സ്കൂൾ ഗ്രൂപ്പിൽ വന്ന ഫോട്ടോയും വാർത്തയും കണ്ട് അഭിഷേക് ആദ്യം ഒന്ന് ഞെട്ടിപ്പോയി…

രചന: നീതു

“”ഭാനുമതി ടീച്ചർ മരിച്ചെന്നോ??””

സ്കൂൾ ഗ്രൂപ്പിൽ വന്ന ഫോട്ടോയും വാർത്തയും കണ്ട് അഭിഷേക് ആദ്യം ഒന്ന് ഞെട്ടിപ്പോയി…
കണ്ണുകൾ ഇടതടവില്ലാതെ പെയ്യുന്നത് കണ്ടിട്ടാണ് ഭാര്യ വന്ന് എന്താണ് എന്ന് വെപ്രാളത്തോടെ ചോദിച്ചത് അവൾക്ക് ആ വാർത്ത കാണിച്ചു കൊടുത്തപ്പോൾ അവൾക്ക് മനസ്സിലായിരുന്നു ആ മനസ്സിൽ ഇപ്പോൾ എന്താണ് എന്ന്….

ഏട്ടൻ പോണുണ്ടോ എന്ന് ചോദ്യത്തിന് എന്തു മറുപടി പറയണം എന്ന് അറിയില്ലായിരുന്നു…

ഇനി ഒരിക്കലും കാണാൻ കഴിയില്ലല്ലോ. അവസാനമായി ഒരു നോക്ക് കാണാൻ പോകണമെന്നുണ്ട്, അല്ലെങ്കിൽ പണ്ടത്തെ ആ ചുറുചുറുക്കുള്ള ടീച്ചറുടെ മുഖം മനസ്സിൽ ഉണ്ട് ഇനി ഇങ്ങനെ ചലനം ഇല്ലാതെ കിടക്കുന്ന രംഗം കണ്ട് വെറുതെ പണ്ടത്തെ ആ ചിത്രത്തിന് ഒരു കോട്ടം തട്ടിക്കേണ്ട എന്നുമുണ്ട് മനസ്സ് അങ്ങനെ രണ്ട് രീതിയിൽ വാദിച്ച് പിടിവലി നടത്തുന്നുണ്ടായിരുന്നു ഉള്ളില്‍..

ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ കയറി കിടന്നു എനിക്ക് കുറച്ചുനേരം തനിയെ ഇരിക്കണം ആയിരുന്നു അവൾക്കും അത് അറിയാം അതുകൊണ്ടുതന്നെ അങ്ങോട്ട് ഒരു കാര്യത്തിനും ശല്യം ചെയ്യാൻ അവളും വന്നില്ല…

ഓർമ്മകൾ ആ പഴയ രണ്ടാം ക്ലാസുകാരനിൽ എത്തി…

തൊട്ടപ്പുറത്ത് ഇരിക്കുന്ന കൂട്ടുകാരന് അവന്റെ അച്ഛൻ പുതുതായി വേടിച്ചു കൊടുത്ത സ്ലേറ്റ് പൊട്ടിച്ചത് തന്റെ തലയിൽ ഇട്ടിരുന്നു അടി കിട്ടാതിരിക്കാൻ… ഞാൻ അല്ല പൊട്ടിച്ചേ എന്ന് ഒരു നൂറ് ആവർത്തി ഉറക്കെ പറഞ്ഞിട്ടും ആരും വിശ്വസിക്കാൻ കൂട്ടാക്കിയില്ല എല്ലാ ടീച്ചേഴ്സിനും തന്റെ തലയിൽ ആ കുറ്റം കെട്ടിവയ്ക്കാൻ എന്തോ പ്രത്യേക താൽപര്യമുള്ളതുപോലെ തോന്നിയിരുന്നു കാരണം ചോദിക്കാനും പറയാനും ഇല്ലാത്ത ആ ക്ലാസിലെ ഏക കുട്ടി താനാണ്..

കപ്പയും അമ്മയും തമിഴ്നാട്ടുകാരാണ്… ഇവിടെ നാട്ടിൽ ജോലിക്ക് വേണ്ടി വന്നതാണ് അമ്മ ജോലിക്കിടയിൽ കണ്ട മറ്റൊരാളുമായി അവിടെ നിന്നും പോയപ്പോൾ, അപ്പ മാത്രമേ പിന്നീട് ഉണ്ടായിരുന്നുള്ളൂ…

ഒരു ദിവസം രാവിലെ അപ്പായും ഇറങ്ങിപ്പോയി. അതോടെ അനാഥനായി തീർന്നു അപ്പായുടെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരാളുടെ വീട്ടിൽ ആശ്രിതനെ പോലെ കഴിയുകയാണ്..

തിന്നാനോ കുടിക്കാനോ ഒന്നും അവർ തരില്ല.. ഉച്ചക്കഞ്ഞി വിതരണം ഉള്ളതുകൊണ്ട് സ്കൂളിലേക്ക് വയറു നിറയ്ക്കാൻ വേണ്ടി മാത്രമാണ് വന്നിരുന്നത്.. അവിടെ കഞ്ഞിവെക്കുന്ന ചേച്ചിക്ക് അല്പം കരുണ തോന്നി വൈകിട്ടേക്ക് കൂടി തന്നു വിടും

പാത്രത്തിൽ അതും മേടിച്ചു കൊണ്ടുവന്ന അവരുടെ തിണ്ണയിൽ ഇരുന്നു കഴിച്ച് അവിടെ കിടന്നുറങ്ങും രാവിലെ എണീറ്റ് കുളിച്ച് ആകെ കൂടിയുള്ള ഒരു ജോഡി ഡ്രസ്സും മാറ്റിയിട്ട് പഴയത് അലക്കിയും ഇട്ട് സ്കൂളിലേക്ക് പോരും കുറെ നാളായി അപ്പ പോയതിനുശേഷം ഇതാണ് ജീവിതചര്യ…

ആകെക്കൂടി കയ്യിൽ ഉണ്ടായിരുന്നത് സ്കൂളിൽ നിന്ന് ഫ്രീയായിട്ട് കിട്ടിയ കുറച്ച് ടെക്സ്റ്റ് ബുക്കുകളാണ് അവ എപ്പോഴോ എവിടുന്നെന്നോ കിട്ടിയ ടെക്സ്റ്റൈൽസിന്റെ കവറിൽ ഭദ്രമായി സൂക്ഷിച്ചുവച്ചു…

കൂടെയിരിക്കുന്ന കുട്ടിക്ക് ഒരു ദിവസം കരുണ തോന്നി അവന്റെ നോട്ട് ബുക്കിൽ പഴയ ഒരെണ്ണം തന്നതുകൊണ്ട് അത്യാവശ്യമെഴുതണം എന്ന് നിർബന്ധം പിടിക്കുന്ന ടീച്ചേഴ്സിന്റെ ക്ലാസിൽ അതിൽ എന്തേലും എഴുതും…

പഠിക്കണം എന്ന് ഒരു ഉദ്ദേശത്തോടുകൂടി ഇതുവരെയും സ്കൂളിലേക്ക് ചെന്നിട്ടില്ല..
വയറു നിറയ്ക്കണം പകലുമുഴുവൻ എവിടെയെങ്കിലും ചെലവഴിക്കണം എന്നു മാത്രമാണ് കരുതിയത്..

അങ്ങനെയാണ് ആ സ്കൂളിലേക്ക് ഭാനുമതി എന്ന ടീച്ചർമാറ്റം കിട്ടി വരുന്നത് ജീവിതം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു അതിനുശേഷം…

എന്റെ അതേ പ്രായത്തിൽ ടീച്ചർക്ക് ഒരു മകൻ ഉണ്ടായിരുന്നു. അതുകൊണ്ടാവാം എന്റെ അവസ്ഥകണ്ട് ടീച്ചർക്ക് അലിവ് തോന്നിയത് ടീച്ചറുടെ ഭർത്താവ് ഗൾഫിലായിരുന്നു വീട്ടിൽ മകനും അവന്റെ താഴെ ഒരു പെൺകുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ വാടകക്കാണ് ടീച്ചർ നിന്നിരുന്നത് ആ വീട്ടിലേക്ക് ടീച്ചർ എന്നെയും കൂട്ടി എനിക്ക് മകന്റെ പുതിയ വസ്ത്രങ്ങൾ എടുത്തു തന്നു.

സ്കൂളിലെ കഞ്ഞിയും പയറും അല്ലാതെ ഉള്ള ഭക്ഷണം എനിക്ക് അവിടെ നിന്ന് കഴിക്കാൻ കിട്ടി..
പഠിക്കണം എന്ന് പറഞ്ഞ് തന്നത് ആദ്യം ടീച്ചർ ആയിരുന്നു. ഇതുപോലെതന്നെ മുന്നോട്ടുപോകാൻ ആണോ നിന്റെ തീരുമാനം?? എന്ന് ചോദിച്ചു സ്നേഹത്തോടെ വഴക്ക് പറഞ്ഞത് ആദ്യമായി ടീച്ചർ ആയിരുന്നു..

എന്നെ പഠിക്കാൻ സഹായിച്ചു.. അറിയാത്തതെല്ലാം പറഞ്ഞുതന്നു…
പഠിക്കണം എന്നൊരു ആഗ്രഹം എന്റെ മനസ്സിൽ ടീച്ചർ ജനിപ്പിച്ചു…

ടീച്ചറുടെ മകൻ ആനന്ദിരം മകൾ ശ്രീകുട്ടിക്കും എന്നെ അവരുടെ വീട്ടിൽ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല പലപ്പോഴും എന്നെപ്പറ്റി പല കുറ്റങ്ങളും ടീച്ചറോട് ചെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ടീച്ചർ അതൊന്നും കണക്കിൽ എടുത്തില്ല അവനും ഒരു കുട്ടിയല്ലേ ഇവിടെ കഴിഞ്ഞോട്ടെ എന്ന് പറഞ്ഞ് അവരുടെ വാദങ്ങളെല്ലാം ടീച്ചർ പാടെ തള്ളിക്കളഞ്ഞു…

രണ്ടു കൊല്ലം കഴിഞ്ഞ് ടീച്ചറുടെ ഭർത്താവ് വന്നു..
അയാൾക്കും എന്നെ ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു…

എന്റെ പേരിൽ ആ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായി… അത്യാവശ്യം അതെല്ലാം കേട്ടാൽ എനിക്ക് മനസ്സിലാകുമായിരുന്നു… പക്ഷേ ആര് എന്തു പറഞ്ഞാലും എന്നെ തള്ളിക്കളയാൻ ടീച്ചർ തയ്യാറായിരുന്നില്ല..

പക്ഷേ അതുകൊണ്ടുതന്നെ ഈ ടീച്ചറുടെ കുടുംബജീവിതം താറുമാറാകും എന്ന ഒരു അവസ്ഥ വന്നപ്പോൾ ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോയി…

അത്രയും നാളെ അവരുടെ വീട്ടിൽ നിന്നിട്ട് ഇറങ്ങിപ്പോയ എനിക്ക് എന്തെങ്കിലും അപകടം പറ്റിയാൽ അത് പ്രശ്നമാകും എന്ന് കരുതിയാവാം ടീച്ചറുടെ ഭർത്താവ് എന്നെ തേടി ഇറങ്ങിയത്…

അയാൾ എന്നെ അവിടെയുള്ള ഒരു അനാഥമന്ദിരത്തിൽ ആക്കി..

എന്നിട്ടും ടീച്ചർ ഇടയ്ക്കിടയ്ക്ക് കാണാൻ വന്നിരുന്നു പല പുസ്തകങ്ങളും എനിക്ക് വാങ്ങി തന്നു പഠിക്കണം എന്ന് നിർദ്ദേശിച്ചു…

ഇനിയും എന്നെ ടീച്ചർ ജീവിതത്തിലേക്ക് കൂട്ടിയാലോ എന്ന് ഭയപ്പെട്ടിട്ടാകും അവിടെ നിന്നും അവരുടെ ഭർത്താവ് ട്രാൻസ്ഫർ വാങ്ങിച്ച് മറ്റൊരു നാട്ടിലേക്ക് അവരെ കൊണ്ടുപോയത്…

അമ്മ എന്നുവച്ചാൽ എനിക്ക് ടീച്ചർ ആയിരുന്നു. ആ ടീച്ചറുടെ സ്നേഹത്തോടെയുള്ള കരുതൽ ആയിരുന്നു ലോകത്ത് ഞാൻ എത്രത്തോളം മറ്റാരെയും സ്നേഹിച്ചിട്ടില്ല അന്ന് വീടിന്റെ പടിയിറങ്ങിയതും ടീച്ചർക്ക് ഞാൻ കാരണം ഒരു ദുഃഖവും ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി കരുതിയതുകൊണ്ട് മാത്രമാണ്….

അതുകൊണ്ടുതന്നെ പഠിക്കണമെന്ന് ടീച്ചറുടെ വാക്ക് എനിക്ക് തള്ളിക്കളയാൻ ആയില്ല ഞാൻ പഠിച്ചു ടീച്ചർക്ക് വേണ്ടി…

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്നെ സ്പോൺസർ ചെയ്യാൻ ഒരാൾ വന്നിരുന്നു അയാൾക്കും പറയാനുണ്ട് ഇത് ഭാനുമതി ടീച്ചറുടെ കാര്യമായിരുന്നു ടീച്ചർ പറഞ്ഞിട്ടാണത്രേ എന്നെ സ്പോൺസർ ചെയ്തത്…

അകലെയാണെങ്കിലും അവിടെ ഇരുന്നു എന്റെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന ടീച്ചർ അമ്മയെ എനിക്ക് ഈ ജന്മത്തിൽ മറക്കാൻ കഴിയില്ലായിരുന്നു… എന്റെ കഴിവിന്റെ പരമാവധി പഠിച്ചു നല്ലൊരു നിലയിൽ എത്തിച്ചേരുകയും ചെയ്തു…

ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അന്വേഷിച്ചത് ടീച്ചറെ ആണ്…
പ്രായമായ ടീച്ചറെ ഞാൻ മനസ്സിൽ കണ്ട് ടീച്ചറുടെ അഡ്രസ്സ് തപ്പിപിടിച്ച് നാട്ടിലേക്ക് ചെന്നു. പക്ഷേ അറിയാൻ കഴിഞ്ഞത് ഇളയ മകൾക്ക് ഒപ്പം അമേരിക്കയിലാണ് എന്നതായിരുന്നു ടീച്ചറെ കാണാൻ കഴിയാഞ്ഞതിന്റെ സങ്കടം ഇത്തിരി ഒന്നുമല്ലായിരുന്നു എനിക്ക്…

മകനോട് ഞാൻ പഴയ അഭിഷേകാണ് എന്നും ടീച്ചറുടെ കോൺടാക്ട് നമ്പർ വേണമെന്നും പറഞ്ഞപ്പോൾ അയാൾക്ക് തരാൻ ഒരു മടി അതുകൊണ്ട് പിന്നെ ചോദിക്കാൻ നിന്നില്ല..

എന്നെങ്കിലും നാട്ടിൽ വരുമ്പോൾ കാണാം എന്ന പ്രത്യാശയിൽ ആയിരുന്നു…

ഒടുവിൽ തീരുമാനിച്ചു അവസാനമായി ഒന്ന് കാണാൻ.. ഇപ്പോൾ കാണാൻ ചെന്നാൽ ആർക്കും അവകാശം പറഞ്ഞു തന്നെ ടീച്ചർ അമ്മയെ കാണുന്നതിൽ നിന്ന് തടയാനാവില്ലല്ലോ…
അവൻ കാണാൻ ചെന്നു….

കണ്ണടച്ച് ഉറങ്ങും പോലെ കിടക്കുന്ന ടീച്ചർ അമ്മയെ മിഴി നിറഞ്ഞു കണ്ടു..
പ്രായത്തിന്റെ അവശതകൾ തളർത്തിയെങ്കിലും പണ്ടത്തെ വാത്സല്യം തുളുമ്പുന്ന മുഖം അതേപോലെ ഉണ്ടായിരുന്നു..

മക്കൾക്കൊപ്പം അല്ലെങ്കിലും അവനും ചെന്നിരുന്നു, ഒരുപിടി ബലിച്ചോർ കർമ്മംകൊണ്ട് തന്റെ അമ്മയായ അവർക്ക് നൽകാൻ….