രചന: നീതു
:::::::::::::::::::::
“”ലക്ഷ്മി ഗർഭിണിയാണ്.. അവൾക്ക് വിശേഷം ഉണ്ട് സജി “””
ലക്ഷ്മിയുടെ ചെറിയമ്മ വന്നു അത് പറഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു ഞാൻ… അവരുടെയെല്ലാം മുഖത്ത് സന്തോഷമായിരുന്നു കാരണം ഞങ്ങൾ തമ്മിൽ സ്നേഹിക്കാൻ തുടങ്ങിയതിന്റെ ബാക്കി പത്രം ആണല്ലോ അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്…
എന്ത് ചെയ്യണം എന്നെനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല ഈ കുഞ്ഞു വേണോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു…
“””സജിട്ടാ… ന്റെ വയറ്റിലെ കുഞ്ഞാവ ഉണ്ട് ന്ന് “””
അടുത്തേക്ക് ചെന്നപ്പോൾ നിഷ്കളങ്കമായി ലക്ഷ്മി എന്നെ നോക്കി പറഞ്ഞു…
ഒന്നും മിണ്ടാതെ ദേഷ്യത്തോടെ അവിടെ നിന്നും പുറത്തേക്ക് നടന്നു.. അല്ലെങ്കിലും അവളെ ഒരിക്കൽപോലും ഒരു സ്നേഹത്തോടെ ചേർത്തു പിടിച്ചിട്ടില്ല അവൾക്ക് അത് വിഷമമായി എന്ന് തോന്നുന്നു അവരെല്ലാം ചെന്ന് ആശ്വസിപ്പിക്കുന്നത് കേട്ടു….
അയാൾ നേരെ ആൽത്തറയിലേക്ക് നടന്നു അവിടെ ചെറിയ കാറ്റേറ്റ് കിടന്നു മനസ്സ് ഏറെ പ്രക്ഷുബ്ധമാകുമ്പോൾ ഇത്തിരി ആശ്വാസം കിട്ടാൻ വേണ്ടി എന്നും വന്നിരിക്കുന്ന സ്ഥലമാണ്..
ഓർമ്മകൾ പുറകിലേക്ക് ഓടിപ്പോയി.. മക്കൾക്ക് വേണ്ടുന്നതൊന്നും സമ്പാദിക്കാതെയാണ് അച്ഛൻ പോയത് പകരം അവർക്കായി എടുത്താൽ പൊന്താത്ത കടം വരുത്തി വച്ചിരുന്നു…
ജപ്തിയുടെ നോട്ടീസ് വന്നപ്പോഴാണ് അറിഞ്ഞത് പെങ്ങളുടെ വിവാഹം പോലും നടത്തിയത് വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഇന്ന് അത്രയും വലിയ ഒരു തുക എന്നെക്കൊണ്ട് സാധിക്കുമായിരുന്നില്ല…
വെറും ഒരു പ്രൈവറ്റ് ഫൈനാൻസ് കമ്പനിയിൽ കണക്കെഴുത്തുകാരന് എത്ര രൂപ കിട്ടും ശമ്പളം…
തറവാട് വീട് വിട്ടുകൊടുത്താൽ പിന്നെ അമ്മയും ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞ് എന്റെ മുന്നിൽ കരഞ്ഞപ്പോൾ മറ്റൊരു വഴിയും ഞാൻ കണ്ടില്ല. വലിയ വീട്ടിലെ ബുദ്ധിവളർച്ചയില്ലാത്ത അവരുടെ മകളെ വിവാഹം കഴിക്കുന്നത് അല്ലാതെ..
എല്ലാവരും കുറ്റപ്പെടുത്തി പണം കണ്ടിട്ടാണ് എന്ന് പറഞ്ഞു… എന്റെ ജീവിതം ഞാൻ നഷ്ടപ്പെടുത്തുകയാണ് എന്ന് പറഞ്ഞു ചിലർ പറഞ്ഞു പണം കിട്ടിക്കഴിഞ്ഞാൽ അവളെ ഉപേക്ഷിച്ചു പോരെ എന്ന്.. എന്നാൽ എന്റെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല ആ നേരത്ത് വീട് തിരിച്ചുപിടിക്കുന്നത് അല്ലാതെ എന്നതായിരുന്നു സത്യം…..
അവൾക്ക് ഇത്രത്തോളം പ്രശ്നമുണ്ട് എന്ന് വിവാഹം കഴിഞ്ഞതോടെയാണ് ഞാൻ മനസ്സിലാക്കിയത് അതോടെ എനിക്ക് ജീവിതത്തോട് തന്നെ വെറുപ്പായി പക്ഷേ ഞാൻ തന്നെ അറിഞ്ഞു തലയിൽ എടുത്തു വച്ചതാണ് വീട്ടിൽ അമ്മയ്ക്ക് പോലും അവളെ കണ്ടൂടായിരുന്നു പെങ്ങൾ പിന്നെ ഈ വഴിക്ക് വരാതായി എല്ലാം അവർക്കും കൂടി വേണ്ടി ചെയ്തതാണ് എന്നുള്ള കാര്യം എല്ലാം അവർ മറന്നു..
അവൾക്ക് ഞാനെന്നു വെച്ചാൽ ജീവനായിരുന്നു സജിട്ടാ എന്ന് വിളിച്ച് എന്റെ പുറകെ നടക്കും എന്തോ എനിക്ക് അവളോട് ഒരു അലിവ് തോന്നിയിരുന്നു…
പക്ഷേ അപ്പോഴും അവൾ ചേർത്തുപിടിക്കാൻ എന്തോ ഒരു തടസ്സം എന്റെ മുന്നിൽ ഉള്ളതുപോലെ…
ഒരിക്കൽ എന്തോ ഒരു കുസൃതി ഒപ്പിച്ചതിന് അമ്മ അവളെ തല്ലുന്നത് കണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് പിന്നെ അവളെ ഇവിടെ നിർത്താൻ തോന്നിയില്ല അവളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി….
അവിടെ അവർക്കെല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു ലക്ഷ്മി…
ഒരു അലിവ് തോന്നി എന്നല്ലാതെ എനിക്ക് ഒരിക്കലും അവളെ സ്നേഹിക്കാൻ കഴിയുമായിരുന്നില്ല…
അവളെ അവിടെ നിർത്തി പോകുന്നതും അവൾ ബഹളം വെച്ചു എന്നെ കാണാതെ ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഒടുവിൽ എനിക്കും താമസം അവളുടെ വീട്ടിലേക്ക് ആക്കേണ്ടി വന്നു അതോടെ അമ്മയെ പെങ്ങൾ വന്ന് കൊണ്ടുപോയി…
ചില നേരത്ത് അലിവ് തോന്നിയും ചില നേരത്ത് ഭ്രാന്ത് പിടിപ്പിച്ചും അവളോടൊത്തുള്ള ജീവിതം അങ്ങനെ മുന്നോട്ടു പോയി..
ഒരു ദിവസം ഒരു കൂട്ടുകാരൻ ദുബായിൽ നിന്ന് വന്നു അവന്റെ ചെലവിന് അവന്റെ വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നു… എല്ലാം കൂടെ അളവിൽ കൂടുതൽ അന്ന് ഞാൻ മദ്യപിച്ചിരുന്നു അതിന്റെ ലഹരിയിൽ വീട്ടിലേക്ക് വന്നു…
ലക്ഷ്മി ഉറങ്ങിക്കഴിഞ്ഞിരുന്നു.. അവളുടെ സ്ഥാനം തെന്നി കിടക്കുന്ന പാവാടയും.. ജംബറിന് ഇടയിലൂടെ കാണുന്ന ആലില വയറും എന്നിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു…
അറിയാതെ ഞാൻ അവളിലേക്ക് പടർന്നു കയറി..
ഉണർന്നെങ്കിലും എന്നോടുള്ള സ്നേഹം കാരണം അവളും എതിർത്തില്ല.. ആദ്യ സമാഗമത്തിന്റെ എല്ലാ നോവും പാവം പെണ്ണ് മിണ്ടാതെ സഹിച്ചു…
എനിക്കുവേണ്ടി ഞാൻ പിണങ്ങി പോകാതിരിക്കാൻ വേണ്ടി…
രാവിലെ എഴുന്നേറ്റപ്പോഴാണ് എന്റെ ഭാഗത്ത് നിന്നും വന്ന തെറ്റ് എനിക്ക് മനസ്സിലായത്…
അവളോട് മാപ്പുപറഞ്ഞു അപ്പോഴും അവൾ പറഞ്ഞത് സജിട്ടൻ എന്നേ വിട്ടു പോകരുത് എന്നായിരുന്നു…..
അവളോട് എന്തോ സ്നേഹം തോന്നിപ്പോയി അന്നേരം എനിക്ക്..
ഒരു മാസം കഴിഞ്ഞപ്പോഴാണ് അവൾക്ക് വിശേഷം ഉണ്ട് എന്ന കാര്യം അറിഞ്ഞത് അതോടെ അവിടെയുള്ളവരൊന്നും നിലത്തല്ലായിരുന്നു അവളെ വേണ്ടുന്നതൊക്കെ തീറ്റിച്ചു….
ഒരിക്കൽ രാത്രി എന്നെ തോണ്ടി എണീപ്പിച്ചു പറഞ്ഞു അവൾക്കിപ്പോൾ തേൻ മിഠായി കഴിക്കാൻ തോന്നുന്നു എന്ന്….
അന്നേരം തന്നെ പോയി വാങ്ങി കൊടുത്തപ്പോൾ പെണ്ണിന്റെ മുഖം കാണണമായിരുന്നു… നിറഞ്ഞ സന്തോഷത്തോടെ…
ഗർഭത്തിന്റെ എല്ലാ ആലസ്യങ്ങളും ഉണ്ട് എങ്കിൽ പോലും അവൾ എന്റെ കുഞ്ഞിനെ പക്വത വന്ന സ്ത്രീയെ പോലെ ഉദരത്തിൽ പേറി..
അത്ഭുതമായിരുന്നു എല്ലാവർക്കും… കുഞ്ഞിനെ കാണാനുള്ള കൊതിയായിരുന്നു എനിക്കും..
അതിലും ആളുകൾ വിഷം കലർത്തി അമ്മയെ പോലെ തന്നെ ബുദ്ധിവളർച്ചയില്ലാത്ത കുഞ്ഞാവും എന്ന് പറഞ്ഞു…
അന്നേരം ലക്ഷ്മിയെ പോലെ കുഞ്ഞിനെയും ഞാൻ നോക്കിക്കോളാം എന്ന് അവർക്ക് മറുപടിയും കൊടുത്തു…
ഇപ്പോ അവളെ ഒരു നിമിഷം കാണാതിരിക്കാൻ പോലും വയ്യ എപ്പോഴും ലക്ഷ്മിയുടെ അടുത്തിരിക്കാൻ തോന്നും ഇടയ്ക്ക് ഇളക്കുന്ന കുഞ്ഞാവയെ എന്റെ കൈ പിടിച്ച് തൊടിപ്പിച്ചു കാണിച്ചു തരും….
കുഞ്ഞാവയ്ക്ക് വിശന്നിട്ട് ചവിട്ടുകയാണത്രേ… എന്നിട്ട് കാണാം പാവം വേണ്ടെങ്കിലും പോയി എന്തെങ്കിലും എടുത്ത് കഴിക്കുന്നത്…
ആരോ പറഞ്ഞു കൊടുത്തതാണ് പെണ്ണിനോട് അങ്ങനെ…
ഒടുവിൽ കാത്തിരുന്ന് കാത്തിരുന്ന് ആ ദിവസം വന്നെത്തി.. ലക്ഷ്മി അങ്ങനെയൊരു കുട്ടി ആയതുകൊണ്ട് തന്നെ ഡോക്ടർ ഡേറ്റിനും ഒരു ദിവസം മുൻപ് തന്നെ വന്ന് അഡ്മിറ്റ് ആവാൻ പറഞ്ഞിരുന്നു..
പറഞ്ഞതുപോലെ തന്നെ ചെയ്തു… ആശുപത്രിയിലെ അന്തരീക്ഷം അവളിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു പലപ്പോഴും പറഞ്ഞിരുന്നു നമുക്ക് വീട്ടിലേക്ക് പോകാം എന്ന് കുഞ്ഞാവയെ പുറത്തേക്ക് എടുക്കണ്ടേ എന്ന ഒറ്റവാക്കിൽ അവളെല്ലാം സഹിച്ചു അവിടെ നിന്നു…
രാവിലെ ആറുമണിയോടെ അവളെ ലേബർ റൂമിലേക്ക് കൊണ്ടുപോയി.. പക്ഷേ ഉച്ചയായിട്ടും പ്രസവം നടന്നില്ല ഒടുവിൽ ഡോക്ടർ തന്നെ പറഞ്ഞു ഗർഭപാത്രം വികസിക്കുന്നില്ല അതുകൊണ്ട് സിസേറിയൻ വേണ്ടിവരും എന്ന് എന്നെ ഏതൊക്കെയോ പേപ്പറിൽ ഒപ്പിടിച്ചു…
ആകെ ടെൻഷൻ ആയിരിക്കുന്ന എന്നെ അവളുടെ അച്ഛനും അമ്മയും ചേർത്ത് പിടിച്ചിരുന്നു…
അവളോടുള്ള സ്നേഹം പോലെ..
കുറച്ചു കഴിഞ്ഞതും ഒരു വെളുത്ത മാലാഖ കൊച്ചിനെ അവർ ഞങ്ങൾക്ക് കൊണ്ടുവന്നു തന്നു…
എന്റെ അതേപോലെയാണെന്ന് അമ്മയും അച്ഛനും പറഞ്ഞു..
ലക്ഷ്മി????”””” എനിക്ക് അതായിരുന്നു ചോദിക്കാൻ ഉണ്ടായിരുന്നത്…
“”” ഇപ്പോൾ സെഡേഷന്റെ മയക്കത്തിലാണ് ഒരു 8 മണിക്കൂർ കൂടി ഒബ്സർവേഷനിൽ വച്ചിട്ട് പിന്നീട് റൂമിലേക്ക് മാറ്റിത്തരാം.. “”
അത് കേട്ടപ്പോൾ സമാധാനമായി..
അല്പം കഴിഞ്ഞപ്പോൾ അവളെ റൂമിലേക്ക് കൊണ്ടുവന്നിരുന്നു…
കണ്ണുകൾ തുറന്നപ്പോൾ എന്റെ മടിയിലിരിക്കുന്ന മാലാഖ കുഞ്ഞിനെ അവൾക്ക് കാണിച്ചുകൊടുത്തു. ഇതാണ് നമ്മുടെ കുഞ്ഞുവാവ എന്ന് പറഞ്ഞു…
മിഴികൾ വിടർത്തി അവളാ വാവേ നോക്കി…
അപ്പോഴേക്കും അവളുടെ അച്ഛൻ പറഞ്ഞിരുന്നു ഇനി നമ്മുടെ വീട്ടിൽ രണ്ടു കുഞ്ഞുവാവകൾ ഉണ്ടാവും അല്ലേ എന്ന്…..
ചിരിയോടെ അവളെയും ചേർത്ത് പിടിച്ച് എന്റെ കുഞ്ഞിനെയും മറുകയ്യിൽ പിടിച്ച് നിറഞ്ഞ മനസ്സോടെ ഞാൻ ഇരുന്നു…
സ്നേഹത്തിന് ഒന്നും തടസ്സമല്ല എന്ന തിരിച്ചറിവോടെ…