രചന: നീതു
“”””എന്താ അനിലേട്ടന്റെ ഉദ്ദേശം?? ഇതിപ്പോ രണ്ടുമൂന്നു ദിവസമായല്ലോ ഇങ്ങോട്ട് ഒരു സാധനങ്ങളും വാങ്ങി വരാൻ തുടങ്ങിയിട്ട്…????””
പ്രതിഭ അത് ചോദിച്ചപ്പോൾ അനിൽ ഒന്ന് പരുങ്ങി….
“”” ആ കൊച്ചിന് സ്നേഹം ഉള്ളതുകൊണ്ടാണ് ഇനി നീ പറഞ്ഞ് അതങ്ങ് ഇല്ലാതാക്കേണ്ട”””..
എന്ന് അമ്മ മുറിയിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷേ അതിനൊട്ടും ചെവി കൊടുത്തില്ല വീണ്ടും ചോദിച്ചു അവനോട് എന്തിന്റെ പേരിലാണ് ഈ പരിഗണന ഞങ്ങളോട് കാണിക്കുന്നത് എന്ന്….
“”” അത് പിന്നെ നിങ്ങൾക്ക് ആരുമില്ലല്ലോ അപ്പച്ചിക്കാണേൽ വയ്യ താനും അപ്പൊ പിന്നെ ആരെങ്കിലും സഹായിക്കണ്ടേ എന്ന് കരുതി വന്നതാണ്!!!!””””
എന്ന് അവിടെയും ഇവിടെയും തപ്പി തടഞ്ഞ് അനിൽ പറഞ്ഞപ്പോൾ ചോദിച്ചിരുന്നു അത് ഒരു പുതിയ കാര്യം ഒന്നും അല്ലല്ലോ എന്ന്..
“””” അനിലേട്ടാ കാര്യം നമ്മൾ ബന്ധുക്കൾ ഒക്കെ തന്നെയാണ്, ഇതുപോലെ അശരണരായവരെ സഹായിക്കാനുള്ള മനസ്സും നല്ലതാണ് പക്ഷേ എന്നുവച്ച് അതൊന്നും നാട്ടുകാർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല അവർ അതും ഇതും ഒക്കെ പറഞ്ഞുണ്ടാക്കും നിനക്കത് പ്രശ്നമല്ലെങ്കിലും എനിക്കത് വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ട് ദയവുചെയ്ത് ഇനി എന്തിന്റെ പേരിലാണെങ്കിലും ഇങ്ങോട്ട് വരരുത്!!!””
പ്രതിഭയെ ഒന്ന് നോക്കി ദേഷ്യത്തോടെ അനില്‍ ആ പടി ഇറങ്ങി പ്രതിഭ വേഗം അകത്തേക്ക് പോയി അപ്പോഴേക്കും അമ്മയുടെ ദേഷ്യപ്പെട്ടുള്ള വർത്തമാനം മുറിയിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു…..
“””” മാസത്തിൽ മുപ്പത് ദിവസവും അവൾക്ക് വലിവാണ്… അന്നൊന്നും ഒരു ജോലിക്കും പോകാൻ പറ്റില്ല എപ്പോഴെങ്കിലും ആ ചക്രം കറക്കി നാല് കുപ്പായം തുന്നി എടുക്കും അതിൽ നിന്ന് എന്ത് കിട്ടാനാ….. നിൽക്കുന്ന വീട് പോലും വാടകക്കാണ് എന്ന് വിചാരിച്ച് ഇതുപോലെ വല്ലവരും സഹായിക്കാൻ വന്നാൽ അതിനോട് സമ്മതിക്കുകയും ഇല്ല… ആ കൊച്ചൻ കൊണ്ട് തന്നതുകൊണ്ടാണ് രണ്ടുദിവസം എങ്കിൽ രണ്ട് ദിവസം വായക്ക് രുചിയായിട്ട് എന്തെങ്കിലും കഴിച്ചത്… അതിനും സമ്മതിക്കില്ല എന്ന് വെച്ചാൽ!!!”””
അമ്മയുടെ വർത്തമാനം കേട്ട് അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു അടുക്കളയുടെ അപ്പുറത്തുള്ള പടിയിൽ പോയിരുന്നു ആവോളം കരഞ്ഞു…
ഇപ്പോൾ സഹായഹസ്തവുമായി കയറി വന്ന അനിലിന്റെ മനസ്സിലെ ചിന്ത എന്താണെന്ന് നന്നായിട്ട് അറിയാം അത് നടക്കില്ല എന്നത് കൊണ്ട് തന്നെയാണ് അയാളെ ഇറക്കിവിട്ടത്..
അമ്മയുടെ വകയിലെ ആങ്ങളയുടെ മകനാണ് അനിൽ, ഇവിടെ അച്ഛനായിട്ട് വെറുപ്പിച്ചതാണ് എല്ലാവരെയും ഒരു മുഴുക്കുടിയൻ ആയിരുന്നു അച്ഛൻ അമ്മയെ എടുത്തിട്ട് അടിക്കും അതെല്ലാം കണ്ട് വളർന്നതാണ് തന്റെ ബാല്യം. പക്ഷേ തനിക്ക് ഏഴു വയസ്സ് ആയപ്പോഴേക്കും അച്ഛൻ കുടിച്ചു കുടിച്ച് മരിച്ചിരുന്നു അതിൽ പിന്നെ അമ്മ ചെറിയ ജോലിക്ക് എല്ലാം പോയി തുടങ്ങി….
ഈ അമ്മാവനും വീട്ടുകാരും ഞങ്ങളെ ഒന്ന് പരിഗണിച്ചിരുന്നതും കൂടിയില്ല ഇനി എന്തെങ്കിലും സഹായം ചെയ്തു തരേണ്ടി വരുമോ എന്ന് ഭയപ്പെട്ട്..
അമ്മ അടുക്കള പണിക്കും മറ്റും പോയി കഷ്ടപ്പെട്ട് തന്നെയാണ് വളർന്നത്..
പഠിക്കാൻ വളരെ പുറകിലായിരുന്നു താനും അതുകൊണ്ടാണ് പത്താം ക്ലാസ് തോറ്റപ്പോൾ പഠിത്തം നിർത്തി തയ്യലിലേക്ക് തിരഞ്ഞത് പക്ഷേ ആദ്യമേ ശാപം പോലെ ഉള്ള ഈ വലിവ് ഉണ്ട് കൂട്ടിന് അതുകൊണ്ട് തന്നെ മുതിർന്നപ്പോൾ ആ പേരും പറഞ്ഞ് പല കല്യാണ ആലോചനകളും ഒഴിവായി പോയിരുന്നു. പിന്നെ വന്നവർക്ക് ഒന്നും പ്രശ്നമല്ല പക്ഷേ സ്ത്രീധനവും അതുപോലെ കൊടുക്കണമായിരുന്നു….
കല്യാണം എന്ന മോഹം പതിയെ ഞാൻ ഉപേക്ഷിച്ചു നടക്കില്ല എന്ന് അറിയാവുന്നതുകൊണ്ട് തന്നെ പിന്നെ കല്യാണം കഴിഞ്ഞുപോയാൽ അമ്മയുടെ കാര്യം ആര് നോക്കും എന്ന് ആവലാതിയും എനിക്കുണ്ടായിരുന്നു അതിനിടയ്ക്കാണ് അമ്മയ്ക്ക്, ഹാർട്ടിന് ചെറിയൊരു പ്രശ്നം കണ്ടു പിടിച്ചത്… അതോടെ അമ്മയ്ക്ക് എന്റെ കാര്യത്തിൽ ഭയമായി..
അങ്ങനെയാണ് ഒരിക്കൽ അമ്മ അമ്മാവന്റെ വീട്ടിൽ ചെന്ന് അനിലേട്ടന് വേണ്ടി എന്നെ ആലോചിച്ചത് അവിടെ നിന്ന് അടിച്ചില്ല എന്നെ ഉണ്ടായിരുന്നുള്ളൂ അമ്മായിയും അമ്മാവനും കൂടി അത്രയ്ക്ക് നാണംകെടുത്തിയാണ് അമ്മയെ പറഞ്ഞുവിട്ടത് ഇവിടെ വന്നപ്പോഴാണ് ഞാൻ പോലും അമ്മ എന്തിനായിരുന്നു അങ്ങോട്ട് പോയത് എന്നറിഞ്ഞത് ഞാനും അമ്മയെ ഒരുപാട് കുറ്റപ്പെടുത്തി…
അന്ന് രാത്രിയാണ് അമ്മ കുഴഞ്ഞുവീണത് എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോൾ ഡോക്ടർ പറഞ്ഞിരുന്നു വലതുവശം പൂർണമായി തളർന്നിരിക്കുന്നു എന്ന് എനിക്ക് അത് കേട്ടപ്പോൾ ഷോക്കായിരുന്നു അമ്മ ഒന്നുമില്ലെങ്കിലും എനിക്കൊരു ബലം തന്നെയായിരുന്നു…
ഇതിനിടയിൽ യോഗ്യയായ ഒരു പെൺകുട്ടിയെ കണ്ടു പിടിച്ച് അനിലേട്ടന്റെ വിവാഹം അവർ നടത്തി. എനിക്ക് അതിന് ആക്ഷേപം ഒന്നും ഉണ്ടായിരുന്നില്ല സങ്കടവും, കാരണം ഞാൻ ഒരിക്കലും അയാളെ ആ രീതിയിൽ ആഗ്രഹിച്ചിട്ടില്ല…
കല്യാണം കഴിഞ്ഞ് വർഷം ഒന്ന് തികയുന്നതിന് മുമ്പേ അവൾ എന്തോ പറഞ്ഞു അവളുടെ വീട്ടിലേക്ക് തെറ്റിപ്പോയി… അനിലേട്ടൻ പോയി വിളിച്ചതോ ന്നുമില്ല പകരം, എന്നോട് വളരെ അടുപ്പത്തിൽ സംസാരിക്കാൻ തുടങ്ങി പെട്ടെന്ന് ഒരാൾക്ക് അടുപ്പം തോന്നേണ്ട കാര്യമില്ലല്ലോ അതുകൊണ്ടുതന്നെ ഞാൻ വല്ലാതെ വകവച്ചു കൊടുത്തില്ല പക്ഷേ വീട്ടിൽ വരിക ആവശ്യമില്ലാതെ സഹായം ചെയ്യുക…
ഇതെല്ലാംകൂടി കണ്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നിയിരുന്നു..
പക്ഷേ അമ്മ അതെല്ലാം നല്ല രീതിയിൽ തന്നെയാണ് എടുത്തത് ആരോരുമില്ലാത്തവരെ സഹായിക്കാൻ വന്ന വലിയ മനസ്സിന് ഉടമയായിരുന്നു അമ്മയുടെ മനസ്സിൽ അനിലേട്ടൻ എത്ര പറഞ്ഞാലും അമ്മയ്ക്ക് അതൊന്നും മനസ്സിലാവുകയുമില്ല…
പണ്ട് നടന്നതും അപമാനിച്ച് വിട്ടതും എല്ലാം മറന്ന മട്ടാണ് അമ്മ…
പക്ഷേ തനിക്ക് അതൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നതായിരുന്നില്ല…
അതുകൊണ്ടുതന്നെ അയാളെ എപ്പോഴും ഒരു കൈയകലത്തിൽ നിർത്താൻ ശ്രദ്ധിച്ചിരുന്നു..
അനിലേട്ടന്റെ ഉദ്ദേശം എന്താ എന്ന് ഒരു ദിവസം മദ്യപിച്ച് എത്തിയ രാത്രിയിൽ അയാൾ തന്നെ പറഞ്ഞു….
“”” ഇനിയിപ്പോ നിനക്ക് കല്യാണം നടക്കും എന്നൊന്നും തോന്നുന്നില്ല വയസ്സ് പത്തു മുപ്പത്തഞ്ച് ആയില്ലേ??? വിവാഹം നടന്നില്ല എന്ന് വച്ച് നിനക്കും ഉണ്ടാവില്ലേ മോഹങ്ങൾ…?? നീയൊന്ന് സഹകരിച്ചാൽ മതി ആരും അറിയാതെ ഞാൻ നോക്കിക്കോളാം””””
ഒരല്പം സ്നേഹം അയാളോട് തോന്നിയത് കൂടി അപ്പോൾ പോയിരുന്നു എനിക്ക്…
അന്ന് തന്നെ അയാളോട് അവിടെ നിന്ന് ഇറങ്ങാൻ പറഞ്ഞു മേലിൽ ഈ പടി കയറരുത് എന്നും പറഞ്ഞു…
അതിൽ പിന്നെ അയാളുടെ വകയായി എന്നെ പറ്റി ഓരോ അപവാദങ്ങൾ നാട്ടുകാരോട് പറയൽ…
അതിനൊന്നും ചെവി കൊടുക്കാൻ നിന്നില്ല അല്ലെങ്കിലും ഈ പറയുന്നവരുടെ ആരുടെയും ചെലവിലല്ല ഞാൻ കഴിയുന്നത്…
ചിലർ ഉപദേശിക്കാൻ വന്നിരുന്നു അവർക്ക് തക്കതായ മറുപടിയും കൊടുത്ത് അവരുടെയും വായ അടപ്പിച്ചു..
ഒരിക്കൽ വീട്ടിലെ ഇലക്ട്രിസിറ്റി റീഡിങ് എടുക്കാൻ വന്ന ആള് കുറച്ചു വെള്ളം വേണം എന്ന് പറഞ്ഞു വന്നു..
അകത്തുനിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്ത് അയാൾക്ക് കൊണ്ട് കൊടുത്തു…
കാലിൽ ചെറിയൊരു മുടന്തുള്ള, അധികം നീളമില്ലാത്ത ഒരാൾ.. ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന തരം പ്രകൃതവും അല്ല…
“””പ്രതിഭ എന്നല്ലേ പേര്??”””
എന്ന് വെള്ളം കുടിച്ച് ഗ്ലാസ് തിരിച്ചു തരുമ്പോൾ അയാൾ ചോദിച്ചു അതെ എന്ന് അത്ഭുതത്തോടെ പറഞ്ഞു അയാൾക്ക് എങ്ങനെയാണ് എന്റെ പേര് അറിയുക എന്ന് ഞാൻ ചിന്തിച്ചു…
“””” എന്റെ പേര് ശ്രീധരൻ.. വീട് ഇവിടെ അടുത്താണ് ഇപ്പോൾ, കെ എസ് ഇ ബി യിൽ കരാർ അടിസ്ഥാനത്തിൽ ഈ ജോലി ചെയ്യുന്നു… എനിക്ക് കുട്ടിയെ ഇഷ്ടമാണ് കുറേ ദിവസമായി ഞാൻ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.. എനിക്കാകെ എന്റെ വയ്യാത്ത ചേച്ചി മാത്രമേയുള്ളൂ… ജന്മനാ കാഴ്ചയില്ല ചേച്ചിക്ക്… തനിക്ക് സമ്മതമാണെങ്കിൽ ചേച്ചിയെയും കൊണ്ട് വരട്ടെ ഞാൻ… “””
“”” അതൊന്നും തീരുമാനിക്കുന്നത് ഞാനല്ല!!! അമ്മയോട് ചോദിക്കണം,”””
എന്ന് അയാളെ ഒഴിവാക്കാൻ വേണ്ടിയാണ് പറഞ്ഞത്…
പിറ്റേദിവസം ചേച്ചിയെയും വിളിച്ച് വരുമെന്ന് ഒട്ടും കരുതിയില്ല…
അമ്മയോട് സംസാരിച്ചു അമ്മയുടെ മുഖഭാവത്തിൽ നിന്ന് തന്നെ ആളെ ഒരുപാട് ഇഷ്ടമായി എന്ന് മനസ്സിലായിരുന്നു….
അവരോട് സമ്മതം മൂളി പ്രതീക്ഷയോടെ അമ്മ എന്റെ മുഖത്തേക്ക് നോക്കി ഞാൻ ഒന്നും പറഞ്ഞില്ല..
ആളുടെ മുഖത്ത് സന്തോഷം ആകുന്നതും ചൂണ്ടിൽ ഒരു ചിരി വിരിയുന്നതും കണ്ടു..
ചേച്ചി പോകുമ്പോൾ പറഞ്ഞിരുന്നു, കല്യാണം കഴിഞ്ഞാൽ പിന്നെ അമ്മയെയും കൂട്ടി അങ്ങോട്ട് പൊന്നേക്കണം… ചെറുപ്പത്തിൽ മരിച്ചത ഞങ്ങളുടെ അമ്മ…
ഇവിടുത്തെ അമ്മയെ കണ്ടപ്പോൾ അതുപോലെ തോന്നുക എങ്ങനെ അമ്മയും ഒരു കുടുംബവും ഒക്കെയായി ജീവിക്കാൻ കൊതി കൊണ്ടാ… “”””
എന്ന്…
അത് കേട്ട് എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞു..
കുടുംബക്കാരാരും വിവാഹത്തിന് കൂടിയില്ലെങ്കിലും കല്യാണം തൊട്ടടുത്തുള്ള ദേവീക്ഷേത്രത്തിൽ വച്ച് നടന്നു ഒപ്പം അവിടെ അടുത്തുള്ള ഹോട്ടലിൽ ഏൽപ്പിച്ച ഒരു കുഞ്ഞു സദ്യയും..
അതുകഴിഞ്ഞ് നേരെ പോയത് അദ്ദേഹത്തിന്റെ വീട്ടിലേക്കാണ്…
കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും ആയി അവിടെ കഴിയുകയാണ് ഇപ്പോൾ… നരകം ആയിരുന്ന ജീവിതം സ്വർഗ്ഗമാകാൻ ചെറിയ ചില തീരുമാനങ്ങൾ മതി എന്ന തിരിച്ചറിവോടെ…..