പ്രിയയുടെ ഈ അറു ബോറൻ സ്വഭാവത്തിനേക്കാൾ എന്തുകൊണ്ടും മെച്ചം അവളാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്

രചന: നീതു

::::::::::::::::::::::::::

“”” എന്താടാ വല്ലാത്ത ഒരു സങ്കടം നിന്റെ ശബ്ദത്തിൽ?? “”

വാട്സാപ്പിൽ പുതിയതായി വന്ന അവളുടെ മെസ്സേജിൽ തന്നെ തങ്ങി നിന്നു അവന്റെ മിഴികൾ.. തന്റെ സ്വരം ഒന്നു മാറിയാൽ പോലും അവൾക്ക് പ്രത്യേകം കണ്ടുപിടിക്കാൻ കഴിയും അത്രമേൽ അവൾ തന്നെ മനസ്സിലാക്കിയിട്ടുണ്ട്..

“” ഏയ് ഒന്നുമില്ല ഇവിടെ ഞാനും പ്രിയയും തമ്മിൽ ചെറിയൊരു കശപിശ… “”

എന്നു പറഞ്ഞപ്പോഴേക്ക് വന്നിരുന്നു അവളുടെ മറുപടി,

“”” എനിക്ക് തോന്നി പ്രിയ എന്തെങ്കിലും പറഞ്ഞു കാണും എന്ന്… ഈ ഓഫീസിൽ നിന്ന് ജോലികഴിഞ്ഞ് ക്ഷീണിച്ചുവരുന്ന നിന്നോട് അവൾക്ക് മാത്രമേ ഇങ്ങനെ തല്ലു കൂടാൻ തോന്നൂ…
ഒരിത്തിരി പോലും സ്നേഹം അവൾക്കുണ്ടോ എങ്കിൽ ഈ പണിക്ക് നിൽക്കുമോ?? “”

എന്നാൽ ചോദിച്ചപ്പോൾ അവൾ പറയുന്നത് ശരിയാണ് എന്ന് തോന്നിപ്പോയി…

ഒപ്പം പ്രിയയോട് വല്ലാത്ത ദേഷ്യവും…ഫ്ലാറ്റിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് അവളോട് പിന്നെ ഓൺലൈനിൽ വരാം എന്നു പറഞ്ഞ് കട്ടാക്കിയത് വേഗം ചാറ്റ് ഹിസ്റ്ററി ക്ലിയർ ചെയ്തു…
ഇനി ഇത് കണ്ടാൽ ബാക്കി കൂടി തുടങ്ങും..

മോനെ സ്കൂളിൽനിന്ന് കൂട്ടാൻ പോയതാണ് അവൾ.. അവന് ഇന്ന് ആനുവൽ ഡേ ആണ് അതുകൊണ്ട് വൈകിയെ വരൂ എന്ന് പറഞ്ഞിരുന്നു തന്നോട് വന്നപ്പോൾ പോയി കൊണ്ടുവരാൻ പറഞ്ഞതാണ് ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് വന്ന് ഇനി അവന്റെ സ്കൂളിലേക്ക് കൂടി പോകാൻ തോന്നിയില്ല പറ്റില്ല എന്ന് പറഞ്ഞപ്പോൾ തുടങ്ങിയ ബഹളമാണ്…

ആകെക്കൂടി ഫ്രസ്ട്രേറ്റഡ് ആയി.. അല്ലെങ്കിലും അവൾക്കുള്ളതാണ് നേരവും കാലവും നോക്കാതെ ഇങ്ങനെ ഓരോന്ന് വിളിച്ചു പറയാൻ അവളും വർക്ക് ചെയ്യുന്നുണ്ട്… പക്ഷേ അവളുടെ ഓഫീസ് ഇവിടെ അടുത്താണ് തന്നെയുമല്ല അവൾ ബസിനാണ് പോയി വരുന്നത് അതുകൊണ്ട് ഡ്രൈവ് ചെയ്യുന്നതിന്റെ ക്ഷീണവുമില്ല…
അത് പിന്നെ അവൾക്ക് തന്നെ ഒരു ഓട്ടോ എടുത്ത് പോകുന്നതല്ലേ നല്ലത് അതുപോലും ആലോചിക്കാനുള്ള വിവരമില്ല ആ കഴുതയ്ക്ക്…

അതുകൊണ്ടാണ് വാട്സപ്പിൽ നിവേദിതയ്ക്ക് മെസ്സേജ് ഇട്ടത്… വല്ലാത്തൊരു കെയറിങ് ആണ് അവൾക്ക്..

ഒരിക്കൽ ജോഗിങ്ങിന് പോയപ്പോൾ നായ ഓടിവന്ന് കാലിൽ ചെറുതായി കടിച്ചു..
അത്ര വലിയ മുറിവൊന്നും ആയില്ലെങ്കിലും റാബിസ് വാക്സിൻ എടുക്കണം എന്ന് പറഞ്ഞതുകൊണ്ട് ആണ് അടുത്തുള്ള ആ ക്ലിനിക്കിൽ പോയത്..

മൂന്നാല് ദിവസം ഇതിനുവേണ്ടി ചെല്ലേണ്ടിവന്നു..
അങ്ങനെയാണ് അവിടെ സ്റ്റാഫ് നേഴ്സ് ആയ നിവേദിതയെ പരിചയപ്പെടുന്നതും കൂട്ടാവുന്നതും അപ്രതീക്ഷിതമായിട്ടായിരുന്നു അവളുടെ നമ്പർ കിട്ടിയത്…

ഒരുതവണ വാക്സിൻ എടുക്കാൻ പോയപ്പോൾ അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല എനിക്കാണെങ്കിൽ ചെറിയ പനിയും ഇങ്ങനെയുള്ള സമയത്ത് എടുക്കുമോ എന്ന് ഡോക്ടറോട് ചോദിക്കാൻ ചെന്നപ്പോൾ ഇന്ന് ഡോക്ടർ അല്പം വൈകും എന്ന് പറഞ്ഞു എനിക്കാണെങ്കിൽ ഓഫീസിൽ ചെന്ന് അത്യാവശ്യം ജോലിയുണ്ടായിരുന്നു… അതുകൊണ്ടുതന്നെ ഡോക്ടർ വരുന്നത് വരെ അവിടെ കാത്തിരിക്കാൻ പറ്റില്ലായിരുന്നു…. അതു പറഞ്ഞപ്പോൾ അവൾ പറഞ്ഞു സാരമില്ല നമ്പർ തന്നാൽ മതി ധൃതിയുണ്ടെങ്കിൽ പൊയ്ക്കോളൂ ഡോക്ടർ വന്നാൽ ഉടൻ അങ്ങോട്ട്‌ വിളിക്കാം എന്ന് പറഞ്ഞ് അവൾ നമ്പർ മേടിച്ചു വയ്ക്കുകയായിരുന്നു. ഡോക്ടർ വന്നു എന്ന് കൃത്യമായി വിളിച്ചു പറയുകയും ചെയ്തു…

ഡോക്ടർ വന്നത് കൃത്യമായി വിളിച്ചറിയിച്ചതിന്റെ നന്ദി പറയുന്നതിന്റെ കൂട്ടത്തിൽ
ഇത് സിസ്റ്ററുടെ നമ്പർ ആണോ?? ഞാൻ സേവ് ചെയ്തേക്കാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാലോ എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു..

പിന്നെ ആദ്യത്തെ ദിവസം വെറുതെ ഒരു ഗുഡ്മോണിങ് അയച്ചു. അതിനെ തിരിച്ച് റിപ്ലൈ കിട്ടി. പിന്നീട് അതങ്ങ് ശീലമായി..
അവൾ ഇടുന്ന സ്റ്റാറ്റസ് ഒക്കെ സ്ഥിരം കാണാൻ തുടങ്ങി…
പലതരം ഡ്രസ്സുകളിൽ… ഭയങ്കര സെക്സി അപ്പീൽ ഉള്ള പെണ്ണായിരുന്നു അവൾ..
ആരും കണ്ടാൽ കൊതിച്ചു പോകുന്ന തരം മേനിയഴക്….
കണ്ടാൽ നോക്കിയിരിക്കാൻ തോന്നും..

അതുകൊണ്ടുതന്നെ ചാറ്റിന്റെ നിറം മാറി തുടങ്ങി…
പ്രിയയുടെ ഈ അറു ബോറൻ സ്വഭാവത്തിനേക്കാൾ എന്തുകൊണ്ടും മെച്ചം അവളാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് പ്രിയക്ക്, ഇപ്പോൾ ഒട്ടും റൊമാൻസിന് സമയമില്ല..
എപ്പോൾ നോക്കിയാലും ജീവിത പ്രാരാബ്ദം പറഞ് ഇരിക്കുന്നത് കാണാം. മനുഷ്യന്റെ മൂട് തന്നെ പോകും അപ്പോൾ..

എന്നാൽ നിവേദിത അങ്ങനെയൊന്നും ആയിരുന്നില്ല.. അവളോട് സംസാരിക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു മഞ്ഞ് വീണ പ്രതീതിയാണ്…
അവളോട് സംസാരിക്കുമ്പോൾ റൊമാൻസ് മാത്രമാണ് പറയാറുള്ളത്..
അത് കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ്…

അതുകൊണ്ടുതന്നെ കൂടുതൽ സമയം അവളോട് കൂടി സ്പെൻഡ് ചെയ്യാനാണ് ആഗ്രഹം. വാട്സ്ആപ്പിലെ ചാറ്റിങ് അല്ലാതെ കൂടുതൽ ഒന്നും ഇപ്പോഴില്ല പക്ഷേ അവൾ ഒരു ദിവസം അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട് അവൾ ഓൾറെഡി മാരീഡ് ആണ്..

പക്ഷേ ഹസ്ബൻഡ് ഗൾഫിലാണ്…
അവളുടെ ഭാഷയിൽ പറഞ്ഞാൽ എന്റെ പ്രിയയെ പോലെ തന്നെ ഒട്ടും റൊമാന്റിക് അല്ലാത്ത ഒരു മൂരാച്ചി… ഈ ലോകത്ത് ഒരേ പോലെ സങ്കടങ്ങൾ അനുഭവിക്കുന്ന ഒത്തിരി പേരുണ്ട്…

അവളുടെ വീട്ടിൽ അവളുടെ കൂടെ ഹസ്ബൻഡിന്റെ അമ്മയുണ്ട് പക്ഷേ അവർ ഇടയ്ക്ക് അവരുടെ മകളുടെ വീട്ടിൽ പോയി നിൽക്കും ആ സമയത്ത് അങ്ങോട്ട് ചെല്ലാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്…

അങ്ങനെ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പാണ്. ഇതിനിടയിൽ പ്രിയ ഓരോന്ന് പറയുമ്പോൾ വല്ലാതെ ദേഷ്യം വരുന്നുണ്ട് ഈ പ്രിയയെ കല്യാണം കഴിക്കുന്നതിനു മുമ്പ് നിവേദിതയെ കണ്ടിരുന്നെങ്കിൽ ജീവിതം എത്ര മനോഹരമായിരുന്നു…

നിവേദിതയുടെ ഭർത്താവ് ഒരു ഭാഗ്യവാനാണ് പൊട്ടൻ ഇത്രയും നല്ല ഭാര്യയെ കളഞ്ഞിട്ട് തോന്നിയ രാജ്യത്ത് പോയി നിൽക്കുന്നു.

പോയി പോയി ഇപ്പോൾ പ്രിയയെ കാണുന്നതുപോലും എനിക്ക് ദേഷ്യം ആവാൻ തുടങ്ങി… ആദ്യമൊക്കെ ഞങ്ങൾ തമ്മിൽ ഒരുപാട് നേരം സംസാരിക്കുമായിരുന്നു…. കൂടുതലും കുട്ടികളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും.. ഇപ്പോൾ ഞാൻ തന്നെ മനപൂർവ്വം ഒഴിവാകും പ്രാരാബ്ദം കേൾക്കാൻ നേരമില്ല…

അങ്ങനെ കാത്തിരുന്ന മുഹൂർത്തം വന്നെത്തി. അന്ന് ഉച്ചതിരിഞ്ഞ് അവളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു നിവേദിത… ഞാൻ അതുകൊണ്ടുതന്നെ ഇന്ന് വയ്യ എന്ന് പറഞ്ഞ് ഫുൾ ഡേ ലീവ് ആക്കി.
അവൾ പറഞ്ഞ സമയത്ത് ഒട്ടും വൈകാതെ തന്നെ എത്തണം എന്നതായിരുന്നു പ്ലാൻ പക്ഷേ എല്ലാം തെറ്റിച്ചുകൊണ്ട് ഉച്ചയ്ക്ക് പ്രിയ കയറിവന്നു…
എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു…
“”” നീയെന്താ ഇപ്പോൾ പോന്നേ??? “”

എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു അവൾ ജോലി ചെയ്യുന്ന ബാങ്കിലെ ഒരു സ്റ്റാഫ് ഹണി ട്രാപ്പിൽ കുടുങ്ങി.. മാനഭയം കൊണ്ട് അയാൾ ആത്മഹത്യ ചെയ്തു അയാളുടെ വീട്ടിലേക്ക് സ്റ്റാഫ് എല്ലാം കൂടെ പോയി വരുന്ന വരവാണ്. എനിക്ക് വയ്യല്ലോ എന്ന് കരുതി അവൾ ഉച്ചയ്ക്കുശേഷം ലീവ് ആക്കി…

“””‘ ദേ ഇവളാ എല്ലാത്തിനും കാരണം “”” എന്നും പറഞ്ഞ് ഒരു പെണ്ണിന്റെ ഫോട്ടോ എനിക്ക് കാണിച്ചു തന്നു. ഇവിടെയൊക്കെ ആകെ നിന്ന് കറങ്ങുന്നത് പോലെ തോന്നി അത് മറ്റാരുമായിരുന്നില്ല നിവേദിതയായിരുന്നു.

“”” ഇതിവളുടെ സ്ഥിരം പണിയാണത്രേ… ഓരോരുത്തരെ ഓരോന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തും ഭീഷണിപ്പെടുത്തി ഫോട്ടോയെടുപ്പിച്ച് അവരുടെ കയ്യിലുള്ള പൈസ മുഴുവൻ തട്ടും… കൂടെയുള്ളത് അമ്മായിയമ്മ ആണെന്നാണത്രെ പറഞ്ഞിരുന്നത്… ഭർത്താവ് ഗൾഫിൽ ആണെന്നും എല്ലാം നുണ ആയിരുന്നു… ഒരുപാട് പേരുണ്ട് ഇവരുടെ സംഘത്തിൽ.. “””

പ്രിയ പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടി… ഇന്ന് അവളുടെ ഓഫീസ് സ്റ്റാഫിന്റെ സ്ഥാനത്ത് ശരിക്കും നിൽക്കേണ്ടത് ഞാനായിരുന്നു….

“”‘ഹോ ജസ്റ്റ്‌ മിസ് “”””

ഞാനെന്റെ മനസ്സിൽ പറഞ്ഞു..
ഒപ്പം പ്രിയയെ കെട്ടിപ്പിടിച്ചു…

“”” നിങ്ങൾക്ക് ഇതെന്താ മനുഷ്യാ?? “”

എന്ന് ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നാണം വിടർന്നിരുന്നു..

“”‘ നീയാടി എന്റെ മുത്ത് “””

എന്നും പറഞ്ഞ് അവളെ സ്നേഹം കൊണ്ട് മൂടുമ്പോൾ അവളും എന്നിൽ ചേർന്ന് നിന്നിരുന്നു അത്രയും റൊമാന്റിക് ആയി….