നീ ഇപ്പോൾ എങ്ങോട്ടാ പോകുന്നത് എന്ന് എനിക്കറിയാം നിന്റെ ആങ്ങളയോട് സംശയം പറയാനല്ലേ….

രചന: നീതു

::::::::::::::::::::::

“””ഇച്ചായാ എനിക്കെന്തോ ഒരു സംശയം പോലെ… സിബിച്ചൻ ഇന്നലെ രാത്രി വയ്യാന്നും പറഞ്ഞ് കിടന്നു എന്നല്ലേ ചേട്ടത്തി പറഞ്ഞത്… എന്നിട്ട് ചേട്ടത്തി കിടക്കാൻ 12 മണി കഴിഞ്ഞിരുന്നു എന്നും… അങ്ങനെയാണെങ്കിൽ സിബിച്ചന്റെ മരണം സംഭവിച്ചിരിക്കുന്നത് 12 മണിക്ക് ശേഷമാണ് കാരണം അതുവരെ ഒരു കുഴപ്പവുമില്ല എന്ന് ചേട്ടത്തി പറഞ്ഞിട്ടുണ്ട്… രണ്ടു മണിയൊക്കെ ആയപോ എന്തോ നെഞ്ചുവേദന പോലെ വന്നു അപ്പോഴാണല്ലോ നമ്മളെയെല്ലാം ചേട്ടത്തി വിളിച്ചു വരുത്തിയത്…””’

റോസിലിൻ പറഞ്ഞത് കേട്ട് സണ്ണി അവളെ തന്നെ നോക്കി അവൾ എന്താണ് പറഞ്ഞുവരുന്നത് എന്ന് സണ്ണിക്ക് മനസ്സിലായില്ല അതുകൊണ്ട് തന്നെ ചോദിച്ചു,

“”” നിനക്ക് എന്താ പറയാനുള്ളത് എന്ന് വച്ചാൽ തെളിച്ചുപറ റോസി എന്ന്…

“”” എന്റെ പൊന്നു ഇച്ചായ ഒരു നാല് മണി ആകുമ്പോഴേക്കും നമ്മളെല്ലാം ഇങ്ങോട്ടേക്ക് വന്നിട്ടുണ്ട് അതായത് അതിനിടയിൽ ആകെ രണ്ട് മണിക്കൂറാണ് ഉണ്ടായിട്ടുള്ളത്… അപ്പോഴേക്കും സിബിച്ചൻ മരണപ്പെട്ടിട്ടും ഉണ്ടായിരുന്നു പക്ഷേ ഇച്ചായൻ ശ്രദ്ധിച്ചോ രണ്ടു മണിക്കൂറിനുള്ളിൽ മരണപ്പെട്ട ഒരാളുടെ ദേഹം പോലെ ആയിരുന്നില്ല സിബിച്ചന്റെ ദേഹം… ആകെ കരിനീലിച്ച് തണുത്ത് മരവിച്ച്… നമ്മളും കുറെ കേട്ടിട്ടുള്ളതല്ലേ മരണം കഴിഞ്ഞ് 2 മണിക്കൂർ കൊണ്ട് ഒന്നും ശരീരം ഇങ്ങനെ ആവില്ല എന്ന്…”””

“”” അതുകൊണ്ട്?? നീ ഇപ്പോൾ എന്താണ് പറയാൻ വന്നത്… “”

“”” അല്ല ഇച്ചായാ എനിക്ക് എന്തൊക്കെയോ സംശയം ഇതൊരു ഹാർട്ടറ്റാക്ക് അല്ല എന്ന് പോസ്റ്റ്മോർട്ടം വേണ്ട എന്ന് നമ്മൾ എല്ലാവരും കൂടി പറഞ്ഞതുകൊണ്ടാണ് അത് ഒഴിവാക്കിയത് എനിക്കിപ്പോ തോന്നുന്നു അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് നമുക്ക് ഒന്നുകൂടി തോമസ് അങ്കിളിനെ വിളിച്ചിട്ട് സംശയമുണ്ട് എന്ന് പറഞ്ഞാലോ അങ്കിൾ ഐജി അല്ലേ അപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കും.. ഇപ്പോഴാവുമ്പോൾ അടക്ക് കഴിഞ്ഞിട്ടില്ലല്ലോ അതുകൊണ്ട് വലിയ പ്രശ്നവുമില്ല… “”

“”” എന്റെ പൊന്നു റോസി അല്ലേലേ സിബിച്ചന്റെ മരണത്തിൽ എല്ലാവരും ദുഃഖപ്പെട്ട് നിൽക്കുന്ന സമയമാണ് ഈ സമയത്ത് നീ ഒരുമാതിരി വർത്താനം പറഞ്ഞ് എല്ലാവരെയും വെറുതെ തെറ്റിദ്ധരിപ്പിക്കേണ്ട കാര്യങ്ങളൊക്കെ ഇങ്ങനെ തന്നെ നടന്നോട്ടെ നീ നിന്റെ വായും പൂട്ടി ഒന്നു മിണ്ടാതെ ഇരിക്കുമോ??? “”
സണ്ണിച്ചൻ അങ്ങനെ പറയും എന്ന് ഒരിക്കലും റോസിലിൻ പ്രതീക്ഷിച്ചിരുന്നില്ല അവൾക്ക് എന്തോ വല്ലാത്ത നിരാശ തോന്നി ഒപ്പം അവളുടെ സംശയം ഓരോ നിമിഷം ചെല്ലുംതോറും ബലപ്പെട്ടു വരികയായിരുന്നു…

ചേട്ടത്തി ആണെങ്കിൽ പറയുന്നതിൽ പലപ്പോഴും പരസ്പരവിരുദ്ധതയും ഉണ്ട്…
അവൾക്ക് ആകെ വല്ലായ്മ തോന്നി..
മൂത്ത ഇച്ചായനോട് പറഞ്ഞാലോ എന്ന് കരുതി പോയപ്പോഴാണ് സണ്ണിച്ചൻ മുന്നിൽ തന്നെ വന്നു നിന്നത്…

“”” നീ ഇപ്പോൾ എങ്ങോട്ടാ പോകുന്നത് എന്ന് എനിക്കറിയാം നിന്റെ ആങ്ങളയോട് സംശയം പറയാനല്ലേ.. എടീ സ്വന്തം ഭാര്യയാണ് എന്നൊന്നും ഞാൻ നോക്കില്ല ഒരെണ്ണം അങ്ങ് ഇട്ടു തന്നാൽ ഉണ്ടല്ലോ… ഒരു മരണ വീടാ വെറുതെ നീ ഓരോന്ന് പറഞ്ഞ് ഇവിടുത്തെ സ്ഥിതി വഷള് ആക്കരുത്…

അത് പറയാൻ പോകുന്നതിന് സ്വന്തം ഭർത്താവിന് എന്താണ് പ്രശ്നം എന്ന് അവൾക്ക് മനസ്സിലാകുന്നില്ലായിരുന്നു പക്ഷേ ഇത്രയും വലിയ ഒരു സംശയം മനസ്സിൽ വച്ചിരിക്കാനും തോന്നിയില്ല അതുകൊണ്ടുതന്നെയാണ് ഭർത്താവിന്റെ കണ്ണ് തട്ടിയപ്പോൾ നേരെ ചേട്ടനോട് ചെന്ന് കാര്യം പറയുന്നത്…

അവിടെ ചെന്ന് പറഞ്ഞപ്പോൾ മനസ്സിലായി ചേട്ടനും ഇതേ ആശയക്കു മനസ്സിലുണ്ട് എന്ന് മറ്റാരും പറയാത്തത് കൊണ്ട് മനസ്സിൽ ഇട്ടു വച്ചിരിക്കുകയാണ്.. വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതി..

ഒടുവിൽ എല്ലാവരും ചേർന്ന് പോസ്റ്റ്മോർട്ടം നടത്തണം എന്ന് പറഞ്ഞ് മുന്നോട്ടുവന്നു സണ്ണിച്ഛൻ എന്നെ ഒരു നോട്ടം നോക്കി ഞാനത് കണ്ടില്ല എന്ന് നടിച്ചു എന്റെ സ്വന്തം ആങ്ങളയുടെ മരണത്തിന്റെ പിന്നിലെ കാരണം എനിക്കും അറിയണം എന്നുള്ളത് ഉറച്ച തീരുമാനമായിരുന്നു എന്റെ ഉള്ളിൽ അപ്പോൾ….

ഹാർട്ടറ്റാക്ക് വിഷമുള്ള മരണം എന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു അതോടെ ചേട്ടത്തിയുടെ ഭാവം മാറി… ഇല്ലാത്ത സാമ്പത്തിക ഇടപാടുകൾ.. കടം ബാധ്യത അങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞു.. സിബിച്ചൻ ആത്മഹത്യ ചെയ്തതാണ് എന്ന് പറഞ്ഞു…

പക്ഷേ ഞങ്ങൾ അറിയേ സിബിച്ചായന് കടങ്ങൾ ഒന്നും ഇല്ലായിരുന്നു….
ഒടുവിൽ മൂത്ത ഇച്ഛന്റെ താല്പര്യ പ്രകാരം പോലീസ് കേസ് ഏറ്റെടുത്തു…
ഒടുവിലാണ് തെളിഞ്ഞത്, ചേട്ടത്തിക്കും എന്റെ സ്വന്തം ഭർത്താവ് സണ്ണിച്ചനും തമ്മിൽ അവിഹിതം ഉണ്ടായിരുന്നു ഒരിക്കൽ അതു കണ്ടു കൊണ്ട് വന്ന സിബിച്ചൻ മനസ്സു മടുത്തു ആത്മഹത്യ ചെയ്തത് തന്നെയാണെന്ന്…

എന്റെ സംശയവും കൊണ്ട് ചെന്നപ്പോൾ എന്തിനാണ് സണ്ണിച്ചൻ എന്നെ എതിർത്തത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ആകെ കൂടി മരവിച്ച അവസ്ഥയായിരുന്നു എനിക്ക്..

സ്വന്തം അനിയത്തിയുടെ ജീവിതം കൂടി തകരും എന്നോർത്താണ് ആ പാവം എല്ലാം സ്വയം സഹിച്ചു സ്വയം തീർന്നത്….

എല്ലാംകൂടി അറിഞ്ഞപ്പോൾ എനിക്ക് എന്തോ സഹിക്കാൻ പറ്റിയില്ല.. മൂത്ത ഇച്ചായൻ എന്നെ ചേർത്തുപിടിച്ചു…
“”” സിബി ചായന് ഇതിന്റെ ഒരു ആവശ്യവും ഉണ്ടായിരുന്നില്ല എന്ന് മാത്രമേ ഞാൻ അപ്പോൾ പറഞ്ഞുള്ളൂ…

പോലിസ് അവർക്ക് എതിരെ പ്രേരണ കുറ്റത്തിന്
കേസെടുത്തു…

എല്ലാം കഴിഞ്ഞ് സണ്ണി അരികിൽ എത്തിയിരുന്നു എല്ലാം ഏട്ടത്തിയുടെ പിടിപ്പുകേടാണ് അയാളെ അവർ വലയിൽ വീഴ്ത്താൻ നോക്കിയതാണ് എന്നെല്ലാം പറഞ്ഞു…

സിബിച്ചൻ മരിച്ച അന്ന് കണ്ടതാണ് അയാളുടെ സാമർത്ഥ്യം ഒന്നും ആരും അറിയാതിരിക്കാൻ സംശയം തോന്നിയ എന്നെ അയാൾ പീടിച്ചു വച്ചത് ഞാൻ മറന്നിട്ടില്ല ആയിരുന്നു….

പാവമായിരുന്നു എന്റെ ഇച്ചായൻ.. രണ്ട് ആൺമക്കൾക്ക് ശേഷമാണ് ഞാൻ ഉണ്ടായത് അതുകൊണ്ടുതന്നെ സ്വന്തം മകളെ പോലെയായിരുന്നു എന്നെ രണ്ട് ഇച്ചായന്മാരും കണ്ടത്… സണ്ണിച്ചന് പകരം ഒരുപക്ഷേ ചേട്ടത്തി വേറെ ആരോടെങ്കിലും ആണ് ഇതുപോലൊരു ബന്ധം പുലർത്തിയത് എങ്കിൽ ഒരിക്കലും ഇച്ചായൻ ഇത് ചെയ്യില്ലായിരുന്നു ഇത് എന്റെ ജീവിതം കൂടി തകരുമല്ലോ എന്ന മനോവേദനയിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്..

അതൊന്നും താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല..

“”” ഈ കുറച്ചുകാലം ജയിലിൽ കിടത്തിയതിന് പകരം നിങ്ങളെ തൂക്കിക്കൊന്നില്ലല്ലോ എന്ന ഒരു വിഷമം മാത്രമേ എനിക്കുള്ളൂ മേലാൽ ഈ പടി കയറരുത് നിങ്ങളുമായുള്ള ബന്ധം അന്ന് സത്യം അറിഞ്ഞപ്പോൾ ഞാൻ ഉപേക്ഷിച്ചതാണ് ഇനി എന്റെ കുഞ്ഞുങ്ങളെ ഞാൻ നോക്കിക്കോളാം. ഈ പടി ഇറങ്ങി പോയില്ലെങ്കിൽ എനിക്ക് പോലീസിൽ അറിയിക്കേണ്ടിവരും….”””

എന്ന് പറഞ്ഞപ്പോൾ അയാൾ ഇറങ്ങിപ്പോയി സിബിച്ചന്റെ മക്കളെയും ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു എന്റെ സ്വന്തം മക്കളെ പോലെ നോക്കാൻ..

സിബിച്ചന്റെ പേരിൽ സിബിച്ചൻ ഉണ്ടാക്കിയതും തറവാട്ടിൽ നിന്ന് കിട്ടിയതുമായി ഒരുപാട് സ്വത്ത് വകകൾ ഉണ്ടായിരുന്നു… അതിൽ നിന്നും
ഒരുതരി സ്വത്ത് പോലും ചേട്ടത്തിക്ക് വിട്ടുകൊടുക്കരുത് എന്ന് ഞങ്ങളുടെ തീരുമാനമായിരുന്നു

അത്യാവശ്യം പ്രായമായ കുഞ്ഞുങ്ങൾ ആയതുകൊണ്ട് അവർക്കും സംഗതികളെല്ലാം ഏകദേശം ധാരണയുണ്ടായിരുന്നു അവരും അവരുടെ അമ്മയുടെ കൂടെ പോകണ്ട എന്ന് പറഞ്ഞു..

അവരെ അവരുടെ വീട്ടിൽ പോലും കയറ്റിയില്ല.. ഒടുവിൽ അറിയാൻ കഴിഞ്ഞത് സണ്ണിച്ചായനും അവരും തമ്മിൽ പുതിയൊരു ജീവിതം തുടങ്ങി എന്നതാണ്..

എനിക്ക് ഉറപ്പാണ് ആദ്യത്തെ ഈ പുതുമയെല്ലാം കഴിഞ്ഞാൽ അവർ തമ്മിൽ അടിയാകുമെന്ന്.. കാരണം രണ്ടുപേരും ആശ്രയിച്ചിരുന്നത് ഈ തറവാട്ടിലെ സ്വത്ത് തന്നെയാണ്…

ഒരു ജോലിക്കും പോകാത്ത സുഖലോലുപനായ സണ്ണിച്ചായനെ ആർക്കും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്നെപ്പോലെ…

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു… കുടിച്ചുവന്ന് ചേട്ടത്തിയെ ഉപദ്രവിക്കുന്ന സണ്ണിച്ചായനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് കേൾക്കാൻ കഴിഞ്ഞു..
ഒരുപക്ഷേ അവർ സിബിച്ചനോട് ചെയ്ത തെറ്റിന് കർത്താവ് കൊടുത്തത് ആയിരിക്കും ഈ ശിക്ഷ..

എന്തൊക്കെ ചെയ്താലും പറഞ്ഞാലും ഞങ്ങളുടെ മനസ്സിൽ അവരോടുള്ള ദേഷ്യം അതുപോലെ കാണും….