രചന : ശ്രേയ
::::::::::::::::::::::::::
” ഒരു ഗ്ലാസ് ചായ ചോദിച്ചിട്ട് നേരം എത്രയായി..ഇതുവരെ അതൊന്ന് എടുത്തു തരാനുള്ള മര്യാദ പോലും കാണിച്ചില്ലല്ലോ.. “
ദേഷ്യത്തോടെ ഉമ്മറത്തിരുന്നു കൊണ്ട് ഭർത്താവ് അലറി വിളിക്കുന്നുണ്ട്. അത് കേട്ടപ്പോൾ തന്നെ ഹീമയുടെ കൈ വിറച്ചു.
ശബ്ദത്തിന്റെ ടോൺ മാറിക്കഴിഞ്ഞാൽ പിന്നെ അന്നത്തെ ദിവസം മുഴുവൻ പോക്കാണെന്ന് അവൾക്കറിയാം.
” ചായ ഇപ്പോ തരാം..”
അടുക്കളയിൽ നിന്നുകൊണ്ടു തന്നെ ഹിമ വിളിച്ചു പറഞ്ഞു.
” എത്ര നേരമായി അവൻ ചായ ചോദിക്കാൻ തുടങ്ങിയിട്ട്.. അതു കൊണ്ടു കൊടുത്തതിനു ശേഷം നിനക്ക് ബാക്കി പണി ചെയ്താൽ പോരേ..? “
അമ്മായിയമ്മ മകന്റെ സപ്പോർട്ടിന് രംഗത്തെത്തി കഴിഞ്ഞു.
” ഞാനിവിടെ ദോശ ഉണ്ടാക്കുകയായിരുന്നു… അതാ ലേറ്റ് ആയത്.. “
ആ ഒരു മറുപടിയുമായി അവൾ ചായയും കൊണ്ട് രഘുവിന്റെ അടുത്തെത്തി.
അയാൾ അവളെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ചായ കയ്യിലേക്ക് വാങ്ങി. പിന്നെ സാവധാനം കുടിക്കാൻ തുടങ്ങി.
അയാൾ പ്രത്യേകിച്ചൊന്നും പറയുന്നില്ല എന്ന് കണ്ടതോടെ അവൾ നേരെ അടുക്കളയിലേക്ക് ഓടി.ആഹാരത്തിന്റെ പണികൾ ഒന്നുമായി ചെയ്യുന്നതിനിടയിൽ അമ്മ ഇടയ്ക്കൊക്കെ വന്ന് സൂപ്പർവിഷൻ നടത്തി പോകുന്നത് അവൾ കാണുന്നുണ്ടായിരുന്നു.
ആഹാരമെല്ലാം തയ്യാറാക്കി ഡൈനിങ് ടേബിളിലേക്ക് കൊണ്ട് ചെന്ന് വച്ചപ്പോഴേക്കും രഘുവിന്റെ അടുത്ത ചോദ്യം അവളെ തേടിയെത്തി.
” എന്റെ ഷർട്ടും പാന്റും തേച്ചു വച്ചിട്ടുണ്ടല്ലോ അല്ലേ..? “
അവൻ ചോദിച്ചപ്പോൾ അവൾ അതെ എന്ന് തലയാട്ടി.
” ഏത് ഷർട്ട് ആണ് അയൺ ചെയ്തു വച്ചിരിക്കുന്നത്..? “
അയാളുടെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്നാലോചിച്ചു.
ജോലി എളുപ്പമാക്കാൻ വേണ്ടി ഇന്നലെ രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് തന്നെ അയൺ ചെയ്തു വെച്ചതാണ്. ഏതാണെന്ന് ഇപ്പോൾ ഒരു ഊഹവും കിട്ടുന്നില്ല..
“ഗ്രീൻ..”
പെട്ടെന്ന് ഓർത്തെടുത്ത് അവൾ മറുപടി പറഞ്ഞപ്പോഴേക്കും അയാളുടെ മുഖം വീർത്തു.
“എനിക്കിന്ന് ബ്ലൂ കളർ ഷർട്ട് മതി..”
അയാൾ വാശി പിടിക്കുന്നതു പോലെ പറഞ്ഞു കഴിഞ്ഞു. അതിന്റെ അർത്ഥം അയാൾ പറയാതെ തന്നെ അവൾക്കു മനസ്സിലായി. താനിപ്പോൾ പോയി ബ്ലൂ കളർ ഷർട്ട് അയൺ ചെയ്തു കൊടുക്കണം..
നെടുവീർപ്പോടെ ചിന്തിച്ചുകൊണ്ട് അവൾ ഷർട്ടുമായി അയൺ ചെയ്യാൻ പോയി. അതുകഴിഞ്ഞ് തിരികെ വരുന്നതിനു മുൻപ് തന്നെ അയാൾ കുളി കഴിഞ്ഞു വന്നിരുന്നു.
ഷർട്ട് മുഴുവൻ പരിശോധിച്ചു ചുളിവുകൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അവൾക്ക് മുറിവിട്ട് പുറത്തേക്ക് വരാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അമ്മായിയമ്മയുടെ മുഖം ഒരു കുട്ടയ്ക്ക് വീർത്തിരുന്നു.
ആഹാരം എടുത്തു കൊടുക്കാൻ വൈകിയതിന്റെ വീർപ്പിക്കൽ ആണ് അത്.. അവൾ അമ്മയ്ക്ക് ആഹാരം എടുത്തു കൊടുക്കുമ്പോഴേക്കും അയാളും കഴിക്കാനായി വന്നെത്തിയിരുന്നു.
” ഇന്നും ദോശ തന്നെയാണോ ഉണ്ടാക്കി വെച്ചിരിക്കുന്നത്..? നിനക്ക് ഇടയ്ക്കിടയ്ക്ക് ദോശ ഉണ്ടാക്കിയില്ലെങ്കിൽ ഒരു സമാധാനം ഇല്ലാത്തതുപോലെ ആണല്ലോ.. ഇതാവുമ്പോൾ എളുപ്പ പണിയാണല്ലോ അല്ലേ..? പണിയെടുക്കാൻ മടിയുള്ള ഇവളെ പോലെയുള്ള ജന്മങ്ങളെ ഞാൻ ആദ്യമായിട്ട് കാണുകയാണ്.. “
ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് അയാൾ ദോശ ഓരോന്നായി പാത്രത്തിലേക്ക് എടുത്തിട്ട് കഴിക്കാൻ തുടങ്ങി.
ദോശയും ചമ്മന്തിയും സാമ്പാറും ഇതൊന്നും പോരാഞ്ഞിട്ട് ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും ഉപ്പേരിയും ഒക്കെയായി നല്ല ജോലിയുണ്ടായിരുന്നു അടുക്കളയിൽ.സാമ്പാർ ഒന്നും ചോറിന്റെ കൂടെ കഴിക്കുകയേയില്ല എന്ന് വാശി പിടിച്ചിരിക്കുന്ന ഒരു മനുഷ്യനാണ് രഘു.
അയാൾക്ക് ഇഷ്ടമല്ലാത്തതു കൊണ്ടാകണം ഏമ്പക്കം കേട്ടതിനു ശേഷം മാത്രമേ അയാൾ ടേബിളിൽ നിന്ന് എഴുന്നേറ്റുള്ളൂ..
അമ്മയ്ക്ക് പറ്റുന്നത് പോലെ അമ്മയും മകനെ സഹായിക്കുന്നുണ്ട്.. ആ സമയം കൊണ്ട് അവൾ അയാൾക്ക് കൊണ്ടുപോകാനുള്ള ആഹാരം പാക്ക് ചെയ്ത് എടുത്തു.
അത് അയാളുടെ കയ്യിൽ കൊണ്ടുവന്നു കൊടുക്കുമ്പോൾ അവൾക്ക് പറയാൻ ഒന്ന് രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു.
” എനിക്ക് ഒരു 500 രൂപ തരാമോ..? ഇന്നലെ ഞാൻ പറഞ്ഞിരുന്നല്ലോ.. “
അവൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ അയാളുടെ മുഖം വീർത്തു.
” ഓ.. നിനക്ക് ബ്രേസിയർ വാങ്ങാൻ അല്ലേ.. ഇതിപ്പോ നീ പുതിയതാണോ പഴയതാണോ ഇട്ടിരിക്കുന്നത് എന്ന് പുറത്തു നിന്ന് നോക്കുന്നവർക്ക് എങ്ങനെ അറിയാനാണ്..?അല്ലെങ്കിൽ തന്നെ നീ ഇവിടെ നിന്ന് ഒരിടത്തേക്കും പോകുന്നില്ലല്ലോ.. അപ്പൊ പിന്നെ പുതിയത് ഒക്കെ വാങ്ങി പൈസ കളയേണ്ട കാര്യമുണ്ടോ..? “
അയാൾ ചോദിച്ചത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു.
” അല്ലെങ്കിലും ഇവൾക്ക് ഇവിടെയായി ധൂർത്ത് ഇത്തിരി കൂടുതലാണ്. പൈസയൊക്കെ നിയന്ത്രിച്ച് പഠിച്ചാലേ ഭാവിയിൽ 10 പൈസ എടുക്കാൻ ഉണ്ടാകൂ.. അതിപ്പോ ഭർത്താവും ഗവൺമെന്റ് ഉദ്യോഗസ്ഥനായതു കൊണ്ട് എന്തുമാകാം എന്നൊരു ചിന്ത ആയിരിക്കും?”
എരീതിയിൽ എണ്ണ ഒഴിക്കുന്നത് പോലെയുള്ള അമ്മായിയമ്മയുടെ വർത്തമാനം കൂടിയായപ്പോൾ അവൾ തളർന്നു.
“ഇവിടെ ഞാൻ നോട്ട് അടിക്കുകയല്ല.. എന്റെ കയ്യിൽ നീ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്ത് തരാൻ പൈസയുമില്ല..”
അയാൾ ദേഷ്യത്തോടെ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ കൂടുതൽ ഒന്നും പറയാതെ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു.
ഓരോ ജോലികളായി ചെയ്തു തീർക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
പതിനെട്ടാം വയസ്സിൽ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ വീട്ടുകാർ വിവാഹം നടത്തി.തുടർന്ന് പഠിക്കണമെന്ന് അവളുടെ ആഗ്രഹത്തിന് വീട്ടുകാർ യാതൊരു വിലയും കൽപ്പിച്ചില്ല.
എന്നുമാത്രമല്ല പിന്നീട് ഇതുപോലൊരു വിവാഹ ആലോചന വരില്ല എന്ന പേരും പറഞ്ഞു വിവാഹം നടത്തുകയായിരുന്നു. ഇനിയുള്ള നിന്റെ ജീവിതം സ്വർഗ്ഗമായിരിക്കും എന്ന് പലരും ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ആ വാക്കുകളിൽ പലതും അവൾ വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒക്കെയും വെറും വാക്കുകളായിരുന്നു എന്ന് തിരിച്ചറിയാൻ വൈകിപ്പോയി.
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറി വന്നതു മുതൽ ഇവിടുത്തെ അടിമ തന്നെയാണ്. അയാൾക്കും അമ്മയ്ക്കും സമയാസമയം വച്ചുണ്ടാക്കി കൊടുക്കാനും പറയുന്ന ജോലികൾ ചെയ്തു തീർക്കാനും വേണ്ടി മാത്രമുള്ള ഒരു ജന്മം..!
അതിനിടയിൽ അവൾക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ എന്നോ അവൾക്ക് എന്തെങ്കിലും വേണമെന്ന് പോലും അയാൾ അന്വേഷിക്കാറില്ല. മറ്റുള്ളവർക്കും മുന്നിൽ അയാൾ സ്നേഹസമ്പന്നനായ ഭർത്താവാണ്.
എന്നാൽ യഥാർത്ഥത്തിൽ അയാൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന മറ്റൊരു മനുഷ്യനുണ്ട്.. അവൾക്കു വേണ്ടി ഒന്നും ചെയ്യാൻ തയ്യാറാകാത്ത ഒരു മനുഷ്യൻ.
” ഈ ഡ്രസ്സ് ഒക്കെ ഒന്ന് അലക്കിയിട്.. മെഷീനിൽ അലക്കണ്ട കേട്ടോ.. മെഷീനിൽ അലക്കിയാൽ തുണി ഒന്നും വൃത്തിയാവില്ല.. “
അമ്മയുടെ സംസാരമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
പിന്നീട് ഒരു നിമിഷം പോലും ചിന്തിച്ചു നിൽക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. വേഗം തന്നെ അവൾ അലക്കാൻ ഉള്ള തുണികളുമായി പുറത്തേക്ക് ഇറങ്ങി. അതൊക്കെ അലക്കി കഴിഞ്ഞിട്ട് തിരികെ വരുമ്പോൾ വീർത്തു കെട്ടിയ മുഖവുമായി അമ്മായിയമ്മ പുറത്തു നിൽപ്പുണ്ട്.
” വെണ്ടക്കായ ഉപ്പേരി ഞാൻ കഴിക്കില്ലെന്ന് നിനക്കറിയില്ലേ..? സാമ്പാറും കുട്ടി ചോറു കഴിക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല.. എന്നെ മനപ്പൂർവ്വം പട്ടിണിക്കിടാൻ വേണ്ടി നീ ഓരോന്ന് കണ്ടെത്തി വന്നിരിക്കുന്നതാണ്.. എനിക്ക് ഒരു മുട്ട കറി ഉണ്ടാക്കി താ.. “
അമ്മായിയമ്മയുടെ ശാസനം കേട്ടപ്പോൾ ഒരിത്തിരി നേരം റസ്റ്റ് എടുക്കാം എന്ന് ചിന്തിച്ചിരുന്ന അവളുടെ മനസ്സ് മരവിച്ചു.അമ്മ പറയുന്നത് അതുപോലെ ചെയ്തു കൊടുത്തില്ലെങ്കിൽ പിന്നെ മകൻ വരുമ്പോൾ പരാതികളുടെ മേളം ആയിരിക്കും.
അതും ചിന്തിച്ചുകൊണ്ട് അവൾ അടുത്ത പണിക്ക് കോപ്പ് കൂട്ടുമ്പോൾ തൊട്ടടുത്ത വീട്ടിലെ സുഗന്ധി ചേച്ചി ഒരു വീട്ടിലെ അടുക്കള പണി കഴിഞ്ഞു മടങ്ങിയെത്തിയിരുന്നു.
മാസാമാസം 12000 രൂപ അവർക്ക് വരുമാനവും കിട്ടാറുണ്ട്. അവരെ കാണുമ്പോൾ നെടുവീർപ്പോടെ ഹിമ ആലോചിക്കാറുണ്ടായിരുന്നു.
താൻ ഈ വീട്ടിലെ ശമ്പളമില്ലാത്ത ജോലിക്കാരിയാണ്. ഇതേ ജോലി മറ്റൊരു വീട്ടിലാണ് ചെയ്യുന്നത് എങ്കിൽ മാസം 12000 രൂപ കയ്യിലിരുന്നേനെ. അങ്ങനെയാണെങ്കിൽ ഒരു ബ്രൈസറിന് പോലും മറ്റൊരാളുടെ മുന്നിൽ കൈ നീട്ടേണ്ടി വരില്ലായിരുന്നു…!!