രചന : ശ്രേയ
::::::::::::::::::::
” നീ ഇന്ന് എങ്ങാനും റെഡിയായി വരുന്നുണ്ടോ..? നിന്നെയും കാത്ത് ഞങ്ങൾ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറായി. ഇനിയും നിനക്ക് വരാൻ ഉദ്ദേശമൊന്നും ഇല്ലെങ്കിൽ ഞാനും പിള്ളേരും കൂടി പോയിട്ട് വരാം. “
ഇന്ന് ഒരു ബന്ധുവിന്റെ വിവാഹം ഉണ്ട്. അതിനു പോകാനായി തയ്യാറായി നിൽക്കുന്നതാണ് രമേശേട്ടനും പിള്ളേരും. രാവിലെ എഴുന്നേറ്റ് സമാധാനപൂർവ്വം ബ്രേക്ഫാസ്റ്റിംഗ് കഴിച്ച് കുളിച്ച് അവരവർക്ക് ഇഷ്ടത്തിനുള്ള ഡ്രസ്സും ധരിച്ച് എല്ലാവരും റെഡി ആയിട്ടുണ്ട്.
ഇപ്പോഴും ഒരിടത്തും എത്താതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് താൻ മാത്രം..!
അവർക്ക് കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാം വെളുപ്പിനെ എഴുന്നേറ്റത് താനാണെന്ന് അവർ മറന്നിരിക്കുന്നു. അവരൊക്കെയും വൃത്തിയായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ തേച്ച് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് കൊണ്ടുവന്നു വച്ചത് താനാണെന്ന് അവർ മറന്നിരിക്കുന്നു.
പക്ഷേ അവർക്കു വേണ്ടി എല്ലാം ചെയ്തപ്പോഴും സ്വന്തമായി ഒരു സാരിയെടുത്ത് അയൺ ചെയ്തു വെയ്ക്കാനോ വൃത്തിക്ക് ഒന്ന് ഒരുങ്ങിയിറങ്ങാനോ തനിക്ക് കഴിയാതെ പോയി..
തിടുക്കപ്പെട്ട് ഹാൻഡ് ബാഗും കയ്യിലെടുത്ത് വാതിലും പൂട്ടി അവൾ കാറിലേക്ക് കയറി. അഴിഞ്ഞുലഞ്ഞത് പോലെ ഉടുത്തിരിക്കുന്ന സാരി കണ്ട് ഭർത്താവ് അവജ്ഞതയോടെ മുഖം ചുളിച്ചു.
” നിനക്കൊന്നു വൃത്തിക്ക് വന്നുകൂടെ..? “
പുച്ഛത്തോടെ അയാൾ ചോദിക്കുന്നത് കേട്ട് കണ്ണ് പുകയുന്നുണ്ടായിരുന്നെങ്കിലും അവൾ മുഖത്ത് ഒരു ചിരി വരുത്തി.
” അമ്മയുടെ സാരി നല്ല രസമുണ്ട് കേട്ടോ.. പക്ഷേ കുറച്ചു കൂടി ചെറിയ പ്ലീറ്റ് എടുത്തിരുന്നെങ്കിൽ അടിപൊളി ആയേനെ.”
മകളുടെ അഭിപ്രായ പ്രകടനം കേട്ടപ്പോൾ അതിനു മറുപടിയായി ഒന്ന് ചിരിച്ചെന്നു വരുത്തി.
മുഖത്ത് ഒരു പൊട്ടു വച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തനിക്ക് സംശയമായി. മുഖം മുഴുവൻ പരതിയിട്ടും പൊട്ടു കാണാതായപ്പോൾ മുഖത്ത് അങ്ങനെ ഒരെണ്ണം ഇല്ല എന്ന് മനസ്സിലായി.
” ഹ്മ്മ്.. എവിടെ എങ്കിലും പോകണമെന്ന് പറയുമ്പോൾ ഇങ്ങനെ കോലം കെട്ടി വന്നോളണം.. “
താൻ അതിൽ നിന്ന് ശ്രദ്ധ മാറ്റിയിട്ടും രമേശ് വീണ്ടും പിറുപിറുക്കുന്നത് അവൾ കേട്ടു. അവൾക്ക് ആകെ സങ്കടം തോന്നി.
കല്യാണത്തിന് മുൻപ്.. ഉത്തരവാദിത്തങ്ങൾ കൂടുന്നതിന് മുൻപ് എത്ര മനോഹരമായി താൻ വസ്ത്രം ധരിച്ചിരുന്നു. എത്ര മനോഹരമായി താൻ ഒരുങ്ങിയിരുന്നു..!
അന്നൊക്കെയും തന്റെ പ്രായത്തിലുള്ള പെൺകുട്ടികളെക്കാൾ കൂടുതൽ സുന്ദരിയായി നടക്കണം എന്നുള്ള ആഗ്രഹം തനിക്ക് വല്ലാതെ കൂടുതലായിരുന്നു.
അതിലൊക്കെ മാറ്റം വന്നു തുടങ്ങിയത് എവിടെ മുതലാണ്..? തന്റെ ഉത്തരവാദിത്തങ്ങൾ വർധിച്ചത് മുതൽ..
വിവാഹം കഴിഞ്ഞ് രമേശേട്ടന്റെ വീട്ടിലേക്ക് വന്നു കയറിയതിനു ശേഷം സ്വന്തം സൗന്ദര്യത്തെക്കുറിച്ച്.. സ്വന്തം വസ്ത്രധാരണത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയം തനിക്ക് ലഭിച്ചിരുന്നില്ല. അതൊരു കൂട്ടുകുടുംബം ആയിരുന്നതുകൊണ്ടു തന്നെ അവിടെ എല്ലാവരുടെയും കാര്യങ്ങൾ തനിക്ക് അന്വേഷിക്കണം ആയിരുന്നു.
ആദ്യമൊക്കെ വിരുന്നിനു പോയിരുന്ന വീടുകളിൽ മനോഹരമായ തന്നെ താൻ ഒരുങ്ങിപ്പോയീരുന്നു.
” അവൾക്ക് മേക്കപ്പ് ചെയ്യാൻ തന്നെ മണിക്കൂറുകൾ വേണം. അതിനിടയിൽ എപ്പോഴാണ് വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുന്നത്…? “
ഒരിക്കൽ അമ്മായിയമ്മ ഫോണിലൂടെ ആരോടോ പറയുന്നത് കേട്ടതോടെ ഒരുക്കവും കുറച്ചു.
തനിക്ക് സംഭവിച്ച ആ മാറ്റത്തെ ആരും കണ്ടില്ല എന്നതായിരുന്നു സത്യം. ജീവിതം മുന്നോട്ടു പോകുമ്പോൾ കുട്ടികൾ രണ്ടുപേരായി. അവരുടെ കാര്യങ്ങളും ഭർത്താവിന്റെ കാര്യങ്ങളും ഒക്കെ നോക്കുന്നതിനോടൊപ്പം വീട്ടിലെ ഉത്തരവാദിത്തങ്ങളും ജോലിക്ക് പോകലും എല്ലാം കൂടി ഒന്നിനും സമയം ഇല്ല.
ഇപ്പോൾ സ്വന്തമായി ഒരു വീട് വച്ച് താമസിക്കുന്നതുകൊണ്ടു തന്നെ ആ വീട്ടിലെ എല്ലാ കാര്യങ്ങളും താൻ തന്നെ നോക്കണമായിരുന്നു. ഇതിന്റെയൊക്കെ ഇടയിൽ തന്റെ സൗന്ദര്യം ശ്രദ്ധിക്കാൻ തനിക്ക് കഴിയാതെ പോകുന്നു.
അതുകൊണ്ടായിരിക്കണം ഈയിടെയായി രമേശേട്ടന് പോലും തന്നോട് ഒരു മടുപ്പ് തോന്നിയിരിക്കുന്നു.എപ്പോഴും പുച്ഛവും അവഗണനയും മാത്രമാണ്.
ചിന്തിച്ചിരിക്കുന്നതിനിടയിൽ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് എത്തിയത് അറിഞ്ഞില്ല.
” സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ ഇറങ്ങാൻ നോക്ക്.. “
അല്പം ദേഷ്യത്തിൽ തന്നെയായിരുന്നു രമേശ്.
ചുളിവ് വീഴാത്ത ഷർട്ടും മുണ്ടും ഒക്കെയായി ആളുകൾക്കിടയിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ, താൻ മാത്രം പ്രാകൃതമായ ഒരു കോലത്തിൽ ആരുടെയും കണ്ണിൽപ്പെടാതെ ഒതുങ്ങി മാറി നിൽക്കുകയാണെന്ന് അവൾക്ക് തോന്നി.
ഇളയ കുട്ടിയെയും കൊണ്ട് ആരും ശ്രദ്ധിക്കാതെ ഒരു കസേരയിൽ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കുറച്ചധികം ആളുകൾ തന്റെ അടുത്തേക്ക് വന്നു കഴിഞ്ഞിരുന്നു.
രമേശേട്ടന്റെ കസിൻസ് ആണ്.. പലർക്കും ഒരല്പം പൊങ്ങത്തരം ഇത്തിരി കൂടുതലാണ്..
” മീര എന്താ ഇവിടെ വന്നിരുന്നു കളഞ്ഞത്..? “
ധന്യ ചേച്ചി അന്വേഷിക്കുന്നുണ്ട്. രമേശേട്ടന്റെ അമ്മാവന്റെ മകളാണ്. ചെറുപ്പത്തിൽ രമേശേട്ടനെ കൊണ്ട് ധന്യ ചേച്ചിയെ വിവാഹം കഴിപ്പിക്കണം എന്നൊരു ആലോചന ഉണ്ടായിരുന്നു എന്ന് എപ്പോഴോ അമ്മായിയമ്മ പറഞ്ഞതായി ഓർമ്മയുണ്ട്.
” ഏയ്… പ്രത്യേകിച്ചൊന്നുമില്ല. ഞാൻ വെറുതെ ഇവിടെ വന്നിരുന്നു എന്നെ ഉള്ളൂ..”
മീര വെറുതെ ഒരു മറുപടി പറഞ്ഞു.
” എന്നാൽ പിന്നെ ഞങ്ങളുടെ കൂടെ പോരു.. ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്ന മടുപ്പ് ഒഴിവാക്കാമല്ലോ..”
ധന്യ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ മീരയ്ക്ക് ഒപ്പം പോകാതിരിക്കാൻ ആയില്ല. ബന്ധുക്കളായ സ്ത്രീകളെല്ലാവരും കൂടി നിൽക്കുന്ന ഒരിടത്തേക്കാണ് അവർ അവളെയും കൊണ്ട് പോയത്.
” ഇതെന്താ മീര നീ വീണ്ടും വണ്ണം വച്ചോ..? ഇതുപോലെ ഒരു കല്യാണത്തിന് വരുമ്പോൾ ഇത്തിരി ഒക്കെ ഒന്ന് ഒരുങ്ങിയിട്ട് വന്നൂടെ..? ഇത് ഒരുമാതിരി സാരിയും വാരി ചുറ്റി..ആകെ ഒരു കോലം.. “
കൂട്ടത്തിൽ ഇത്തിരി മുതിർന്ന ഒരു സ്ത്രീ പറഞ്ഞപ്പോൾ മീര ശ്രദ്ധിച്ചത് അവരുടെ വേഷവിധാനത്തിൽ ആയിരുന്നു. അല്പം പോലും ചുളിവ് പറ്റാത്ത രീതിയിൽ ഉടുത്തിരിക്കുന്ന സാരിയും അവരുടെ മുഖത്തെ മേക്കപ്പും ഒക്കെ കണ്ടപ്പോൾ മീരയ്ക്ക് ഒരല്പം കൊതി തോന്നാതിരുന്നില്ല.
” നീ ഇങ്ങനെ സ്വന്തം സൗന്ദര്യം നോക്കാതെ നടന്നോ.. നീ രമേശിനെ കണ്ടില്ലേ? അവനിപ്പോഴും ചെറിയ ചെറുക്കന്മാരെ പോലെ.. വല്ല പെമ്പിള്ളാരും അവന്റെ മനസ്സിൽ കയറി കൊത്തിയാൽ കുറ്റം പറയാൻ പറ്റില്ല.”
ആ വാക്കുകൾ അവളിൽ ചെറുതല്ലാത്ത ഒരു നടുക്കം സൃഷ്ടിച്ചു.
പിന്നീട് കല്യാണത്തിന്റേതായ യാതൊരു ആഘോഷങ്ങളിലും പങ്കെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവളുടെ മനസ്സിൽ മുഴുവൻ അവർ പറഞ്ഞ വാക്കുകളായിരുന്നു.
തന്റെ അശ്രദ്ധ നിമിത്തം തന്റെ ഭർത്താവ് തന്റെ കൈവിട്ടു പോകുമോ എന്ന് അവൾക്ക് ആ നിമിഷം ഭയം തോന്നി.
പിറ്റേന്ന് രാവിലെ കൃത്യം ആറുമണിക്ക് തന്നെ അവൾ രമേശിനെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി.
” നീ എന്തിനാ എന്നെ ശല്യം ചെയ്യുന്നത്..? ഞാനൊന്നു കിടന്നുറങ്ങിക്കോട്ടെ..? “
രമേശ് പറഞ്ഞത് കേട്ട് മീരക്ക് അല്പം ദേഷ്യം തോന്നി.
” നിങ്ങളെപ്പോലെ തന്നെ ഉറക്കമുള്ള ആളാണ് ഞാനും. നിങ്ങൾക്കും ഈ വീട്ടുകാർക്ക് വേണ്ടി ഓടിയിട്ടാണ് എന്റെ സൗന്ദര്യവും എന്റെ ശരീരവും ഒന്നും എനിക്ക് ശ്രദ്ധിക്കാൻ പറ്റാതായത്. അതുകൊണ്ട് ഇന്നുമുതൽ അതിൽ ഒരു മാറ്റം വരുത്താനാണ് എന്റെ തീരുമാനം. അവനവന്റെ കാര്യങ്ങൾ അവനവൻ തന്നെ നോക്കിയാൽ കഴിയാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ.”
അവൾ പറയുന്നത് എന്തിനെക്കുറിച്ചാണെന്ന് അവന് മനസ്സിലായില്ല.
” നീ എന്ത് കാര്യമാ പറഞ്ഞു വരുന്നത്.. “
അവൻ ചോദിച്ചപ്പോൾ അവൾ വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു.
” ഞാനിന്നു മുതൽ എന്റെ ശരീരം ശ്രദ്ധിക്കാനാണ് തീരുമാനം. “
അവളുടെ മുഖത്തെ ആത്മവിശ്വാസം കണ്ടപ്പോൾ അത് തല്ലിക്കൊടുക്കാൻ അവനു തോന്നിയില്ല.
“നല്ല കാര്യം.. ഇതൊക്കെ നേരത്തെ തന്നെ ആകാമായിരുന്നല്ലോ..? അല്ല ഞാൻ എന്ത് ചെയ്തു തരണമെന്നാണ്.. “
അവൻ ചോദിച്ചപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു.
” പിള്ളേര് രണ്ടാളെയും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി അവരെ ഒന്ന് റെഡിയാക്കി നിർത്തിയാൽ മതി. അപ്പോൾ എനിക്ക് നേരത്തെ റെഡിയായി ഓഫീസിൽ പോകാൻ പറ്റും. ഇവിടെ എല്ലാവരുടെയും കാര്യങ്ങൾ കഴിഞ്ഞിട്ട് അവസാനം എനിക്കൊന്നും ചെയ്യാൻ സമയമുണ്ടാകില്ല. അതുകൊണ്ടാണ് സാരി വാരി ചുറ്റിയത് പോലെ ഉടുക്കുന്നതും നെറ്റിയിൽ ഒരു പൊട്ട് വയ്ക്കാൻ പോലും പറ്റാത്തതും.”
അവൾ പറഞ്ഞപ്പോൾ ഒരു നിമിഷം അവനും അത് ആലോചിച്ചു.
അവൾ പറയുന്നതിലും കാര്യമുണ്ടെന്ന് അവന് തോന്നി.അവളെ നോക്കി സമ്മതിച്ചതുപോലെ അവൻ പുഞ്ചിരിക്കുമ്പോൾ, ഇനിയും തനിക്ക് ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടെന്ന് അവൾക്കറിയാമായിരുന്നു.