ഞങ്ങടെ നാട്ടിലേക്ക് അങ്ങനെയാണ് പെങ്ങളുടെ വിവാഹം നടത്തണമെങ്കിൽ ആങ്ങളയുടെ വിവാഹം ആദ്യം നടത്തും…

_upscale

രചന: നീതു

:::::::::::::::

“””എടീ ഒരുമ്പട്ടോളെ!!! എന്റെ ശ്രദ്ധ ഒന്ന് മാറാൻ കാത്തിരിക്കുകയായിരുന്നു അല്ലേ നീ നിന്റെ ആൾക്കാരുമായി സൊള്ളാൻ…””

നാസർ അവിടെക്കിടന്ന് അലറിയതും ശംസു എന്ത് വേണം എന്ന് അറിയാതെ നസീമയെ നോക്കി…

തന്റെ കയ്യിൽ എന്നും മീൻ മേടിക്കുന്ന കുട്ടിയാണ് ഇന്നിപ്പോൾ പതിവ് പോലെ മീൻ വിൽക്കാൻ വന്നപ്പോൾ ഉള്ള അനുഭവമാണ് അയാൾക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു..
എന്തിനാണ് അയാൾ ഇത്രയും ബഹളം വക്കുന്നത് എന്ന്….

“”ഓല് ദുബായ് ന്ന് വന്നു… ഇന്നലെ.. ഒരു പ്രത്യേക സ്വഭാവാ ഇങ്ങള് ഒന്നും വിചാരിക്കരുത് പോയ്കോളീം””””

എന്ന് പറഞ്ഞപ്പോൾ മീൻ വണ്ടിയും എടുത്ത് ഷംസു മെല്ലെ പോയി… നല്ലൊരു പെൺകുട്ടി.. അവരിവിടെ വന്ന് താമസമാക്കിയിട്ട് അധികം ഒന്നും ആയിട്ടില്ല അപ്പുറത്തെ വീട്ടിൽ മീൻ കൊടുക്കുമ്പോഴാണ് ഒരു ദിവസം ആ കുട്ടി പറഞ്ഞത് ഇനി മുതൽ ഇവിടെയും വേണം എന്ന് അങ്ങനെ കൊടുക്കാൻ തുടങ്ങിയതാണ്…

വയസ്സായ ഒരു ഉമ്മ മാത്രമേ അവരുടെ വീട്ടിലുള്ളൂ അവരുടെയും നല്ല സ്വഭാവമാണ്.. ഭർത്താവ് ഗൾഫിലാണ് എന്നാണ് പറഞ്ഞിരുന്നത് അയാളെയാണ് ഇപ്പോൾ കണ്ടത്… ആദ്യമായി കാണുകയാണ്….
അതും ഇങ്ങനെ ബഹളം വയ്ക്കുന്നത്… അത് കേട്ട് ആ കുട്ടിക്ക് ആകെ വല്ലാണ്ട് ആയിട്ടുണ്ട് അതിന്റെ കണ്ണൊക്കെ നിറഞ്ഞു…

ശംസുവിന് ഓർമ്മ വന്നത് സ്വന്തം മകളെയാണ്..
എന്തേലും ആവട്ടെ എന്ന് കരുതി അയാൾ ബൈക്ക് എടുത്ത് അടുത്ത വീട്ടിലേക്ക് മീൻ കൊടുക്കാൻ വേണ്ടി പോയി…

മിഴികൾ എല്ലാം നിറഞ്ഞ് നസീമയ്ക്ക് കാഴ്ചകൾ ഒന്നും കാണുന്നില്ലായിരുന്നു…

“””എന്തെടീ പോന്ന്.. ഇച്ചിരി കൂടെ പഞ്ചാര അടിക്കാരുന്നില്ലേ???”””

എന്ന് അയാൾ പറഞ്ഞപ്പോൾ മിഴികൾ നിറഞ്ഞൊഴുകി…
മൂന്നുവർഷമായി വിവാഹം കഴിഞ്ഞിട്ട് ഒരു ദിവസം പോലും മര്യാദയ്ക്ക് ഇയാളുടെ കൂടെ കഴിഞ്ഞിട്ടില്ല എന്ന് ഓർത്തു നസീമ…
വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് കുടുംബക്കാരുടെ വീട്ടിൽ വിരുന്നു പോയപ്പോൾ തുടങ്ങിയതാണ് ഇയാളുടെ അസുഖം…
പ്രായം ഒന്നു നോക്കില്ല അവിടെയുള്ള ആണുങ്ങൾ ആരുമായും സംസാരിക്കാൻ പാടില്ല… അവർ ചോദിക്കുന്നതിന് മറുപടി പറഞ്ഞാലും മതി പിന്നെ അന്നത്തെ കാര്യം പോക്കാണ് വീട്ടിൽ വന്ന് ഓരോന്ന് വിളിച്ചുപറയും ചിലപ്പോൾ ഉപദ്രവിക്കും..

ആദ്യമൊക്കെ പേടിയായിരുന്നു പിന്നീട് ഒരു മരവിപ്പായി… നാസർ ഇക്കാടെ ഉമ്മ കാലു പിടിക്കും മോള് ഇട്ടിട്ടു പോകരുത് എല്ലാം ശരിയാകും എന്ന് പറഞ്ഞ്…
അങ്ങനെ വിശ്വസിച്ചു.. പക്ഷേ ഒന്നും ശരിയായില്ല….

വീട്ടിലേക്ക് പോയിട്ടും കാര്യമില്ല എന്റെ മൂത്ത ഇക്കാക്കയുടെ കല്യാണം നടത്തി ആ പെണ്ണിന്റെ പണ്ടവും തന്നാണ് എന്നെ ഇങ്ങോട്ടേക്ക് പറഞ്ഞയച്ചത്…

ഞങ്ങടെ നാട്ടിലേക്ക് അങ്ങനെയാണ് പെങ്ങളുടെ വിവാഹം നടത്തണമെങ്കിൽ ആങ്ങളയുടെ വിവാഹം ആദ്യം നടത്തും…

എന്നിട്ട് കിട്ടുന്ന സ്വർണമാണ് പെങ്ങൾക്കായി ഉപയോഗിക്കുക..
അതെല്ലാം ഓരോ കാര്യം പറഞ്ഞ് ഇയാൾ പണയം വച്ചിട്ടുണ്ട്… അതൊന്നുമില്ലാതെ അങ്ങോട്ടേക്ക് ചെന്നാൽ അതും വലിയ പ്രശ്നമാകും…

അതുകൊണ്ടുതന്നെ ഇവിടുത്തെ പ്രശ്നങ്ങൾ ഒന്നും ആരോടും പറഞ്ഞിട്ടില്ല ആയിരുന്നു എല്ലാം സ്വയം സഹിക്കും…
അവരിവിടെ വന്നാലും ഇടയ്ക്ക് ഞാൻ അവിടെ നിൽക്കാൻ പോകുമ്പോഴും ഇവിടെത്തെ കാര്യം ആരും അറിയാതെ സൂക്ഷിക്കും…

ഇത് കല്യാണം കഴിഞ്ഞതിനു ശേഷം മാറുന്ന രണ്ടാമത്തെ വീടാണ്… ആദ്യത്തെ വീട് നല്ലൊരു വീടായിരുന്നു മെയിൻ റോഡിന് അരികിൽ… എല്ലാ സൗകര്യങ്ങളും ആ വീടിന് അരികിൽ ഒരു കിലോമീറ്റർ ഉള്ളിൽ തന്നെയായി ഉണ്ടായിരുന്നു ഹോസ്പിറ്റലും സ്കൂളും എല്ലാം… അവിടെ കൂടെ പോകുന്ന ബൈക്കിൽ ഉള്ളവരും മറ്റും എന്നെ നോക്കി ഹോണടിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു ഇക്കാക്ക് അന്ന് ലീവിന് വന്നപ്പോൾ ഉള്ള പ്രശ്നം അപ്പോൾ തന്നെ ആ വീട് വിൽക്കാൻ ഏർപ്പാടാക്കി… നാസറിക്ക ദുബായിൽ പോയതിനുശേഷം ആണ് കച്ചവടം ശരിയായത് അവർ പോകുന്നതിനു മുമ്പ് തന്നെ മറ്റൊരു വീട് കണ്ടെത്തിയിരുന്നു ഒരു കുഗ്രാമത്തിൽ ഉള്ളോട്ടായി…

യാതൊരുവിധ സൗകര്യവും ഇല്ലാത്ത വീട്.. ഒറ്റപ്പെട്ട വീട് ആയതുകൊണ്ട് അതുമതി എന്നുപറഞ്ഞ് പറഞ്ഞ പൈസയും കൊടുത്ത് മേടിക്കുകയായിരുന്നു… വീട് ശരിയായി കുറച്ചു കഴിഞ്ഞപ്പോഴേക്ക് എന്തൊക്കെയോ പറഞ്ഞ് ലീവ് എടുത്ത് ആള് നാട്ടിൽ വന്നു…

അവിടെ സഹായത്തിന് അടുത്ത് തന്നെയുള്ള ഒരു ചെറിയ പയ്യൻ ഉണ്ടായിരുന്നു പിന്നെ അവനെയും ചേർത്ത് ആയിരുന്നു പ്രശ്നങ്ങൾ മുഴുവൻ… ഒരു സാധനം മേടിക്കണമെങ്കിൽ തന്നെ കിലോമീറ്റർകൾ പോകണമായിരുന്നു അവിടെനിന്നും.. അവിടെ ഇവൻ ഭയങ്കര സഹായമായിരുന്നു അവന്റെ കയ്യിൽ പൈസ കൊടുത്താൽ മതി എന്തു വേണമെങ്കിലും കൊണ്ടുവന്ന് തരും…

അതും പ്രശ്നമായി അവനെ തല്ലി ഇക്ക… അതോടെ അവിടെ നാട്ടുകാരിളകി… അവനെ അവിടെ എല്ലാവർക്കും ഇഷ്ടമായിരുന്നു ഒരു പാവം കുട്ടി… അങ്ങനെ അവിടെ ഞങ്ങൾക്ക് നിൽക്കാൻ പറ്റില്ല എന്ന അവസ്ഥയായി അങ്ങനെയാണ് അവിടെയും വിറ്റ് ഇങ്ങോട്ട് പോന്നത് അവിടെ വിട്ടപ്പോൾ പ്രതീക്ഷിച്ച പൈസയൊന്നും കിട്ടിയില്ല അതുകൊണ്ടുതന്നെ എന്റെ പണ്ടം മുഴുവൻ എടുത്തു പണയം വെച്ചാണ് ഇപ്പോഴുള്ള വീട് വാങ്ങിയത്…

ഇക്കയുടെ സ്വഭാവം അറിയാമായിരുന്നതുകൊണ്ട് അയൽവാസികളോട് ഒന്നും ഞാൻ മിണ്ടാനെ പോകാറില്ലായിരുന്നു എന്റെ കാര്യം മാത്രം നോക്കി ഇവിടെ ഇങ്ങനെ…

ഇന്ന് പക്ഷേ അയാൾ പറഞ്ഞത് എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല ആയിരുന്നു… എന്റെ ഉപ്പയുടെ പ്രായമുണ്ട് ഷംസുക്കാക്ക്.. എല്ലാവർക്കും വേണ്ടപ്പെട്ട ഒരു പാവം മനുഷ്യൻ അയാളെയും ചേർത്താണ് എല്ലാവരുടെയും മുന്നിൽവച്ച് പറഞ്ഞത്..

അടുത്ത വീട്ടിലെ പെണ്ണുങ്ങൾ എല്ലാം നോക്കിനിൽക്കുന്നത് ഞാൻ കണ്ടിരുന്നു ഇനി എനിക്ക് എങ്ങനെ പുറത്തിറങ്ങാൻ കഴിയും എനിക്ക് ആലോചിക്കും തോറും തല പെരുക്കുന്നത് പോലെ തോന്നി….

ഇത്തവണയും നാസറിക്കായുടെ ഉമ്മ കാലുപിടിക്കാൻ വന്നിരുന്നു അവന് ഒരു തെറ്റ് പറ്റിയതാണ് നീ വേണം ക്ഷമിക്കാൻ എന്നെല്ലാം പറഞ്ഞു..

“”” ഇനിയും ക്ഷമിച്ചു നിൽക്കാൻ പറ്റില്ല ഉമ്മാ… നിക്ക് പോണം “”

എന്ന് പറഞ്ഞ് എന്റെ സാധനങ്ങൾ എല്ലാം എടുത്ത് ബാഗിൽ നിറയ്ക്കുമ്പോൾ അയാൾ പുറകിൽ വന്നു പറയുന്നുണ്ടായിരുന്നു,

“”ആരുടെ കൂടെ പോകാനാടി??””

എന്ന്…

“”” ആരുടെ കൂടെ പോയാലും ഇനി നിങ്ങളോടൊപ്പം ഒരു ജീവിതം ഇല്ല”””

എന്നും പറഞ്ഞ് ആ പടിയിറങ്ങി..
ഇറങ്ങുമ്പോൾ പറയുന്നുണ്ടായിരുന്നു ഇനി ഈ പടി കയറാം എന്ന് വിചാരിക്കരുത് എന്ന് സ്വഭാവഗുണമുള്ള വല്ല പെണ്ണുങ്ങളെയും കെട്ടി ഞാൻ ഇങ്ങ് കൊണ്ടുപോന്നോളാം എന്ന്….

അത് കേട്ട് എനിക്കൊന്നും തോന്നിയില്ല കാരണം അയാളോട് അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ ആർക്കും കഴിയില്ല ആയിരുന്നു ഈ മൂന്നുവർഷം അയാളെ സഹിച്ച എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി…

വീട്ടിലെ പ്രശ്നങ്ങളും തിരിച്ചു ചെന്നാൽ അവരെന്നേ സ്വീകരിക്കുമോ എന്നൊന്നും നോക്കിയില്ല അപ്പോൾ… അവിടെ നിന്ന് ഇറങ്ങണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ….

വല്ല അനാഥലയത്തിലും പോയി കിടക്കാം എന്ന് കരുതി… എന്നിട്ട് വല്ല ജോലിക്കും പോവാലോ..

വീട്ടിലെത്തി ഇക്കായോട് എല്ലാം തുറന്നു പറഞ്ഞ് കരഞ്ഞു..
ഇത്തയുടെ സ്വർണം ഞാൻ എന്തെങ്കിലും ജോലി ചെയ്തു എടുത്തു തരാം എന്നും…

ഇക്ക എന്നെ ചേർത്ത് പിടിച്ച് പറഞ്ഞു..

“””എന്റെ പൊട്ടിക്കാളി പെണ്ണേ നീ ഇത്രക്കൊക്കെ അനുഭവിക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ ഇത് നേരത്തെ ഞങ്ങളോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ… ഒന്നും അറിയിക്കാതിരുന്നപ്പോൾ നിനക്ക് അവിടെ സുഖമാണ് എന്ന് തന്നെയാണ് കരുതിയിരുന്നത്… എന്തിനുവേണ്ടിയാ ഇത്രയും കാലം ഞങ്ങളുടെ കുട്ടി അവിടെ എല്ലാം സഹിച്ചു നിന്നത്… ഇതിന് ഇനി എന്താ വേണ്ടത് എന്ന് ഞങ്ങൾക്കറിയാം നിയമ പരമായി തന്നെ അവനെ നേരിടാം…

മോള് സമാധാനമായി ഇരിക്ക്….”””

ഇക്കയോടൊപ്പം ഇത്തയും എന്നെ ചേർത്ത് പിടിച്ചു എന്നിട്ട് പറഞ്ഞു എന്നെ പോലെ തന്നെയല്ലേ നീ.. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും എന്ന്….

അത്രയും മതിയായിരുന്നു എനിക്ക് ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ…