താനും ഒരുകാലത്ത് അങ്ങനെയായിരുന്നില്ലേ അപ്പൻ വരുന്നത് നോക്കി ഉമ്മർത്തു തന്നെ ഇരുന്നിരുന്നില്ലേ…

രചന: നീതു

:::::::::::::::

“””ദേ നിങ്ങടെ അപ്പൻ ഇന്നിവിടെ വന്നിരുന്നു!!! ജയിലിലെ നല്ല നടപ്പ് കാരണം അങ്ങേരുടെ ശിക്ഷയുടെ കാലാവധി വെട്ടിക്കുറച്ചത്രേ….”””

അതു പറഞ്ഞപ്പോൾ അവളെ കലിയോടെ നോക്കി ജസ്റ്റിൻ…

“””” ഇപ്പോൾ ജയിലിൽ നിന്ന് ഇറങ്ങി ന്ന്.. ആദ്യം കാണാൻ തോന്നിയത് നിങ്ങളെ ആണത്രേ. അതാ ഇങ്ങോട്ടേക്ക് പോന്നേ. നിങ്ങൾ എപ്പോ വരും എന്ന് ചോദിച്ചപ്പോൾ ഇരുട്ടും എന്ന് പറഞ്ഞതുകൊണ്ടാണ് ഇവിടെ നിന്ന് ഇറങ്ങിയത്.. നിർബന്ധിച്ചപ്പോൾ ഒരു ഗ്ലാസ് ചായ കുടിച്ചു …. “”””

“”” എന്തേ ചായ മാത്രമാക്കിയത് വല്ല ബീഫോ ചിക്കനോ വാങ്ങി ഒരു ഊണും കൊടുക്കായിരുന്നില്ലേ??!”

എന്ന് ജസ്റ്റിൻ ചോദിച്ചപ്പോൾ കെറുവിച്ച് അകത്തേക്ക് പോയി സോന…

അയാൾക്ക് ആകെ എരിഞ്ഞു കയറുന്നുണ്ടായിരുന്നു. എന്തുവേണം എന്നുപോലും അറിയാത്ത ഒരു അവസ്ഥ അതുകൊണ്ടാണ് നേരെ കള്ള് ഷാപ്പിലേക്ക് വച്ച് പിടിച്ചത്..

“”” ദേ മനുഷ്യ…. നാളെ കൊച്ചിന്റെ പിറന്നാളാണ് എന്തേലും പച്ചക്കറിയോ മറ്റോ വാങ്ങിത്തന്ന എന്തേലും വച്ച് ഉണ്ടാക്കാം…. “””

എന്നവൾ പുറകിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു അതെ!!! നാളെ പാച്ചു കുട്ടന് രണ്ടു വയസ്സ് തികയും അതോർത്തപ്പോൾ, ഉള്ളിൽ ഒരു തണുപ്പ് വീണു വേഗം അയാൾ കവലയിലേക്ക് നടന്നു..

“””ജോയ്ചേട്ടായി ഇറങ്ങിയല്ലോ?? നിന്റടുക്കൽ വന്നില്ലിയോ??””

കവലയിൽ നിന്ന് ആരോ ചോദിച്ചതും നേരത്തെ നിറഞ്ഞു നിന്നിരുന്ന ഭാവം വീണ്ടും അവനിൽ ഉടലെടുത്തു അതുകൊണ്ടാണ് അതിനൊന്നും മറുപടി പറയാതെ നേരെ ആദ്യം വിചാരിച്ചെടത്തേക്ക് തന്നെ പോയത് രണ്ട് മുഴുവൻ കുപ്പി കുടിച്ചുതീർത്തപ്പോൾ ഇത്തിരി ആശ്വാസം തോന്നി…

എങ്കിലും പാച്ചുവിന്റെ പിറന്നാൾ മറന്നിട്ടില്ലായിരുന്നു അതുകൊണ്ടുതന്നെ നാളേക്ക് ആവശ്യമുള്ളതും വാങ്ങി കയ്യിൽ പിടിച്ച് വീട്ടിലേക്ക് നടന്നു…
ഒപ്പം അവനിഷ്ടപ്പെട്ട കടലമിട്ടായിയും വാങ്ങിയിരുന്നു…

എത്ര ഉറക്കം വന്നാലും ഉറങ്ങില്ല ചെക്കൻ!!! സോനയുടെ മടിയിൽ തൂങ്ങിപ്പിടിച്ച് ഇരിക്കുന്നുണ്ടാകും വരുന്നതുവരെ…

താനും ഒരുകാലത്ത് അങ്ങനെയായിരുന്നില്ലേ അപ്പൻ വരുന്നത് നോക്കി ഉമ്മർത്തു തന്നെ ഇരുന്നിരുന്നില്ലേ????

എന്നാണ് അതെല്ലാം മാറിയത് തന്റെ ജീവിതം അത്രമേൽ ദുരിത പൂർണ്ണമായത്!!!!

ഓർക്കുന്തോറും പ്രാന്ത് പിടിക്കുന്നതുപോലെ തോന്നി ജസ്റ്റിന്…

അച്ഛനും അമ്മയും താനും ഉള്ള ജീവിതം സന്തോഷകരമായിരുന്നു.. ഒരു കുഞ്ഞു വീട്ടിൽ സ്വർഗം തന്നെയായിരുന്നു..

അമ്മ ഞങ്ങളുടെ കാര്യങ്ങൾ എല്ലാം യഥാവിധി നോക്കും.. അച്ഛൻ ജോലിക്ക് പോകും വൈകുന്നേരം വരുമ്പോൾ ഞങ്ങൾക്കായി എന്തെങ്കിലും ഉണ്ടാകും അതിന് കാത്ത് ഞാനും അമ്മയും പടിക്കൽ തന്നെ ഇരിക്കും…

അതൊരു ജീരക മിട്ടായി ആണെങ്കിൽ പോലും കയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷം വലുതായിരുന്നു..

അച്ഛൻ മറ്റുള്ള ആളുകളെ പോലെ എന്നും മദ്യപിക്കുന്ന ആൾ ഒന്നു ആയിരുന്നില്ല… പക്ഷേ എല്ലാ ഞായറാഴ്ചയും ജോലിയില്ലാത്ത അന്ന് മദ്യപിക്കുമായിരുന്നു അതും അമ്മയുടെ സമ്മതത്തോടെ വീട്ടിലിരുന്ന്..

കട്ടൻ ചായ പോലുള്ള വെള്ളം ഒരു കുപ്പിയിൽ ഉണ്ടാകും അത് ചെറിയ ഗ്ലാസിലേക്ക് ഒഴിച്ച് അമ്മ കൊണ്ടുവച്ച പച്ചവെള്ളം അതിന്റെ മേലെ ഒഴിക്കും..

എന്നിട്ട് എന്റെ മുഖത്ത് നോക്കി ഒന്ന് കണ്ണ് ചിമ്മി ഒറ്റ വലിക്ക് കുടിക്കും…
ചിരിയോടെ എന്നെയും ചേർത്ത് പിടിച്ച് അമ്മ അവിടെ ഇരിക്കുന്നുണ്ടാകും… അതിനൊപ്പം വെച്ച മിച്ചർ പകുതിമുക്കാലും കാലിയാക്കുന്നത് ഞാനാണ്…
കുറച്ചുകഴിഞ്ഞാൽ പിന്നെ എന്നോടും അമ്മയോടും വലിയ സ്നേഹമാണ് ഞങ്ങളെ സിനിമ കാണിക്കാൻ കൊണ്ടുപോകും എന്തുവേണമെങ്കിലും വാങ്ങിത്തരും…
സ്വർഗ്ഗത്തിൽ എന്നതുപോലെ കുറെ നാളുകൾ …
എല്ലാം മാറിയത് പെട്ടെന്നാണ് അമ്മ ഞങ്ങളോട് പിന്നെ അധികം സംസാരിക്കാതെയായി.. എന്റെ കാര്യങ്ങൾ ഒന്നും നോക്കാതെയായി..
വീട്ടിലെ താളം തെറ്റി ക്രമേണ സന്തോഷം മാത്രം നിറഞ്ഞു നിന്ന വീട്ടിൽ അസ്വസ്ഥത മാത്രം ഇടം നേടി….
അച്ഛൻ പിന്നീട് എന്നും കുടിച്ചു വരുന്നതിന്റെ കാരണം അച്ഛനും അമ്മയും തമ്മിൽ വൈകിയിട്ടുണ്ടാകുന്ന വഴക്കിന്റെ കാരണമോ ഒന്നും ആറു വയസ്സുകാരന് മനസ്സിലായില്ല…..

പക്ഷേ അവൻ പ്രാർത്ഥിച്ചിരുന്നു ആത്മാർത്ഥമായി പഴയതുപോലെ അവന്റെ വീട് സ്വർഗ്ഗമാക്കി തീർക്കാൻ…
ഒരിക്കൽ എല്ലാം അവസാനിക്കും അന്ന് എല്ലാം പഴയത് പോലെയാകും എന്നെല്ലാം അവൻ ഉറക്കെ വിശ്വസിച്ചു പക്ഷേ അത് ഉണ്ടായില്ല ഉണ്ടായത് മറ്റൊന്നാണ് , സ്കൂൾ വിട്ടുവന്നതും കണ്ടത് അച്ഛനെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നതാണ് അകത്ത് അമ്മ ചോരയിൽ കുളിച്ച് കിടക്കുന്നുണ്ട്…

ഒപ്പം മറ്റൊരാൾക്കും വെട്ടേറ്റിരുന്നു ഞങ്ങളുടെ തൊട്ട് അയൽവാസിയായ, രാജേഷ് ചേട്ടന്…
പലരും രണ്ടു പക്ഷം പറയുന്നത് കേട്ടു..
ജോയ് വന്നപ്പോൾ ആ പെണ്ണിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടിട്ടാണ് എന്ന്!!!

കുറെ നാളായി അച്ഛന് ഈ കാര്യത്തിൽ സംശയമുണ്ടായിരുന്നു.. കുടുംബത്തിൽ ഉണ്ടായിരുന്ന താളപ്പിഴക്കും കാരണം അത് തന്നെയായിരുന്നു….

പോലീസ് ജീപ്പിലേക്ക് കയറുമ്പോൾ കണ്ണ് നിറച്ച് അച്ഛൻ എന്നെ ഒന്ന് നോക്കിയിരുന്നു….
ഒന്നും മനസ്സിലാകാതെ ഞാൻ അച്ഛനെയും അമ്മയുടെ ആങ്ങള വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. അച്ഛനാണ് നിന്റെ അമ്മയെ കൊന്നത് എന്ന് പറഞ്ഞു എന്റെ മനസ്സിൽ അച്ഛനോടുള്ള വിദ്വേഷം നിറച്ചു വച്ചു..

അതിൽ പിന്നെ ഒരിക്കൽ അച്ഛൻ പരോളിൽ ഇറങ്ങി എന്നെ കാണാൻ വന്നിരുന്നു പക്ഷേ അച്ഛനെ ഒന്ന് കാണാനോ സംസാരിക്കാനോ ഞാൻ സമ്മതിച്ചില്ല അമ്മാവന്റെ വീടിന്റെ അകത്തു കയറി വാതിൽ അടച്ചു…
പിന്നീട് അച്ഛൻ പരോളി ഇറങ്ങിയിട്ടേയില്ല ഇപ്പോൾ അച്ഛന്റെ ശിക്ഷാ കാലാവധി കഴിഞ്ഞ് ഇറങ്ങിയതാണ്..

അമ്മായിക്ക് എന്നെ കണ്ണിന് നേരെ കണ്ടുടായിരുന്നു ശരിക്കും ആ വീട്ടിലെ ഒരു വേലക്കാരനെക്കാൾ താഴ്ന്ന സ്ഥാനമാണ് കിട്ടിക്കൊണ്ടിരുന്നത് ഒരു വറ്റുപോലും ഇറക്കണമെങ്കിൽ അവരുടെ കുത്തുവാക്ക് കേൾക്കണം അങ്ങനെയാണ് സ്കൂളിൽ പോക്ക് നിർത്തി പണിക്ക് പോകാൻ തുടങ്ങിയത്…

കിട്ടുന്ന കൂലി പോലും അവർ കണക്ക് പറഞ്ഞ വാങ്ങാൻ തുടങ്ങി അതിൽ പിന്നെ ശരിയാവില്ല എന്ന് കരുതിയാണ് വാടകയ്ക്ക് ഒരു ചെറിയ വീട് എടുത്ത് അങ്ങോട്ട് മാറിയത്…

ഒപ്പം സ്നേഹിച്ച പെണ്ണിനെ കൂടെ കൂട്ടി..
ഒരു കൺസ്ട്രക്ഷൻ സൈറ്റിന് അടുത്ത് ഉള്ള വീട്ടിലെ ആയിരുന്നു… രണ്ടാനച്ഛൻ ഉപദ്രവിക്കുന്നത് കണ്ടു കേറി ചെന്നതാണ്… അതോടെ ഞങ്ങൾക്ക് രണ്ടുപേർക്കും അവിഹിതം പറഞ്ഞു പരുത്തി അയാൾ എങ്കിൽ പിന്നെ അവളെ തന്നെ അങ്ങ് കൂടെ കൂട്ടാം എന്ന് കരുതി…

“””‘ ദേ നിങ്ങൾ എന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടണേ… അപ്പന് നിങ്ങളോട് എന്തൊക്കെയോ സംസാരിക്കാനുണ്ടെന്ന്!!! ഒന്നു പോയി കേൾക്കരുതോ എന്തൊക്കെയാ പറയാനുള്ളത് എന്ന്!!!”””

അവളോട് അപ്പോൾ ദേഷ്യപ്പെട്ടെങ്കിലും, എന്താവും എന്നോട് പറയാനുണ്ടാവുക എന്ന് എനിക്കും ഒരു ജിജ്ഞാസ തോന്നിയിരുന്നു പക്ഷേ അങ്ങോട്ട് പോയി കാണാൻ തോന്നിയില്ല അങ്ങനെയാണ് ഞാൻ ജോലി ചെയ്യുന്ന ഇടത്തേക്ക് അച്ഛൻ വന്നത്…

“”” പൊന്നുപോലെ സ്നേഹിച്ച ഭാര്യ തന്നെ മറന്ന് മറ്റൊരുത്തന് വാതിൽ തുറന്നു കൊടുത്താൽ, അത് കണ്ടുകൊണ്ട് വന്ന ഞാൻ പിന്നെ എന്തുചെയ്യണമായിരുന്നു എന്ന് ചോദിച്ചപ്പോൾ എനിക്ക് മറുപടി ഇല്ലായിരുന്നു…

ചെയ്തത് നിയമപരമായി തെറ്റാണ് പക്ഷേ ഞാൻ വെറുതെ അച്ഛന്റെ ഭാഗത്തുനിന്ന് ചിന്തിച്ചുനോക്കി എത്രത്തോളം സ്നേഹമുണ്ടോ, അത്രത്തോളം ദേഷ്യവും കൂടും….
ഒരുപക്ഷേ ആ മനുഷ്യൻ ആത്മാർത്ഥമായി സ്നേഹിച്ചത് മനസ്സിലാക്കാതെ അദ്ദേഹത്തെ ചതിച്ചതുകൊണ്ടാവാം അങ്ങനെ പെരുമാറിയത്!!!

പക്ഷേ ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ് എങ്കിലും ഒരു നിമിഷത്തെ അബദ്ധം, അതുതന്നെയാണ് അത്…

എല്ലാം എന്നോട് പറയണം എന്റെ മനസ്സിൽ അച്ഛനോട് വല്ല ദേഷ്യവും ഉണ്ടെങ്കിൽ അത് മായിച്ചു കളയണം എന്ന് മാത്രമേ അച്ഛൻ ഉദ്ദേശിച്ചിരുന്നുള്ളൂ…

ഞാനൊന്നും മിണ്ടിയില്ല പക്ഷേ വീട്ടിൽ വന്നതിനുശേഷം എന്തോ ഒരു വല്ലായ്മ ഞാൻ ഇപ്പോൾ വരാം എന്ന് അവളോട് പറഞ്ഞ ഇറങ്ങി നടന്നു കടത്തിണ്ണയിൽ കിടക്കുന്നുണ്ടായിരുന്നു….

“””ബാ വീട്ടിലേക്ക് പോകാം!!””

എന്നുപറഞ്ഞ് വിളിച്ചു!!!

എന്നെ ഒന്ന് നോക്കി അച്ഛൻ എന്റേ കൂടെ പോന്നു…

ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല പക്ഷേ എന്റെ മനസ്സാക്ഷിയുടെ കോടതിയിൽ ഇത് ശരിയായിരുന്നു….