രചന: നീതു
ഹാഫ് ഡേ എഴുതിക്കൊടുത്ത ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ വല്ലാത്ത സന്തോഷം തോന്നിയിരുന്നു ജിനിക്ക് തന്റെ ആഗ്രഹം പോലെ തന്നെ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കാൻ പോവുകയാണ്…
12:30 ആകുമ്പോഴേക്കും സന്തോഷ് കാറുമായി വരാം എന്നാണ് പറഞ്ഞിട്ടുള്ളത്.. അയാൾ കാത്തുനിൽക്കാൻ പറഞ്ഞ ബസ് സ്റ്റോപ്പിലേക്ക് നടന്നു ജിനി…
പെട്ടെന്നാണ് ഫോൺ റിങ്ങ് ചെയ്തത് വേഗം എടുത്തുനോക്കി അത് സന്തോഷ് ആകും എന്ന് കരുതി പക്ഷേ അത് ഭദ്രേട്ടന്റെ നമ്പറിൽ നിന്നായിരുന്നു സന്തോഷത്തോടെയുള്ള അവളുടെ മുഖം മങ്ങി പെട്ടെന്ന്…
എടുക്കണോ വേണ്ടയോ എന്നൊരു നിമിഷം ചിന്തിച്ചു എന്നിട്ട് മെല്ലെ കോൾ റിജക്ട് ചെയ്ത് ബാഗിലേക്ക് തന്നെ വെച്ചു…
ഇതുവരെയ്ക്കും സന്തോഷിനൊപ്പം ഉള്ള നല്ല മുഹൂർത്തങ്ങൾ ആയിരുന്നു മനസ്സിൽ നിറയെ എങ്കിൽ ഇപ്പോൾ തന്റെ മനസ്സ് മുഴുവൻ ഭദ്രേട്ടനിലും മോള് ശിവാനിയിലും ചെന്നു നിന്നു…
കോളേജിൽ പഠിക്കുമ്പോൾ കണ്ടു പരിചയപ്പെട്ടതാണ് ഭദ്രേട്ടനെ തന്റെ സീനിയർ ആയിരുന്നു.. റാഗിങ്ങിലൂടെ പരിചയപ്പെട്ടു… വെറുമൊരു സുഹൃത്ത് ബന്ധമായിരുന്നു ആദ്യം അത് പിന്നീട് പ്രണയമായി വളരുകയായിരുന്നു… കോളേജ് മുഴുവൻ ഞങ്ങളുടെ ബന്ധം പരസ്യമാകാൻ അധികനാൾ വേണ്ടി വന്നില്ല…
രണ്ടുപേരുടെയും വീട്ടിൽ അറിഞ്ഞതും വല്ലാത്ത എതിർപ്പായിരുന്നു അതുകൊണ്ടാണ് രണ്ടുപേരും ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാൻ തീരുമാനിച്ചത് ഡിഗ്രി പോലും രണ്ടുപേരും കമ്പ്ലീറ്റ് ചെയ്തില്ല അതിന്റെ എല്ലാ പക്വത കുറവും ജീവിതത്തിലും ഉണ്ടായിരുന്നു..
എങ്കിലും പരസ്പരം സ്നേഹിച്ചും അഡ്ജസ്റ്റ് ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം എനിക്ക് അടുത്തുള്ള ഒരു ടെക്സ്റ്റൈൽസിൽ ജോലി കിട്ടി ഭദ്രേട്ടൻ, നന്നായി വരക്കുമായിരുന്നു അതുകൊണ്ടുതന്നെ ഒരു പരസ്യ കമ്പനിയിൽ ജോലി കിട്ടി… അവരുടെ പരസ്യങ്ങൾ ബോർഡിൽ വരയ്ക്കുക അത്യാവശ്യം പണം കിട്ടുമായിരുന്നു…
അത് കൊണ്ട് തന്നെ ഞങ്ങൾ ഒരു വാടക വീട് എടുത്തു അങ്ങോട്ട് മാറി…
ശിവാനി മോൾ ജനിക്കുന്നത് അവിടെവച്ചാണ് സന്തോഷം തന്നെയായിരുന്നു അദ്ദേഹത്തിന് ഒരു പെൺകുട്ടി വേണമെന്നായിരുന്നു മോഹം അത് പോലെ തന്നെയായി…
പക്ഷേ ജീവിതം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.. സിറ്റിയുടെ നടുവിലുള്ള ഒരു പോസ്റ്ററിൽ പരസ്യം മറക്കാൻ വേണ്ടി കയറിയതായിരുന്നു അയാൾ… പെട്ടെന്ന് സ്ലിപ്പായി താഴേക്ക് വീണു.. ആ വീഴ്ചയിൽ നട്ടെല്ലിനെറ്റ ക്ഷതം ജീവിതകാലം മുഴുവൻ ഒരു കിടപ്പുരോഗിയാക്കി മാറ്റി ഭദ്രേട്ടനെ…
ആയുർവേദം നല്ലതാവും… ഹോമിയോയിൽ മരുന്നുണ്ട് എന്നൊക്കെ ഓരോരുത്തരും പറഞ്ഞത് കേട്ട് ചികിത്സ മാറ്റി മാറ്റി ചെയ്തു നോക്കി പക്ഷേ ഒരു ഫലവും ഉണ്ടായിരുന്നില്ല ഉള്ള സ്വർണം മുഴുവൻ വിറ്റു എന്നത് മാത്രമായിരുന്നു ഒരു മിച്ചം..
കുടുംബത്തിന്റെ ചിലവും അദ്ദേഹത്തിന്റെ ചികിത്സയും എല്ലാം എന്റെ തലയിൽ വന്നുചേർന്നു..
ഇതിനിടയിൽ മോളുടെ പഠിപ്പും…
ഒന്നും എവിടെയും എത്താത്തതുപോലെ എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.. രാവിലെ മുഴുവൻ ടെക്സ്റ്റൈൽസിൽ പോകും. അതുകഴിഞ്ഞ് അവരുടെ തന്നെ ഗാർമെന്റ്സിൽ തുന്നാൻ ഇരിക്കും…
രാത്രി 7 മണിയാകും വീട്ടിലെത്താൻ എന്നാലും മാസം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയുമായിരുന്നില്ല…
ഇതിനിടയിലാണ് സന്തോഷിനെ പരിചയപ്പെട്ടത്… അയാൾ ഡിവോഴ്സ് ആയതാണ്… പണ്ട് ടെക്സ്റ്റൈൽസിൽ വർക്ക് ചെയ്തിരുന്ന ആളാണ് പിന്നീട് അവിടെനിന്ന് ഗൾഫിലേക്ക് പോയി. ഇപ്പോൾ നല്ല സ്ഥിതിയാണ്.. അന്നേ താനുമായി അയാൾക്ക് ഒരു പ്രത്യേക സൗഹൃദം ഉണ്ടായിരുന്നു പക്ഷേ കൂടുതൽ താൻ അയാളെ അടുപ്പിച്ചില്ല എന്ന് മാത്രം ഇപ്പോൾ കണ്ടപ്പോൾ എന്നോട് പറഞ്ഞു….
“””ആ പണ്ടത്തെ ആളെ അല്ലല്ലോ എന്തൊരു ഭംഗിയായിരുന്നു നിന്നെ കാണാൻ ഇപ്പോൾ അതെല്ലാം പോയല്ലോ എന്ന്…”””
എനിക്കും അറിയാമായിരുന്നു കുടുംബത്തിന്റെ പ്രാരാബ്ധ മൂലം ശരീരം പോലും നോക്കാതെ പണിയെടുത്ത് ഞാൻ കോലം കെട്ടിരുന്നു….
ക്രമേണ സന്തോഷ് എന്നോട് അടുത്തു… മടുപുഴ കാക്കുന്ന ജീവിതത്തിൽ അവന്റെ സാമീപ്യം എന്തോ എനിക്ക് ആശ്വാസമായിരുന്നു…
ഈ ചെറുപ്പത്തിൽ തന്നെ ഇത്തരം പ്രാരാബ്ദങ്ങൾ ഒന്നും എടുത്തു തലയിൽ വയ്ക്കേണ്ട ആവശ്യമില്ല നിനക്ക് നിന്റെ കാര്യം നോക്കിക്കൂടെ എന്ന് അവൻ ഒരുപാട് തവണ പറഞ്ഞു ആദ്യം ഒന്നും എനിക്ക് ആ രീതിക്ക് ചിന്തിക്കാൻ തോന്നിയില്ല പക്ഷേ സാവധാനം അവൻ പറയുന്നതിലും കാര്യമുണ്ട് എന്ന് എനിക്ക് തോന്നി…
ഞാൻ സമ്പാദിക്കുന്നതിൽ പകുതി മുക്കാലും പൈസ ചെലവാകുന്നത് ഭദ്രേട്ടന്റെ ചികിത്സയ്ക്കായാണ്… അത്യാവശ്യം ചുറ്റുപാടുള്ള കുടുംബമാണ് ഭദ്രേട്ടന്റെ അവരൊന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല എന്റെ വീട്ടുകാരുടെ സ്ഥിതിയും മറിച്ചല്ല…
ഞാൻ ഉപേക്ഷിച്ചു പോയാൽ ചിലപ്പോൾ വീട്ടുകാർ ഏറ്റെടുത്തെന്നു വരും…
ഈ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് എനിക്കും കരകയറാം ഞാൻ അങ്ങനെ ചിന്തിച്ചു..
അതുകൊണ്ടാണ് സന്തോഷ് വിളിച്ചപ്പോൾ അവന്റെ കൂടെ പോകാമെന്നും ഒരുമിച്ച് ഒരു ജീവിതം തുടങ്ങാം എന്നും തീരുമാനിച്ചത്…
മോളെയും ബദ്രേട്ടനെയും കുറിച്ച് ഓർത്തപ്പോൾ എന്തോ ഒരു കുറ്റബോധം തോന്നിയിരുന്നു പക്ഷേ അവരെ ഞാൻ മനപൂർവ്വം മറന്നു….
ഭദ്രേട്ടന്റെ വീട്ടിലേക്ക് വിളിച്ചു ഭദ്രേട്ടന് ഏറ്റെടുക്കണം എന്ന് പറഞ്ഞു..
ഇന്ന് പോകാം എന്നാണ് പറഞ്ഞിരുന്നത് അവരുടെ അടുത്ത് ഒരു ക്ഷേത്രം ഉണ്ടത്രേ. അവിടെവച്ച് താലികെട്ടി സന്തോഷിന്റെ ജീവിതത്തിലേക്ക് കൂട്ടം എന്നാണ് പറഞ്ഞിരുന്നത് പക്ഷേ അതിനായി വന്നപ്പോഴാണ് ഭദ്രേട്ടന്റെ ഫോണിൽ നിന്ന് കോൾ വന്നത് ആദ്യം എടുത്തില്ലെങ്കിലും എന്തോ തിരിച്ചു വിളിക്കണം എന്ന് തോന്നി…
“””” അമ്മേ””
ശിവാനിയുടെ സ്വരമായിരുന്നു കേട്ടത് അത് കേട്ടതും എന്തോ അവൾക്ക് വീണ്ടും കുറ്റബോധം തോന്നി..
“”” അമ്മയുടെ കൂടെ ടെക്സ്റ്റൈൽസിൽ നിൽക്കുന്ന രമ ചേച്ചി ഇവിടെ വന്നിരുന്നു… ഇന്ന് അമ്മ പോവുകയാണല്ലേ ആ അങ്കിളിന്റെ കൂടെ… രമ ചേച്ചി അച്ഛനോട് എല്ലാം പറഞ്ഞു..”””
അത് കേട്ട് എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി ചോദിച്ചു അച്ഛൻ ഇപ്പോൾ എന്താ ചെയ്യുന്നത് എന്ന്…
“”” രമ ചേച്ചി പറഞ്ഞത് കേട്ട് അച്ഛൻ ഒന്നും മിണ്ടിയില്ല മറുപടിയൊന്നും പറഞ്ഞില്ല ഇപ്പോഴും അവിടെ മിണ്ടാതെ കിടക്കുകയാണ്… എന്നോട് അല്പം വിഷം തരാമോ എന്ന് ചോദിച്ചു.. കൊടുത്തേക്കട്ടെ അമ്മേ എന്നിട്ട് ഞാനും കുടിച്ചേക്കട്ടെ…. “””
ഒരു ഏഴാം ക്ലാസുകാരിയുടെ വർത്തമാനം കേട്ട് ഞാൻ ആകെ തളർന്നു… മുന്നിൽകണ്ട് ഒരു ഓട്ടോയും വിളിച്ച് വീട്ടിലേക്ക് പോയി…
പോകും വഴി സന്തോഷിന് മെസ്സേജ് അയച്ചിരുന്നു എനിക്ക് എന്റെ കുടുംബം തന്നെ മതി ഇനി എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് എപ്പോഴും പൊട്ട മനസ്സിൽ ഒരു ബുദ്ധി തോന്നിയതാണ് എന്ന്…
വീട്ടിലെത്തിയതും കണ്ടത് ആകെ തകർന്നു കിടക്കുന്ന ഭദ്രേട്ടനെയാണ് ഞാൻ പോയി ആ കാലിൽ കെട്ടിപ്പിടിച്ച് മാപ്പ് പറഞ്ഞു…
“”” സാരല്ലടി എനിക്ക് നിന്നോട് ഒരു ശതമാനം പോലും ദേഷ്യം ഇല്ല.. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് നീ ഞങ്ങൾക്ക് വേണ്ടി അതൊന്നും എനിക്ക് മറക്കാൻ കഴിയില്ല… നിനക്ക് വേണമെങ്കിൽ പൊയ്ക്കോ… അതിനുമുമ്പ് മോളെ സുരക്ഷിതമായ ഒരു സ്ഥലത്താക്കിയാൽ മതി””‘
അതും കൂടി കേട്ടപ്പോൾ എനിക്ക് പിന്നെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല ഉറക്കെ കരഞ്ഞുകൊണ്ട് ഞാൻ ഭദ്രേട്ടനോടും മോളോടും മാപ്പ് ചോദിച്ചു…
എപ്പോഴോ തോന്നിയ ഒരു സ്വാർത്ഥത അതാണ് എന്റെ ജീവന്റെ ഭാഗമായിരുന്നവരെ വിട്ടു പോകാൻ എന്നെ പ്രേരിപ്പിച്ചത്…
ഭദ്രേട്ടന്റെ വീട്ടുകാർ വന്ന് ഒരു ഉപകരണം ചെയ്തിരുന്നു അദ്ദേഹത്തിന് മാറ്റിവെച്ചിരിക്കുന്ന സ്വത്ത് അദ്ദേഹത്തിന്റെ പേരിൽ തന്നെ കൊടുത്തു ഒപ്പം കുറച്ചു പൈസയും..
അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള തുക ഉണ്ടായിരുന്നു അത്.. ഒപ്പം അദ്ദേഹത്തിന്റെ ഭാഗത്തിൽ തന്നെ ഒരു ചെറിയ വീടും സ്ഥലവും വാടക കൊടുക്കാതെ നിൽക്കാനും പറ്റും…
എല്ലാം അസ്തമിച്ചു എന്ന് കരുതുന്ന ഒരു ചെറിയ സൂര്യോദയം പോലെ അതെല്ലാം ഞങ്ങൾക്ക് അത്രയും വിലപ്പെട്ടത് ആയിരുന്നു…
ഭദ്രേട്ടൻ പറയുന്നത് അത് വെച്ച് ചെറിയൊരു സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങാനാണ്… എന്നെപ്പോലെ കര കാണാൻ കടലിൽ കൈകാലിട്ടടിക്കുന്ന ചിലർക്കെങ്കിലും ഉപകാരമാട്ടെ എന്ന്…
ജീവിതത്തിൽ എപ്പോഴാണ് മാറി ചിന്തിക്കുക എന്ന് പറയാൻ പറ്റില്ല ചിലപ്പോൾ അതിനു മുന്നിൽ സ്നേഹവും കടപ്പാടും എല്ലാം മനുഷ്യൻ മറന്നുപോകും കാരണം ഇത് മനുഷ്യരാണ്… തെറ്റുകൾ മനുഷ്യസഹജമാണ്…