ബെഡ്‌റൂമിൽ പോലും അയാളുടെ മേൽകൊയ്മ ആയിരുന്നു….. ജീവിതം പോലും വെറുത്തുപോയ അവസ്ഥ അതായിരുന്നു അന്നെല്ലാം എനിക്ക്..

രചന : നീതു

ആലിസ് മോളുടെ സ്കൂളിൽ നിന്ന് ഫോൺ വന്നിരുന്നു പെട്ടെന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു എന്ന് സാന്ദ്ര വന്ന് പറഞ്ഞപ്പോഴേക്കും ടെൻഷൻ ആകാൻ തുടങ്ങിയിരുന്നു ഗ്രേസിക്ക് ഉറപ്പായിരുന്നു അതൊരു നല്ല കാര്യം പറയാൻ ആവില്ല എന്ന്..

ഇതിപ്പോൾ മൂന്നാമത്തെ സ്കൂളാണ് അവളെ കൊണ്ട് പോയി ചേർത്തുന്നത്… ഇവിടെയും ഇനി പ്രശ്നമുണ്ടാക്കരുത് എന്ന് അവിടെ കൊണ്ടാകുമ്പോൾ കാലുപിടിച്ച് പറഞ്ഞതാണ് അന്ന് അവൾ ഒന്നും മിണ്ടിയില്ല ഇനിയൊന്നും ഉണ്ടാക്കില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് ഇപ്പോൾ പ്രിൻസിപ്പലിന്റെ വക ഇങ്ങനെ ഒരു കോൾ….

ഗ്രേസി വേഗം ഡ്രൈവറെ വിളിച്ച് വണ്ടി ഇറക്കാൻ പറഞ്ഞു അവൾ വേഗം തയ്യാറായി ഇറങ്ങി… ഇവിടെനിന്ന് അവളുടെ സ്കൂളിലേക്ക് ഒരുപാട് ദൂരം ഉണ്ട്… കോൺവെന്റ് സ്കൂൾ ആയതുകൊണ്ടാണ് അവിടെ ചേർത്തത്… കൂടാതെ നല്ല സ്ട്രിക്റ്റുമാണ്…

യാത്രയിലൂടനീളം ചിന്തിച്ചത് മകളെ പറ്റിയായിരുന്നു…
അവളുടെ പപ്പയുമായി ഒട്ടും ആഗ്രഹിച്ചിട്ടല്ല ഒരു വിവാഹ ജീവിതം ഉണ്ടായത്..
എല്ലാവരും ചേർന്ന് തന്നെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു അതും അയാളുടെ കയ്യിലെ പൈസ കണ്ട്…
കാലുപിടിച്ച് പറഞ്ഞതാണ് എനിക്ക് മറ്റൊരാളെ ഇഷ്ടമാണ് അയാളുടെ കൂടെ ജീവിക്കാനാണ് താല്പര്യം എന്ന്..
അതൊന്നും കേൾക്കാൻ പോലും ആരും കൂട്ടാക്കിയില്ല….

അങ്ങനെ എന്റെ സെബാസ്റ്റ്യനുമായുള്ള ആ വിവാഹം കഴിഞ്ഞു ആ വിവാഹം കൊണ്ട് കുടുംബത്തിലെ എല്ലാ സാമ്പത്തിക ബാധ്യതകളും തീർന്നിരുന്നു പക്ഷേ തനിക്ക് മാത്രം അയാളെ ഉൾക്കൊള്ളാൻ ആയില്ല…

ഭാര്യ എന്ന നിലയിൽ എന്റെ ഒരു താല്പര്യത്തിനും ഒരു വിലയും അയാൾ നൽകിയിരുന്നില്ല അയാളുടെ ഇഷ്ടങ്ങൾ മുഴുവൻ എന്റെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു…

ബെഡ്‌റൂമിൽ പോലും അയാളുടെ മേൽകൊയ്മ ആയിരുന്നു….. ജീവിതം പോലും വെറുത്തുപോയ അവസ്ഥ അതായിരുന്നു അന്നെല്ലാം എനിക്ക്..

ഇതിനിടയിൽ വയറ്റിൽ അയാളുടെ കുഞ്ഞ് കുരുത്തിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഒരിക്കലും എനിക്ക് അതിനെ സ്നേഹിക്കാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അയാളോട് ഉള്ള ദേഷ്യം തന്നെ കാരണം…

പക്ഷേ കുഞ്ഞുണ്ടായപ്പോൾ അയാൾ മാറാൻ തുടങ്ങി കുഞ്ഞിനെ വല്ലാതെ സ്നേഹിക്കാൻ തുടങ്ങി… മോൾക്കും അതുപോലെതന്നെ പപ്പ എന്നുവച്ചാൽ ജീവനായിരുന്നു..

എനിക്കൊരു ഭാര്യയുടെ പരിഗണന തന്നില്ലെങ്കിലും അയാൾ അയാളുടെ മോളെ ഒരു രാജകുമാരിയെ പോലെ തന്നെ വളർത്തി പക്ഷേ അധികകാലം ഒന്നും അയാൾക്ക് ആ ഭാഗ്യം ഉണ്ടായില്ല..

അവൾക്ക് വെറും അഞ്ചു വയസ്സുള്ളപ്പോൾ അയാൾക്ക് വന്ന ഹാർട്ടറ്റാക്ക്,

അയാൾ ഉള്ളപ്പോൾ ഞാൻ അവളോട് കൂടുതൽ അടുത്തിരുന്നില്ല എന്നത് സത്യമായിരുന്നു. അയാളോടുള്ള എന്റെ ഒരുതരം പ്രതികാരമായിരുന്നു അതിന് ഞാൻ കണ്ടുപിടിച്ചത് മോളെയും കൂടി അവഗണിക്കുക എന്നതായിരുന്നു…
അയാൾ പോയതിനുശേഷം ഞാൻ അവളോട് അടുക്കാൻ ശ്രമിച്ചു പക്ഷേ അപ്പോഴേക്കും എന്റെ കുഞ്ഞ് എന്നിൽ നിന്ന് ഒരുപാട് അകന്നിരുന്നു…

ആവശ്യത്തിൽ കൂടുതൽ സ്വത്തും വരുമാനവും എന്റെ കയ്യിൽ വന്നുചേർന്നു… അവൾ മൈനർ അല്ലേ.. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ അവൾക്ക് എല്ലാ അധികാരവും ചെന്നുചേരുള്ളൂ…

ഒരിക്കൽ പാതിയിൽ ഉപേക്ഷിച്ച് എന്റെ ഒരു പ്രണയമുണ്ട് അയാൾ ഇപ്പോഴും എന്നെ തന്നെ ഓർത്ത് കഴിയുകയാണ് എന്നറിഞ്ഞപ്പോൾ ഞാൻ അയാളെ എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടി..

അലക്സിക്ക് ജീവനായിരുന്നു എന്നെ കളങ്കമില്ലാത്ത സ്നേഹം തന്നെയായിരുന്നു അയാൾക്ക് എന്നോട്…. പക്ഷേ അവൾക്ക് അവളുടെ പപ്പയുടെ സ്ഥാനത്ത് അലക്സിയെ കാണാൻ കഴിഞ്ഞില്ല…

ഞങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി അലക്സിയെ അവൾ കരുതി പിന്നീട് അവളെ എനിക്ക് നഷ്ടപ്പെടുകയായിരുന്നു എപ്പോഴും അക്രമവാസന മാത്രം…

വീട്ടിൽ നിർത്തിയാൽ കൂടുതൽ വഷളാവും എന്ന് കരുതിയാണ് അവളെ ബോർഡിങ് സ്കൂളിലേക്ക് കൊണ്ടാക്കിയത്… ഊട്ടിയിലെ പ്രശസ്തമായ ഒരു ബോർഡിങ് സ്കൂളിൽ ഉണ്ടാക്കിയതും രണ്ടുമാസം കൊണ്ട് അവൾ അവിടെ ഏതോ ഒരു കൂട്ടുകാരിയെ ഉപദ്രവിച്ചു എന്നും പറഞ്ഞ് അവിടെ നിന്ന് ടിസി നൽകി വിട്ടു.

പിന്നീട് മറ്റൊരു സ്കൂളിൽ അവിടെയും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി.. അവിടെ നിന്നും പറഞ്ഞുവിട്ടു..
ഇത് മൂന്നാമത്തെ സ്കൂളാണ് ഇവിടെ കുറെ കാലമായി അവൾ വലിയ പ്രശ്നങ്ങളൊന്നും ഇതുവരെയും ഉണ്ടാക്കിയില്ല അതുകൊണ്ട് സമാധാനിച്ചിരിക്കുകയായിരുന്നു..
പക്ഷേ വീണ്ടും അവിടെ നിന്ന് കോൾ വന്നപ്പോൾ എന്തോ വല്ലാത്ത ആദി അതുകൊണ്ടാണ് വേഗം ഡ്രൈവറെയും വിളിച്ച് അങ്ങോട്ടേക്ക് പുറപ്പെട്ടത്…

അവിടെ ചെന്നപ്പോൾ കണ്ടു കയ്യിൽ ഒരു വലിയ കെട്ടുമായി അവളെ… എന്തോ മുറിവ് പറ്റിയതാണെന്ന് കരുതി ഞാൻ അവളുടെ അടുത്ത് ചെന്ന് കൈപിടിച്ചു നോക്കി പക്ഷേ അവളെന്നെ കൈ കാണിക്കാൻ കൂട്ടാക്കിയില്ല..

അപ്പോൾ തന്നെ പ്രിൻസിപ്പൽ അച്ഛൻ വന്നിട്ട് പറഞ്ഞിരുന്നു,

“””ഇത്രയും ബാഡ് ക്യാരക്ടറുള്ള ഒരു കുട്ടിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… നിങ്ങളൊന്ന് അവളുടെ കയ്യിലേക്ക് നോക്കണം.. കോമ്പസ് കൊണ്ട് അവളെ പഠിപ്പിക്കുന്ന മിസ്സിന്റെ പേര് എഴുതി വച്ചിരിക്കുന്നു..”””

ഞാൻ അവളുടെ കയ്യിലെ കെട്ടഴിച്ച് നോക്കി.. അല്പം ബലമായി തന്നെ.. രാജീ മിസ്.. എന്നെഴുതിയത് കണ്ടു…
അവൾക്കാ ടീച്ചറെ ഒരുപാട് ഇഷ്ടമാണെന്ന് കഴിഞ്ഞതവണ വെക്കേഷന് വീട്ടിൽ വന്നപ്പോൾ മനസ്സിലായിരുന്നു ഒരു ദിവസം ചുരുങ്ങിയത് ഒന്നോ രണ്ടോ തവണ വിളിക്കും..

ഇപ്പോ ഇങ്ങനെ എഴുതാൻ മാത്രം എന്താണ് ഉണ്ടായത് എന്ന് അറിയില്ലായിരുന്നു..

“”” ആ ടീച്ചറുടെ അമ്മയ്ക്ക് സുഖമില്ല എന്നു പറഞ്ഞ് ജോലി റിസൈൻ ചെയ്തു ആ ടീച്ചർ നാട്ടിലേക്ക് പോയി… അന്നേരം നിങ്ങളുടെ മകൾ കാട്ടിയതാണ് ഇത് ഇങ്ങനെ ഒരു കുട്ടിയെ ഞങ്ങൾക്ക് ഇവിടെ വച്ചു പുലർത്താൻ പറ്റില്ല.. ടി സി തരാം എത്രയും പെട്ടെന്ന് കൊണ്ടുപോയിക്കോളൂ… “”

അവളെയും കൂട്ടി വീട്ടിലേക്ക് പോകുന്നു. എനിക്ക് വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു ഞാൻ എനിക്ക് തോന്നുന്നത് എല്ലാം അവളെ വിളിച്ചു.. വീട്ടിലെത്തിയതും അവിടെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു എനിക്ക് പരിചയമില്ലാത്ത ഒരാൾ അവർ സ്വയം പരിചയപ്പെടുത്തി എന്റെ പേര് രാജി എന്ന്…

ഞാനവരോട് ആദ്യം വളരെ ദേഷ്യപ്പെട്ടു. വെറുതെ ഓരോന്ന് കാണിച്ച് മകളെ മയക്കി എടുത്തതാണ് എന്ന് പറഞ്ഞു..
അവർ സമ്മതിച്ചു മയക്കി എടുത്തത് തന്നെയാണ് പക്ഷേ സ്നേഹം കൊണ്ടാണെന്ന് മാത്രം അവൾക്ക് സ്നേഹം കൊടുക്കേണ്ട അവസരത്തിൽ നിങ്ങൾ അവളെ അവഗണിക്കുകയാണ് ചെയ്തത് അതും ആരോടൊക്കെയോ ഉള്ള ദേഷ്യം കൊണ്ട് അവൾക്ക് നിങ്ങൾ ഒരിക്കലും ഒരു മമ്മി ആയിരുന്നില്ല നിങ്ങൾ അങ്ങനെ അവളെ സ്നേഹിച്ചിട്ടില്ല…

അവളെ സംബന്ധിച്ചിടത്തോളം എല്ലാം അവളുടെ പപ്പയായിരുന്നു പപ്പ പോയതോടുകൂടി അവളി ലോകത്ത് ഒറ്റപ്പെട്ടു ഇപ്പോൾ എന്നിലൂടെ അവൾക്കൊരു മമ്മിയെ കിട്ടി എന്ന് അവൾ പലപ്പോഴും പറഞ്ഞിരുന്നു എനിക്ക് ഈ കുട്ടിയുടെ കാര്യം ആലോചിച്ചു സങ്കടം മാത്രമേയുള്ളൂ..

രാജീ മിസ്സിനെ കണ്ടതും അവൾ അവരുടെ കൂടെ പോണം എന്ന് പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങി…

“””ഞാൻ കൊണ്ടുപോയിക്കോട്ടെ അവളെ.. സ്നേഹത്തോടെയുള്ള ഒരു ചേർത്ത് നിർത്തൽ അവളുടെ ഈ സ്വഭാവങ്ങളെല്ലാം മാറ്റം എന്ന് എനിക്ക് ഉറപ്പുണ്ട് എല്ലാം മാറ്റി ഒരു നല്ല കുട്ടിയായി ഞാൻ നിങ്ങൾക്ക് അവളെ തിരികെ തരും എന്റെ കൂടെ വിടാൻ ഇഷ്ടമുണ്ടെങ്കിൽ മതി…”””

എന്നുപറഞ്ഞപ്പോൾ എനിക്കും വേറെ വഴിയില്ലായിരുന്നു ഞാൻ അവളെ ബഹളം വെച്ച് ഇവിടെ പിടിച്ചുനിർത്തിയാൽ ഒരുപക്ഷേ എനിക്കവളെ തന്നെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് വരാം അതുകൊണ്ട് തന്നെ അവളോട് പൊയ്ക്കോളാൻ പറഞ്ഞു….

പോകാൻ നേരം എന്റെ കൈപിടിച്ച് ടീച്ചർ പറഞ്ഞിരുന്നു അവൾ കുഞ്ഞല്ലേ അവൾക്ക് ഒന്നും അറിയാഞ്ഞിട്ടാണ്.. എല്ലാം നമ്മൾ വേണം പറഞ്ഞ മനസ്സിലാക്കാൻ എല്ലാം മനസ്സിലാക്കി അവൾ ഇങ്ങോട്ട് വരുമ്പോൾ അവളെ സ്നേഹം കൊണ്ട് പൊതിയുന്ന ഒരു മനസ്സ് നിങ്ങൾ ഒരുക്കി വെച്ചേക്കണം…

സമ്മതത്തോടെ ടീച്ചറുടെ കൈ പിടിക്കുമ്പോൾ എന്റെ മിഴികൾ നിറഞ്ഞിരുന്നു…..