പലപ്പോഴും ഞങ്ങൾക്കിടയിലുള്ള അതിർത്തികൾ അവൻ ലംഘിക്കാൻ നോക്കിയെങ്കിലും എപ്പോഴും തടസ്സമായി നിന്നത്…

രചന: നീതു

::::::::::::::::::::::

പാൽ നുര പോലെ ഒഴുകുന്ന വാട്ടർഫോളിലേക്ക് നോക്കി അവളാ അയൺ ബെഞ്ചിൽ ഇരുന്നു…
കയ്യിലുള്ള ഷാംപെയിൻ അല്പാല്പമായി നുണഞ്ഞിറക്കി…

മനസ്സിൽ എത്ര ടെൻഷൻ ഉണ്ടെങ്കിലും സങ്കടം ഉണ്ടെങ്കിലും ഇതുപോലെ അല്പനേരം വന്നിരുന്നു നോക്കി കണ്ടാൽ അതെല്ലാം മറക്കുന്ന തരത്തിലുള്ള അത്ഭുതങ്ങൾ പ്രകൃതി തന്നെ ഒരുക്കി വെച്ചിട്ടുണ്ട് എന്ന് അവൾക്ക് തോന്നി വെള്ളച്ചാട്ടങ്ങളായും കടൽ തിരമാലകളായും പ്രകൃതി നമ്മുടെ മുന്നിൽ അത്ഭുതം കാട്ടും..

ശരിയാണ് ഇങ്ങോട്ട് വരുമ്പോൾ മനസ്സ് പ്രക്ഷുബ്ധം ആയിരുന്നു അൽപനേരം ഇവിടെ ഇങ്ങനെ നോക്കിയിരുന്നപ്പോൾ മനസ്സ് ശാന്തമാണ്… പതഞ്ഞു പൊന്തി കുത്തിയൊഴുകി വന്ന് പിന്നീട് ശാന്തമായ പുഴയിലേക്ക് ചേരുന്ന വെള്ളം പോലെ….

“””ഹലോ നയൻ!!!”””

തൊട്ടരികിൽ നിന്ന് അങ്ങനെയൊന്ന് കേട്ടാണ് അവൾ മുഖം തിരിച്ചു നോക്കിയത്…

“”ഷാരോൺ!!!”””
ഓഫീസിൽ തന്റെ കൊലീഗ്….
കുറെ നാളായി ശ്രദ്ധിക്കുന്നതാണ് ആവശ്യമില്ലാത്തതിനും ആവശ്യത്തിനും അവൻ തന്റെ പുറകെ നടക്കുന്നത് താല്പര്യമില്ലാഞ്ഞിട്ട് തന്നെയാണ് അതിന് അത്ര ശ്രദ്ധ കൊടുക്കാതെ തന്റെ കാര്യങ്ങളിലേക്ക് മാത്രം നോക്കി നടക്കുന്നത്….

“””” താൻ എന്നും ഇവിടെ വന്നിരിക്കാറുണ്ടോ??? “”

എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാൻ തോന്നിയില്ല.. ഒറ്റയ്ക്കിരിക്കുന്ന ആ സുഖം നഷ്ടപ്പെടുത്തിയ അവനോടുള്ള മുഷിച്ചിൽ മുഖത്ത് ശരിക്കും കാണാനുണ്ടായിരുന്നു …..

അതുകൊണ്ടുതന്നെയാണ് അവിടെ നിന്ന് മറുപടിയൊന്നും കൊടുക്കാതെ എണീറ്റ് പോയത്…. അവന്റെ അപ്പോഴത്തെ മുഖം അപ്പോൾ എനിക്ക് ഊഹിക്കാമായിരുന്നു….

പിന്നെയും പലപ്പോഴായി അവൻ എന്നെ ഫോളോ ചെയ്യുന്നതുപോലെ തോന്നിയിരുന്നു ഇവിടെ വന്നിരുന്നപ്പോൾ വെറുതെ അവിചാരിതമായി കണ്ടതല്ല അവൻ എന്നെ… തീർച്ചയായും ഞാൻ പോകുന്നതിന്റെ പുറകെ വന്നതാണ് എന്നും എനിക്കറിയാം…

അതുകൊണ്ടുതന്നെയാണ് കൂടുതൽ കൂട്ടുകൂടാനോ മറ്റോ പോകാതിരുന്നത് എന്തിന് ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കാതിരുന്നത്…. ഓഫീസിൽ വച്ച് കാണുമ്പോൾ എന്തെങ്കിലും ഒഫീഷ്യൽ കാര്യങ്ങൾ മാത്രം ഡിസ്കസ് ചെയ്യും എന്നല്ലാതെ കൂടുതൽ അവൻ എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കാത്ത രീതിയിൽ പോകുമായിരുന്നു….

ഒരിക്കൽ ജോലി കഴിഞ്ഞ് ലിഫ്റ്റിൽ കയറി താഴേക്ക് വരുമ്പോൾ അവൻ കൂടെ കയറിയിരുന്നു മറ്റാരും ഇല്ലാത്തതുകൊണ്ടാവണം അവൻ എന്നോട് സംസാരിക്കാൻ ശ്രമിച്ചത്…..
ഞാൻ വെറുതെ ഫോണിലേക്ക് നോക്കി ബിസി അഭിനയിച്ചു പെട്ടെന്നാണ് അവൻ എന്റെ ഫോൺ തട്ടിപ്പറിച്ച് മേടിച്ചത് ദേഷ്യത്തോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ പറഞ്ഞു,,

“”” കുറെ നാളായി ഞാൻ തന്റെ പുറകെ നടക്കുന്നു. ഇനി എനിക്ക് പറയാനുള്ളത് കേട്ടിട്ട് മതി ബാക്കി എന്തും “”””

എന്ന്…

എനിക്കൊന്നും കേൾക്കാനില്ല എന്നു പറഞ്ഞപ്പോൾ അവൻ പറഞ്ഞിരുന്നു…

“”””” കേൾക്കണം എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് തനിക്ക് കൂടി സമ്മതമാണെങ്കിൽ വീട്ടുകാരെയും അറിയിച്ച് നമുക്ക് അതങ്ങ് നടത്താം”””… എന്ന്…

“”” അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ??? “””എന്ന് ചോദിച്ചപ്പോൾ അവൻ മറുപടി ഉടനെ തന്നു,
“””” അല്ല അതുകൊണ്ടാണ് തന്നോട് കൂടി പറഞ്ഞത്””” എന്ന്..

ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്നും നടന്ന നീങ്ങി…

പിന്നെ അവന് ഒട്ടും മുഖം കൊടുക്കാതെ രണ്ടു മൂന്നു ദിവസം കടന്നുപോയി ഒരു ദിവസം ഞാൻ പോകുന്ന വഴിക്ക് അവൻ എന്റെ കൈപിടിച്ച് തടഞ്ഞു, മറ്റൊരു പ്രേരണയും ഇല്ലാതെ എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞു എല്ലാവരും അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവനൊന്നും മിണ്ടാതെ എന്റെ കയ്യിലെ പിടിവിട്ടു. ഞാൻ വേഗം തിരികെ എന്റെ ഫ്ലാറ്റിലേക്ക് പോന്നു…

ആ സംഭവത്തിനുശേഷം അവനും എന്നെ ശ്രദ്ധിച്ചില്ല പക്ഷേ എനിക്ക് എന്തോ കുറ്റബോധം തോന്നിയിരുന്നു മുഖത്തടിക്കാൻ മാത്രം ഉള്ള തെറ്റൊന്നും അവൻ ചെയ്തിട്ടില്ല…

“””‘ ഷാരോൺ എനിക്കൊന്നു സംസാരിക്കണം”” എന്ന് അവന്റെ സീറ്റിൽ പോയി പറഞ്ഞു..

‘”” വൈകിട്ട് കോഫി ഷോപ്പിൽ ഉണ്ടാകും ഞാൻ “‘”

എന്നുമാത്രം പറഞ്ഞ് അവനവന്റെ ജോലികളിൽ മുഴുകി..
അവൻ പറഞ്ഞതുപോലെ വൈകീട്ട് കോഫി ഷോപ്പിൽ ഞാൻ അവനായി കാത്തു നിന്നു ഒരല്പം കഴിഞ്ഞപ്പോൾ അങ്ങോട്ടേക്ക് അവൻ വരുന്നത് കണ്ടു. ഞങ്ങൾ ഒരു ടേബിളിന് ഇരുപുറവും ഇരുന്നു എനിക്ക് കാര്യങ്ങൾ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് അറിയില്ലായിരുന്നു….

“”””സീ ഷാരോൺ, ഒരു ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ ഇപ്പോൾ പച്ചവെള്ളം കണ്ടാൽ പോലും ഭയമാണ്… എനിക്ക് ഇനി ഒരാളെ ആക്സെപ്റ്റ് ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല,””””

പരബ്രമത്തോടെ ഞാൻ അത് പറഞ്ഞത് ശാന്തനായി ഇരുന്നു അവൻ കേട്ടു…ഞാൻ തുടർന്നു…

“””‘ നാട്ടിൽ നിന്ന് ആദ്യം എത്തിയത് ബാംഗ്ലൂരിലുള്ള കാനഡ ബേസ്ഡ് ആയിട്ടുള്ള ഒരു കമ്പനിയിലാണ് എന്റെ പെർഫോമൻസ് കണ്ടതുകൊണ്ട് തന്നെ അവരെന്നെ അവരുടെ ഹെഡ് ബ്രാഞ്ചായ കാനഡയിലെ ഓഫീസിലേക്ക് റഫർ ചെയ്തു… കോളേജ് കാലഘട്ടത്തിലെ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.. അവിനാശ് “””‘ എന്റെ പ്രണയം ആത്മാർത്ഥമായിരുന്നു അതുകൊണ്ടുതന്നെ ഞാൻ എത്ര വലിയ സ്ഥിതിയിൽ എത്തിയാലും അവനെ കൈവിടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു കാനഡയിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത അത്രയും സാലറിയിൽ ഈ ജോബ് സ്വന്തമാക്കുമ്പോൾ എന്റെ മനസ്സിൽ അവനെ എങ്ങനെയെങ്കിലും ഇങ്ങോട്ട് കൊണ്ടുവരണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ…
വെറുമൊരു പ്രൈവറ്റ് കമ്പനിയിലെ അക്കൗണ്ടൻറ് ആയ അവനെ ഇവിടേക്ക് കൊണ്ടുവന്നത് ഞാനാണ് ഒപ്പം എന്റെ ഫ്ലാറ്റിൽ താമസിപ്പിച്ച് അവൻ ഇവിടെ ഒരു ജോലി മേടിച്ചു കൊടുത്തു,
അവന്റെ വീട്ടിൽ കഷ്ടപ്പാട് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അവന് കിട്ടുന്ന സാലറി മുഴുവൻ ഞാൻ എന്റെ വീട്ടിലേക്ക് അയച്ചു കൊടുത്തോളാൻ പറഞ്ഞു ഇവിടുത്തെ അവന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കി പോരാത്തതിന് തികയാത്ത പണം വീട്ടിലേക്ക് അയച്ചു കൊടുക്കാൻ ഞാനും ഇടയ്ക്ക് പണം കൊടുത്ത് സഹായിക്കുമായിരുന്നു…

പലപ്പോഴും ഞങ്ങൾക്കിടയിലുള്ള അതിർത്തികൾ അവൻ ലംഘിക്കാൻ നോക്കിയെങ്കിലും എപ്പോഴും തടസ്സമായി നിന്നത് ഞാനായിരുന്നു ഒരു താലിച്ചരട് എന്റെ കഴുത്തിൽ കെട്ടിയിട്ട് മതി അതെല്ലാം എന്ന് ഞാൻ തന്നെയാണ് അവനോട് പറഞ്ഞത്….

ഈ മോഡേൺ ജീവിതത്തിലും അത്തരത്തിലുള്ള ചില വിശ്വാസങ്ങൾ ഞാൻ മുറുകെ പിടിച്ചിട്ടുണ്ട്..

അവനെ ഇവിടെ ഞങ്ങളുടെ ഫ്രണ്ട്സിന് ഇടയിൽ എല്ലാം ഞാൻ പരിചയപ്പെടുത്തി കൊടുത്തു…

അവനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഒരു ദിവസം ഓഫീസിലേക്ക് ഇറങ്ങിയ ഞാൻ ഒരു ഫയൽ എടുക്കാൻ മറന്നു അവിടെനിന്ന് തിരിച്ചുവന്നു, എന്റെ അടുത്തുള്ള ഫ്ലാറ്റിന്റെ സ്പെയർ കീ ഉപയോഗിച്ച് തുറന്നപ്പോൾ കണ്ട കാഴ്ച,
അവനും എന്റെ മറ്റൊരു സുഹൃത്തും കാണരുതാത്ത സാഹചര്യത്തിൽ…..
ഞാനാകെ തകർന്നു പോയി എന്ത് ചെയ്യണം എന്നുപോലും അറിയാത്ത അവസ്ഥ പക്ഷേ ഞാൻ അത് അവരുടെ മുന്നിൽ കാണിച്ചില്ല മാന്യമായി തന്നെ ഞാൻ രണ്ടുപേരോടും പെരുമാറി പക്ഷേ ഒന്നു ഞാൻ ചെയ്തിരുന്നു എന്റെ ബാഗും സാധനങ്ങളും എടുത്ത് ആ ഫ്ലാറ്റിൽ നിന്ന് അപ്പോൾ തന്നെ ഞാൻ മാറിയിരുന്നു….

അവൻ എന്റെ പുറകെ കുറെ വന്നു എല്ലാം അവൻ അറിയാതെ ചെയ്ത തെറ്റാണ് എന്നെല്ലാം പറഞ്ഞ് എന്റെ കാലുപിടിച്ചു പക്ഷേ എന്റെ മനസ്സിൽ ഇനിയൊരു മടങ്ങി പോക്കില്ല….

അന്ന് ഞാൻ എടുത്തതാണ് ഒരു വിവാഹ ജീവിതം വേണ്ട എന്ന തീരുമാനം…

അതുകൊണ്ട് പ്ലീസ് എന്നെ ബുദ്ധിമുട്ടിക്കരുത്…

“””” അത് ശരി അപ്പൊ ഈ ലോകത്തുള്ള എല്ലാ പുരുഷന്മാരും ഒരുപോലെ ആണെന്നാണോ പറയുന്നത്???”””

“”” അതിലൊന്നും ഞാനിപ്പോൾ റിസർച്ച് ചെയ്യുന്നില്ല പക്ഷേ എനിക്ക് മടുത്തു അത്രമാത്രം!!!””

അവൾ പറഞ്ഞു നിർത്തി നടന്നകന്നു അവന് വിടാൻ ഭാവമില്ലായിരുന്നു അവളുടെ പുറകെ ചെന്നു..

അന്നുമുതൽ അവളെ ഒന്നിന്റെ പേരിലും അവൻ ശല്യപ്പെടുത്തിയിരുന്നില്ല പക്ഷേ, മിണ്ടാതെ അവളുടെ പുറകെ ഉണ്ടായിരുന്നു അത് അവൾക്കും അറിയാമായിരുന്നു..

ഒരിക്കൽ ഫ്ലാറ്റിൽ പനിച്ച് വിറച്ചു കിടന്നവൾക്ക് ആശ്വാസമായത് അവനായിരുന്നു….

അവന്റെ ഓരോ കുറുമ്പിലും വർത്തമാനത്തിലും അലിഞ്ഞില്ലാതാകുന്നത് തന്റെ ദേഷ്യവും ഫ്രസ്ട്രേഷനും ആണ് എന്ന് അവൾ തിരിച്ചറിഞ്ഞു…
അങ്ങനെ എപ്പോഴൊക്കെയോ അവന്റെ അടുത്ത പെരുമാറ്റം കാരണം അവൾ അവനെ സ്നേഹിച്ചു പോയിരുന്നു…

എന്നിട്ടും തുറന്നു പറയാൻ അവൾക്കൊരു മടി…
അവൻ നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അവർക്ക് വല്ലാത്ത വെപ്രാളം ആയിരുന്നു താൻ ഒറ്റയ്ക്കാവുന്നത് പോലെ പിന്നെ ഒന്നും പറയാതെ അവൻ പോയപ്പോൾ വല്ലാത്ത പരിഭവം തോന്നി..

പറയാതെ തന്നെ അവളുടെ മനസ്സ് മനസ്സിലാക്കാത്തതിന്…
പക്ഷേ പോയിട്ട് കുറെ കഴിഞ്ഞ് വരൂ എന്ന് പറഞ്ഞ് കള്ളൻ അടുത്ത ദിവസം തന്നെ തിരിച്ചെത്തിയിരുന്നു അവന്റെ അമ്മച്ചിയെയും കൊണ്ട്..

നേരെ ചെന്നത് അവളുടെ അരികിലേക്ക് ആയിരുന്നു പരിഭവത്തോടെ കൂർപ്പിച്ചു നോക്കുന്ന അവളെ നോക്കി അവന്റെ അമ്മച്ചി ചോദിച്ചു,

“”” എന്റെ കൊച്ചെ ഇവന്റെ കൈയും പിടിച്ച് നീ അങ്ങ് പോന്നേരെ.. ഈ ചെറുക്കൻ പാവമാന്നേ ഒന്ന് പേടിപ്പിച്ചാൽ മതി… പിന്നെ ആ മനസ്സിൽ കൊച്ചല്ലാതെ വേറെ ആരും ഇല്ലാതാനും “””

അവനോട് കേറുവിച്ചെങ്കിലും അമ്മച്ചിക്ക് സമ്മാനം കൊടുത്തിരുന്നു അവനുമായുള്ള ജീവിതത്തിന് ഒരു നൂറുവട്ടം സമ്മതമാണെന്ന്….