രചന: ശ്രേയ
:::::::::::::::::::
” നിനക്ക് ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൂടെ..? അങ്ങനെയാണെങ്കിൽ എന്റെ മോനെങ്കിലും രക്ഷപ്പെട്ടേനെ.. ഇതിപ്പോൾ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന് പറയുന്നതു പോലെയാണ്..”
രാവിലെ കണ്മുന്നിൽ കണ്ടാലുടനെ തന്നെ എന്തെങ്കിലും പറഞ്ഞു വിഷമിപ്പിക്കല്ലെങ്കിൽ തന്റെ അമ്മായി അമ്മയ്ക്ക് ഒരു സമാധാനം കിട്ടാത്തത് പോലെയാണ്.
ആദ്യകാലങ്ങളിൽ അമ്മയുടെ ഇത്തരം പ്രവർത്തി തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പക്ഷേ അതിൽ ഒരു കാര്യവുമില്ല എന്ന് മനസ്സിലായത് കാലങ്ങൾ കഴിഞ്ഞിട്ടാണ്. ഇപ്പോൾ ഒരു പതിവു പോലെ ഇത് തുടർന്നു പോകുന്നു. അമ്മയ്ക്ക് പറയാനുള്ളത് അമ്മ പറയും ഞാൻ കേൾക്കാത്തത് പോലെ നടക്കും..
കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു വിഷമം ഉണ്ട്. മരുമകളായി വന്നു കയറിയ ദിവസം മുതൽ കേൾക്കുന്നതാണ് ഇത്തരം വാക്കുകൾ.
അതിനും കാരണമുണ്ട്..!!
അമ്മയുടെ ഒരേയൊരു മകനായ അനിലിനെ കൊണ്ട് അമ്മയുടെ ആങ്ങളയുടെ മകളെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.അങ്ങനെയാണെങ്കിൽ കുടുംബത്തിന് അകത്തുള്ള സ്വത്തുക്കൾ ഒന്നും പുറത്തേക്ക് പോകില്ല എന്നൊക്കെയുള്ള കുരുട്ടുബുദ്ധി അമ്മയ്ക്കുണ്ടായിരുന്നു.
അമ്മ അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയിലാണ് അനിലേട്ടൻ തന്നെ സ്നേഹിച്ച് വിളിച്ചു കൊണ്ടുവരുന്നത്. ഭീമമായ സ്ത്രീധനവും മറ്റും സ്വപ്നം കണ്ടിരുന്ന അമ്മയ്ക്ക് മുന്നിലേക്ക് വെറുംകൈയുമായി വന്നു കയറിയ തന്നെ അംഗീകരിക്കാൻ വളരെ പ്രയാസം ആയിരുന്നു.
അത് സിനിമകളിലും കഥകളിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള അമ്മായിയമ്മ ഒരു എന്ന പുരാതനമായ ആചാരത്തിലേക്ക് നയിക്കുകയായിരുന്നു.
വിഷമത്തോടെ അനിലേട്ടനോട് പരാതി പറയുമ്പോൾ തന്നെ ചേർത്ത് പിടിച്ച് അദ്ദേഹം ആശ്വസിപ്പിക്കും.
” സാരമില്ല..എല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാലെ നമുക്ക് ജീവിക്കാൻ പറ്റൂ.പ്രായമായ ആളുകളല്ലേ.. ഇതൊക്കെ അംഗീകരിക്കാനും മനസ്സിലാക്കാനും സമയമെടുക്കും.. അതുവരെ നമ്മൾ അഡ്ജസ്റ്റ് ചെയ്യണം.. “
അനിലേട്ടൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയതു കൊണ്ടാണ് പിന്നീട് താൻ മൗനം പാലിച്ചത്. താൻ എത്രയൊക്കെ ഒഴിവായി പോയാലും അമ്മ തന്റെ പിന്നാലെ നടന്നു ഉപദ്രവിക്കുന്നത് പോലെയാണ്.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അതിന്റെ തോത് ഇത്തിരി കൂടി.ഒരു വർഷമായിട്ടും തനിക്ക് വിശേഷം ഒന്നുമില്ല എന്നുള്ളതായിരുന്നു അമ്മ കണ്ടെത്തിയ കാരണം.
അത്രയും കാലം അമ്മ എന്തു പറഞ്ഞാലും തനിക്ക് അത് തന്നെ ബാധിക്കുന്നതല്ല എന്ന് ചിന്തിക്കാമായിരുന്നു. പക്ഷേ പിന്നീട് അമ്മ മുഖത്ത് നോക്കി മച്ചി എന്ന് വിളിച്ചു തുടങ്ങിയപ്പോൾ അത് കണ്ടില്ലെന്ന് നടിക്കാനുള്ള വിവേകം തനിക്ക് ഇല്ലാതെ പോയി.
വിഷമത്തോടെ അനിലേട്ടനോട് പരാതി പറഞ്ഞു.
” അതിന് നമുക്ക് രണ്ടാൾക്കും അധികം പ്രായം ഒന്നുമായിട്ടില്ലല്ലോ. നമുക്ക് കുഞ്ഞുങ്ങൾ ആകാനുള്ള സമയം ആകുന്നതേയുള്ളൂ. താനിങ്ങനെ അമ്മ പറയുന്നതും കേട്ട് വിഷമിച്ചിരിക്കാതെ തന്റെ കാര്യം നോക്ക്. നമുക്ക് കുഞ്ഞുങ്ങൾ ആവാനുള്ള പ്രായത്തിൽ അതാവും.. “
അനിലേട്ടന്റെ ആ വാക്കുകൾക്ക് അലിയിച്ച് കളയാൻ പറ്റുന്ന വിഷമങ്ങൾ മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ.
അമ്മ ഓരോ ദിവസവും കലഹത്തിന് കൂടുതൽ കൂടുതൽ സാധ്യതകൾ തേടി നടക്കുമ്പോൾ അതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് താൻ ഒതുങ്ങി മാറി പോകുകയായിരുന്നു പതിവ്.
പക്ഷേ അധികം വൈകാതെ അനിലേട്ടന് വിദേശത്ത് ഒരു ജോലി ശരിയായി. അദ്ദേഹം അങ്ങോട്ട് പോയതോടെ താൻ വീട്ടിൽ ഒറ്റപ്പെട്ടു എന്ന് തന്നെ പറയാം.
അമ്മ ഓരോ ദിവസവും തന്നെ കൂടുതൽ കൂടുതൽ ആക്രമിക്കാൻ തുടങ്ങി. അതോടെ അനിലേട്ടൻ വിളിച്ചാൽ തനിക്ക് പരാതികൾ മാത്രമായി പറയാനുള്ളത്.
ആദ്യമൊക്കെ തനിക്ക് പറയാനുള്ളത് മുഴുവൻ സമാധാനപൂർവ്വം കേട്ട് തന്നെ ആശ്വസിപ്പിക്കുക ഒക്കെ ചെയ്യുമായിരുന്നു അനിലേട്ടൻ. പക്ഷേ പോകെ പോകെ തന്റെ വിഷമങ്ങളും പരാതികളും ആൾക്ക് ദേഷ്യമായി.
” ഞാൻ എപ്പോ വിളിച്ചാലും നിനക്ക് കുറെ പരാതികളും വിഷമങ്ങളും കരച്ചിലും അല്ലാതെ മറ്റെന്തെങ്കിലും എന്നോട് പറയാനുണ്ടോ..? മനുഷ്യൻ സഹിക്കുന്നതിന് ഒരു പരിധിയില്ലേ..? ഇവിടെ ഈ അന്യ നാട്ടിൽ വന്ന് ഇത്രയും കഷ്ടപ്പെടുന്നത് നമ്മുടെ കുടുംബത്തിൽ ഒരു സമാധാനം ഉണ്ടാകാൻ വേണ്ടിയാണ്. ഇതിപ്പോൾ എനിക്ക് എപ്പോ അങ്ങോട്ട് വിളിച്ചാലും സമാധാനക്കേട് മാത്രമേ ഉണ്ടാകുന്നുള്ളൂ. എന്നാൽ പിന്നെ ഞാൻ ഇനി അങ്ങോട്ട് വിളിക്കാതിരിക്കാം.. “
ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ആൾ ഫോൺ വെച്ചു പോയപ്പോൾ പറഞ്ഞതുപോലെ തന്നെ ആള് പ്രവർത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
ആ ഒരു സംഭവത്തോടെ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുന്ന അനിലേട്ടന്റെ സ്വഭാവം മാറി. പിന്നീട് രണ്ടു ദിവസത്തിലൊരിക്കലും വല്ലപ്പോഴുമൊക്കെയായി വിളി. അതും അമ്മയുടെ ഭാഗത്തു നിന്ന് തനിക്ക് കുറ്റപ്പെടുത്തലിനു കാരണമായി.
താൻ കാരണമാണ് അമ്മയ്ക്ക് അമ്മയുടെ മോനോട് പോലും സംസാരിക്കാൻ പറ്റാത്തത് എന്നായി പരാതി. അതോടെ എന്നെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കണം എന്നായി..
ആയിടക്കാണ് വിദേശത്ത് അനിലേട്ടനോടൊപ്പം ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നെ വിളിക്കുന്നത്. അയാൾ പറഞ്ഞ വാക്കുകൾ തനിക്ക് വിശ്വസിക്കാവുന്നതിനും അപ്പുറമായിരുന്നു.
“ഞാൻ പറയുമ്പോൾ ഷീബ എന്നെ തെറ്റിദ്ധരിക്കരുത്.ഇവിടെ അനിലിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ട്. അവർ ഒരുമിച്ചാണ് താമസം പോലും. ആ പെൺകുട്ടി പ്രഗ്നന്റ് ആണെന്നും പറഞ്ഞു കേൾക്കുന്നുണ്ട് .. അനിലിന്റെ വീട്ടുകാർക്ക് പോലും അതിനെക്കുറിച്ച് ധാരണ ഉണ്ടെന്നാണ് ഞാൻ അറിഞ്ഞത്. അനിൽ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജരുടെ മകളാണ് ആ പെൺകുട്ടി..”
അയാൾ പറഞ്ഞ വാക്കുകൾ വിശ്വസിച്ചില്ല എന്ന് അയാൾക്ക് ബോധ്യം ആയതുകൊണ്ടാണ് കുറച്ച് ഏറെ ഫോട്ടോകൾ അയാൾ തനിക്ക് അയച്ചു തന്നത്.മറ്റൊരു പെൺകുട്ടിയോടൊപ്പം ചിരിച്ച് കളിച്ചു ഉല്ലാസവാനായി തന്റെ അനിലേട്ടൻ..!!
അയാൾ പറഞ്ഞ വാക്കുകളിൽ തന്നെ ഏറെ തകർത്തു കളഞ്ഞത് ഇവിടെ അമ്മയ്ക്ക് പോലും ഇതിനെക്കുറിച്ച് അറിയാം എന്നുള്ളതായിരുന്നു.
ഒരുപക്ഷേ അതുകൊണ്ടായിരിക്കണം താൻ ഒഴിഞ്ഞു പോയാൽ മാത്രമേ അനിലേട്ടന്റെ ജീവിതം രക്ഷപ്പെട്ടു എന്ന് അമ്മ പറഞ്ഞത്..
അറിഞ്ഞ കാര്യത്തെക്കുറിച്ച് അനിലേട്ടനോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. അയാളെ ഫോൺ ചെയ്തു വിവരങ്ങളൊക്കെ ചോദിച്ചു കഴിഞ്ഞപ്പോൾ നിഷേധിച്ചില്ല.
” അങ്ങനെ ഒരെണ്ണം ഉണ്ടെങ്കിൽ തന്നെ നിനക്കെന്താ നഷ്ടം..? എനിക്ക് നീ സമാധാനം എന്ന് പറയുന്ന ഒരു സാധനം തന്നിട്ടുണ്ടോ..? എപ്പോ വിളിച്ചാലും പരാതിയും പരിഭവവും അല്ലാതെ നിനക്ക് മറ്റൊന്നുമില്ല.എനിക്ക് സ്നേഹവും പ്രേമവും ഒക്കെയാണ് വേണ്ടത്.അത് എനിക്ക് ഇവിടെ നിന്ന് ആവോളം കിട്ടുന്നുണ്ട്.നിനക്ക് ചിലവിനുള്ള പണം ഞാൻ അയച്ചു തന്നേക്കാം.. അതിന്റെ പേരിൽ നിനക്ക് നഷ്ടങ്ങൾ ഒന്നും വരില്ലല്ലോ.. “
ദേഷ്യത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ തളർന്നു പോയി.
ആർക്കുവേണ്ടിയാണോ താൻ തന്റെ കുടുംബവും വീടും നാടും ഒക്കെ ഉപേക്ഷിച്ച് അയാളോടൊപ്പം വന്നത് അയാൾ തന്നെ ഉപേക്ഷിച്ചിരിക്കുന്നു.. ഈ വീട്ടിലും നിൽക്കുക അസാധ്യമാണ്.
ഭർത്താവിന് വേണ്ടെങ്കിൽ ഭർത്താവിന്റെ വീട്ടുകാർക്ക് തന്റെ ആവശ്യം എന്താണ്..? അല്ലെങ്കിലും താൻ ഇവിടെ വലിഞ്ഞു കയറി വന്ന ഒരു അതിഥി മാത്രമായിരുന്നല്ലോ..!
ആരും ക്ഷണിക്കാതെ വന്ന അതിഥി ആരോടും യാത്ര പറയാതെ തന്നെ ആ വീട്ടിൽ നിന്ന് ഇറങ്ങി. ഒരുപക്ഷേ അമ്മയ്ക്ക് സന്തോഷമായിട്ടുണ്ടാകാം..
ഞാനെന്ന ശല്യം ഒഴിഞ്ഞു പോയാൽ മാത്രമാണല്ലോ അമ്മയ്ക്ക് പുതിയ മരുമകളെ വീട്ടിലേക്ക് സ്വീകരിക്കാൻ കഴിയൂ..
എന്നെക്കാൾ പണവും സൗന്ദര്യവും ഒക്കെയുള്ള പുതിയ മരുമകൾ അമ്മയ്ക്ക് ഒരുപക്ഷേ അഭിമാനമായിരിക്കും. അവൾ എന്നെപ്പോലെ ഒന്നുമില്ലാതെ കയറി വരില്ലല്ലോ.. കൈ നിറയെ പൊന്നും പണവുമായി അവൾ കയറി വരുമ്പോൾ അമ്മ സന്തോഷത്തോടെ സ്വീകരിക്കുമായിരിക്കും..!!
അമ്മയ്ക്ക് അതിനോടൊക്കെ ആർത്തി ഉണ്ടെന്ന് മനസ്സിലാക്കാം.. പക്ഷേ അനിലേട്ടൻ..!!
സ്നേഹിച്ചു സ്വന്തമാക്കിയത് ആയിരുന്നല്ലോ തന്നെ.. എന്നിട്ടും തന്നെ വഞ്ചിക്കാൻ അയാൾക്ക് എങ്ങനെ കഴിഞ്ഞു..? ഒരുപക്ഷേ അയാൾക്ക് സ്നേഹിക്കാനും ലാളിക്കാനും ഒരു കുഞ്ഞിനെ കൊടുക്കാത്തതു കൊണ്ടുള്ള പകയായിരിക്കണം..!!
അതും എന്റെ മാത്രം തെറ്റാകുന്നത് എങ്ങനെ..?
ചോദ്യങ്ങൾ അനവധിയാണ്.പക്ഷേ അത് ചോദിക്കാനും ഉത്തരം കണ്ടെത്താനും ആരുമില്ലെന്ന് മാത്രം…!!