രചന: ശിവൻ മണ്ണയം
::::::::::::
“ഈ മഹാഗായകൻ ഇപ്പോൾ എവിടെയാണ്… മാന്യ സുഹൃത്തുക്കൾ കണ്ടെത്താൻ സഹായിക്കുമോ?”
മണ്ടൻ കുന്നിലെ സിനിമാ ഗാന പ്രേമിയായ ഏകനാസികൻ നായർ ഇന്നലെ ഒരു സിനിമാ ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ഞാനിവിടെ പകർത്തുന്നു.വളരെ പ്രാധാന്യമുള്ള എഴുത്തായതു കൊണ്ട് മാത്രമാണ് ഇത് ഞാനിവിടെ ഇടുന്നത്.ഏകനാസികൻ നായർ സർ നാസിയാണെന്നോ, നായരാണെന്നോ ഉള്ള മുൻവിധിയോടെ ആരും ഇത് വായിക്കരുതേ..
എകനാസികൻ നായർ സാറിൻ്റെ പോസ്റ്റ്:
ഈ മഹാഗായകൻ ഇപ്പോൾ എവിടെയാണ്?
സിനിമാഗാനങ്ങൾ കേട്ടാൽ മയിൽ പോലാടുന്ന ഇഷ്ടജനങ്ങളെ ( സിനിമാഗാനശ്ര വ്യേഷ്ടമയിലോട്ടും മലർകളേ: ആദി ഭാഷ മാത്രമിഷ്ടപ്പെടുന്നവർക്കുള്ള പരിഭാഷ )ഗാനമെന്നാൽ സിനിമാ ഗാനങ്ങളാണെന്നും അതിൻമേൽ എഴുന്നു നില്ക്കാൻ വേറൊന്നില്ലെന്നും നാമേവർക്കും അറിവാർന്ന നിത്യ വസ്തുതയാണല്ലോ.
എളിയതായ എൻ്റെ ബാല്യകാല ദിനങ്ങളിൽ സിനിമയല്ല, സിനിമാ ഗാനങ്ങളായിരുന്നു എന്നെ നിസീമമായ ആനന്ദപ്രപഞ്ചങ്ങളിലേക്ക് ചവുട്ടിത്തൊഴിച്ച് ഉരുട്ടിക്കൊണ്ട് പോയിരുന്നത്. കാരണമെന്തെന്ന് ഉരച്ചാൽ കരച്ചിൽ വരും. സിനിമ കാണാനുള്ള ധന പോരിമ ലവലേശമില്ലാത്ത ഈയുള്ളവന് ,സിനിമാ പീടികയിൽ നിന്നുയരുന്ന ആ ജാതിക്കാരുടെ ഗാനങ്ങളായിരുന്നു ഉള്ളിലുള്ള ആത്മ നിരാശയെ തെല്ലെങ്കിലും ആട്ടിയോടിച്ചകറ്റിയിരുന്നത്. സിനിമ ദർശിപ്പാനുള്ള ധനം കൈവശമന്യമായതിനാൽ സിനിമാ പീടികയുടെ പുറത്തിരുന്ന്, തത്പര കക്ഷികളുടെ ഗാനങ്ങൾ ആസ്വദിക്കലാരുന്നു ഈയുള്ളവൻ്റെ കൗമാരാനന്ത രയൗവനകാല വിനോദം. ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ ആത്മാവ് ആകാശത്തേക്കുയരുമായിരുന്നു. നല്ല സുഖം ഇതിനാൽ തരപ്പെട്ടിരുന്നതുകൊണ്ട് വിവാഹം പോലും ഞാൻ വേണ്ടെന്ന് വച്ചു.
കാലം കറങ്ങികുതറിയോടവേ പുതിയ പരിഷ്കാരങ്ങൾ സിനിമാ പീടികയിലും പരിസര പ്രദേശങ്ങളിലും പ്രസരിക്കയുണ്ടായി. അതിലൊന്നായിരുന്നു സിനിമ കാണാൻ കയറുന്നവർക്ക് സിനിമാ ഗാന പുസ്തകം വില്ക്കുന്ന ഏർപ്പാട്.
സിനിമാ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഞാൻ അത്തരം ബുക്കുകൾ ആർത്തിയോടെ ഓടിച്ചെന്ന് വാങ്ങിച്ച് വായിക്കുമായിരുന്നു. അതു നോക്കി ഏകാന്തതകളിൽ വെറുതെയിരുന്നങ്ങ് പാടും.മന:പാഠമാക്കാൻ ഉയർന്ന ശബ്ദാവൃത്തിയിൽ പാടും. ഈ ശീലം തുടങ്ങിയതിൽ പിന്നെ ഞാൻ വാടക വീടുകൾ പലതു മാറി. എങ്കിലും തുടങ്ങിയ ശീലം എന്നിൽ നിന്ന് വിട്ടൊഴിയാൻ കൂട്ടാക്കിയില്ല.
ഞാൻ പറഞ്ഞ് പറഞ്ഞ് കാടുകയറി.പറയാൻ വന്ന വിഷയത്തെ ഓർമ്മകൾ ചിന്നിച്ചിതറിച്ചു കളഞ്ഞു. മാപ്പ്.
ഒരാളെ, എനിക്കേറ്റവും ഇഷ്ടമുള്ള ഒരാളെ കണ്ടെത്താനാണല്ലോ ഞാനീ പോസ്റ്റ് എഴുതുന്നത് തന്നെ. അതിലേക്ക് വരാം.
സിനിമാപ്പീടികകളിൽ നിന്ന് കിട്ടുന്ന ചലച്ചിത്ര ഗാന പുസ്തകങ്ങളിലാണ് ഞാനാ പേര് ആദ്യമായി കണ്ടത്.
പിന്നെ പിന്നെ പല ഗാനങ്ങളിലും തുടർച്ചയായി ഞാനാ പേര് ദർശിച്ചു. ആ പേര് വായിച്ച് വായിച്ച് ഞാനയാളുടെ ആരാധകനായി മാറി. അന്നത്തെ കാലത്ത് അത്ര മാത്രം രോമാഞ്ചജന്യമായ മറ്റൊരു പേര് ഞാൻ കേട്ടിട്ടില്ല.
ഞാനാ പേര് എൻ്റെ പുസ്തകങ്ങളിലും മനസിലും എഴുതിയിട്ടു.
” കോറസ്സ്”
അത്ര പൗരുഷമുള്ള ഒരു പേര് അന്നുമിന്നും ഞാൻ കേട്ടിട്ടില്ല.
ചലച്ചിത്ര ഗാന ബുക്കുകളിൽ ഞാൻ കണ്ട പേര്. മനസിൽ പതിഞ്ഞ പേര്.
ഈ ഗാനം പാടിയത് യേശുദാസും കോറസ്സും… Ks ചിത്രയും കോറസ്സും.. ഉണ്ണിമേനോനും കോറസ്സും.. ഇങ്ങനെ ആകാശവാണിയിലും എൻ്റെ ആരാധനാ പ്രമാണിയുടെ നാമം പലവുരു കേട്ടു .
കോറസ്സ് എന്ന, മിക്ക ഗാനങ്ങളിലും സജീവനാദ സാനിദ്ധ്യമായ ഗായകരത്നത്തെ കണ്ടെത്താൻ ഞാനൊരു പാട് ശ്രമിച്ചു.പരാജയമായിരുന്നു ഭലം. ഒരു സിനിമാ മാസികകളിലും അയാളുടെ ചിത്രം വന്നില്ല. ഞാൻ പല സിനിമാ മാസികകളിലേക്കും കോറസ്സിനെ അന്വേഷിച്ച് കത്തെഴുതിയെങ്കിലും ഒരിടത്ത് നിന്നും മറുപടി വന്നില്ല.
മലയാള സിനിമാ ചലച്ചിത്ര ഗാന പുസ്തകങ്ങളിലും, ആകാശവാണിയിലും നിറസാന്നിധ്യമായിരുന്ന ആ മഹാഗായകൻ ”കോറസ്സി ” ന് എന്ത് സംഭവിച്ചു?
അദ്ദേഹത്തെ പറ്റി ആരും പറയാത്തതെന്ത്? ലേഖനങ്ങൾ രചിക്കപ്പെടാത്തതെന്ത്?
യേശുദാസാണ് അദ്ദേഹത്തെ ഒതുക്കിയതെന്ന് എൻ്റെ പല സുഹൃത്തുക്കളും പറഞ്ഞിരുന്നുവെങ്കിലും ആദ്യകാലങ്ങളിൽ ഞാനത് വിശ്വസിച്ചിരുന്നില്ല. കാരണം അത്രക്ക് ഇഷ്ടമായിരുന്നു എനിക്ക് ദാസിനെ. പക്ഷേ പതിയെ മനസിലായി യേശുദാസ് കോറസ്സിനെ ഒതുക്കുകയായിരുന്നു. യേശുദാസും കോറസ്സും പാടിയ എല്ലാ പാട്ടുകളിലും കോറസ്സിൻ്റെ ശബ്ദം അധികൃതർ മ്യൂട്ട് ചെയ്തു കളഞ്ഞു. ഒരു പാടാഗ്രഹിച്ചിട്ടു പോലും കോറസ്സിൻ്റെ ഒരു വരി പോലും എനിക്കിതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല. തുടക്കം മുതൽ ആ പാവത്തെ ഒതുക്കിക്കളഞ്ഞു. ആ ശബ്ദം, അതി മനോഹര ശബ്ദം ആരും കേൾക്കരുതെന്ന് ദാസിന് വാശിയുണ്ടായിരുന്നു. കോറസ് എന്ന ഗായകൻ്റെ ശബ്ദം ജനങ്ങൾ കേട്ടിരുന്നെങ്കിൽ അന്ന് തീർന്നേന്നെ ദാസിൻ്റ ഭാവി !
കോറസ്സ് പാടിയതൊക്കെ മാറ്റിയിരിക്കാം. പക്ഷേ കോറസ്സ് ഇവിടെ ജീവിച്ചിരിക്കണമല്ലോ. മുഖ്യധാരാ വാർത്താപത്രികകൾക്ക് യേശുദാസിനെ ഭയമായിരിക്കാം. പക്ഷേ യൂട്യൂബ് വാർത്താ ചാനലുകൾ ഉണ്ടല്ലോ. ചത്തും കൊന്നും വാർത്തകൾ ഉണ്ടാക്കുന്ന ഇത്തരം ചാനലുകളിൽ എന്താ അയാളുടെ ഇൻറർവ്യൂ വരാത്തത്.എന്താ അയാളെ പറ്റി രണ്ട് വരി ആരും പറയാത്തത്?
കോറസ്സ് എന്ന മനുഷ്യൻ ജീവിച്ചിരുന്നോ എന്നു പോലും സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇന്ന് കോറസ്സിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല, ഒന്നും കേൾക്കുന്നുമില്ല.
പണ്ട് പെൺകുട്ടികൾ കോറസ്സിന് സ്വരക്തം കൊണ്ടെഴുതിയ പ്രേമലേഖനങ്ങളെഴുതിയിരുന്നു. വാത്സവം. പക്ഷേ ഞാനി വ യ സാംക്കാലത്ത് രണ്ടും കല്പിച്ച് കോറസിനെ തേടിയിറങ്ങിയപ്പോൾ എല്ലാവരും പറയുന്നു അങ്ങനെയൊരാൾ ഇല്ലെന്ന് .
അങ്ങനെയൊരാൾ, ഞങ്ങൾക്ക് പണ്ട് ചിരപരിചിതനായ ഒരാൾ പെട്ടെന്നങ്ങ് ഇല്ലാതായിപ്പോകുമോ?
നിങ്ങളെന്താണ് ഇനിയും യേശുദാസിനെ ഇത്രയേറെ ഭയപ്പെടുന്നത്? അയാൾ വല്ല ഇല്യൂ മിനിറ്റിയുമാണോ?
ആരെയും ഭയപ്പെടാതെ വിളിച്ചു പറയൂ, കോറസ് എന്ന ഒരാൾ ഉണ്ടായിരുന്നു എന്ന്. പാടിയിരുന്നു എന്ന്. പക്ഷേ അയാളുടെ ശബ്ദം എന്നെന്നേക്കുമായി മായ്ച് കളഞ്ഞിരുന്നു എന്ന്.
നമുക്ക് അണിചേരാം. കണ്ടെത്താം ആ പ്രിയ കോറസ്സിനെ..
(കോറസ്സിനെ കണ്ടെത്തുന്നവർക്ക് 5000 രൂപ സമ്മാനം)
സ്നേഹാദരത്തോടെ,
ഏകനാസികൻ നായർ