രചന: ശ്രേയ
::::::::::::::
“നമുക്കെല്ലാവർക്കും കൂടി ഇന്നൊരു സിനിമയ്ക്ക് പോയാലോ..? എല്ലാവരും കൂടിയുള്ള അപൂർവ്വം അവസരങ്ങളിൽ ഒന്നല്ലേ… ഇനി പോയാൽ എപ്പോഴാണ് എല്ലാവരും കൂടി ഒന്നിച്ചു കൂടുക..?”
അടുത്ത ഒരു ബന്ധുവിന്റെ വിവാഹത്തിന് വന്നതാണ് മക്കളും മരുമക്കളും എല്ലാവരും. വിവാഹത്തിന്റെ സദ്യ കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴാണ് മോൻ ഇങ്ങനെയൊരു അഭിപ്രായം മുന്നിലേക്ക് വയ്ക്കുന്നത്.
കാര്യം ശരിയാണ് ഇപ്പോൾ എല്ലാവരും പല വഴിക്ക് പിരിഞ്ഞു പോയാൽ ഇനി എപ്പോഴാണ് കാണുക എന്നത് അറിയാൻ പറ്റില്ല.
ആ അഭിപ്രായം നല്ലതായി എല്ലാവർക്കും തോന്നി.
“എന്നാൽ പിന്നെ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യട്ടെ..?”
ആവേശത്തോടെ അവൻ ചോദിച്ചപ്പോൾ എല്ലാവരും സമ്മതമറിയിച്ചു.
” അമ്മയും അച്ഛനും വരുന്നുണ്ടല്ലോ അല്ലേ..?”
മോൻ ഒരിക്കൽ കൂടി ചോദിച്ചു. എനിക്കറിയേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു..
ആ മുഖത്തെ ചിരി കണ്ടപ്പോൾ സമ്മതം തന്നെയാകും എന്ന് ഊഹിച്ചു. അതോടെ സിനിമയ്ക്ക് പോകാൻ തീരുമാനമായി.
“എത്ര വർഷങ്ങളായി താൻ ആഗ്രഹിക്കുന്നതാണ് ഒരു സിനിമ കാണാൻ.. കല്യാണം കഴിഞ്ഞ് ആദ്യസമയത്ത് ഒരിക്കൽ തീയറ്ററിൽ പോയിട്ടുള്ളതാണ്..അതിനു ശേഷം അങ്ങനെയൊരു അവസരം തനിക്ക് കിട്ടിയിട്ടില്ല. അന്ന് ഇന്നത്തെ കാലമൊന്നുമല്ലല്ലോ..
ഇന്ന് സ്വന്തം ഇഷ്ടവും താല്പര്യവും മാത്രം നോക്കി ജീവിക്കുന്ന പെൺകുട്ടികൾക്ക് അറിയില്ലല്ലോ അന്ന് ഭർത്താവിന്റെയും കുടുംബത്തിലുള്ള ഓരോരുത്തരുടെയും അഭിപ്രായങ്ങൾ നോക്കി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ഒരുകൂട്ടം സ്ത്രീകളുടെ കഥ..
ഓരോന്നോർത്തു കൊണ്ട് അവർ വേഗത്തിൽ തയ്യാറായി.രണ്ടു കാറുകളിലായിട്ടായിരുന്നു തിയേറ്ററിലേക്കുള്ള യാത്ര.
അതിനിടയിൽ കുട്ടികൾക്കുള്ള കുറുക്കും അവർക്ക് കഴിക്കാനുള്ള സ്നാക്സും ഒക്കെ അവർ തയ്യാറാക്കി വെച്ചിരുന്നു.
” അമ്മേ കുഞ്ഞിക്കുള്ള കുറുക്ക് എടുത്തല്ലോ അല്ലേ..? “
കാറിൽ കയറിയിരുന്ന് യാത്ര പുറപ്പെടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പാണ് മകൾ അത് അന്വേഷിക്കുന്നത്.
“ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്..”
അവർ ചിരിയോടെ തലയാട്ടിക്കൊണ്ട് മറുപടി പറഞ്ഞു.
അത് കേട്ടപ്പോൾ മകൾ പുഞ്ചിരിച്ചു കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു.
തിയേറ്ററിലെത്തിയപ്പോൾ തന്നെ കണ്ടു ഒരു നീണ്ട നിര.. ടിക്കറ്റ് എടുക്കാനായി ഒരുപാട് ആളുകൾ ക്യൂ നിൽപ്പുണ്ട്.
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തു കൊണ്ട് തന്നെ ക്യൂ നിൽക്കേണ്ട ആവശ്യം വന്നില്ല. കൗണ്ടറിൽ കൊണ്ട് ചെന്ന് കാണിച്ച് എന്തൊക്കെയോ പറഞ്ഞു മകൻ ടിക്കറ്റുമായി വരുന്നത് കണ്ടു.
വേഗം തന്നെ അകത്തേക്ക് കയറാനുമായി.
മോനും ഭാര്യയും അവനു ശേഷം മകളും ഭർത്താവും അവർക്കപ്പുറം അവരുടെ അച്ഛനും കുട്ടികളും ഏറ്റവും ഒടുവിൽ താനും.. അതായിരുന്നു ക്രമം.
വലിയ സ്ക്രീനിൽ ഓരോന്ന് എഴുതി കാണിക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. എത്ര കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു അനുഭവം..
പണ്ട് താൻ തിയേറ്ററിൽ സിനിമ കാണുമ്പോൾ ഇങ്ങനെ ഒരു അവസ്ഥ ആയിരുന്നില്ല തീയറ്ററിൽ.. ചാരിയിരിക്കുന്ന കുഷ്യൻ ഉള്ള സീറ്റുകൾ ഒക്കെ ഇപ്പോൾ വന്നതാണെന്ന് തോന്നുന്നു..!
ആശ്ചര്യത്തോടെ ചിന്തിച്ചു കൊണ്ട് സ്ക്രീനിലേക്ക് കണ്ണ് നട്ടു.
സിനിമ തുടങ്ങാനുള്ള സമയം ആയപ്പോഴാണ് മകളുടെ മൂത്ത കുട്ടി വിളിക്കുന്നത്.
“അമ്മമ്മ… വെള്ളം വേണം…”
ഉടനെ തന്നെ കൊണ്ടുവന്ന ബാഗിൽ നിന്ന് വെള്ളം പകർത്തി കുഞ്ഞിന് കൊടുത്തു.സിനിമ തുടങ്ങി കുറച്ചു കഴിയുന്നതിനു മുൻപ് തന്നെ മടിയിലിരുന്ന് മകന്റെ കുട്ടി കരഞ്ഞു തുടങ്ങി.
ഒരുപക്ഷേ തിയേറ്ററിലെ അന്തരീക്ഷം അവനു പുതിയതായതു കൊണ്ട് ആയിരിക്കണം.
” മറ്റുള്ള ആൾക്കാരെയും കൂടി ബുദ്ധിമുട്ടിക്കാതെ അമ്മ അവനെയും എടുത്ത് പുറത്തേക്ക് പോയേ… “
മകൻ അടക്കം പറഞ്ഞു. വേഗം തന്നെ കുഞ്ഞിനെയും കൊണ്ട് സീറ്റിൽ നിന്ന് എഴുന്നേറ്റു.
” ആ കുറുക്കും കൂടി എടുത്തിട്ട് പൊ… അല്ലാതെ ഇനി അതുകൊണ്ട് ആര് പുറത്തേയ്ക്ക് വരാനാ..? “
മകൾ പറഞ്ഞപ്പോൾ വേഗം തന്നെ സീറ്റിൽ ഇരുന്ന ബാഗും കയ്യിലെടുത്തു. അപ്പോഴും കയ്യിലിരുന്ന് കൊണ്ട് കുഞ്ഞു കരയുന്നുണ്ട്.
അവനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ണ് നിറഞ്ഞത് ആരും കാണാതിരിക്കാൻ ശ്രദ്ധിച്ചു.
തിയേറ്ററിന് പുറത്തേക്ക് എത്തിക്കഴിഞ്ഞപ്പോൾ അവിടെ വാതിലിന്റെ അടുത്ത് നിൽക്കുന്ന ചെറുപ്പക്കാരൻ തന്നെ നോക്കുന്നുണ്ടായിരുന്നു.
” എന്തുപറ്റി മോൻ സിനിമ കാണാൻ സമ്മതിക്കുന്നില്ലേ..? “
അവൻ സഹതാപത്തോടെ ചോദിച്ചു.
” ഹാ.. എനിക്ക് അതിനകത്തു ഇരുന്നിട്ട് തല വേദന എടുക്കുന്നു.. അപ്പോഴാ ഇവൻ കരഞ്ഞത്.. അതുകൊണ്ട് അവനെയും കൊണ്ട് പുറത്തേക്കിറങ്ങിയതാണ്..”
ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കാതെ അവർ മറുപടി പറഞ്ഞു.
പിന്നെ ആളൊഴിഞ്ഞ ഒരു കോണിൽ ഒരു സീറ്റിലേക്ക് ഇരുന്നുകൊണ്ട് കുഞ്ഞിന് കുറുക്ക് കൊടുക്കാൻ തുടങ്ങി.
കുറുക്ക് കൊടുത്തു കഴിഞ്ഞ് അവനെ എടുത്ത് രണ്ട് ചാൽ നടന്നു കഴിഞ്ഞപ്പോഴേക്കും അവൻ ഉറങ്ങി.എങ്കിലും പിന്നീട് അകത്തേക്ക് കയറാൻ ഒരുങ്ങിയില്ല.
ഇനി അഥവാ അങ്ങോട്ടേക്ക് കയറിച്ചെന്നു കഴിയുമ്പോൾ അവൻ വീണ്ടും ഉണർന്നു കരഞ്ഞാൽ മകന്റെയും മരുമകളുടെയും ഒക്കെ ദുർമുഖം കാണേണ്ടി വരും.
കുഞ്ഞിനെയും ചേർത്തു പിടിച്ചു കൊണ്ട് ഒരു കസേരയിലേക്ക് ഇരുന്നു. അപ്പോഴേക്കും ഇന്റർവെല്ലിനുള്ള സമയമായെന്ന് തോന്നുന്നു.
ഓരോരുത്തരായി ഇറങ്ങി വന്ന് ഓരോ സാധനങ്ങൾ വാങ്ങി പോകുന്നത് കാണുന്നുണ്ട്. ആ കൂട്ടത്തിൽ എവിടെയെങ്കിലും തന്റെ മകനും കുടുംബവും ഉണ്ടോ എന്ന് ആർത്തിയോടെ ആ കണ്ണുകൾ തിരഞ്ഞു.
അപ്പോഴാണ് തന്റെ അടുത്തേക്ക് വരുന്ന ഭർത്താവിനെ അവർ കാണുന്നത്. അയാളെ കണ്ടപ്പോൾ അറിയാതെ ഒരു സങ്കടം വന്നു മൂടിയെങ്കിലും അത് ഒളിപ്പിച്ചു വെച്ചു കൊണ്ട് പുഞ്ചിരിച്ചു.
“കുട്ടി ഉറങ്ങിയോ..?”
അയാൾ അന്വേഷിച്ചു.
“ആ ഉറങ്ങി.. വാശിയും കരച്ചിലും ഒക്കെ ആയിരുന്നു.. കുറുക്ക് കഴിച്ചു കഴിഞ്ഞപ്പോൾ അവന്റെ വിശപ്പു മാറി. അങ്ങനെയാണ് അവൻ ഉറങ്ങിയത്.”
അവർ സംസാരിച്ചു നിൽക്കുന്നതിനിടയിൽ തന്നെ മകൾ കുഞ്ഞുങ്ങളെയും കൊണ്ട് അടുത്തേക്ക് വരുന്നത് കണ്ടു.
“നിങ്ങൾ രണ്ടാളും കൂടി ഇവിടെ നിൽക്കുകയാണോ..? “
അവൾ അന്വേഷിച്ചപ്പോൾ അവർ രണ്ടാളും അവളെ നോക്കി.
“അമ്മ എന്തായാലും ഇവനെയും കൊണ്ട് പുറത്തിരിക്കുകയല്ലേ..? അപ്പോ പിന്നെ ഇവരും ഇവിടെ തന്നെ ഇരിക്കട്ടെ… അകത്തിരുന്നിട്ട് അവർ ഞങ്ങളെ സിനിമ കാണാൻ സമ്മതിക്കുന്നില്ല..”
മകൾ വന്ന് പറഞ്ഞപ്പോൾ അവരുടെ തൊണ്ടയിൽ ഒരു കരച്ചിൽ കുടുങ്ങി.
കുട്ടികളെ നോക്കാൻ വേണ്ടിയാണോ തന്നെയും കൂടെ കൊണ്ടുവന്നത് എന്ന ചോദ്യം അവരുടെ ഉള്ളിൽ ആർത്തലച്ചു വരുന്നുണ്ടായിരുന്നു.
” നീയൊന്ന് നിന്നെ.. “
അച്ഛൻ പിന്നിൽ നിന്ന് വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നിന്നു.
” നിന്റെയൊക്കെ കുട്ടികളെ നോക്കാൻ വയ്യാതെ അവരെ നോക്കാൻ വേണ്ടിയാണോ ഇവളെയും കൂടി കെട്ടിവലിച്ചു ഇവിടെ വരെ കൊണ്ടുവന്നത്.? അവൾക്ക് പ്രായം 25 അല്ല.. മൂന്നു കുട്ടികളുടെയും പിന്നാലെ ഓടാനുള്ള ആരോഗ്യവും അവൾക്ക് ഇപ്പോഴില്ല.. നിങ്ങളുടെ കുട്ടികളെ നോക്കാൻ വയ്യായിരുന്നെങ്കിൽ ഇങ്ങനെ സിനിമയ്ക്ക് വരേണ്ട കാര്യമുണ്ടായിരുന്നില്ല. “
അച്ഛന്റെ ശബ്ദത്തിലെ ഗൗരവം മനസ്സിലായപ്പോൾ അവൾ ഒന്നു പരുങ്ങി. അവർക്കിടയിൽ എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നിയതുകൊണ്ട് ആയിരിക്കണം ദൂരെ നിന്ന മകനും മരുമകളും മരുമകനും കൂടി അടുത്തേക്ക് വന്നത്.
“എന്താ അച്ഛാ…എന്താ..?”
അച്ഛന്റെ ദേഷ്യത്തിലുള്ള മുഖം കണ്ടപ്പോൾ മകൻ അന്വേഷിച്ചു.
” നിങ്ങൾ വളരെ കാര്യമായി സിനിമയ്ക്ക് പോകാം എന്നു പറഞ്ഞു വിളിച്ചപ്പോൾ ഇവൾ എന്ത് പ്രതീക്ഷയോടെ ആയിരിക്കും നിങ്ങളുടെ കൂടെ വന്നത് എന്ന് അറിയാമോ..? കല്യാണം കഴിഞ്ഞ് ആദ്യസമയത്ത് അവളെയും കൊണ്ട് ഞാൻ സിനിമയ്ക്ക് പോയിട്ടുള്ളതാണ്. അതിനുശേഷം പിന്നീട് ഇപ്പോഴാണ് ഇവൾ സിനിമ തിയേറ്റർ കാണുന്നത്. നിങ്ങൾ ജനിച്ചു കഴിഞ്ഞതിനുശേഷം ഒരിക്കൽ പോലും ഇങ്ങനെ ഒരു അവസരം അവൾക്ക് കിട്ടിയിട്ടില്ല. നിങ്ങളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഒക്കെയായി അവളെപ്പോഴും തിരക്കിലായിരിക്കും. ഇപ്പോൾ ഒരു അവസരം വന്നപ്പോൾ അവൾ സന്തോഷത്തോടെ ഓടി വന്നത് സിനിമ കാണാൻ വേണ്ടിയാണ്. അല്ലാതെ നിങ്ങളുടെ കുട്ടികളെയും നോക്കി തിയേറ്ററിൽ കാവൽ ഇരിക്കാൻ അല്ല. അവനവന്റെ കുട്ടികളെ നോക്കാൻ പറ്റില്ലായിരുന്നെങ്കിൽ അവരെയും കെട്ടി വലിച്ചു സിനിമയ്ക്ക് വരേണ്ട കാര്യമുണ്ടായിരുന്നില്ല.ഇതിപ്പോ അവളെ സിനിമയ്ക്ക് കൊണ്ടുവന്നു എന്നൊരു പേരുമായി.. അവൾ ആണെങ്കിൽ സിനിമ കണ്ടിട്ടുമില്ല..”
ദേഷ്യത്തോടെ അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ മോന് കുറ്റബോധം തോന്നി.
ശരിയാണ് തങ്ങൾക്ക് സിനിമ കാണാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അമ്മയുടെ കയ്യിൽ കുഞ്ഞിനെയും കൊടുത്തു പുറത്തേക്ക് ഇറക്കി വിട്ടതാണ്.. താങ്കൾ ആഴ്ചതോറും സിനിമ കാണാൻ പോകുമ്പോൾ അമ്മയ്ക്കും അച്ഛനും അത് കിട്ടാക്കനിയാണെന്ന് തങ്ങൾ ഓർത്തില്ല.
“അമ്മ സിനിമ കണ്ടോ.. ഇവൻ എന്തായാലും ഇപ്പോൾ ഉറങ്ങുകയാണല്ലോ..? ഞാൻ നോക്കിക്കോളാം…”
അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ട് മരുമകൾ പറഞ്ഞപ്പോൾ അവർ ഒന്ന് ഭയന്നു.
ഭർത്താവ് പറഞ്ഞത് ഇഷ്ടപ്പെടാതെ അവർ പിണങ്ങിയിട്ടാണോ അങ്ങനെ സംസാരിക്കുന്നത് എന്ന് അറിയില്ലല്ലോ.
അവരുടെ മനസ്സും മനസ്സിലാക്കിയത് പോലെ മരുമകൾ അവരെ ചേർത്തുപിടിച്ചു.
” അമ്മയ്ക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകുമെന്ന് ഞങ്ങൾ ചിന്തിക്കാത്തത് ഞങ്ങളുടെ തെറ്റാണ്. ഞങ്ങളുടെ സുഖവും സന്തോഷവും മാത്രമേ ഞങ്ങൾ ഓർത്തുള്ളൂ. ഞങ്ങളുടെ കുട്ടികളെ നോക്കാൻ അമ്മയെ ഏൽപ്പിക്കുമ്പോൾ അമ്മയ്ക്ക് ഒരു അവസരം നഷ്ടമാവുകയാണെന്ന് ഞങ്ങൾ ഓർത്തില്ല. ഞങ്ങൾക്ക് ഇപ്പോൾ കണ്ടില്ലെങ്കിലും കുഴപ്പമൊന്നുമില്ല.ഈ സിനിമ അടുത്ത ആഴ്ചയാണെങ്കിലും ഞങ്ങൾക്ക് കാണാം.പക്ഷേ നിങ്ങൾക്ക് അങ്ങനെ ഒരു അവസരം ഇല്ലല്ലോ.. “
അവൾ പറഞ്ഞപ്പോൾ അമ്മ അവളെ നോക്കി പുഞ്ചിരിച്ചു.
ഇന്റർവൽ കഴിഞ്ഞ് ഓരോരുത്തരായി അകത്തേക്ക് കയറി തുടങ്ങിയപ്പോൾ അവർക്കൊപ്പം ആ കുടുംബവും അകത്തേക്ക് കയറി. ഇത്തവണ അവരവരുടെ മക്കൾ അവരവരോടൊപ്പം ആയിരുന്നു എന്നതായിരുന്നു വ്യത്യാസം.
വർഷങ്ങൾക്കു ശേഷം ഭർത്താവിനൊപ്പം ഇരുന്ന് അവർ വീണ്ടും വലിയ സ്ക്രീനിലേക്ക് കണ്ണുകൾ നട്ടു.