അമ്മയുടെ സ്കൂൾ ദൂരെ ആയതുകൊണ്ടല്ലേ അമ്മയ്ക്ക് നേരത്തെ പോകേണ്ടി വരുന്നതും വൈകി മാത്രം വീട്ടിലെത്തേണ്ടി വരുന്നതും..? മോള് അമ്മയുടെ ഭാഗത്ത് നിന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ.. രാവിലെ പോയിട്ട് വൈകിട്ട് ഇത്രയും ലേറ്റ് ആയിട്ടല്ലേ അമ്മ വീട്ടിലേക്ക് വരുന്നത്.. അപ്പോൾ ബസ്സിലെ തിരക്കും സ്കൂളിലെ പണികളും ഒക്കെയായി അമ്മ ആകെ ക്ഷീണിച്ചിട്ടുണ്ടാവില്ലെ..? എന്നിട്ടും വീട്ടിൽ വന്ന് റസ്റ്റ് എടുക്കാതെ മോള് പറയുന്നതൊക്കെ അമ്മ മോൾക്ക് ഉണ്ടാക്കി തരാറില്ലേ..? അമ്മയ്ക്ക് മോളോട് ഇഷ്ടമുള്ളതു കൊണ്ടല്ലേ..?”
അച്ഛൻ അമ്മയ്ക്ക് സപ്പോർട്ട് ആയി വന്നത് ആ മകൾക്ക് ഇഷ്ടമായില്ല.
“അച്ഛൻ അമ്മയെ കൂടുതൽ ന്യായീകരിക്കുകയൊന്നും വേണ്ട.അമ്മ ഇങ്ങനെ ജോലിക്ക് പോകുന്നത് കൊണ്ട് എത്ര പേരാണെന്ന് അറിയോ അച്ഛനെ കുറ്റം പറയുന്നത്..? അച്ഛമ്മ വരെ പറഞ്ഞല്ലോ അച്ഛൻ പെങ്കോന്തൻ ആയിപ്പോയെന്ന്.. അച്ഛനെ വരെ ഇങ്ങനെ പറയിക്കുന്നതു അമ്മ അല്ലെ..? “
ആ മകളുടെ അന്നോളം കാണാത്ത ഒരു ഭാവം കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു ആ കുടുംബം..
ആരെല്ലാം എങ്ങനെയെല്ലാം പറഞ്ഞു കൊടുത്തിട്ടും അവൾ വാശിയിൽ തന്നെ ആയിരുന്നു.
” അമ്മ ജോലിക്ക് പോകണ്ട. അത് എനിക്ക് ഇഷ്ടല്ല.. “
അവൾ അങ്ങനെ ഒരു വാശിയിൽ തന്നെ ആയിരുന്നു. അത് സാധിച്ചെടുക്കാൻ ദിവസങ്ങളോളം അവൾ പട്ടിണി കിടന്നു. ഒടുവിൽ മകളുടെ വാശി ജയിക്കാൻ വേണ്ടി കഷ്ടപ്പെട്ട് നേടിയ ജോലി ആ അമ്മയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
കുഞ്ഞിനെ ഒരിക്കൽ പോലും അമ്മ കുറ്റപ്പെടുത്തിയില്ല. പകരം ആക്കുഞ്ഞ് തന്റെ സാമീപ്യത്തിന് വേണ്ടിയാണ് ആഗ്രഹിച്ചത് എന്ന് തിരിച്ചറിവിൽ അവളെ സംരക്ഷിച്ചതേയുള്ളൂ.
വർഷങ്ങൾ കടന്നു പോയി. ആ മകൾ വളർന്നു. വിവാഹിതയായി. അതിന് ശേഷം മാത്രമാണ് ഒരു സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
അമ്മയുടെ ഓരോ ആവശ്യത്തിന് വേണ്ടിയും അമ്മ അച്ഛന്റെ മുന്നിൽ കൈ നീട്ടുമ്പോൾ അതൊക്കെ സ്വാഭാവികം അല്ലേ എന്നു മാത്രമാണ് ആദ്യമൊക്കെ ചിന്തിച്ചിരുന്നത്. പക്ഷേ അതിനൊരു മറുവശം കൂടിയുണ്ട് എന്ന് മനസ്സിലാക്കിയത് സ്വന്തം അനുഭവത്തിൽ നിന്നാണ്.
അന്നുമുതൽ അമ്മയുടെ ജീവിതം താൻ കാരണമാണല്ലോ ഇങ്ങനെയായത് എന്ന കുറ്റബോധം കൊണ്ട് ആ മകൾ ഉരുകുകയായിരുന്നു.
” എടോ താൻ അതുതന്നെ വീണ്ടും വീണ്ടും ഓർത്തിരുന്നതുകൊണ്ട് ഇനി ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. അമ്മയ്ക്ക് ഇപ്പോൾ എന്തെങ്കിലും ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ല. അമ്മയ്ക്ക് ഇനി അതിനു സാധിക്കുകയുമില്ല. എല്ലാ കാര്യത്തിനും രണ്ടാമത് അവസരം കിട്ടി എന്ന് വരില്ലല്ലോ.. “
അത്രയും പറഞ്ഞുകൊണ്ട് അവളുടെ ഭർത്താവും അവളിൽ നിന്ന് അകന്നു മാറുമ്പോൾ, അവളും ഓർത്തത് അതുതന്നെയായിരുന്നു.
അമ്മയ്ക്ക് ഇനി രണ്ടാമതൊരു അവസരം ഇല്ലല്ലോ..!!!