നിങ്ങൾക്ക് മറ്റൊരു പ്രണയമുണ്ടെങ്കിൽ വിവാഹത്തിന് മുൻപ് തന്നെ അത് എന്നോട് തുറന്നു പറയാമായിരുന്നു….

രചന : ശ്രേയ

:::::::::::::::::::::::::::

” എന്റെ ജീവിതത്തിൽ നിന്ന് ഒഴിവായി തരാൻ നിനക്ക് ഞാൻ എന്ത് തരണം..? “

അത്തരം ഒരു ചോദ്യം കേട്ടതിന്റെ അമ്പരപ്പ് ആയിരുന്നു കാവ്യക്ക്..!!

” എന്താ ..? “

ഭർത്താവ് യദുവിനോട് അവൾ വീണ്ടും ചോദിച്ചു. താൻ കേട്ടതിലെ തെറ്റ് ആണോ എന്ന് അവൾ സംശയിച്ചു.

” നിനക്ക് ചെവിടും കേൾക്കാണ്ടായോ..? എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണം എന്ന്.. മനസ്സിലായോ..? “

അവൻ അലറുകയായിരുന്നു..!

” എന്താ യദുവേട്ടാ.. എന്തൊക്കെയാ ഈ പറയണേ.., ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ..? “

കണ്ണീരോടെ അവൾ ചോദിച്ചു.

” എല്ലാം ഒപ്പിച്ചു വച്ചിട്ടും ഒന്നും അറിയാത്ത പോലുള്ള അവളുടെ ചോദ്യം കേട്ടില്ലേ..? “

ദേഷ്യത്തോടെ അയാൾ അലറി. അപ്പോഴും അവൾ കാര്യമറിയാതെ അവനെ നോക്കി നിൽക്കുകയായിരുന്നു.

” നിന്നോട് ആരാണ് പറഞ്ഞത് എന്റെ ജീവിതത്തിലേക്ക് ഓടി കയറി വരാൻ..? “

അവൻ ചോദിച്ചപ്പോൾ അവൻ എന്തൊക്കെയാണ് ചോദിക്കുന്നത് എന്ന് സംശയത്തിൽ ആയിരുന്നു അവൾ.

“എന്താ..? ഏട്ടൻ എന്തൊക്കെയാ പറയുന്നത്..?”

ദയനീയമായി അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവന് ദേഷ്യം വർദ്ധിക്കുകയാണ് ചെയ്തത്.

” എന്റെ ജീവിതത്തിലേക്ക് നീ വന്നു കയറിയതോടു കൂടിയാണ് എന്റെ സരയു എന്നോട് പിണങ്ങിയത്. അവളെ അല്ലാതെ മറ്റാരെയും ഭാര്യയായി സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല. അങ്ങനെയുള്ളപ്പോഴാണ് നീ ഞാൻ കെട്ടിയ താലിയും അണിഞ്ഞ് ഇവിടെ എന്നോടൊപ്പം ഒരു മുറിയിൽ കഴിയുന്നത്. അത് സരയുവിനെ പോലെ തന്നെ എനിക്കും സഹിക്കാവുന്ന കാര്യമല്ല.!”

അവൻ പറഞ്ഞ വാക്കുകൾ കേട്ട് കാവ്യ നടുങ്ങിപ്പോയി.

കഴുത്തിൽ താലികെട്ടിയ ഭർത്താവിന് മറ്റൊരു ബന്ധമുണ്ട് എന്നറിയുമ്പോൾ ആർക്കാണ് അത് സഹിക്കാൻ കഴിയുന്നത്…!!

“ഏട്ടൻ വെറുതെ എന്നെ പറ്റിക്കാൻ വേണ്ടി തമാശ പറയുന്നതല്ലേ..?”

കേട്ട വാക്കുകൾ ആഘാതം സൃഷ്ടിച്ചുവെങ്കിലും താൻ കേട്ടത് വെറും തമാശയാണ് എന്ന് വിശ്വസിക്കാനായിരുന്നു അവളുടെ മനസ്സിൽ ഇഷ്ടം.

” നിന്നോട് തമാശ പറഞ്ഞിരിക്കാൻ ഉള്ള മൂഡിലാണ് ഞാനെന്ന് നിനക്ക് തോന്നുന്നുണ്ടോ..? “

അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ തന്നെ അതൊരു തമാശ അല്ലെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

” ഞാനെന്തു വേണം..? “

ഇത്തവണ അവളുടെ ശബ്ദത്തിലും ഗൗരവമായിരുന്നു.

” പറഞ്ഞല്ലോ..എന്റെ ജീവിതത്തിൽ നിന്ന് ഒഴിവായി തരണം..”

അവൻ എത്ര ലളിതമായിട്ടാണ് ഇങ്ങനെയൊരു ആവശ്യം പറയുന്നത് എന്നോർത്തപ്പോൾ കാവ്യയ്ക്ക് അത്ഭുതം തോന്നാതിരുന്നില്ല.

” നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസമായി. ഇതുവരെ നിങ്ങൾ എന്നോട് സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കുകയോ ഇത്തിരി നേരം പോലും എന്നോടൊപ്പം ചെലവഴിക്കുകയോ ചെയ്തിട്ടില്ല. അതൊക്കെ ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ പരസ്പരം മനസ്സിലാക്കാനുള്ള ഒരു കാലയളവായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്.പക്ഷേ അതിനപ്പുറം മറ്റൊരു പ്രശ്നം അതിലുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.”

തന്റെ സങ്കടം ഒരിക്കലും വാക്കുകളിൽ പ്രകടമാവരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.

“നിങ്ങൾക്ക് മറ്റൊരു പ്രണയമുണ്ടെങ്കിൽ വിവാഹത്തിന് മുൻപ് തന്നെ അത് എന്നോട് തുറന്നു പറയാമായിരുന്നു.ഇതിപ്പോൾ ഇങ്ങനെയൊരു ഘട്ടത്തിലേക്ക് കാര്യങ്ങൾ കൊണ്ടുവന്ന് എത്തിക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല.”

അവൾ പറയുന്നത് കേട്ടപ്പോൾ അതിൽ ഒരു ശരിയുണ്ടല്ലോ എന്ന് അവനും തോന്നി.

കുറച്ചു നിമിഷങ്ങൾ മൗനമായി കടന്നു പോയതിനുശേഷം അവൻ തന്നെയാണ് കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്.

“ഞാൻ തന്നെ ചതിക്കാനോ വഞ്ചിക്കാനോ ഉദ്ദേശിച്ചു ചെയ്തതൊന്നുമല്ല.”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് പുച്ഛം നിറഞ്ഞ ഒരു ചിരിയാണ് ഉണ്ടായത്. അത് വളരെ എളുപ്പത്തിൽ അവന് മനസ്സിലാക്കാനും കഴിഞ്ഞു.

” തനിക്ക് ഇപ്പോൾ എന്നോട് തോന്നുന്ന വികാരം പുച്ഛം മാത്രമായിരിക്കും എന്ന് എനിക്ക് ഊഹിക്കാം. പക്ഷേ എന്റെ ഭാഗത്തും ശരികൾ ഉണ്ട്. എനിക്കും പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. “

അവൻ പറഞ്ഞപ്പോൾ അവൾക്ക് അവനോട് ഒരല്പം ദേഷ്യം തോന്നാതിരുന്നില്ല.

” നിങ്ങൾക്ക് പറയാൻ ന്യായങ്ങളും ന്യായീകരണങ്ങളും ഉണ്ടെന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ.. ഞാനൊന്നു ചോദിച്ചോട്ടെ..? നമ്മുടെ വിവാഹം ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ ഒന്നായിരുന്നില്ല. വിവാഹം ഉറപ്പിച്ചു ഏകദേശം 9 മാസത്തോളം സമയം നമുക്ക് മുന്നിൽ ഉണ്ടായിരുന്നു. അതിനിടയിൽ എപ്പോഴെങ്കിലും ഒരിക്കൽ നിങ്ങൾക്ക് എന്നോട് തുറന്നു പറയാമായിരുന്നു.. അമ്മക്ക് ഫോൺ ചെയ്യുമ്പോൾ നിങ്ങൾക്ക് ഇത്രയും ഗൗരവമോ സ്നേഹമില്ലായ്മയോ ഉണ്ടായിരുന്നില്ല. എന്നോട് അടുക്കാൻ ശ്രമിക്കുന്ന പോലെ തന്നെയാണ് എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്. അത് എന്റെ തെറ്റായിരുന്നു എന്ന കാര്യത്തിൽ വിവാഹം കഴിഞ്ഞതിനു ശേഷം ആണ് ഉറപ്പു വന്നത്. നമ്മുടെ വിവാഹം നടക്കുന്നതിനും ഏകദേശം ഒരാഴ്ച മുന്നേ മുതൽ നിങ്ങളുടെ സ്വഭാവം ഇങ്ങനെയാണ്. അതെന്തു കൊണ്ടാണെന്ന് എനിക്കറിയാൻ വയ്യ.”

അവൾ പറഞ്ഞത് കേട്ടപ്പോൾ അത് ശരിവെക്കുന്ന മുഖഭാവം തന്നെയായിരുന്നു അവന്റേതും.

” നീ പറഞ്ഞത് ശരിയാണ്. എല്ലാം മറന്ന് പുതിയൊരു ജീവിതത്തിനെ കുറിച്ച് ചിന്തിച്ചുകൊണ്ട് തന്നെയാണ് ഞാൻ നിന്നെ പെണ്ണുകാണാൻ വന്നതും വിവാഹമുറപ്പിച്ചതും ഒക്കെ. അതൊക്കെ എന്റെ സമ്മതത്തോടെ നടന്ന കാര്യങ്ങൾ തന്നെയായിരുന്നു. നിന്നോട് അടുക്കാൻ ശ്രമിച്ചത് നമ്മൾ ഒന്നിച്ച് ഒരു ജീവിതം തുടങ്ങാൻ പോകുന്നു എന്നുള്ളതു കൊണ്ടാണ്.”

പിന്നെ എപ്പോഴാണ് അയാൾക്ക് താല്പര്യമില്ലാതായത് എന്ന് അവൾക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ആ ചോദ്യം മുൻകൂട്ടി കണ്ടതു പോലെയാണ് അവൻ മറുപടി പറഞ്ഞത്.

” അവൾ സരയു …ഞാൻ കോളേജിൽ പഠിക്കുമ്പോൾ മുതൽ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന പെൺകുട്ടിയാണ്. അങ്ങനെ പറയുന്നതിലും നല്ലത് ആ കോളേജിലെ ഏറ്റവും നല്ല പ്രണയ ജോഡികളിൽ ഒരാളായിരുന്നു ഞങ്ങൾ. പക്ഷേ അവസാന വർഷം ആയപ്പോഴേക്കും കുറച്ച് തെറ്റിദ്ധാരണകളുടെ പേരിൽ എനിക്ക് അവളെ നഷ്ടമായി. പിന്നീട് ഒരിക്കലും തിരിച്ചു കിട്ടുമെന്ന് ഞാൻ കരുതിയതല്ല. അതിന്റെ പേരിൽ ഒരുപാട് കാലം എനിക്ക് വല്ലാത്തൊരു ഡിപ്രഷൻ ആയിരുന്നു.അതിൽ നിന്നൊക്കെ പുറത്തു വന്നതിനു ശേഷം ആണ് കല്യാണം ആലോചനയും കല്യാണം ഉറപ്പിക്കലും ഒക്കെ നടന്നത്.അപ്പോഴൊന്നും എനിക്ക് അറിയില്ലാരുന്നു സരയു എന്റെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന്.. അത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ലായിരുന്നു.. “

അവൻ നിരാശയോടെ പറഞ്ഞപ്പോൾ അവൾ മൗനം പാലിച്ചു.

“നീ പറഞ്ഞില്ലേ കല്യാണത്തിന് ഒരാഴ്ച മുന്നേ മുതലാണ് എന്റെ സ്വഭാവം മാറി തുടങ്ങിയത് എന്ന്.. അന്നാണ് വർഷങ്ങൾക്ക് ശേഷം ഞാൻ സരയുവിനെ കാണുന്നത്.. അതും അവൾ ഒറ്റയ്ക്കായിരുന്നില്ല.. അവളോടൊപ്പം ഞങ്ങളുടെ കുഞ്ഞുമുണ്ടായിരുന്നു..”

അവൻ പറഞ്ഞത് കേട്ടപ്പോൾ കാവ്യയിൽ ഒരു ഞെട്ടൽ പ്രകടമായി. അത് അവന് മനസ്സിലാവുകയും ചെയ്തു.

“എന്ത് ചെയ്യണമെന്ന് സത്യം പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു. തന്നോട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന് ഞാൻ ഓർത്തതാണ്. പക്ഷേ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തി.”

ആ വാക്കുകൾ അവളെ കുറച്ചു കൂടി ഞെട്ടലിലാക്കി.അവന്റെ അമ്മയ്ക്ക് ഉൾപ്പെടെ ഈ കാര്യങ്ങൾ അറിയാമായിരുന്നു എന്നത് അവൾക്ക് ഒരു ഷോക്ക് തന്നെയായിരുന്നു.

” അവരുടെയൊക്കെ ഭീഷണിയും എന്റെ കൺഫ്യൂഷനും ഒക്കെ കൂടിയാണ് എന്നെ വിവാഹ പന്തലിൽ എത്തിച്ചത്. പക്ഷേ എന്റെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞതോടെ സരയു എന്നെ ഫോൺ ചെയ്തിരുന്നു.ഞങ്ങളുടെ കുഞ്ഞിനെ മറക്കാൻ എനിക്ക് എങ്ങനെ കഴിഞ്ഞു എന്ന് അവൾ ചോദിച്ചു.. ആ കുഞ്ഞിന്റെ ശാപവും വാങ്ങി എങ്ങനെയാണ് ഞാൻ നിന്നോടൊപ്പം ജീവിക്കുന്നത്..? എനിക്ക് എന്റെ സരയുവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ പറ്റില്ല. നീ എന്നോടൊപ്പം ഉള്ള കാലത്തോളം എനിക്ക് അവരെ സ്നേഹിക്കാനും പറ്റില്ല. അത് നിന്നോട് ഞാൻ ചെയ്യുന്ന ക്രൂരതയാണെന്ന് എനിക്കറിയാം.അതുകൊണ്ട് ദയവുചെയ്ത് എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു മാറി തരണം.ഞാൻ സരയുവിനോടൊപ്പവും ഞങ്ങളുടെ കുഞ്ഞിനോടൊപ്പം എവിടെയെങ്കിലും പോയി ജീവിച്ചോളാം.”

പറഞ്ഞു കൊണ്ട് അവൻ അവൾക്കു മുന്നിൽ കൈ കൂപ്പി.

അവനോട് കൂടുതൽ ഒന്നും സംസാരിക്കാൻ അവൾക്കും ഉണ്ടായിരുന്നില്ല. എന്തിന്റെ പേരിലാണെങ്കിലും ഇനി അവന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി നിന്നിട്ടും കാര്യമില്ല എന്ന് അറിയാം.

” നിങ്ങൾ എന്നോട് ഇപ്പോൾ കൈകൂപ്പി അപേക്ഷിക്കുന്നതിന് പകരം വിവാഹത്തിന് മുൻപ് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ..!!”

ആ പറഞ്ഞ വാക്കുകൾ അവനെ വല്ലാതെ കുറ്റബോധത്തിൽ ആക്കി. എങ്കിലും പിന്നീട് ഒരിക്കൽ കൂടി അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ ആ വീടിന്റെ പടിയിറങ്ങി… എന്നെന്നേക്കുമായി…!!