രചന: നീതു
അമ്മേ ഞാനിനി സ്കൂളിൽ പോകുന്നില്ല.. ചിന്നു മോള് കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി..
എന്താ എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ അല്പം മടിയോടെ തന്നെ അവൾ പറഞ്ഞിരുന്നു എല്ലാവരും കള്ളന്റെ മോളെ എന്ന് വിളിച്ച് കളിയാക്കുകയാണ് എന്ന്…
അവളോട് എന്തു പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. എന്നാലും ഒരു കാര്യം ഞാൻ അവളോട് പറഞ്ഞു കൊടുത്തു നിന്റെ അച്ഛൻ ഒരിക്കലും ഒരു കള്ളൻ ആയിരുന്നില്ല എന്ന്..
ഇനി അങ്ങനെ പറയുന്നവരോട് നല്ല മറുപടി തിരിച്ചു പറയണം എന്ന്… അല്ലാതെ ഇതുപോലെ വീട്ടിൽ വന്നിരുന്ന് കരയുകയല്ല വേണ്ടത് എന്ന്…
അത് കേട്ടപ്പോൾ അവൾ തലയാട്ടി മുറിയിലേക്ക് പോയി..
പക്ഷേ എന്നാലും എനിക്ക് അറിയാമായിരുന്നു അവളുടെ ബുദ്ധിമുട്ട്…
തൊട്ടപ്പുറത്തെ റൂമിൽ ജീവഛവമായി കിടക്കുന്ന അനിലേട്ടന്റെ അടുത്തേക്ക് ഞാൻ ചെന്നു… എല്ലാം മനസ്സിലാകുന്നുണ്ട് എന്നതിന്റെ സൂചനയായി ആ രണ്ടു മിഴികളും നിറഞ്ഞൊഴുകിയിരുന്നു..
“”അയ്യേ ഏട്ടൻ കരയാ.. ഇതൊന്നും കാര്യമാക്കണ്ടട്ടോ… എല്ലാം ശരിയാകും എന്നും പറഞ്ഞ് ആ മിഴികൾ തുടച്ചു കൊടുത്തു… ഒപ്പം എന്റെ മിഴികള് നിറയാതെ നോക്കി എല്ലാം കൂടി താങ്ങാൻ ആ മനസ്സിന് ആവില്ല എന്നറിയാം….
അപ്പോഴേക്കും ചിന്നു മോളും അരികിലെത്തിയിരുന്നു… അച്ഛന്റെ മിഴികൾ തുടച്ചു കൊടുക്കാൻ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ…
“”” അച്ഛൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന് ഞങ്ങൾക്ക് ഉറപ്പാണ്.. ഇനി എന്തെങ്കിലും പറയുന്നവരോട് ചിന്നു മോള് പറഞ്ഞോളാട്ടോ മറുപടി.. “”
അതും പറഞ്ഞ് ആ മുഖത്തേക്ക് ഉമ്മ വെക്കുമ്പോൾ ആ മുഖം കുറച്ച് തെളിഞ്ഞതായി തോന്നി…
അത് കാണെ എന്റെ മുഖവും വിടർന്നു…
ഓർമ്മവച്ച നാൾ മുതൽ കാണുന്നതായിരുന്നു ഹരിയേട്ടനെ.. ആദ്യമൊക്കെ കണ്ടാൽ ഒന്ന് ചിരിക്കും അത് പിന്നെ എപ്പോഴാണ് പ്രണയമായി മാറിയത് എന്നറിയില്ല…
ഒരു ജോലി കിട്ടിയതിനുശേഷം വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം എന്നാണ് പറഞ്ഞിരുന്നത്…
എം ബി എ… കഴിഞ്ഞ് ഇരിക്കുന്ന ആൾക്ക് ജോലിയുമായി ദൈവദൂതനെ പോലെ ഒരാൾ അവതരിച്ചു….
സ്വപ്നം പോലും കാണാൻ പറ്റാത്ത ശമ്പളവും ഓഫർ ചെയ്തു മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോയി…
അവിടെ ഫിനാൻസ് പോലെ എന്തോ പരിപാടിയായിരുന്നു… ഒറ്റ വർഷം കൊണ്ട് തന്നെ ജീവിതം ആകെ മെച്ചപ്പെട്ടു.. ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ സ്ഥാനത്ത് രണ്ടുനില വലിയ വീട് ഉയർന്നു..
ലീവിന് വന്നിട്ട് എന്റെ വീട്ടിൽ കല്യാണം അന്വേഷിച്ചപ്പോൾ ആർക്കും എതിർപ്പ് ഉണ്ടായിരുന്നില്ല…. അങ്ങനെ ആ വിവാഹം നടന്നു…
മൂന്നുമാസത്തെ ലീവും കഴിഞ്ഞു പോകുമ്പോൾ ചിന്നു മോൾക്ക് എന്റെ വയറ്റിൽ ഒരുമാസം പ്രായം ഉണ്ടായിരുന്നു..
അവളെ കാണാനായി ഒരു തവണ അദ്ദേഹം ലീവിന് വന്നു… അന്ന് സമ്മാനങ്ങൾ കൊണ്ട് മൂടിയിരുന്നു അവളെ…
പിന്നെ പോകുമ്പോൾ രണ്ടുപേർക്കും സങ്കടമായിരുന്നു അത്രത്തോളം അവർ അടുത്തിരുന്നു…
അവിടെ എല്ലാവരുടെയും പൈസ പിരിച്ച് ചിട്ടി പോലെ ഒരു പരിപാടിയായിരുന്നു…
ദൈവദൂദിനെ പോലെ അവതരിച്ചയാൾ ഒരുപാട് പണമായപ്പോൾ എല്ലാം കൊണ്ട് മുങ്ങി..
അതിന്റെയെല്ലാം മുന്നിൽ നിർത്തിയത് അനിലേട്ടനെ ആയിരുന്നു… അനിലേട്ടനാണ് എല്ലാവരുടെ കയ്യിൽ നിന്നും പൈസ പിരിച്ച് അയാൾക്ക് കൊടുത്തത്..
സോഷ്യൽ മീഡിയയും മറ്റും കോട്ടി ആഘോഷിച്ചു… കോടികൾ തട്ടി ആളുകളെ പറ്റിച്ച മലയാളിയെ പറ്റി….
അപ്പോഴേക്കും എങ്ങനെയൊക്കെയോ അദ്ദേഹം നാട്ടിലെത്തിയിരുന്നു… എന്നോട് എല്ലാം പറഞ്ഞു കരഞ്ഞു.. അദ്ദേഹം അതിൽ പെട്ടു പോവുകയായിരുന്നു. എല്ലാ പണവും കൊണ്ട് അയാൾ മറ്റേതോ രാജ്യത്തേക്ക് കടന്നു കളഞ്ഞു…
ഒടുവിൽ അന്വേഷണം ഇങ്ങോട്ടും വ്യാപിക്കും എന്ന അവസ്ഥയായി ഞങ്ങളുടെ എല്ലാം വിറ്റാലും ആ കടത്തിന്റെ ഒരംശം പോലും ആകില്ല…
അതുകൊണ്ടുതന്നെ അദ്ദേഹം ഒരു കടുംകൈ ചെയ്തു… എന്റെ കണ്ണ് തെറ്റിയ അവസരത്തിൽ റൂമിലെ ഫാനിൽ തൂങ്ങിമരിക്കാൻ നോക്കി…
കഴുത്തിലെ ഞരമ്പുകൾ കട്ടായതിനെ തുടർന്ന് അദ്ദേഹത്തിനു ചലന ശേഷിയും സംസാരശേഷിയും എല്ലാം നഷ്ടപ്പെട്ടു പക്ഷേ ജീവൻ മാത്രം തിരിച്ചു കിട്ടി….
ഇത്രയും പണം തട്ടിയെടുത്ത ഒരാൾക്ക് പിന്നെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കേണ്ട കാര്യമില്ലല്ലോ അത്രപോലും ആൾക്കാർക്ക് ചിന്തിക്കാനുള്ള കഴിവുണ്ടായിരുന്നില്ല…
വീടും സ്ഥലവും എന്റെ സ്വർണവും എല്ലാം പോയി എങ്കിലും ജീവനോടെ അദ്ദേഹത്തെ തിരിച്ചുകിട്ടിയല്ലോ എന്ന സമാധാനമായിരുന്നു…
മോളെയും കൂട്ടി ഞങ്ങൾ ഒരു വാടക വീട്ടിലേക്ക് താമസം മാറി എന്റെ അച്ഛൻ സഹായത്തിന് ഉണ്ടായിരുന്നു..
വീട് പാസായ ഞാൻ അടുത്തുള്ള ഒരു സ്കൂളിൽ ജോലിക്ക് പോയിരുന്നു… ഭർത്താവിന്റെ സ്വഭാവം ഇത്തരത്തിലുള്ളതാണെന്ന് അറിഞ്ഞില്ല അതുകൊണ്ട് നിങ്ങൾ ഇവിടെ ടീച്ചറായി തുടരുന്നത് ചില പാരൻസിന് പ്രശ്നമുണ്ട് എന്ന് പറഞ്ഞ് അവരെന്നെ അവിടെ നിന്നും പറഞ്ഞു വിട്ടു….
വാടക വീടിന്റെ തൊട്ടടുത്തുള്ള ചേച്ചിയാണ് അടുത്തുള്ള ഒരു ചെമ്മീൻ ഫാക്ടറിയിൽ ഒരു ജോലി ശരിയാക്കി തന്നത് അവിടെ പിന്നെ സ്റ്റാറ്റസും കോൺടക്ട് സർട്ടിഫിക്കറ്റും ഒന്നും വേണ്ടല്ലോ….
എന്റെ വിദ്യാഭ്യാസത്തെ പറ്റി പറഞ്ഞ അവിടുത്തെ മുതലാളി തന്നെയാണ് അവിടുത്തെ സൂപ്പർവൈസർ ആയി ജോലി നോക്കിക്കോളാൻ പറഞ്ഞത് അത് വളരെ സഹായകരമായിരുന്നു…
അത്യാവശ്യം ഞങ്ങളുടെ എല്ലാ ചെലവുകളും നടന്നുപോകും… വിധിയെ തോൽപ്പിക്കാൻ വേണ്ടി ഞങ്ങളും മനസ്സിനെ തയ്യാറാക്കി പക്ഷേ എന്നിട്ടും ആളുകൾ പുറകെ നടന്ന് ഉപദ്രവിക്കും ഇതുപോലെ ….
എന്നെ എന്തു പറഞ്ഞാലും പ്രശ്നമുണ്ടായിരുന്നില്ല ചിന്നുമോൾ ചെറുതല്ലേ നാലാം ക്ലാസിൽ എത്തിയിട്ടേയുള്ളൂ അവൾക്ക് അവളുടെ പ്രായത്തിനേക്കാൾ പക്വതയുണ്ട് എങ്കിൽപോലും ഇങ്ങനെ ഓരോ സന്ദർഭത്തിൽ അവളും തളരും..
എല്ലാവർക്കും താങ്ങായി തണലായി ഞാൻ മാത്രം…
പെട്ടെന്നാണ് പേപ്പറിൽ ആ വാർത്ത കണ്ടത് ദൈവദൂതനെ പോലെ അവതരിച്ച ആ ചെകുത്താനെ മറ്റേതു രാജ്യത്ത് നിന്ന് തട്ടിപ്പിന് അറസ്റ്റ് ചെയ്തിട്ടുണ്ട് അയാളുടെ ഡീറ്റെയിൽസ് എല്ലാം എടുത്തു നോക്കിയപ്പോൾ മുമ്പ് തെളിയാതെ കിടന്ന കുറെ കേസുകൾക്ക് തുമ്പ് കിട്ടിയത്രെ….
അതിലൊന്നായിരുന്നു അനിയേട്ടന്റെത്… നഷ്ടപ്പെട്ടവരുടെ എല്ലാം പണം അയാൾ തിരിച്ചു കൊടുക്കണം എന്നായി… ഞങ്ങൾ അടച്ച് പണം എല്ലാം ഞങ്ങൾക്ക് തിരിച്ചു കിട്ടണം എന്നും വിധി വന്നിരുന്നു…
എന്തൊക്കെ വിധി വന്നാലും ഇനി എന്തൊക്കെ തിരികെ തന്നാലും ഞങ്ങൾ അനുഭവിച്ച ഒന്നും പകരമാവില്ല എന്നറിയാം എങ്കിലും ചെറിയൊരു സമാധാനം അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു എന്നതാണ്…
ഞാൻ ഓടിച്ചെന്നു അദ്ദേഹത്തിന്റെ അടുത്തേക്ക് ആ സന്തോഷവാർത്ത പറയാൻ ഒരുപാട് വിളിച്ചുനോക്കി പക്ഷേ അദ്ദേഹം പ്രതികരിക്കുന്നുണ്ടായിരുന്നില്ല…
അദ്ദേഹത്തിന്റെ മരവിച്ച കൈകളും തണുത്ത ദേഹവും എനിക്ക് പറഞ്ഞു തന്നിരുന്നു അദ്ദേഹം ഇനി ഇല്ല എന്ന സത്യം…
പക്ഷേ ഈ ലോകം തന്നെ അദ്ദേഹം നിരപരാധിയാണെന്ന് അറിഞ്ഞു എന്ന കാര്യം ഒന്നു മനസ്സിലാക്കിയിട്ടാണ് ഈ പോക്ക് എങ്കിൽ എനിക്ക് ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു മരിക്കുമ്പോഴും ആ ഉള്ളിൽ കിടന്നത് ആ സങ്കടം ആയിരിക്കില്ലേ എന്ന വേദന മാത്രമായിരുന്നു എന്റെ മനസ്സിൽ..
അപ്പോഴേക്കും എത്തിയിരുന്നു എല്ലാവരും സഹതാപവും സമാധാനിപ്പിക്കലും ഒക്കെയായി…
പണ്ട് പറഞ്ഞുവിട്ട സ്കൂളിൽ നിന്നും വരെ ഓഫർ കിട്ടി അവിടേക്ക് ടീച്ചറായി ചെന്നോളാൻ…
എല്ലാവരെയും അർഹിക്കുന്ന അവഗണന കൊടുത്ത ഒഴിവാക്കി അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ കൂടെ ഉള്ളത് കുറച്ചിലായി കരുതുന്നവരെ ആരെയും ഇനി അടുപ്പിക്കുന്നില്ല എന്നായിരുന്നു ഞങ്ങളുടെ തീരുമാനം….
എന്റെ മടിയിൽ വന്നിരിക്കുമ്പോൾ മോളുടെ തലയിൽ മെല്ലെ തലോടി ഞാൻ ചോദിച്ചു ഇപ്പോൾ മനസ്സിലായില്ലേ അച്ഛൻ നിരപരാധി ആയിരുന്നു എന്ന്…
“””മ്മ്മ്… അതെനിക്ക് ആദ്യമേ അറിയാമായിരുന്നു അമ്മേ എന്റെ അച്ഛന് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല…”””
അത്രയും മതിയായിരുന്നു.. ലോകം അവിശ്വസിച്ചാലും ഞാനും എന്റെ മോളും വിശ്വസിച്ചാൽ മതിയായിരുന്നു അദ്ദേഹത്തിന്…
കാരണം ഞങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലോകം..