രചന: നീതു
“”ഇന്നെനിക്ക് ഇതില്ലാതെ പറ്റില്ലെടാ “””
എന്ന് പറഞ്ഞ് ആ മ ദ്യക്കുപ്പി അല്പം പോലും വെള്ളം ചേർക്കാതെ അയാൾ വായിലേക്ക് കമഴ്ത്തി…
പതിനഞ്ചു വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇന്ന് താഴെ വീണുടഞ്ഞത്..
അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു..
“””രാജീവേ… ഇനി മതി ഇങ്ങനെ കുടിച്ചതുകൊണ്ട് പോയതെല്ലാം തിരികെ കിട്ടുമോ തന്നെയുമല്ല നിനക്ക് അല്പം പോലും കുടിക്കാൻ പാടില്ലാത്തതല്ലേ വെറുതെ എന്തിനാ??””
എന്ന് കൂട്ടുകാരൻ രവി ചോദിച്ചപ്പോൾ അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.
“”” എന്റെ ഭാര്യക്കും മകൾക്കും ഇല്ലാത്ത സഹതാപം എന്നോട് നിനക്കെന്തിനാ രവി… ഇത്രയും വലിയ ഒരു ചതി ചെയ്ത് അവളെന്നെ ഒരു വിഡ്ഢിയാക്കി പോയില്ലേ??”””
“”” അതിന് നീ ഇങ്ങനെ കുടിച്ച് സ്വയം നശിക്കുകയാണ് ചെയ്യേണ്ടത് അപ്പോൾ പോയതെല്ലാം തിരിച്ചു കിട്ടുമോ?? “”
എന്ന് ചോദിച്ചപ്പോൾ രാജീവ് ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കിയിരുന്നു…
പിന്നെ രവി ഒന്നും പറയാൻ നിന്നില്ല അയാൾക്ക് അറിയാമായിരുന്നു എത്രത്തോളം തന്റെ കുടുംബത്തെ സ്നേഹിച്ച ആളാണ് രാജീവൻ എന്ന് ഇപ്പോൾ ഈ കാണിക്കുന്നത് മുഴുവൻ അയാളുടെ സങ്കടമാണ് ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ സങ്കടം..
കണ്ടമാനം പണം അയച്ചുകൊടുത്ത് ഒന്നിലും ഒരു നിയന്ത്രണവും വയ്ക്കാതെ അവരെ അവരുടെ വഴിക്ക് വിട്ട രാജീവിന്റെ കയ്യിൽ തന്നെയാണ് എല്ലാ തെറ്റുകളും എന്ന് രവിക്കപ്പോൾ തോന്നി…
ആളുകളെ അറിഞ്ഞുവേണം നമ്മൾ എന്തും കൊടുക്കാൻ അതിപ്പോൾ ദാനം ആയാലും അവകാശമായാലും..
രാജീവൻ വീട്ടിലേക്ക് തിരിച്ചു പൂട്ടിക്കിടക്കുന്ന വീട് തുറന്നു അയാൾ അകത്തു കയറി ഇപ്പോഴും അയാൾക്ക് ഓർമ്മകളിൽ നിന്ന് ഒരു മോചനം കിട്ടിയിട്ടില്ല ഭ്രാന്തമായി അയാൾ തന്റെ മുടി പിടിച്ചു വലിച്ചു പിന്നീട് അവിടെ കൊണ്ടുവന്നു വച്ച ബാക്കി മദ്യത്തിന്റെ കുപ്പി തിരഞ്ഞു കണ്ടുപിടിച്ച് അതും കുടിച്ചു ബോധംകെട്ട് ഒന്നുറങ്ങാൻ വേണ്ടി…
തമിഴ്നാട്ടിൽ ഒരു ഹോട്ടൽ ആയിരുന്നു രാജീവന് നല്ല കച്ചവടവും ഉണ്ടായിരുന്നു… ഭാര്യയും മകളും നാട്ടിലാണ് അവരുടെ അത്യാവശ്യമറിഞ്ഞു എല്ലാം അയാൾ ചെയ്തു കൊടുക്കും അവിടെ തരക്കേടില്ലാത്ത കച്ചവടം ഉണ്ടായിരുന്നു അത്യാവശ്യം സമ്പാദ്യവും അതുമായി എല്ലാ മാസവും അയാൾ നാട്ടിലേക്ക് എത്തും ഇവിടെ ഭാര്യക്കും മകൾക്കും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു..
മകൾ തന്നിഷ്ടകാരിയായി വളരാൻ തുടങ്ങിയത് രാജീവൻ അറിഞ്ഞില്ല.. അമ്മ എന്തിനും അവളുടെ സൈഡ് ആയിരുന്നു..
അവൾ ചോദിക്കുമ്പോഴൊക്കെയും ഒരു മടിയും കൂടാതെ എത്ര പണം വേണമെങ്കിലും രാജീവിന്റെ ഭാര്യ എടുത്തു കൊടുത്തു അതുകൊണ്ടുതന്നെ അവൾ സ്വന്തം ഇഷ്ടപ്രകാരം തോന്നിയത് പോലെ ജീവിക്കാനും തുടങ്ങി..
ഒരിക്കൽ രാജീവ് നാട്ടിലേക്ക് വന്ന സമയത്ത് ആയിരുന്നു അവൾ പഠിക്കുന്ന കോളേജിൽ നിന്ന് ഫോൺ വന്നത്..
നിത്യയുടെ പാരന്റ്സിനോട് കോളേജിലേക്ക് വരണം എന്നു പറഞ്ഞായിരുന്നു ഫോൺ വന്നത് രാജീവ് ഭാര്യയെയും കൂട്ടി കോളേജിൽ എത്തി അവർ അവരുടെ മുന്നിലേക്ക് അറ്റൻഡൻസ് രജിസ്റ്റർ കാണിച്ചുകൊടുത്തു വളരെ കുറച്ചു ദിവസങ്ങളിൽ മാത്രമാണ് മകൾ അങ്ങോട്ട്, കോളേജിലേക്ക് ചെന്നിട്ടുള്ളൂ രാജീവ് അതുകണ്ട് ഞെട്ടി കാരണം എന്നും കോളേജിലേക്ക് ആണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്നുണ്ടായിരുന്നു. പിന്നെ അവൾ എവിടേക്കാണ് പോകുന്നത് എന്നോർത്ത് അയാൾ ആകെ വല്ലാതായി… ഭാര്യയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നിസ്സംഗഭാവം ആയിരുന്നു സ്വന്തം മകൾ ഇത്തരത്തിൽ ഒരു കാര്യം ചെയ്തു എന്നറിഞ്ഞ് അവളുടെ അമ്മക്ക് യാതൊരുവിധ ടെൻഷനും ഇല്ലാത്തതിൽ അയാൾക്ക് അത്ഭുതം തോന്നി…. വല്ല കൂട്ടുകാരികളുടെയും വീട്ടിലേക്ക് പോയതാവും എന്ന് നിസ്സാരവൽക്കരിച്ച് പറയുന്നവളെ ദേഷ്യത്തോടെ നോക്കി രാജീവ്…
പിന്നെ അയാൾ തന്നെയാണ് അന്വേഷിച്ച് ഇറങ്ങിയത് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാൻ അപ്പോഴാണ് കോളേജിലെ തന്നെ മറ്റൊരു ചെക്കന്റെ കൂടെ അവൾക്ക് കറങ്ങി നടക്കുന്ന കാര്യം എല്ലാം അറിഞ്ഞത് ഭാര്യയോട് ചോദിച്ചപ്പോൾ അവര് ഫ്രണ്ട്സ് ആണ് എന്നാണ് പറഞ്ഞത് പക്ഷേ അയാൾക്ക് അതൊന്നും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അന്ന് മകൾ വന്നപ്പോൾ അയാൾ അവളെ അടിച്ചു ആദ്യം തടഞ്ഞത് സ്വന്തം ഭാര്യ തന്നെയായിരുന്നു അയാൾക്ക് മകളെ അടിക്കാൻ യാതൊരു അവകാശവുമില്ല എന്ന മട്ടിലായിരുന്നു അവളുടെ സംസാരം…
“”” അത് ഞാൻ സ്നേഹിക്കുന്ന ആളാണ്.. ആരു പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല ഞാൻ അവന്റെ കൂടെ ഇനിയും പോകും… “”
എന്നുപറഞ്ഞപ്പോൾ അയാൾക്ക് ദേഷ്യം വന്നിരുന്നു.. മുഖത്തേക്ക് തന്നെ അടിച്ച് അവളോട് അവിടെ നിന്ന് ഇറങ്ങാൻ പറഞ്ഞു….
ഒരു കൂസലും ഇല്ലാതെ അവൾ അവളുടെ ബോയ്ഫ്രണ്ടിനെ വിളിച്ചുവരുത്തി അവന്റെ ബൈക്കിനു പുറകിൽ കയറി പോയി…
ഭാര്യയും അവിടെ നിന്നിറങ്ങി അവളുടെ വീട്ടിലേക്ക്..
അയാൾ ആകെ തകർന്നിരുന്നു ചെക്കനെ പറ്റി അന്വേഷിച്ചതാണ് അത്ര നല്ല അഭിപ്രായമൊന്നുമല്ല ആർക്കും പറയാനുണ്ടായിരുന്നത് അതുകൊണ്ടുതന്നെയാണ് എതിർത്തതും പക്ഷേ നടന്നത് എല്ലാം അയാൾക്ക് അത്ഭുതമായി തോന്നി തനിക്ക് ആ വീട്ടിൽ ഒരു വിലയുമില്ല എന്ന കാര്യം അയാൾ മനസ്സിലാക്കി..
അതോടെ അയാൾ നിർത്തിവെച്ച കള്ളുകുടി വീണ്ടും തുടങ്ങി ഇതിനുമുമ്പ് ലിവറിന് ചെറിയ പ്രശ്നം ഉണ്ടായതുകൊണ്ട് ഡോക്ടർ കുടിക്കരുത് എന്ന് പറഞ്ഞിരുന്നു..
അതൊന്നും അപ്പോൾ അയാൾ ഓർത്തതേയില്ല.. നാട്ടിലെ കൂട്ടുകാർ മാത്രം അയാളുടെ കൂടെ നിന്നു അവർ പറഞ്ഞിട്ടാണ് പോലീസ് സ്റ്റേഷനിൽ മകളെ കാണാനില്ല എന്ന് പറഞ്ഞ് ഒരു പരാതി അയാൾ കൊടുത്തത് അത് പ്രകാരം അവർ അവളെ പിടിച്ചുകൊണ്ടുവന്ന് അയാളെ വിവരമറിയിച്ചു അവരുടെ മുന്നിൽ നിന്ന് കാമുകന്റെ കൂടെ പോകുകയാണ് എന്ന് പറഞ്ഞു അപ്പോഴേക്കും അവരുടെ രജിസ്റ്റർ വിവാഹവും കഴിഞ്ഞിരുന്നു..
അയാൾ ഒന്നും മിണ്ടിയില്ല പകരം കാത്തിരുന്നു..
ഒരുമാസം കഴിഞ്ഞപ്പോഴേക്ക് ഭാര്യ അങ്ങോട്ടേക്ക് തന്നെ എത്തിയിരുന്നു സ്വന്തം വീട്ടിൽ ചെന്ന് ആദ്യത്തെ ഉത്സാഹം ഒന്നും അവർക്കാർക്കും ഇല്ല..
ക്രമേണ അവിടെ ചെറിയ മുറു മുറുപ്പായപ്പോൾ ഇതിലും ഭേദം സ്വന്തം വീട് തന്നെയാണ് എന്ന് മനസ്സിലാക്കി ഇറങ്ങിപ്പോന്നത് ആയിരുന്നു അവർ..
രാജീവിന്റെ കാലുപിടിച്ച് മാപ്പ് പറഞ്ഞു.. അയാൾ അവരെ ക്ഷമിച്ച് അകത്തേക്ക് കയറ്റി..
ഇത്രയും നാളുകൊണ്ട് അവർക്ക് ആ വീട്ടിൽ ഉണ്ടായിരുന്ന സൗഭാഗ്യവും രാജീവിന്റെ വിലയും മനസ്സിലായിരുന്നു..
പക്ഷേ പഴയതുപോലെ അവിടെ കഴിയാൻ രാജീവ് സമ്മതിച്ചിരുന്നില്ല ഒരു അഭയാർത്ഥിയെ പോലെ മാത്രം അവിടെ കഴിഞ്ഞോളാൻ അയാൾ സമ്മതിച്ചു…
എന്നും തന്റെ ഇഷ്ടങ്ങൾ മാത്രം നടത്തിവന്നിരുന്ന ഒരു വീടായിരുന്നു അത്… വെറുതെ താങ്കളുടെ വാശി കൊണ്ട്, അഹങ്കാരം കൊണ്ടും കളഞ്ഞില്ലാതാക്കിയതും അത് തന്നെ…
അവർക്ക് അപ്പോൾ വല്ലാത്ത കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു….
കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ മകളും വന്നിരുന്നു വിയർത്തുന്തിയ വയറുമായി…ക ഞ്ചാവിന് അടിമപ്പെട്ട അവളുടെ ഭർത്താവ് അവളെ ഉപദ്രവിക്കുന്നുണ്ടത്രെ… ഭക്ഷണം പോലും വാങ്ങി കൊടുക്കുന്നില്ല
എന്ന്…
അന്നൊരു അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞ് കാലുപിടിച്ചു കരഞ്ഞപ്പോൾ രാജീവിന് വേറെ വഴിയിലായിരുന്നു അകത്തേക്ക് കേറ്റുകയല്ലാതെ..
പക്ഷേ അവളോടും പറഞ്ഞിരുന്നു യാതൊരുവിധ അർഹതയും ഇല്ലാത്തതാണ് അവർക്ക് അവിടെ ജീവിക്കാൻ എന്ന് മറ്റു മാർഗ്ഗങ്ങളില്ലാത്ത രണ്ടുപേരും അവിടെ കഴിഞ്ഞുകൂടി, ചെയ്തുപോയ തെറ്റിനെ ഓർത്ത് പശ്ചാത്തപിച്ച്..
അവർ തന്നോട് ചെയ്തത് മറക്കാൻ രാജീവിന് ഒരിക്കൽപോലും കഴിയില്ല ആയിരുന്നു പക്ഷേ അവരുടെ കാര്യത്തിൽ പിന്നീട് അയാൾ ഒരു കുറവും വരുത്തിയില്ല പക്ഷേ ഒരു അച്ഛനെന്ന നിലയിലും ഭർത്താവ് എന്ന നിലയിലും അവരെ കണ്ടില്ല എന്ന് മാത്രം..
ഒട്ടും അർഹതയില്ല എന്നറിഞ്ഞിട്ടും അയാൾ നീട്ടുന്ന സഹായം വേറെ നിവൃത്തിയില്ലാതെ സ്വീകരിക്കേണ്ടി വരുമ്പോൾ ഉള്ള അവസ്ഥ ശരിക്കും അനുഭവിക്കുന്നുണ്ടായിരുന്നു അവർ മുള്ളിൽ ചവിട്ടി എന്നപോലെ ആ വീട്ടിൽ കഴിഞ്ഞ്…..
ഒരിക്കൽ അവകാശത്തോടെ വച്ച് നീട്ടുന്ന സൗകര്യങ്ങൾ അതിന്റെ വിലയറിയാതെ കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുമ്പോൾ പിന്നീട് അത്
യാചിച്ച് അങ്ങോട്ടേക്ക് ചെല്ലേണ്ടി വരും..