രചന : അപ്പു
:::::::::::::::::::::
“ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുകയാണ്. സന്ദീപിനെന്താ പറ്റിയത്..?”
പതിവു പോലെ അന്നും ഓഫീസിൽ നിന്ന് ആകെ ക്ഷീണിതനായിട്ടാണ് സന്ദീപ് വീട്ടിലേക്ക് കയറി വന്നത്. ഇതിപ്പോൾ കുറച്ചുനാളുകളായി സന്ദീപ് അങ്ങനെയാണ്.
മുൻപ് എപ്പോഴും ഊർജ്ജസ്വലനായി കാണപ്പെടുന്ന സന്ദീപിന്റെ നിഴൽ രൂപം പോലും ഇപ്പോഴില്ല എന്ന് വേണം പറയാൻ.
വർഷയുടെ ചോദ്യം കേട്ടിട്ടും അതിനെ അവഗണിച്ചു കൊണ്ട് അവൻ മുറിയിലേക്ക് കയറി പോയി. അവന്റെ ആ പ്രവർത്തിയിൽ അവൾക്ക് വേദന തോന്നിയെങ്കിലും കാലങ്ങളായി അവൻ ഇങ്ങനെ തന്നെയാണല്ലോ എന്നോർത്തപ്പോൾ അവൾ നെടുവീർപ്പിട്ടു.
വിവാഹം കഴിഞ്ഞ് സാധാരണ എല്ലാവരെയും പോലെ വളരെയധികം പ്രതീക്ഷയോടെയാണ് താനും ഈ കുടുംബത്തേയ്ക്ക് വന്നു കയറിയത്.പക്ഷേ അതിനുശേഷം ആണ് മനസ്സിലായത് തന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും ഒന്നും കുടുംബ ജീവിതത്തിൽ നടക്കില്ല എന്ന്.
അമ്മ പറയുന്നത് മാത്രമേ ഈ വീട്ടിൽ നടക്കാൻ പാടുള്ളൂ എന്ന് അലിഖിതമായ ഒരു നിയമമുള്ളത് പോലെയാണ് ഇവിടെ.
അവളുടെ ഓർമ്മകൾ ആ ദിനങ്ങളിലേക്ക് എത്തിനോക്കി.
താൻ എന്ത് അഭിപ്രായം പറഞ്ഞാലും അതൊന്നും അങ്ങനെയല്ല താൻ പറയുന്നതൊന്നും ശരിയല്ല എന്ന് വാദിക്കാൻ അമ്മയ്ക്ക് വല്ലാത്തൊരു മിടുക്കായിരുന്നു.
അമ്മ പറയുന്നത് മാത്രമേ മകൻ അനുസരിക്കാൻ പാടുള്ളൂ എന്ന് അമ്മ മകനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതല്ലാതെ തന്റെ വാക്ക് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ പെൺകോന്തൻ എന്നു പറഞ്ഞ് അയാളെ അപമാനിക്കാൻ ആണ് അമ്മ ശ്രമിക്കാറ്. തുടർച്ചയായി അങ്ങനെ അനുഭവം ഉണ്ടായപ്പോൾ പിന്നീട് സന്ദീപ് തന്റെ വാക്കുകൾക്ക് വില കൊടുക്കാതെയായി.
അച്ഛനാണെങ്കിലും അമ്മ പറയുന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന്.. ആർഭാടത്തിനും ആഡംബരത്തിനും ഒരു കുറവും ഇല്ലാത്ത ഒരു കുടുംബമാണ് സന്ദീപിന്റേത് എന്ന് ഇവിടെ വന്നു കയറി അധികം താമസിയാതെ തന്നെ മനസ്സിലായതാണ്.
എവിടെ ഒക്കെ പണം ചെലവാക്കാൻ പറ്റുമോ, അതൊക്കെ ചെയ്യും.. ആഴ്ചയിൽ എവിടെയെങ്കിലും കറങ്ങാൻ പോകും.. പുതിയതായി ഏത് സിനിമ ഇറങ്ങിയാലും കാണാൻ പോകും..
ആർഭാടം അതിരുകടക്കുന്നു എന്ന് കണ്ടപ്പോഴാണ് ഒരിക്കൽ സന്ദീപിനോട് അതിനെക്കുറിച്ച് സംസാരിച്ചത്.
” സന്ദീപ് ഇങ്ങനെ ചെലവുകൾ വഴിവിട്ട് ചെലവാക്കിയാൽ, നമുക്ക് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ നമ്മുടെ കയ്യിൽ ഒന്നും ഉണ്ടാകില്ല. വരവറിഞ്ഞു വേണം ചെലവാക്കാൻ എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇവിടുത്തെ അനാവശ്യ ചെലവുകൾ ഒക്കെ ഒന്ന് കുറയ്ക്കാൻ ശ്രമിക്കണം.. “
അന്ന് സന്ദീപിനോട് മാത്രമായിട്ടാണ് അത് സംസാരിച്ചതെങ്കിലും അതിന്റെ മറുപടി തന്നത് അമ്മായി അമ്മയായിരുന്നു.
“അഷ്ടിക്ക് വകയില്ലാത്ത കുടുംബത്തിലുള്ളവരൊക്കെ അങ്ങനെയായിരിക്കും. പക്ഷേ ഞങ്ങളുടെ കുടുംബത്തിലുള്ളവരൊക്കെ അങ്ങനെയല്ല. എപ്പോഴെങ്കിലും ഒരു ആവശ്യം വന്നാലും ഞങ്ങളുടെയൊക്കെ കയ്യിൽ പണം ഉണ്ടാകാറുണ്ട്. പിന്നെ ജീവിച്ചിരിക്കുന്നിടത്തോളം കാലം സന്തോഷമായിട്ട് ജീവിക്കണം എന്നാണ് ഞങ്ങളൊക്കെ പഠിച്ചിരിക്കുന്നത്. നിന്നെപ്പോലെ പത്തും പതിനായിരവും അല്ല എന്റെ മകൻ ശമ്പളം വാങ്ങുന്നത്. എന്റെ ഭർത്താവിനും അത്യാവിശ്യം വരുമാനമുള്ളതാണ്. അതനുസരിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്..”
അമ്മായിഅമ്മ പറഞ്ഞ മറുപടി അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതിനുശേഷം അവൾ ഒരു കാര്യങ്ങളിലും അഭിപ്രായം പറയാൻ പോകാറില്ല.
അതിനിടയ്ക്കാണ് തൊട്ടടുത്ത വീട്ടിൽ ആരോ വീട് മോടി പിടിപ്പിക്കുന്നു എന്ന് അമ്മ പറയുന്നത്. അതോടെ നമ്മുടെ വീടും പുതുക്കി പണിയണം എന്നായി അച്ഛനും അമ്മയും.
അതിനെക്കുറിച്ച് സന്ദീപ് അവളോട് സംസാരിച്ചിരുന്നു.
” ഇപ്പോൾ ഒരു വീട് വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ നമ്മുടെ കയ്യിൽ എന്തെങ്കിലും ഉണ്ടോ..? ഇങ്ങനെ വീട് പണിക്കൊക്കെ ഇറങ്ങുമ്പോൾ കയ്യിൽ എന്തെങ്കിലും ഉണ്ടായിട്ട് വേണ്ടേ..? “
അവൾ അങ്ങനെയൊരു ചോദ്യം ചോദിക്കുമെന്ന് അവന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നപോലെയായിരുന്നു അവന്റെ പെരുമാറ്റം.
” അതിനാണ് ലോണുകൾ ഒക്കെ ഉള്ളത്. മുഴുവൻ പണവും കയ്യിലെടുത്തു വച്ചുകൊണ്ട് വീട് വയ്ക്കാൻ ചിലപ്പോൾ അംബാനിക്ക് പോലും പറ്റിയെന്ന് വരില്ല. അതുകൊണ്ട് ആ കാര്യം ആലോചിച്ചു നീ ടെൻഷൻ അടിക്കേണ്ട. ഓരോ മാസവും 75000 രൂപ ശമ്പളം വാങ്ങുന്ന ആളാണ് ഞാൻ. അച്ഛൻ കുടുംബത്തിലെ കാര്യങ്ങളൊക്കെ നോക്കി കഴിഞ്ഞാലും എനിക്ക് സുഖമായി ലോൺ അടച്ചു തീർക്കാവുന്നതേയുള്ളൂ. “
അവളെ പുച്ഛിച്ചുകൊണ്ട് അവൻ അത് പറഞ്ഞപ്പോൾ പിന്നീട് കൂടുതൽ ഒന്നും പറയാൻ അവൾക്കും തോന്നിയില്ല.
ഏറ്റവും ആഡംബരത്തിൽ തന്നെ വീട് മോഡി പിടിപ്പിച്ചു. ഏറ്റവും പുതിയ മോഡലിലുള്ള ഒരു കാർ തന്നെ വാങ്ങി. അങ്ങനെ അങ്ങനെ ലോണുകൾ പലവിധം ആ വീട്ടിൽ കുമിഞ്ഞു കൂടി.
അതൊക്കെയും സന്ദീപ് തന്റെ വരുമാനം കൊണ്ട് നടത്തി പോകുന്നു എന്നാണ് അവളുടെ അറിവ്.
ഇതിപ്പോൾ കുറച്ചു ദിവസമായി സന്ദീപിന്റെ പെരുമാറ്റത്തിൽ ആകെ ഒരു മാറ്റം കാണുന്നുണ്ടായിരുന്നു.
തന്നെ എത്രയൊക്കെ അവഗണിച്ചാലും തന്റെ ഭർത്താവാണ്. അയാൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അറിയണമെന്ന് അവൾക്ക് ആഗ്രഹം തോന്നി.
അതുകൊണ്ടു തന്നെയാണ് അവൾ അവന് പിന്നാലെ മുറിയിലേക്ക് കയറിയത്.
അവൾ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ നിറകണ്ണുകളുമായി ഇരിക്കുന്ന സന്ദീപിനെ ആണ് കാണുന്നത്. അവന്റെ അങ്ങനെയൊരു ഭാവം അവൾക്ക് പുതിയതായത് കൊണ്ട് തന്നെ അവൾ ആകുലതയോടെ അവന്റെ അടുത്തേക്ക് ഓടി.
” എന്താ ..? എന്തുപറ്റി..? “
അവളുടെ ചോദ്യം കേട്ടപ്പോൾ അവന് അധികം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
“എന്റെ ജോലി പോയി..”
അത് കേട്ടപ്പോൾ അവളുടെ തലയ്ക്ക് ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് അവൾക്ക് തോന്നിയത്.
അവളുടെ മുന്നിൽ അവൾക്ക് കാണാനായത് കുറെ സംഖ്യകൾ മാത്രമായിരുന്നു. പലർക്കും കൊടുക്കാനുള്ള പലതരത്തിലുള്ള സംഖ്യകൾ മാത്രം.
പലപ്പോഴും അമ്മയും അച്ഛനും പുച്ഛിച്ച തന്റെ 10000 ശമ്പളം കൊണ്ട് ഒരുപക്ഷേ തനിക്ക് വീട്ടു ചെലവുകൾ നടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞേക്കും.അപ്പോൾ ബാക്കിയുള്ള ലോണുകൾ..?
സന്ദീപിന്റെ ഒരാളിന്റെ വരുമാനം മാത്രം മുന്നിൽ കണ്ടു കൊണ്ടാണ് ഈ ലോണുകൾ മുഴുവൻ ഈ കുടുംബത്തിൽ എടുത്തു തീർത്തിരിക്കുന്നത്. ഇതിപ്പോൾ എന്തു ചെയ്യും..?
അവൾക്ക് ഓർത്തിട്ട് കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.
” നീയെന്താ ഒന്നും പറയാത്തത്..? “
അവൻ ചോദിച്ചിട്ടും അവൾക്ക് മറുപടിയൊന്നും പറയാൻ ഉണ്ടായിരുന്നില്ല.
അവളുടെ മൗനം അവനെ വേദനിപ്പിക്കുക തന്നെ ചെയ്തു. രാത്രിയിൽ എല്ലാവരും കൂടി ഒരുമിച്ചിരിക്കുന്ന സമയത്താണ് അവന്റെ ജോലി പോയി എന്ന വിവരം അവൻ അച്ഛനെയും അമ്മയെയും ധരിപ്പിക്കുന്നത്.
അവൻ പറഞ്ഞ ആ വാക്കുകൾ അവർക്ക് ഒരു ഞെട്ടൽ തന്നെയായിരുന്നു.
” ജോലി പോയെന്നോ..? അതെങ്ങനെയാ..? ഇനി ലോണിന്റെ കാര്യങ്ങളൊക്കെ എങ്ങനെയാ..? ആരടച്ചു തീർക്കും എന്നാണ്..? “
അമ്മ ആവലാതിയോടെ ചോദിച്ചപ്പോൾ അവൾക്ക് പുച്ഛം തോന്നി.
“എന്നെ നോക്കണ്ട.എന്റെ കയ്യിൽ ഒന്നുമില്ല. ആകെ ഉണ്ടായിരുന്ന സ്വർണ്ണം കൂടി വീട് വയ്ക്കാൻ എന്നും കാർ വാങ്ങിക്കാൻ എന്നും ഒക്കെ പറഞ്ഞു കൊണ്ട് എല്ലാവരും കൂടി കൊണ്ടു പോയി തൊലച്ചില്ലേ..? അന്നേ ഞാൻ പറഞ്ഞതല്ലേ ഇത്രയും ആഡംബരത്തിന്റെ ഒന്നും ആവശ്യമില്ല എന്ന്.. എന്നിട്ട് അത് ആരെങ്കിലും കേട്ടോ.. ലോണെടുത്തവരും അത് ചെലവാക്കിയവരും ഒക്കെ കൂടി അത് അടച്ചാൽ മതി..”
വർഷ ആദ്യം തന്നെ തന്റെ അഭിപ്രായം പറഞ്ഞു. അവൾ പറഞ്ഞത് ശരിയായത് കൊണ്ട് തന്നെ അവളെ എതിർക്കാൻ സന്ദീപിന് പോലും ഒരു മാർഗ്ഗം ഉണ്ടായിരുന്നില്ല.
” ഞങ്ങളുടെ കൈയിലും നിനക്ക് തരാൻ പണം ഒന്നുമില്ല കേട്ടോ. അവനവന്റെ വരവറിഞ്ഞു വേണമായിരുന്നു ചെലവാക്കാൻ.”
അമ്മയും അച്ഛനും കൈമലർത്തിയതോടെ സന്ദീപിന് അവസാനമായി ഉണ്ടായിരുന്ന പ്രതീക്ഷ കൂടി നഷ്ടമായി.
“ഞാൻ അന്നേ പറഞ്ഞതല്ലേ സന്ദീപിനോട്.. എപ്പോഴെങ്കിലും ഞാൻ പറഞ്ഞ ഒരു വാക്കിനെങ്കിലും നിങ്ങൾ വില കൽപ്പിച്ചിട്ടുണ്ടോ..? അങ്ങനെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടായിരുന്നോ..?”
അവളുടെ ആ ചോദ്യം അവന്റെ കണ്ണ് നനയിച്ചു എന്ന് തന്നെ പറയാം.
“സോറി.. പറ്റിയത് അബദ്ധമാണെന്ന് അറിയാം.. ഇനി ഞാൻ എന്താ ചെയ്യേണ്ടത്..? അതെനിക്കൊന്നു പറഞ്ഞുതരൂ..”
നിസ്സഹായതയുടെ സ്വരമായിരുന്നു ആ നിമിഷം അവന്.അവന്റെ ആ അവസ്ഥയിൽ അവൾക്ക് സഹതാപം തോന്നി.
” തൽക്കാലം ഈ വീട്ടിലെ ചെലവുകൾ നടത്തിക്കൊണ്ടു പോകാൻ എന്നെക്കൊണ്ട് പറ്റും… പക്ഷേ മറ്റു ബാധ്യതകൾ.. അതിന് സന്ദീപിനും കൂടി ഒരു ജോലി ഉണ്ടെങ്കിലേ പറ്റൂ.. സന്ദീപിന് എന്തായാലും പുതിയൊരു കമ്പനിയിൽ ജോലിക്ക് കയറാൻ ഒരുപാട് സമയം എടുത്തു എന്ന് വരാം. അത്രയും സാവകാശം നമ്മുടെ ലോണുകളുടെ കാര്യത്തിൽ കിട്ടുകയുമില്ല. അപ്പോൾ പിന്നെ ചെയ്യാവുന്ന ഒരു കാര്യം , സന്ദീപിന് ഫ്രീലാൻസ് ആയി എന്തെങ്കിലും ജോലികൾ നോക്കുക എന്നുള്ളതാണ്. ഇപ്പോൾ അതിന് ഒരുപാട് സാധ്യതയുള്ളതല്ലേ..? നമുക്ക് അങ്ങനെ എന്തെങ്കിലും ചെയ്യാം. എന്റെ കയ്യിൽ അത്യാവശ്യം ഒരു നീക്കിയിരിപ്പുണ്ട്. ഒരു എമർജൻസി സാഹചര്യം വന്നാൽ നമുക്ക് ഉപയോഗിക്കാം.. “
അവൾ പറഞ്ഞ മാർഗങ്ങൾ അവന് പുതിയ പ്രതീക്ഷയുടേതായിരുന്നു. അവനെ തളർന്നു പോകാൻ അനുവദിക്കാതെ താങ്ങി നടത്താൻ അവളുടെ കരങ്ങൾക്ക് ശക്തിയുണ്ടായിരുന്നു.