കൂടി നിന്ന സ്ത്രീകളിൽ അത് ചിരി പടർത്തി അവർ ആ സുഖമുള്ള ആ വിരഹനോവ് ആസ്വദിക്കുകയായിരുന്നു

രചന: ഗിരീഷ് കാവാലം

::::::::::::::::::::::::

അന്ന് അനുവിന്റെ വിവാഹം ആയിരുന്നു..

“ദേ കണ്ടോ ചേച്ചീ…ദിയമോളുടെ മുഖത്തെ മ്ലാനത പാവം കുട്ടി “

കല്യാണ മണ്ഡപത്തിന് അടുത്ത് നിന്ന ബന്ധുവായ ഒരു സ്ത്രീ പറഞ്ഞതും മറുപടിയായി മറ്റൊരു സ്ത്രീ പറഞ്ഞു

“അത് പിന്നെ ദിയമോൾക്ക് അനു, അമ്മയെ പോലെ അല്ലായിരുന്നോ.. വിട്ടുപോകുന്നതിന്റെ സങ്കടം കൊണ്ടാ “

വിവാഹചടങ്ങ് കഴിഞ്ഞു വരന്റെ വീട്ടിലേക്ക് തിരിക്കാൻ നേരം ആറാം ക്ലാസ്സ്‌ കാരിയായ അനിയത്തികുട്ടി അനുവിന്റെ കാതിൽ എന്തോ പറഞ്ഞതും ഒരു കൊച്ചു കുട്ടിയെ പോലെ വിതുമ്പുകയായിരുന്നു അനു

വരനും കൂട്ടരും വന്ന കല്യാണ ബസ്സിലെ തട്ടുപൊളിപ്പൻ പാട്ട് സ്പീക്കറിന് പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതും, അയ്യോ ഒരു പോലീസുകാരി ആണോ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ കരയുന്നെ എന്ന് നല്ല മൂഡിൽ ആയിരുന്ന ഒരു ചേട്ടൻ തമാശയോടെ പറഞ്ഞു

കൂടി നിന്ന സ്ത്രീകളിൽ അത് ചിരി പടർത്തി അവർ ആ സുഖമുള്ള ആ വിരഹനോവ് ആസ്വദിക്കുകയായിരുന്നു

അമ്മയുടെ അനിയത്തി മീന ചിറ്റയെ മാറ്റി നിർത്തി അനു അവരുടെ കാതിൽ ഗൗരവത്തോടെ എന്തോ പറഞ്ഞതും ഒന്ന് ഷോക്ക് അടിച്ച പോലെ ആയ അവർ സംയമനം വീണ്ടെടുത്തു മറുപടി എന്നവണ്ണം അനുവിന്റെ കാതിൽ എന്തോ പറഞ്ഞുകൊണ്ട് തോളിൽ തട്ടി ആശ്വസിപ്പിച്ചു

സർക്കിൾ ഓഫീസിലെ കോൺസ്റ്റബിൾ ആയ അനുവും അനിയത്തി ആറാം ക്ലാസുകാരിയായ ദിയയും തമ്മിൽ പതിനാല് വയസ്സിന്റെ വ്യത്യാസം ഉണ്ട്..
വർഷങ്ങൾക്ക് ശേഷം ഒരു കുട്ടി കൂടി വേണം എന്ന അച്ഛന്റെ ആഗ്രഹത്തിന്റെ ഫലമായുണ്ടായ പ്രായ വ്യത്യാസം

അച്ഛൻ ദിയമോൾക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ മരിച്ചതാണ്..തുടർന്ന് അമ്മയെ വിവാഹം കഴിച്ചത് ഭാര്യ മരിച്ചുപോയ മക്കൾ ഇല്ലാതിരുന്ന അകന്ന ഒരു ബന്ധു ആയിരുന്നു.

കണ്ണിലെ കരട് ആയ ദിവസം ആയിരുന്നു അനുവിന് അന്ന് രണ്ടാനച്ഛൻ

ജീവിതത്തിൽ ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ആ ദിവസം

ഇനി ഇത് ആവർത്തിച്ചാൽ ആ ജനനേന്ദ്ര്യം ഞാൻ കണ്ടിച്ചു മാറ്റും

വീട്ടിൽ താൻ ഒറ്റയ്ക്ക് ആയിരുന്ന ദിവസം അടുക്കളയിലേക്ക് കാമകണ്ണോടെ തന്നെ സമീപിച്ച രണ്ടാനച്ഛനെ മൂർച്ച ഉള്ള കറികത്തി കാട്ടി നിർത്തി പൊരിച്ചതിനു ശേഷം പിന്നീട് ഒരിക്കലും ആ രീതിയിൽ തന്നെ സമീപിച്ചിട്ടില്ല

“ചേച്ചിയമ്മേ എന്നെ കൂടി കൊണ്ടുപോകുമോ.. ഇന്ന് രാവിലെ മുതൽ അച്ഛന്റെ നോട്ടം കണ്ടിട്ട് എനിക്ക് പേടി തോന്നുന്നു.. എന്റെ അവിടെയും ഇവിടെയും ഒക്കെ ഉള്ള അച്ഛന്റെ തുറിച്ചുള്ള നോട്ടം കണ്ടിട്ട് എനിക്ക് വല്ലാത്ത പോലെ ആകുന്നു “
ദിയമോൾ തന്റെ കാതിൽ രഹസ്യമായി പറഞ്ഞ ആ കാര്യം വരന്റെ വീട്ടിലേക്കുള്ള യാത്രയിലുട നീളം അനുവിനെ അലട്ടികൊണ്ടിരുന്നു

“അയാൾ എന്റെ ദിയമോളെ ശല്യപ്പെടുത്തുമോ..താൻ ഇല്ലാത്ത അവസരത്തിന് കാത്തിരിക്കുകയായിരുന്നോ രണ്ടാനച്ഛൻ.. ഇല്ല ശ്രീഏട്ടനുമൊത്ത് ആദ്യ വിരുന്നിനു വീട്ടിൽ എത്തുന്നവരെ മീന ചിറ്റ അവിടെ തന്നെ ഉണ്ടാകുമെന്ന് ഉറപ്പ് തന്നിട്ടുണ്ടല്ലോ “

“ഏട്ടാ എന്റെ അനിയത്തി കുട്ടിയെ കൂടി ഇങ്ങോട്ട് കൊണ്ടുവരട്ടെ”

അന്ന് രാത്രിയിൽ ബെഡ്റൂമിൽ വച്ചു അനു കാര്യങ്ങൾ ഒക്കെ വിശദമായി ശ്രീരാഗിനോട് പറഞ്ഞെങ്കിലും അവന് അത് അത്രക്ക് ഉൾക്കൊള്ളാൻ ആയില്ല.. കാരണം കടും പിടുത്തക്കാരി ആയ അമ്മ തന്നെ ആയിരുന്നു

“സ്വാർഥത ലേശം ഉള്ള അമ്മയെ പറഞ്ഞു സമ്മതിപ്പിക്കുക എന്നത് ശ്രമകരം ആണ്… എന്താ ചെയ്ക. എന്തായാലും ഇപ്പൊ തത്കാലം അമ്മയോട് പറയേണ്ട നമ്മൾ ആദ്യ വിരുന്നിനു അനുവിന്റെ വീട്ടിൽ പോയി തിരികെ വരുമ്പോൾ ദിയമോളെ ഇങ്ങ് കൊണ്ടു പോരാം അത് പോരെ “

അനുവിന് സന്തോഷം നൽകുന്ന വാക്കുകൾ ആയിരുന്നു ശ്രീരാഗിന്റെത്

ആദ്യവിരുന്ന് കഴിഞ്ഞു ശ്രീരാഗും അനുവും അവളുടെ വീട്ടിൽ നിന്ന് തിരിച്ചെത്തിയത് ദിയമോളെയും കൂട്ടി ആയിരുന്നു

ദിയമോളോട് സ്നേഹത്തോടെ ആണ് സുമതിയമ്മ ആദ്യ ദിവസങ്ങളിൽ ഇടപെഴകിയതെങ്കിൽ സ്ഥിരമായി ഇവിടെ തന്നെ നിൽക്കും എന്നറിഞ്ഞതോടെ അവരുടെ സ്വഭാവം മാറാൻ തുടങ്ങി

“ഇവിടെ നിർത്തി എങ്ങനെ പഠിപ്പിക്കും സ്വന്തം വീട്ടിൽ നിർത്തി അല്ലെ പഠിപ്പിക്കേണ്ടത്”

അനിഷ്ടത്തോടെ സുമതിയമ്മ ഓരോന്നും പറയാൻ തുടങ്ങി

അവസാനം മനസ്സില്ലാ മനസ്സോടെ സുമതിയമ്മ സമ്മതിച്ചു.. സ്കൂൾ തുറക്കുമ്പോൾ എന്തായാലും വീട്ടിൽ കൊണ്ടു വിടുമല്ലോ… ഇവിടെ നിന്നു പഠിക്കുന്നത് അവർക്ക് ആലോചിക്കാൻ പറ്റുന്നതല്ലായിരുന്നു..

ദിയമോളുടെ സ്കൂളിൽ പോക്കും ഇവിടെ നിന്ന് തന്നെ ആണെന്ന് അറിഞ്ഞതും സുമതിയമ്മയുടെ കണ്ണിലെ കരട് ആയി മാറി ആ കുഞ്ഞ് പെണ്ണ്

അവർ കാര്യമില്ലാത്തത്തിനും വഴക്ക് പറയാനും കുറ്റപ്പെടുത്താനും തുടങ്ങിയതോടെ സുമതിയമ്മയെ കാണുമ്പോൾ ദിയമോൾക്ക് പേടിയായി

അടുക്കളയിൽ വെള്ളം കുടിക്കാൻ കയറിയ ദിയമോൾ സുമതിയമ്മ വരുന്നത് കണ്ടു ഒന്ന് വിരണ്ടത് കൊണ്ടാകാം അവളുടെ കയ്യിൽ നിന്ന് ഗ്ലാസ്‌ അറിയാതെ വഴുതി അടുപ്പ് കല്ലിൽ വീണ് പൊട്ടി തെറിക്കുകയും ഗ്ലാസ്സിന്റെ മൂട് ഭാഗം ഉൾപ്പെടെ ദോശക്ക് അരച്ചു വെച്ച പാത്രത്തിലേക്കു വീണതും

തീക്ക്ഷണമായ സുമതിയമ്മയുടെ നോട്ടത്തിൽ ഭയന്ന കുട്ടി അനുവിന്റെ അടുത്തേക്ക് ഓടി

“ചേച്ചിയമ്മേ എന്നെ വീട്ടിൽ കൊണ്ട് വിട്ടേര്.. ഞാൻ ഇവിടെ നിൽക്കില്ല “

എന്താ നടന്നതെന്നു ചോദിച്ചറിഞ്ഞ അനു അവളെ ആശ്വസിപ്പിച്ചു ചേർത്ത് നിർത്തി

“അനു ദേ ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ പെണ്ണിന് ഇപ്പോഴേ ചുറ്റി കളി ഉണ്ട് ആണ്പിള്ളേര് ഉള്ള അപ്പുറത്തെ വീട്ടിലേക്കു ഇവൾ എന്തിനാ വായിട്ട് നോക്കി നിൽക്കുന്നേ .. ഈ സ്വഭാവം ആണെങ്കിൽ ഇവിടെ നിർത്താൻ ഞാൻ സമ്മതിക്കില്ല”

സുമതിയമ്മയുടെ വാക്കുകൾ കേട്ട അനു ഒരു നിമിഷം സ്ഥബ്ധയായെങ്കിലും.. ദിയമോളോട് ചോദിച്ചു കാര്യം മനസ്സിലാക്കിയ അനുവിന് മനസ്സിലായി അമ്മക്ക് ദിയമോളോട് ഉള്ള അനിഷ്ടം ആണ് ഇതെല്ലാം എന്ന്

ശ്രീരാഗ് കോഓപ്പറേറ്റീവ് ബാങ്കിലും അനു സ്റ്റേഷൻ ഡ്യൂട്ടിക്കും പോയി തിരിച്ചു വീട്ടിലേക്ക് വന്ന ഒരു വൈകുന്നേരം..

“ഞാൻ അന്നേ പറഞ്ഞില്ലേ കൊച്ചിന് ചുറ്റി കളി ഉണ്ടെന്ന് ഇപ്പൊ കൈയ്യോടെ പിടികൂടിയപ്പോ വിശ്വസിക്കുമല്ലോ”

ബൈക്കിൽ നിന്നിറങ്ങിയതും സുമതിയമ്മയുടെ അപ്രതീക്ഷിതമായ വാക്കുകൾ കേട്ട അനുവും, ശ്രീരാഗും അന്തിച്ചു നിന്നുപോയി

“എന്താ പറ്റിയത് അമ്മേ..?
അനുവിന്റെ മുഖം പെട്ടന്ന് ചുവന്നു.

“ദേ ഞാൻ അടുക്കളയുടെ പുറകിൽ ഇരുന്ന് തലമുടി കോതിക്കൊണ്ടിരിക്കുകയായിരുന്നു. ചെറിയ ഞരക്കവും മൂളലും കേട്ട് തിരിഞ്ഞു പുറകിലോട്ട് നോക്കിയതും രണ്ട് പേരും കൂടെ കെട്ടി പിടിച്ചു നിൽക്കുന്നതാ കണ്ടത്. അടുത്തേക്ക് ഞാൻ ചെന്നതും പുറകിലത്തെ മതിൽ ചാടി അവൻ പോയ്‌ക്കളഞ്ഞു”

“ഇത് ശരിയാണോ അല്ലയോ എന്ന് നീ അവളോട് തന്നെ ചോദിച്ചു നോക്ക്”

ഈ കേട്ടത് ഒരിക്കലും സത്യം ആകല്ലേ എന്ന് അനു ആഗ്രഹിച്ചു പോയ നിമിഷം..അവളുടെ മുഖത്ത് രക്തമയം ഇല്ലാതായി… അമ്മ പറഞ്ഞത് ശരി ആണെന്ന് അകത്തെ മുറിയിൽ ബെഡ്‌ഡിൽ ചടഞ്ഞു കൂടി നിർജീവമായി ഇരിക്കുകയായിരുന്ന ദിയമോളുടെ മുഖവും അലങ്കോലമായി കിടക്കുന്ന മുടിയിഴകളും കണ്ട അനുവിന് മനസ്സിലായി

അന്ന് ആദ്യമായി ദിയമോളെ ശകാരിച്ച ദിവസം.. മനസ്സിൽ തോന്നിയതെല്ലാം അനു വിളിച്ചു പറഞ്ഞു

“ഇനി ഇവിടെ നിൽക്കേണ്ട നാളെ തന്നെ വീട്ടിൽ കൊണ്ടു വിട്ടേക്കാം”

എല്ലാം കേട്ടുകൊണ്ട് സങ്കടത്തോടെ ചടഞ്ഞു കൂടി കട്ടിലിൽ ഇരിക്കുകയായിരുന്നു ദിയമോൾ..

കുറച്ചു സമയത്തിന് ശേഷം പോലീസ് വണ്ടി വീടിന് മുന്നിൽ നിർത്തി അകത്തേക്ക് വന്ന പോലീസ്കാരെ കണ്ടു ഭയപ്പെട്ടു പോയി അനുവും ഒപ്പം സുമതിയമ്മയും

“ദിയ എന്ന കുട്ടി ഇവിടുത്തെ അല്ലെ. ?

“അതേ…..

“മുറിക്കുള്ളിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി വന്ന അനു അമ്പരപ്പോടെ ആണ് പറഞ്ഞത്”

പോലീസുകാർക്കൊപ്പം ഇരുപത്തഞ്ച് വയസ്സോളം പ്രായം വരുന്ന യുവാവും ഉണ്ടായിരുന്നു

“അനുവിന്റെ വീടാണോ ഇത്..”

കൂട്ടത്തിൽ ഒരു പോലീസുകാരൻ പരിചയ ഭാവത്തോടെ ചോദിച്ചതും ഉദാസീനതയോടെ അനു പറഞ്ഞു

“അതേ സർ ദിയമോൾ എന്റെ അനിയത്തിയാ..”

“ഇത് അനിയത്തിയുടെ അല്ലെ”

ഒരു ചെറിയ സ്വർണമാല ഉയർത്തി കാണിച്ചുകൊണ്ട് ആ പോലീസുകാരൻ ചോദിച്ചു

അനുവിന്റെ ചുണ്ടുകൾ വരണ്ട നിമിഷം പോലീസുകാരൻ പറഞ്ഞു തുടങ്ങി

“അന്യ സംസ്ഥാനക്കാരനായ ഇവൻ ഇവിടെ വന്നത് മോഷണത്തിന് വേണ്ടിയാന്നാ പറഞ്ഞത് പക്ഷേ ഞങ്ങൾക്ക് സംശയം ഉണ്ട് ഇവനെ “

“സർ ഇവിടെ സിസിടീവി ഉണ്ട് ചെക്ക് ചെയ്തു നോക്കാം സർ”

“SI യെയും പോലീസുകാരെയും വിളിച്ചുകൊണ്ട് അകത്തെ മുറിയിലേക്ക് കൊണ്ടു പോയ ശ്രീരാഗും, അനുവും സിസിടീവി കണക്ട് ചെയ്തിരിക്കുന്ന മോണിറ്റർ ഓൺ ചെയ്തു..”

അത് കണ്ട സുമതിയമ്മയാണ് ആദ്യം നിലവിളിച്ചത്..

കഴുത്തിൽ കിടക്കുന്ന അഞ്ച് പവന്റെ പൊലിമയുള്ള സ്വർണമാലയിൽ കൈ പിടിച്ചമർത്തി എന്റെ ദേവി എന്ന് സുമതിയമ്മ ഉറക്കെ വിളിച്ചു പറഞ്ഞു

അനുവിന്റെ കണ്ണ് നിറഞ്ഞൊഴുകിയ നിമിഷം.. അവൾ കണ്ണുനീർ തുടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. അവൾ എന്തോ ആലോചിച്ച ശേഷം ബെഡ് റൂമിലേക്ക് ഓടി

പേൻ ചീപ്പ് കൊണ്ട് തലമുടി ചീകി ഒതുക്കികൊണ്ട് ഇരിക്കുകയായിരുന്ന സുമതിയമ്മക്ക് പിന്നിൽ പുറകിൽ ഒളിപ്പിച്ച കത്തി ഉയർത്തിയതും പിന്നിൽ നിന്ന് കൈയ്യിൽ പിടിച്ചു വലിക്കുന്ന ദിയമോൾ..
വായ് പൊത്തി ദിയമോളെ പിടിച്ചു പുറകോട്ട് കൊണ്ടുപോയി അവൻ അവളെ വട്ടം ചുറ്റി കിസ്സ് ചെയ്യാൻ ഒരുങ്ങിയതും സുമതിയമ്മയുടെ കണ്ണിൽപ്പെട്ടു.. അപകടം മണത്ത അവൻ ദിയമോളുടെ മാലയും പൊട്ടിച്ചുകൊണ്ട് മതിൽ ചാടി കടന്നു പോകുന്നു..

സിസിടിവി ദൃശ്യങ്ങൾ കണ്ട ശേഷം പോലീസ് സ്റ്റേറ്റ്മെന്റ് നോട്ട് ചെയ്തു പോകുമ്പോഴേക്കും വികാരവായ്പോടെ നിൽക്കുകയായിരുന്ന അനുവിന്റെയും, ശ്രീരാഗിന്റെയും മുന്നിൽ ദിയമോളെ ചേർത്ത് നിർത്തി അവളുടെ കൈത്തണ്ട ഉയർത്തി വീണ്ടും വീണ്ടും മുത്തം ഇടുകയായിരുന്നു സുമതിയമ്മ അപ്പോൾ…….