മുൻപൊക്കെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചിരുന്ന അർജുൻ ഇപ്പോൾ ദേഷ്യം കൊണ്ട് അവളെ ബുദ്ധിമുട്ടിക്കുകയാണ്….

രചന : ശ്രേയ

:::::::::::::::::::::::::

” സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒക്കെ ഒരു പരിധി ഉണ്ടല്ലോ.. എന്നോട് പറയാത്ത എന്തൊക്കെ രഹസ്യങ്ങളാണ് നീ സൂക്ഷിച്ചു വെച്ചിരിക്കുന്നത്..? ഇപ്പോൾ ഇത് തന്നെ ഞാൻ ഇവിടെ വന്നതുകൊണ്ടാണ് അറിഞ്ഞത്.. അല്ലെങ്കിൽ എന്നോട് പറയാതെ നീ എത്ര കാലം മറച്ചു വയ്ക്കുമായിരുന്നു..? ഇനി എനിക്ക് നിന്നോടൊപ്പം വയ്യ.. നിന്നെ ഇത്രയും ദൂരത്തേക്ക് പറഞ്ഞു വിട്ടപ്പോൾ തന്നെ എന്റെ പല ബന്ധുക്കളും പറഞ്ഞതാണ് നീ എന്റെ കൈവിട്ടു പോവുകയാണെന്ന്. എന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെയാണ് ഞാൻ നിന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒപ്പം നിന്നത്. എന്നിട്ട് ഇപ്പോൾ അവരൊക്കെ പറഞ്ഞതുപോലെ തന്നെ.. “

അർജുൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.പക്ഷേ അവന്റെ ദേഷ്യം എന്തിനാണെന്ന് മാത്രം നിളക്ക് മനസ്സിലായില്ല. അല്ലെങ്കിലും ഈയിടെയായി അവനെ അവൾക്ക് മനസ്സിലാവാറില്ല..

മുൻപൊക്കെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചിരുന്ന അർജുൻ ഇപ്പോൾ ദേഷ്യം കൊണ്ട് അവളെ ബുദ്ധിമുട്ടിക്കുകയാണ്.

” ഞാനെന്തു ചെയ്തെന്നാണ് നീ ഇപ്പോൾ പറഞ്ഞു വരുന്നത്..? മുൻപും പലതവണ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ് എന്നോട് എന്തെങ്കിലും ദേഷ്യം തോന്നിയാൽ അത് നമ്മൾ മാത്രമുള്ള പ്രൈവറ്റ് സമയത്ത് പറയണമെന്ന്. അല്ലാതെ പബ്ലിക്കായി ഇങ്ങനെ കാറിക്കൂവി വിളിക്കരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്..”

നിളക്കും ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു. അവനോട് സംസാരിക്കുമ്പോഴും അവളുടെ കണ്ണുകൾ ചുറ്റും പാഞ്ഞു നടക്കുകയായിരുന്നു. അവൻ ശബ്ദമുയർത്തിയതോടെ തങ്ങളെ ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ട് എന്നൊരു തോന്നൽ അവൾക്കുള്ളിൽ ഉണ്ടായിരുന്നു.

അല്ലെങ്കിലും റെയിൽവേ പ്ലാറ്റ്ഫോമിൽ വച്ച് ഇത്രയും തിരക്കുള്ള ഒരു സ്ഥലത്ത് ഒരാൾ അനാവശ്യമായി ഒച്ചയെടുക്കുമ്പോൾ ആരായാലും ശ്രദ്ധിക്കുമല്ലോ..!!അവൾക്ക് വല്ലാതെ നാണക്കേട് തോന്നി.

താൻ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയാൽ ഒരുപക്ഷേ അവൻ പിന്നാലെ വന്നേക്കും എന്നൊരു തോന്നലോടെയാണ് അവൾ നടക്കാൻ തുടങ്ങിയത്. പക്ഷേ അത് അർജുനെ വല്ലാതെ പ്രകോപിപ്പിച്ചു.

” ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അതുപോലും ശ്രദ്ധിക്കാതെ എന്നിൽ നിന്ന് ഓടി അകലാൻ ആണ് നിനക്ക് താല്പര്യം. അതാണ് ഞാൻ പറഞ്ഞത് നീ എന്നിൽ നിന്ന് ഒരുപാട് അകന്നു പോയിരിക്കുന്നു.. “

ദേഷ്യത്തോടെ അർജുൻ പറഞ്ഞു.

” അർജുൻ പ്ലീസ്… “

ചുറ്റും നോക്കിക്കൊണ്ട് ശബ്ദം താഴ്ത്തി അവൾ ദയനീയമായി പറഞ്ഞു. പക്ഷേ അവളുടെ പ്രവർത്തികളിൽ ദേഷ്യം പിടിച്ചിരുന്ന അർജുൻ അതേ നിമിഷം അവളുടെ കവിളിലേക്ക് ആഞ്ഞടിക്കുകയാണ് ചെയ്തത്. പകപോടെ അവൾ അർജുനേയും ചുറ്റും നോക്കി.

ആളുകളുടെയൊക്കെ ശ്രദ്ധ തന്നിലാണെന്ന് കണ്ടപ്പോൾ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. അതുകൊണ്ടുതന്നെ അവൾ കൂടുതലൊന്നും ശ്രദ്ധിക്കാതെ അവിടെ നിന്ന് ഇറങ്ങി ഓടി.

തിരികെ തന്റെ ഫ്ലാറ്റിലേക്കുള്ള യാത്രയിൽ അവൾ ഓർക്കുകയായിരുന്നു, ഇങ്ങോട്ടുള്ള തന്റെ യാത്ര എത്രത്തോളം പ്രതീക്ഷയും സന്തോഷവും നിറഞ്ഞതായിരുന്നു എന്ന് ..!!

നിളയുടെ ക്ലാസ്മേറ്റ് ആയിരുന്നു അർജുൻ. രണ്ടാംവർഷം നിള പഠിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ കോളേജിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒരു അതിഥി… അതായിരുന്നു അർജുൻ..

ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു സൗന്ദര്യം അർജുനു സ്വന്തമായിരുന്നു. മറ്റേതൊരു പെൺകുട്ടിയെയും പോലെ നീളക്കും അവനിൽ ഒരു കൗതുകം തോന്നി.

അവനും നിളയിൽ താല്പര്യമുണ്ട് എന്ന് അവൾക്ക് ബോധ്യമാകുന്ന തരത്തിലുള്ള പ്രവർത്തികളായിരുന്നു അവന്റേത്. ക്ലാസിൽ അവളോട് മാത്രമായിരുന്നു അവൻ അടുപ്പത്തോടെ സംസാരിച്ചിരുന്നത്.

അവന് പഠിക്കാൻ അവളുടെ ബുക്കുകൾ മാത്രമായിരുന്നു അവൻ വാങ്ങിയിരുന്നത്. അങ്ങനെ അങ്ങനെ അവനും അവളും മാത്രമായി ഒതുങ്ങിക്കൂടി.

പരസ്പരം ഇഷ്ടമാണെന്ന് രണ്ടുപേർക്കും അറിയാമെങ്കിലും ആ വർഷത്തെ ഓണം സെലിബ്രേഷനു ഇടയിലാണ് തന്റെ പ്രണയം അവളോട് വെളിപ്പെടുത്തുന്നത്.

അതോടെ അവർ പ്രണയജോഡികളായി. അധികം വൈകാതെ തന്നെ രണ്ടുപേരും അവരവരുടെ വീടുകളിൽ കാര്യം തുറന്നു പറഞ്ഞു.തങ്ങൾക്ക് മറച്ചുവെക്കേണ്ടതായ ഒന്നുമില്ല എന്നൊരു തോന്നലാണ് അവർ വീട്ടിൽ തുറന്നു പറഞ്ഞത്.

വീട്ടുകാർ പരസ്പരം കണ്ടു സംസാരിച്ച് അവരുടെ ബന്ധം ഒഫീഷ്യൽ ആക്കാൻ തന്നെ തീരുമാനിച്ചു. പിന്നീട് അവർ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ പ്രണയിക്കുകയായിരുന്നു.

തങ്ങളുടെ പ്രണയം ഒരിക്കലും തങ്ങളുടെ അക്കാഡമിക്സിനെ ബാധിക്കില്ല എന്ന് രണ്ടുപേരും അവരവരുടെ വീടുകളിൽ വാക്ക് കൊടുത്തിരുന്നു.ആ വാക്ക് പാലിക്കുന്നതുപോലെ തന്നെ മൂന്നാം വർഷം നല്ല മാർക്കോടെയാണ് രണ്ടുപേരും പാസായത്.

ഭാഗ്യം എന്നു പറയട്ടെ രണ്ടുപേർക്കും ഒരേ കമ്പനിയിൽ തന്നെ ജോലിയും ശരിയായി. അവിടെ മുതലാണ് അർജുന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ നിള ശ്രദ്ധിച്ചു തുടങ്ങിയത്.

അവൾ അർജുനോട് അല്ലാതെ മറ്റൊരു ആൺ സുഹൃത്തിനോട് ഇടപെടുന്നത് അവനു ഇഷ്ടമായിരുന്നില്ല. അവൻ എത്ര പെൺകുട്ടികളോട് സംസാരിച്ചാലും അതൊന്നും ഒരിക്കലും ഒരു പ്രശ്നമായി മാറുകയുമില്ല.

അവളുടെ ടീമിലുള്ള ആൺ സുഹൃത്തുക്കളോട് പോലും അവൾക്ക് ഒന്നും സംസാരിക്കാൻ കഴിയില്ല എന്നൊരു അവസ്ഥയായിരുന്നു. അവൻ പറയുന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളൂ. ഓരോ ദിവസവും ഓഫീസിലേക്ക് വരുന്നതിനു മുൻപ് വീഡിയോ കോൾ ചെയ്ത് അവൾ ധരിച്ചിരിക്കുന്ന വസ്ത്രം ഏതാണെന്ന് അവനെ കാണിച്ചുകൊടുത്തു അവൻ അപ്പ്രൂവൽ കൊടുത്താൽ മാത്രമേ അവൾക്ക് പോകാൻ പറ്റൂ.

ആദ്യമൊക്കെ അതൊന്നും വലിയ പ്രശ്നമായി അവൾക്ക് തോന്നിയിരുന്നില്ല. എല്ലാം തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നാണ് അവൾ ധരിച്ചത്. പക്ഷേ പിന്നെ അവന്റെ സ്വഭാവത്തിൽ എന്തൊക്കെയോ വൈകല്യങ്ങൾ ഉള്ളതുപോലെ അവൾക്ക് തോന്നിത്തുടങ്ങി.

ആ ഇടയ്ക്കാണ് അവൾക്ക് ചെന്നൈയിലെ ഓഫീസിലേക്ക് ട്രാൻസ്ഫർ കിട്ടുന്നത്. അതും പ്രമോഷൻ ട്രാൻസ്ഫർ. ഒരു വർഷം അവിടെ ജോലി ചെയ്തു കഴിഞ്ഞാൽ പിന്നെ തിരികെ തങ്ങളുടെ പഴയ കമ്പനിയിലേക്ക് തന്നെ മടങ്ങിവരാം എന്നുള്ളതായിരുന്നു അതിൽ കണ്ട ഒരു പ്ലസ് പോയിന്റ്.

അങ്ങനെയുള്ള മടങ്ങി വരവിൽ ഇപ്പോഴുള്ള ശമ്പളത്തിനേക്കാൾ ഒരുപക്ഷേ രണ്ട് ഇരട്ടിയിൽ അധികം ശമ്പളം കിട്ടിയേക്കും. അങ്ങനെയുള്ള ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ ഉള്ളതോടുകൂടി നീളക്ക് പോകാൻ താല്പര്യമായി.

അർജുനു താല്പര്യം ഒന്നുമില്ലെങ്കിലും രണ്ട് വീട്ടുകാരുടെയും നിർബന്ധം നിമിത്തം അവൻ അത് അനുവദിച്ചു. പക്ഷേ അവിടെയും അവളുടെ നിയന്ത്രണങ്ങൾക്ക് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.

സ്വതവേ മുടി നീട്ടി വളർത്താൻ ഇഷ്ടമല്ലാത്ത നിളക്ക് അവന്റെ ഒരാളിന്റെ താൽപര്യം കൊണ്ടാണ് മുടി നീട്ടി വളർത്തേണ്ടി വന്നത്. പക്ഷേ ചെന്നൈയിലെ വെള്ളത്തിന്റെയും കാലാവസ്ഥയുടെയും ഒക്കെ കുഴപ്പം കൊണ്ടായിരിക്കണം അവളുടെ മുടി വല്ലാതെ കൊഴിയാൻ തുടങ്ങി.

ഹെയർ കെയർ ഒന്നും ചെയ്യാൻ കഴിയാതെ വന്നതോടെ മുടിവെട്ടുക എന്നല്ലാതെ അവളുടെ മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അവൾ മുടിയുടെ നീളം കുറച്ച് സമയത്താണ് അർജുൻ അവിടേക്ക് വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞത്. എന്നാൽ പിന്നെ അവൻ ഒരു സർപ്രൈസ് കൊടുക്കാം എന്നൊരു തോന്നലിൽ അവൾ മുടി വെട്ടിയ കാര്യം അവനോട് പറഞ്ഞില്ല.

റെയിൽവേ സ്റ്റേഷനിൽ അവൻ വന്നിറങ്ങുമ്പോൾ തന്നെ കണ്ട് അവൻ സന്തോഷിക്കും എന്നും സന്തോഷത്തോടെ കെട്ടിപ്പിടിക്കും എന്നുമൊക്കെയായിരുന്നു അവൾ കരുതിയത്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.

നീളം കുറച്ച അവളുടെ മുടി കണ്ടപ്പോൾ അത് അവന്റെ കൺവെട്ടത്ത് നിന്ന് അകന്നു നിന്നപ്പോൾ അവൾ മനപൂർവ്വം ചെയ്തതാണ് എന്ന തരത്തിലായി അവന്റെ ബഹളം..!

എല്ലാം ഓർത്ത് അവൾ ഒന്നു നെടുവീർപ്പിട്ടു. അപ്പോഴേക്കും അവളുടെ ഫോണിലേക്ക് അവന്റെ കോൾ വരുന്നുണ്ടായിരുന്നു. കോൾ എടുക്കാതിരിക്കാനാവില്ല. അങ്ങനെ എടുക്കാതിരുന്നാൽ അത് അടുത്ത പ്രശ്നം ആയിരിക്കും.

“എടോ അയാം സോറി.. എനിക്ക് പെട്ടെന്ന് തന്നെ അങ്ങനെ കണ്ടപ്പോൾ ദേഷ്യം വന്നു.. താൻ മുടി മുറിച്ചത് എനിക്ക് ഒരു പ്രശ്നമല്ല. പക്ഷേ താൻ എന്നോട് പറയാതിരുന്നപ്പോൾ അത് എന്നോട് മറച്ചുവച്ചത് പോലെ എനിക്ക് ഫീൽ ചെയ്തു.. അതുകൊണ്ടാണ് എനിക്ക് ദേഷ്യം വന്നത്.. സോറി..”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്കും ചെറുതായി കുറ്റബോധം തോന്നി. ഒരുപക്ഷേ താൻ അവനോട് മറച്ചുവെച്ചത് കൊണ്ടായിരിക്കില്ലേ അവൻ ഇങ്ങനെ പെരുമാറിയത്. അവൻ എന്നോട് ഇങ്ങനെ ഓരോന്നും മറച്ചുവെച്ചാലും തനിക്ക് ഇങ്ങനെ തന്നെ ആയിരിക്കുമല്ലോ…!!

” സാരമില്ല അർജുൻ… “

അവൾ പറഞ്ഞത് കേട്ട് അവൻ ആശ്വാസത്തോടെ ചിരിച്ചു.

കഴിഞ്ഞുപോയതുപോലെ ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് അവൻ അവൾക്ക് വാക്ക് കൊടുക്കുമ്പോൾ അതൊരു വെറും വാക്ക് ആയിരിക്കുമെന്ന് അവനും അവൾക്കും അറിയാമായിരുന്നു.

പക്ഷേ അവനില്ലാതെ അവൾക്കോ അവളില്ലാതെ അവനോ പറ്റില്ല എന്ന് ഇരുവരും വിശ്വസിക്കുന്നതു കൊണ്ടു തന്നെ പരസ്പരം പിരിയുക അസാധ്യം.

എന്നെങ്കിലും ഒരിക്കൽ തിരിച്ചറിവ് അവർക്കുണ്ടാവുകയാണെങ്കിൽ അതിന് പരിഹാരമാകും…!!