എത്ര ശ്രമിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി..നെഞ്ചിൽ വലിയൊരു ഭാരം കയറ്റി വച്ച പോലെ..ഒരു ദിവസത്തെ താലിഭാഗ്യം….

താലിഭാഗ്യം

രചന: Nitya Dilshe

:::::::::::::::::::::

സനൂപേട്ടനെ ഞാൻ കാണുന്നത് 2 ആഴ്ച്ച മുൻപാണ്. എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ..എന്റെ വലിയമ്മവനും സനൂപേട്ടന്റെ അച്ഛനും ഒരുമിച്ചു പഠിച്ചതാണ്.. അങ്ങനെ വന്ന ആലോചനയാണ്..ആൾ ഒരു അമേരിക്കൻ ബേസ്ഡ് കമ്പനിയിൽ ദുബായിയിൽ മാനേജർ പോസ്റ്റിൽ വർക് ചെയ്യുന്നു…MBA കഴിഞ്ഞതാണ്..രണ്ടു പ്രാവശ്യം ലീവിന് വന്നിട്ടും പെണ്ണ് ശരിയാവാതെ തിരിച്ചു പോകേണ്ടി വന്നു..എന്നെ കണ്ടു..ഇഷ്ടപ്പെട്ടു.. പരിചയക്കാരായത് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.. ജാതക പ്രകാരം വിവാഹം മേടത്തിനുള്ളിൽ കഴിയണം…ഇല്ലെങ്കിൽ പിന്നെ 2 വർഷം കൂടി കാത്തിരിക്കേണ്ടി വരും..സനൂപേട്ടന്റെ ലീവും കഴിയാറായി…രണ്ടാഴ്ചക്കുള്ളിൽ വിവാഹത്തിന് ഇരുകൂട്ടർക്കും സമ്മതം…എന്നും വിളിക്കുമായിരുന്നെങ്കിലും എനിക്ക് എക്സാം നടക്കുന്നത് കൊണ്ടു കൂടുതലൊന്നും സംസാരിച്ചിരുന്നില്ല..അങ്ങനെ വിവാഹം കഴിഞ്ഞു..

മുപ്പത്തിമുക്കോടി ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ടാണ് ‘അമ്മ തന്ന നിലവിളക്കേറ്റു വാങ്ങിയത്..പ്രാർത്ഥനയോടെ വലതുകാൽ വച്ചകത്തു കയറി..എന്റെ മുഖത്തെ പരിഭ്രമം കണ്ടാണെന്നു തോന്നുന്നു ഏട്ടന്റെ അനിയത്തി മീനുവും അമ്മയും കരുതലോടെ ഒപ്പം നിന്നു..പൂജാമുറിയിൽ വിളിക്കുവച്ചു പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ കുസൃതിചിരിയോടെ എന്നെത്തന്നെ നോക്കിനിൽക്കുന്നു ഏട്ടൻ..

“”ചേച്ചി, മുകളിലാണ് മുറി.”” മീനു വന്നെന്നെ വിളിച്ചു കൊണ്ടു പോയി..റിസപ്ഷൻ രണ്ടു ദിവസം കഴിഞ്ഞാണെന്നത് ആശ്വാസമായി തോന്നി..സാരിയും പൂവും ആഭരണങ്ങളിൽ നിന്നും എന്നെ സ്വതന്ത്രയാക്കാൻ മീനുവും ഒപ്പം കൂടി..
“”ദേ.. ഈ കബോർഡിൽ ചേച്ചിടെ ഡ്രസാട്ടോ..കുളിച്ചു ഇഷ്ടമുള്ളത്തിട്ടു വേഗം വരണേ “”

ചിരിച്ചു കൊണ്ട് വാതിൽ ചാരി അവൾ താഴേക്കു പോയി..കുളി കഴിഞ്ഞു ഒരു ചുരിദാറുമിട്ടു പുറത്തിറങ്ങിയപ്പോൾ ഏട്ടനുണ്ടായിരുന്നു മുറിയിൽ..നാണമോ ഭയമോ എന്തൊക്കെയോ മനസ്സിൽ വന്നു നിറഞ്ഞു..ശരീരം ചെറുതായി വിറക്കുന്നപോലെ…ഏട്ടൻ പോയി ഡോർ ലോക്ക് ചെയ്തു വന്നു..അതുംകൂടിയായപ്പോൾ തളർന്നു വീഴുമെന്ന് തോന്നി..എന്റെ അടുത്തേക്ക് വരുന്തോറും നീങ്ങണമെന്നുണ്ടെങ്കിലും കാൽ ശിലപോലെ ഉറച്ചുപോയി..ഹൃദയം പെരുമ്പറ കൊട്ടി…മുഖം താണു പോയി..
“‘എന്തിനാ ഇത്ര പേടി “‘ എന്നു പറഞ്ഞു മുഖം ആ കൈക്കുമ്പിളിൽ എടുത്തു..നോട്ടം കണ്ണികളിലേക്കാഴ്ന്നിറങ്ങി…ശരീരത്തിന് ഭാരം കുറയുന്ന പോലെ..എന്റെ നെറ്റിയിൽ ആ ചുണ്ടുകളമർന്നു..

അപ്പോഴേക്കും ഫോൺ ബെല്ലടിച്ചു…തടസ്സം നേരിട്ടത്തിന്റെ നീരസം ഏട്ടന്റെ മുഖത്തു പ്രകടമായിരുന്നു.. ഫോണിലേക്കു നോക്കി .. “”കമ്പനിയിൽ നിന്നാണ് “” വേഗമാ കൈകളിൽ നിന്നൂർന്നു.. ഡോർ തുറന്നു പുറത്തേക്കിറങ്ങി…തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടുമാ കണ്ണുകളിൽ കുസൃതി…താഴേക്കു ചെന്നപ്പോൾ ബന്ധുക്കളിൽ മിക്കവരും പോയിതുടങ്ങിയിരുന്നു..റിസപ്ഷൻ രണ്ടു ദിവസം കഴിഞ്ഞായത് കൊണ്ടു അകലങ്ങളിൽ ഉള്ള ഒന്നു രണ്ടു ബന്ധുക്കൾ വീട്ടിൽ തങ്ങി..ഏട്ടന്റെ വല്യച്ഛനും വല്യമ്മയും പിന്നെ വകയിലൊരു മാമനും അമ്മായിയും..മീനു എന്നെ കണ്ടതും കൈപിടിച്ചു റൂമിലേക്ക്‌ കൊണ്ടുപോയി..എല്ലാവരോടും വിശേഷം പറച്ചിലിലാണ്..അതു കേട്ടിരുന്നു..ഇടക്ക് ഒന്നുരണ്ടു വട്ടം ഏട്ടൻ റൂമിൽ വന്നു നോക്കിപ്പോയി…

രാത്രിഭക്ഷണം കഴിക്കാൻ ‘അമ്മ വന്നു വിളിച്ചു..ടേബിളിൽ ഞങ്ങൾ വീട്ടുകാർ മാത്രം..എന്റടുത്തു ഏട്ടനും വന്നിരുന്നു..ബന്ധുക്കളൊക്കെ കഴിച്ചു ലിവിങ് റൂമിൽ സോഫയിലിരുന്നു ടി വി കാണുന്നു.
പെട്ടെന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അച്ഛൻ ചെയറിൽ നിന്നും താഴേക്ക് വീണു..ഒരു കൈ നെഞ്ചിൽ അമർത്തിപ്പിടിച്ചിട്ടുണ്ട്..ആകെ ബഹളം ..കരച്ചിൽ..എല്ലാവരും കൂടി അച്ഛനെ താങ്ങിപ്പിടിച്ചിട്ടുണ്ട്..

“”സനൂപേ.. വണ്ടിയെടുക്കഡാ..”‘ ആരുടെയോ ശബ്ദം..’അമ്മ കരച്ചിലോടെ തളർന്നു വീഴുന്നു… വണ്ടി പോകുന്ന ശബ്ദം കേട്ടു… ഒരു നിമിഷത്തിനുള്ളിൽ എന്തൊക്കെയോ സംഭവിച്ചു..സമചിത്തത വീണ്ടെടുത്തപ്പോൾ വീട്ടിൽ ഞങ്ങൾ സ്ത്രീകൾ മാത്രം..
‘അമ്മ മുറിയിൽ കിടപ്പുണ്ട്..അരികിൽ മീനു കരഞ്ഞു കൊണ്ടിരിക്കുന്നു..വല്യമ്മയും അമ്മായിയും അടുത്തു ചെയറിലിരിപ്പുണ്ട്…ഞാൻ പതിയെ അമ്മയുടെ കാൽ ചുവട്ടിൽ ചുമരിനോട് ചാരിയിരുന്നു..’അമ്മ ഇടക്ക് പതം പറഞ്ഞു കരയുന്നുണ്ട്…
“”മീനു, ഇവരുടെ ജാതകം ശരിക്കു നോക്കിയായിരുന്നോ ? ” അമ്മായിയാണ്..നെഞ്ചിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പോയി..മീനു പതുക്കെയൊന്നു മൂളി..

“”ആരാ നോക്കിയത്..കൃഷ്ണപണിക്കാരാണോ.?'”
ഉടൻ വന്നു അടുത്ത ചോദ്യം..അവൾ പതുക്കെയെന്തോ പറഞ്ഞു..
“”ഓ..അയാളാണോ…വെറുതെയല്ല..നമ്മുടെ കിഷോറിന്റെ അയാളല്ലേ നോക്കിയത്..എന്നിട്ടെന്തായി..രണ്ടുമാസം ഒരുമിച്ചു കഴിഞ്ഞില്ല..ദേ..രണ്ടാളും രണ്ടിടത്തായി..ഇപ്പൊ വേറെ കല്യാണോം കഴിച്ചു.. ഇതിപ്പോ താലി കെട്ടിയന്നല്ലേ ഉള്ളു..”‘ അമ്മായി എല്ലാവരെയും നോക്കി വീണ്ടും തുടർന്നു..
“”ഇപ്പൊ നോക്ക്യേ..ഇത്രേം ദിവസം ഒരു കുഴപ്പോം ഇല്ലാതെ ഓടിച്ചാടി നടന്ന മനുഷ്യനാ..കല്യാണവീട് മരണവീട് പോലെയായില്ലേ..” അമ്മായി നെടുവീർപ്പിട്ടു..
അമ്മയുടെ കരച്ചിൽ ഒന്നുകൂടി ഉച്ചത്തിലായി..മീനു ശത്രുവിനെപ്പോലെ എന്നെ നോക്കി…

“”ഭാരതി..ഒന്നു മിണ്ടാതിരിക്കു..”‘ വല്യമ്മയാണ്..
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി..നെഞ്ചിൽ വലിയൊരു ഭാരം കയറ്റി വച്ച പോലെ..ഒരു ദിവസത്തെ താലിഭാഗ്യം മാത്രേയുള്ളൂ ഭഗവാനേ എന്നോർത്തു തേങ്ങിപ്പോയി..
കുറച്ചു കഴിഞ്ഞപ്പോൾ കൂടെ പോയ അമ്മാവൻ തിരിച്ചെത്തി..
“”ICU ലാ..ഒന്നും പറയാനായിട്ടില്ല..സീനിയർ ഡോക്ടർ നാളെ രാവിലെയെ വരു..”‘
ഹോസ്പിറ്റലിലെ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു..ഓരോരുത്തരായി കിടക്കാനുള്ള പുറപ്പാടിലാണ്.. ഓരോന്നോർത്തു കാൽമുട്ടിൽ തലവച്ചു ഇരുന്നു..എപ്പോഴോ ഒന്നു മയങ്ങി..

എണീക്കുമ്പോൾ മീനു അമ്മയുടെ അടുത്തു കിടന്നുറങ്ങുന്നുണ്ട്.സമയം ആറാകുന്നു… എണീറ്റു മുകളിലെ റൂമിൽ പോയി..അമ്മായിയും മാമനും അവിടെ കിടന്നുറങ്ങുന്നു.. ഡ്രസ് എടുത്തു ബാത്‌റൂമിൽ കയറി…ഇന്നലത്തെ പകലത്തെ ക്ഷീണവും രാത്രി ശരിക്കു കിടക്കാത്തതും കൊണ്ടാണെന്നു തോന്നുന്നു ദേഹം മൊത്തം വേദന..അതിനേക്കാൾ വേദന മനസ്സിനാണ്..
കുളിച്ചു താഴെ വന്നപ്പോൾ അമ്മയൊഴികെ ബാക്കി എല്ലാവരും അടുക്കളയിലുണ്ട്..ഞാൻ വന്നിട്ടും ആർക്കും കണ്ട ഭാവമില്ല..ബ്രേക്ഫാസ്റ്റ് കഴിക്കാൻ വല്ല്യമ്മ വന്നു വിളിച്ചു… വിശപ്പില്ലായിരുന്നു..എന്തൊക്കെയോ കൊത്തിപ്പെറുക്കി എണീറ്റു..പതിനൊന്നുമണിയായിക്കാണും മുറ്റത്തു വണ്ടി വന്നു നിന്നു.. എല്ലാവരും ഉമ്മറത്തേക്കു വന്നു. അച്ഛനും വല്യച്ഛനും ഏട്ടനും വണ്ടിയിൽ നിന്നിറങ്ങി..

“‘ഓ..പേടിക്കാനൊന്നുമില്ലന്നെ..ഗ്യാസ് ട്രബിലിന്റെയാ..വിശ്രമമില്ലാതെ കല്യാണത്തിന് ഓടി നടക്കയല്ലാർന്നോ..ഭക്ഷണമൊന്നും ശരിക്കു കഴിച്ചിട്ടുണ്ടാവില്ല.. പിന്നെ നമ്മുടെ ഹോസ്പിറ്റൽ കാരല്ലേ..വെറുതെ വിടോ..ആ ടെസ്റ്റ് ഈ ടെസ്റ്റ് എന്നും പറഞ്ഞു കുറച്ചു പണം പിഴിഞ്ഞു..വെറുതെ മനുഷ്യനെ പേടിപ്പിച്ചു..” വല്യച്ഛനാണ്..എല്ലാവരുടെയും മുഖത്താശ്വാസം..മീനുവിന്റെ മുഖത്തു കുറ്റബോധം കണ്ടു.. ഏട്ടൻ അടുത്തു വന്നു പുറത്തു തട്ടി കണ്ണു കൊണ്ടു മുകളിലേക്ക് വരാൻ പറഞ്ഞു..
ചെന്നതും ഇതുവരെ പിടിച്ചു നിർത്തിയ വിഷമം മുഴുവനും ആ നെഞ്ചിൽ കരഞ്ഞുതീർത്തു..

“”എന്തുപറ്റി മോളെ..”‘ഏട്ടന്റെ വാക്കുകളിൽ പരിഭ്രമം..
“‘ഞാൻ കാരണം അച്ഛന്….”‘ ചുണ്ടുകൾ വിറച്ചു..

“”ആരു പറഞ്ഞു ഇതൊക്കെ..ദേ,..നോക്ക്‌.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സംഭവിച്ചാലും സനൂപിന്റെ പാതിയായി ഒരേ ഒരു പെണ്ണേയുള്ളൂ.. അതു നീ മാത്രമാ..”‘ അതും പറഞ്ഞെന്നെ ഇറുകെ പുണരുമ്പോൾ മുപ്പത്തിമുക്കോടി ദൈവങ്ങൾക്കും ഞാൻ നന്ദി പറഞ്ഞു..ഇങ്ങനൊരാളെ എനിക്ക് തന്നതിൽ…