ആദ്യമൊക്കെ നല്ല മരുമകളാവാൻ ഒരു പരിശ്രമം ഏതൊരു പെൺകുട്ടിയും ആത്മാർത്ഥമായി നടത്തും…

രചന: ഭാഗ്യലക്ഷ്മി. കെ. സി

::::::::::::::::::::::::::::

പെൺകുട്ടികൾ ആദ്യം അറിയാതെ പിന്നീട് അകപ്പെടുന്ന ഒരു വലിയ കെണിയുണ്ട്…
പലപ്പോഴും അവരോട് ആരും ഇത് പറഞ്ഞുകൊടുക്കാറില്ല..

വിദ്യാഭ്യാസ കാലഘട്ടത്തിൽ നന്നായി പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കണം, ആരെയും ആശ്രയിക്കരുത് എന്നൊരു നിർദ്ദേശം പല കോണുകളിൽനിന്നും അവ൪ കേൾക്കാൻ ഇടയായിട്ടുണ്ടാവും..

ഭ൪ത്താവിനോട് എല്ലാ കാര്യങ്ങൾക്കും കൈനീട്ടുന്നത് കുറച്ചിലാണ്, വിവാഹിതയായശേഷം മാതാപിതാക്കളോട് ഓരോ കാര്യത്തിനും ചെന്ന് ചോദിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും അതിലേറെ നാണക്കേടാണ് എന്നിങ്ങനെ പലരുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും പെൺകുട്ടികൾ വള൪ന്നുവരുന്ന കാലത്തേ ധാരാളം തവണ കേട്ടുകഴിഞ്ഞുകാണും.

സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയതിൽനിന്ന് അവനവന് വേണ്ടുന്ന ചിലവുകൾ ചെയ്യുന്ന അന്തസ്സ് ഓ൪ത്ത് അതൊക്കെ സ്വപ്നം കാണാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. നന്നായി കഷ്ടപ്പെട്ട് പഠിച്ച് ജോലി എല്ലാം നേടി വിവാഹം കഴിയുന്നതോടെ അവൾ മനസ്സിലാക്കും താനിതുവരെ ചെയ്തതൊക്കെ വലിയ കാര്യമായി തോന്നിയത് തനിക്ക് മാത്രമാണ്..

ഭ൪തൃഗൃഹത്തിൽ വലിയ കാര്യമായി കാണുന്നത് എപ്പോഴും ഗൃഹഭരണമാണ്, പാചകമാണ്, വൃത്തിയാണ്, ബന്ധുക്കളെയും അതിഥികളെയും ആഹാരം സ്വന്തം കൈകൊണ്ട് വെച്ചുണ്ടാക്കി ഊട്ടലാണ്…
അങ്ങനെ പലതുമാണ്…

ആദ്യമൊക്കെ നല്ല മരുമകളാവാൻ ഒരു പരിശ്രമം ഏതൊരു പെൺകുട്ടിയും ആത്മാർത്ഥമായി നടത്തും. സ്വന്തം വീട്ടിലും എല്ലാം ചെയ്തു ശീലമുള്ളവൾ ആ അനുഭവസമ്പത്ത് വാരിക്കോരി പ്രകടിപ്പിക്കും. അതല്ലാതെ അമ്മയുടെ ഓമനപ്പുത്രിയായി വള൪ന്ന്, പഠിക്കുക എന്ന പ്രക്രിയ മാത്രം ചെയ്തു സുഖിച്ചുനടന്നവളും ഭ൪തൃഗൃഹത്തിലെത്തിയാൽ നല്ല പേരിനായി എല്ലാം മിനക്കെട്ട് പഠിച്ചുതുടങ്ങുന്നു.

പക്ഷേ ഇതൊന്നും അവിടെ ചിലവാവില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നത് പലപ്പോഴും ഇത്തിരി കഴിഞ്ഞാണ്. നമ്മുടെ ആത്മാ൪ത്ഥതയൊന്നും ആ൪ക്കും വേണ്ട..
ജോലി ചെയ്ത് ശമ്പളം കൊണ്ടുവരികയും അതോടൊപ്പം വീട്ടുജോലികളും നന്നായി ചെയ്യുകയും ചെയ്തില്ലെങ്കിൽ പതിയെ ജീവിതം താളം തെറ്റാൻ തുടങ്ങും. പല പ്രശ്നങ്ങളും ഉടലെടുക്കും. അതോടെ പുതിയ വീടെടുത്ത് മാറിത്താമസിക്കാനുള്ള ചിന്തകൾ കയറിവരും. ഇതിനിടയിൽ കുഞ്ഞ്, ലോൺ, സാമ്പത്തിക പ്രതിസന്ധികൾ എന്നിങ്ങനെ ഓരോരുത്തരെയും വരിഞ്ഞുമുറുക്കാനുള്ള കയറുകൾ തുടരെത്തുടരെ അവതരിച്ചുകൊണ്ടിരിക്കും.

ഒന്നും വേണ്ടായിരുന്നു എന്ന തിരിച്ചറിവിൽ എത്തുമ്പോഴേക്കും എല്ലാം പാതിവഴിയിൽ എത്തിയിട്ടുണ്ടാകും. കയ്ച്ചിട്ട് ഒട്ട് ഇറക്കാനും വയ്യ, മധുരുച്ചിട്ട് തുപ്പാനും വയ്യ, എന്ന അവസ്ഥയിൽ തൃശങ്കുവിൽ ഒരു പത്ത് കൊല്ലത്തോളം കിടന്നാടും…
പിന്നീട് അതങ്ങ് ശീലമായിക്കോളും.

എന്നെപ്പോലെ തോറ്റ് തൊപ്പിയിട്ട്, എല്ലാം കൂടി വയ്യ എന്ന് തീരുമാനിച്ച് ജോലി വിട്ടവ൪, അടിച്ചടിച്ച് പിടിച്ച് നിൽക്കുന്നവ൪, ഡൈവോഴ്സ് ചെയ്തവ൪, ആത്മഹത്യ ചെയ്തവ൪, എന്നിങ്ങനെ ഓരോ ഗ്രൂപ്പിലെ അംഗങ്ങളാകുന്നു മിക്കവരും.
പോകെപ്പോകെ തന്റെ ജീവിതം താനാഗ്രഹിച്ചതുപോലൊന്നുമല്ല മുന്നോട്ടു പോകുന്നത് എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചുപോകുന്നവരാണ് അധികവും.

അപൂർവ്വം ചില൪ പിറന്ന വീട്ടിലും കയറിച്ചെന്ന വീട്ടിലും കരുതലും സ്നേഹവുമുള്ള ആളുകളാൽ ചുറ്റപ്പെട്ട് സമ്പന്നരായി പ്രശ്നങ്ങൾ വരുന്ന മുറയ്ക്ക് പരിഹരിച്ച് ജീവിതവിജയത്തിനടുത്തെത്താൻ അനായാസേന കുതിക്കുന്നു. സകലരെയും വെറുപ്പിച്ച് മറ്റുചില൪ ധൈര്യസമേതം സ്വന്തം മനസ്സ് പറയുന്നതുപോലെ ജീവിച്ചുതീ൪ക്കാനിറങ്ങി പുറപ്പെടുന്നു.

പഠനം കഴിഞ്ഞ് ജോലി നേടുന്ന പെൺകുട്ടി തന്റെ ജീവിതത്തെക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടാക്കിവെക്കുന്നത് നല്ലതാണ്. ഒരുപാട് സങ്കൽപ്പങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുകയും അതിലൊന്നുപോലും നേടുകയും ചെയ്യാതെപോയ അനേകം തരുണീമണികളുടെ ജീവചരിത്രമാണ് നമ്മുടെ സമൂഹത്തിന്റേത്…

അവരിൽ വേറിട്ടുനിൽക്കുന്ന ചിലരിൽ താനുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവ൪ ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്..