അവളെ ഈ പടി കയറ്റില്ല എന്നത് അമ്മയുടെ തീരുമാനമായിരുന്നു എനിക്കും അത് തന്നെയായിരുന്നു തീരുമാനം…

RemasterDirector_18da6b0cf

രചന: നീതു

=========================

“” അമ്മേ ചേച്ചി ഇങ്ങോട്ട് വരട്ടെ എന്ന് ചോദിക്കുന്നു എന്താണ് ഞാൻ പറയേണ്ടത്??”””

“” ഈ പടി കയറണ്ട എന്ന് തന്നെ പറഞ്ഞോളൂ”””

എന്ന് രാജി മകൾ മാളവികയോട് പറയുമ്പോൾ ആ മുഖത്ത് മറ്റൊരു ഭാവവും ഇല്ലായിരുന്നു…
പിന്നെ അവളും കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല ഫോണിൽ അങ്ങോട്ട് വരട്ടെ എന്ന് ചോദ്യത്തിന് അവരുടെ മറുപടി കാത്തുനിൽക്കുന്ന അവളോട് മേലിൽ ഇങ്ങോട്ട് വരണ്ട എന്നാണ് അമ്മയുടെ തീരുമാനം അതിൽ ഉപരി എനിക്കും ഒന്നും പറയാനില്ല എന്ന് പറഞ്ഞ് കട്ട് ചെയ്തു…

“””” ഞാൻ ചെയ്തതല്ലേ ശരി അതിൽ തെറ്റുണ്ടോ??? “””
എന്ന് അമ്മ വീണ്ടും എന്നോട് ചോദിച്ചു..

“””‘അമ്മ ഇപ്പോൾ പറഞ്ഞത് തന്നെയാണ് ശരി… അതിൽ ഒരു തെറ്റുമില്ല പിന്നെ ഇനി അമ്മയ്ക്ക് മകളെ കാണണം എന്നൊരു ആഗ്രഹം ഉണ്ടെങ്കിൽ ഞാനായിട്ട് അതിനെതിരെ നിൽക്കേണ്ട എന്ന് കരുതി മാത്രം ചോദിച്ചതാണ്…”””

എന്നു പറഞ്ഞപ്പോഴേക്ക് അമ്മ ചേർത്ത് പിടിച്ചിരുന്നു…

അച്ഛന് അന്ന് അറ്റാക്ക് വന്ന് മരിക്കുമ്പോൾ താൻ വെറും എട്ടാം ക്ലാസിൽ എത്തിയിട്ട് ഉണ്ടായിരുന്നുള്ളൂ ചേച്ചി ഡിഗ്രി കഴിഞ്ഞിട്ടുണ്ടായിരുന്നു…. അച്ഛന് ഗവൺമെന്റ് ജോലിയായിരുന്നു അതുകൊണ്ട് തന്നെ ജോലി സ്വാഭാവികമായും അമ്മയ്ക്ക് കിട്ടും..
വെറും പത്താം ക്ലാസുകാരിയായ അമ്മയ്ക്ക് ആ ഗ്രേഡിൽ ഉള്ള ജോലി മാത്രമേ കിട്ടു അതുകൊണ്ടാണ് ബുദ്ധിപൂർവ്വം ഡിഗ്രിക്കാരി ആയ ചേച്ചിക്ക് ഈ ജോലി ആക്കി കൊടുക്കാം എന്ന് പറഞ്ഞത്…

അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞ് റെക്കോർഡ് ഉണ്ടാക്കി, ആശ്രിത നിയമനം അതുകൊണ്ടുതന്നെ ചേച്ചിക്കായി…
ജോലി കിട്ടുമ്പോൾ അമ്മ പറഞ്ഞിരുന്നു വീടുണ്ടാക്കുന്നതിന്റെ പേരിൽ അച്ഛനുണ്ടാക്കി വെച്ച ബാധ്യതകളെ പറ്റി പിഎഫിൽ നിന്ന് അച്ഛൻ ലോണെടുത്തിരുന്നു അത് തട്ടിക്കിഴിച്ച് ബാക്കി ചില്ലറ എന്തോ തുകയാണ് കിട്ടിയത്… തന്നെയുമില്ല ഹോം ലോൺ വേറെയും എടുത്തിരുന്നു… ഇത്ര പെട്ടെന്ന് ഒരു മടങ്ങൽ ഉണ്ടാകും എന്ന് അച്ഛനും കരുതി കാണില്ല….

ആ ബാധ്യതകൾ എല്ലാം തീർക്കണം എന്ന് അമ്മ ചേച്ചിയോട് പറഞ്ഞിരുന്നു അവളത് ജോലി കിട്ടും വരെ സമ്മതിച്ചതും ആണ് ജോലി കിട്ടി മൂന്നോ നാലോ മാസം അവൾ അത് അടച്ചു പക്ഷേ പിന്നീട് അവളുടെ സ്വഭാവത്തിൽ ചെറിയ മാറ്റം അവിടെ കൂടെ ജോലി ചെയ്യുന്ന ഒരാളോട് സ്നേഹത്തിലാണ് ആ വിവാഹം നടത്തി തരണം എന്നും പറഞ്ഞ് അമ്മയുടെ അരികിൽ വന്നിരുന്നു…

“””” അച്ഛൻ മരിച്ചിട്ട് വെറും ആറുമാസം അല്ലേ ആയുള്ളൂ കുറച്ചുകൂടി കഴിയട്ടെ അപ്പോഴേക്കും നമുക്ക് ഈ ബാധ്യതകളും തീരും എന്നിട്ട് പോരെ എന്ന് അമ്മ ചോദിച്ചപ്പോൾ അവൾ ബഹളം ഉണ്ടാക്കി തന്നെ ഒരു കറവപ്പശുവായിട്ടാണ് എല്ലാവരും കണ്ടിരിക്കുന്നത് എന്നെല്ലാം പറഞ്ഞു…

അമ്മയ്ക്ക് അത് സഹിക്കാൻ പറ്റിയില്ല അതുകൊണ്ടാണ് എങ്ങനെയെങ്കിലും അവളുടെ വിവാഹം നടത്തി കൊടുത്തത് അതിനുശേഷം അവൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നിട്ടേയില്ല…

പുതിയ വീട് വെച്ച് അവർ മാറി….
അച്ഛന്റെ ബാധ്യതകൾ എല്ലാം കൂടെ അമ്മയ്ക്ക് ഒറ്റയ്ക്ക് നോക്കി നടത്താൻ പറ്റാത്ത അവസ്ഥയായി കടംകയറി അതെല്ലാം ജപ്തി ചെയ്തു അഛന്റെ സ്വപ്നമായിരുന്ന വീട് ബാങ്ക് കാർ കൊണ്ടുപോയി അത് കഴിഞ്ഞ് കുറച്ചു തുക കിട്ടി അത് എന്റെ പേരിൽ ബാങ്കിലിട്ട് ഞങ്ങൾ ഒരു കുഞ്ഞു വാടക വീട്ടിലേക്ക് മാറി….

പഠിപ്പില്ലാത്ത അമ്മയ്ക്ക് അടുത്തുള്ള ഒരു സ്റ്റോറിൽ പോകേണ്ടിവന്നു… മാസം കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഞങ്ങൾ കഴിഞ്ഞുകൂടി… എത്ര ബുദ്ധിമുട്ടുണ്ടായിരിക്കും എന്റെ പേരിൽ ബാങ്കിൽ ഇട്ടിരുന്ന ആ തുക തൊടാൻ പോലും അമ്മ കൂട്ടാക്കിയില്ല..

പക്ഷേ കൂടെക്കൂടെ ഒരു ഉപദേശം തരുമായിരുന്നു പഠിക്കണം ഇനി പഠിച്ച് മാത്രമേ നമുക്ക് ജീവിതത്തിൽ ജയിക്കാൻ കഴിയൂ എന്ന് അതുകൊണ്ടുതന്നെ വാശിയായിരുന്നു ജീവിതത്തോട് എനിക്ക് കഴിയാവുന്നതിന്റെ പരമാവധി നന്നായി ഞാൻ പഠിച്ചു…

എൻട്രൻസ് എക്സാം എഴുതി മെഡിക്കൽ സീറ്റ് മെറിട്ടിൽ കിട്ടുമ്പോൾ അമ്മയുടെ മുഖത്ത് പാതി വിജയിച്ച ഭാവം ആയിരുന്നു…

പെണ്ണിന്റെ പഠിപ്പിനായി ആ തുക വിനിയോഗിക്കേണ്ടിവന്നു ഹൗസ് സർജൻസിയും കഴിഞ്ഞ്, ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ താൽക്കാലം ഡ്യൂട്ടി ഡോക്ടറായി കയറി..

തൽക്കാലം ഒന്ന് പിടിച്ചുനിൽക്കാം എന്ന അവസ്ഥയായി..
ചെറിയൊരു ലോണെടുത്ത് വീട് പണി തുടങ്ങി…
വീടുപണി പൂർത്തിയായി അത്യാവിശ്യം നിന്ന തിരിയാൻ ഉള്ളതും അമ്മയ്ക്ക് റെഡിയാക്കി കൊടുത്തിട്ടാണ് ഞാൻ ഹയർ സ്റ്റഡീസിന് പോയത് വിവാഹം അത് കഴിഞ്ഞേ ഉള്ളൂ എന്ന് തീരുമാനിച്ചിരുന്നു…
കാർഡിയോളജിയിൽ സ്പെഷ്യലൈസ് ചെയ്തു അച്ഛനെ ചികിത്സിച്ചിരുന്ന അതേ ഹോസ്പിറ്റലിൽ ഞാൻ ഡോക്ടർ ആയി കയറി..

സർവ്വ സൗഭാഗ്യങ്ങളോടും കൂടി ഞാൻ എന്റെ അമ്മയെ നോക്കി അപ്പോഴാണ് അറിഞ്ഞത് ചേച്ചിയുടെ ജോലി എന്തോ നിയമത്തിന്റെ പ്രശ്നത്തിൽ കുറെ മുന്നേ തന്നെ നഷ്ടപ്പെട്ടിരുന്നു എന്ന്….
കുറെ കേസ് നടത്തിയാൽ ചിലപ്പോൾ ആ ജോലി തിരിച്ചു കിട്ടുമായിരിക്കും ഒപ്പം ശമ്പളം കുടിശ്ശികയും പക്ഷേ അതിനെല്ലാം ഒരുപാട് പൈസ ചെലവാകും….
സ്നേഹിച്ച് കണ്ടുപിടിച്ച ആളും ഇട്ടിട്ടു പോയി..

ഇപ്പോ ഒരു വാടകവീട്ടിലാണ് എന്ന്… അവളുടെയും കൂടി സമ്പാദ്യം കൊണ്ട് വച്ച വീട് അയാളുടെ പേരിലായിരുന്നു അത് അയാൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് പൈസയും കൊണ്ട് പോയി അവൾക്ക് ഒന്നും കൊടുക്കാതെ…. കുഞ്ഞുങ്ങളും ഇല്ലായിരുന്നു ആ ബന്ധത്തിൽ..

ഞങ്ങളെ കണ്ടുപിടിച്ച് ആരോടും മധ്യസ്ഥത്തിന് പറഞ്ഞയച്ചിരുന്നു അവളെ കൂടി ഞങ്ങളുടെ കൂടെ കൂട്ടണം എന്ന് പറഞ്ഞ്..

അവളെ ഈ പടി കയറ്റില്ല എന്നത് അമ്മയുടെ തീരുമാനമായിരുന്നു എനിക്കും അത് തന്നെയായിരുന്നു തീരുമാനം…

കാരണം ഞങ്ങൾ ജീവിതത്തിൽ അത്രമേൽ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സങ്കടപ്പെട്ടിട്ടുണ്ടെങ്കിൽ അതെല്ലാം അവൾ കാരണമായിരുന്നു ശരിക്കും അമ്മയ്ക്ക് ആ ജോലി നേടിയെടുത്താൽ ഞങ്ങൾ രണ്ടു മക്കളെയും ഒരുപോലെ അമ്മ നോക്കിയേനെ. പക്ഷേ അത് വേണ്ട കുറച്ചുകൂടി മെച്ചപ്പെട്ട ജോലി അവൾക്ക് കിട്ടുമല്ലോ എന്ന് കരുതിയാണ് അവളുടെ പേരിൽ അമ്മ ജോലി കൊടുത്തത് പക്ഷേ അവൾ അതും കിട്ടിയപ്പോൾ സ്വന്തം കാര്യം മാത്രം നോക്കി പോയി അതിന് ദൈവം ആയിട്ട് കൊടുത്ത ശിക്ഷയാണ് ഇപ്പോൾ ഇത്…

വാടകയ്ക്ക് കൊടുക്കാനും എന്റെ പഠിത്തത്തിനുമായി പണം തികയാതെ എത്രയോ രാത്രികളിൽ ഉറങ്ങാതെ കരയുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട് പലപ്പോഴും ഞാൻ ചേച്ചിയോട് പോയി സഹായം ചോദിക്കട്ടെ എന്ന് പറയുമ്പോൾ ദേഷ്യപ്പെടുന്ന അമ്മ അതിനേക്കാൾ നല്ലത് നമുക്ക് വല്ല വിഷവും വാങ്ങി കഴിക്കാം എന്ന് പറഞ്ഞ് എന്റെയുള്ളിൽ ജീവിതത്തോട് വാശി കേറ്റുന്ന അമ്മ….

ആ അമ്മ ജീവിതത്തിൽ തോറ്റുപോയിട്ടുള്ളത് അച്ഛൻ മരിച്ചപ്പോൾ മാത്രമാണ്..പിന്നീട് ഒക്കെയും, പട്ടിണിയാണെങ്കിൽ പോലും തല ഉയർത്തിപ്പിടിച്ച് തന്നെ അമ്മ നിന്നു…

അതുകൊണ്ടാവാം ആ മനസ്സ് വേദനിപ്പിച്ചവരെല്ലാം കാൽക്കീഴിലേക്ക് ഇങ്ങോട്ട് വന്നത്..
അമ്മയുടെ മനസ്സ് ഒട്ടും അലിഞ്ഞില്ല പക്ഷേ പിന്നീട് അവൾ ഒരു അബദ്ധം കാണിച്ചു ജീവനൊടുക്കാൻ വേണ്ടി കൈയിലെ ഞരമ്പ് മുറിച്ചു..

ആരോഗ്യണ്ട് അവളെ ആശുപത്രിയിൽ എത്തിച്ചു ഞങ്ങളോട് വിവരവും പറഞ്ഞു…
ഞാനും അമ്മയും കൂടി അവൾ കിടക്കുന്ന ആശുപത്രിയിലേക്ക് പോയി..
അവളെ ഡിസ്ചാർജ് ആയപ്പോൾ വീട്ടിലേക്ക് കൊണ്ടുവന്നു. അങ്ങോട്ടേക്ക് കാലെടുത്തു വയ്ക്കുന്നതിനു മുമ്പ് അമ്മ അവളോട് പറഞ്ഞിരുന്നു ഒരു അമ്മ മകൾ ബന്ധം എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്…

അപരിചിതയായ നിന്നെ ഏതോ ഒരു മനുഷ്യത്വത്തിന്റെ പേരിൽ ഞാൻ ഇപ്പോൾ ഇവിടേക്ക് കൊണ്ടുവന്നു എന്ന് മാത്രം മൂന്നുനേരം ഭക്ഷണം തരും ഉടുക്കാൻ വസ്ത്രവും… അതും സ്വീകരിച്ച് ഇവിടെ എവിടെ വേണമെങ്കിലും നിനക്ക് കഴിയാം.. അതിൽ കൂടുതൽ മറ്റൊന്നും ഇവിടെ നിന്ന് കിട്ടില്ല… എന്ന്…

അതും പറഞ്ഞ് അകത്തേക്ക് കയറിപ്പോയ അമ്മയുടെ മുഖത്ത് വല്ലാത്തൊരു വിജയഭാവം ഉണ്ടായിരുന്നു..

ചോര ചിന്താതെയും ജീവിതത്തിൽ ഇങ്ങനെയും പടവെട്ടി ജയിക്കാം എന്ന് ഞാൻ അപ്പോൾ മനസ്സിലാക്കുകയായിരുന്നു…..