രചന: നീതു
:::::::::::::::::::
“ചന്ദ്രാ.. താൻ ഒന്നും പറഞ്ഞില്ല!!””
“”” ഞാനെന്താ സേതുവേട്ടാ പറയേണ്ടത് നിങ്ങൾ ഇപ്പോൾ കൊണ്ടുവന്ന കല്യാണത്തിന് സമ്മതിച്ചു നിങ്ങളുടെയൊക്കെ മനസ്സിലേ കരട് മായ്ച്ചു കളയണോ??? “”
സേതു ഒന്നും മിണ്ടാതെ ചന്ദ്ര പറയുന്നത് കേട്ട് നിന്നു..
“”” ഞാനിങ്ങനെ അവിവാഹിതയായി നിൽക്കുന്നതുകൊണ്ട് ആർക്ക് എന്ത് ബുദ്ധിമുട്ടാണ് ഉള്ളത് ഒരു സഹായവും ചോദിച്ചു ഞാൻ ആരുടെയും അടുത്തേക്ക് ഒരു കാര്യത്തിനും വന്നില്ലല്ലോ.. പിന്നെ നിങ്ങളുടെ മനസ്സിൽ തോന്നുന്ന കുറ്റബോധം അത് മാത്രമാണ് ഇപ്പോൾ നിങ്ങളെ എന്റെ അരികിൽ എത്തിച്ചത് പക്ഷേ എനിക്കതിന് ഒന്നും മറുപടി പറയാനില്ല എന്നെ ഇങ്ങനെ തന്നെ തുടരാൻ അനുവദിക്കൂ “””
അത്രയും പറഞ്ഞ് നടന്നു നീങ്ങുന്നവളെ നോവോടെ നോക്കി സേതു…
“””ചന്ദ്രാ ലക്ഷ്മി.. സേതുമാധവന്റെ മുറപ്പെണ്ണ് ചെറുപ്പം മുതലേ പറഞ്ഞു വെച്ചതായിരുന്നു അവളുടെയും സേതുമാധവന്റെയും വിവാഹം…
മാന്തൊടിയിൽ തറവാട്ടിൽ ആകെക്കൂടി പിറന്ന ഒരു ആണ്തരിയായിരുന്നു സേതുമാധവൻ അതുകൊണ്ടുതന്നെ, സേതുമാധവന്റെ അച്ഛൻ കൃഷ്ണൻ മേനോൻ തന്നെയാണ് തീരുമാനിച്ചത് സ്വന്തം സഹോദരിയുടെ മകളുമായി അവന്റെ വിവാഹം നടത്തണമെന്ന് ..
സഹോദരിയുടെ കണക്കറ്റ സ്വത്തുക്കൾ കണ്ടിട്ടുള്ള കുടിലതയാണോ ഈ തീരുമാനത്തിന് പിന്നിൽ എന്നുപോലും അറിയില്ല എങ്കിലും അയാൾക്ക് ചന്ദ്രയെ ഒരുപാട് ഇഷ്ടമായിരുന്നു സ്വന്തം മകൾ ശ്രീവിദ്യയെ പോലെ തന്നെയായിരുന്നു ചന്ദ്രയും അയാൾക്ക്… ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട ചന്ദ്രക്കും അയാളോട് ഒരുപാട് സ്നേഹം തന്നെയായിരുന്നു വെറുമൊരു അമ്മാവൻ എന്നതിലുപരി സ്വന്തം അച്ഛന്റെ സ്ഥാനത്ത് തന്നെയാണ് കൃഷ്ണമാമയെ അവൾ കണ്ടിരുന്നത്….
ആദ്യം ഒന്നും മനസ്സിൽ കയറാതിരുന്ന മുറ ചെറുക്കൻ പിന്നെയും ആരുടെയൊക്കെയോ കളിയാക്കലും അർത്ഥം വേച്ചുള്ള പറച്ചിലിലും ഒടുവിൽ മനസ്സിൽ കയറി പറ്റിയിരുന്നു ആ ഒരാളുടെ മനസ്സിൽ താൻ ഉണ്ടോ എന്നുപോലും അറിയാതെ ആ പെണ്ണ് മോഹിച്ചു തുടങ്ങി…
അങ്ങനെയാണ് അയാളെ സൂക്ഷിച്ച് നിരീക്ഷിക്കാൻ തീരുമാനിച്ചത്, കടുംകാപ്പി കളർ ഉള്ള കണ്ണും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും എല്ലാം അവളെ പിന്നെയും മോഹിപ്പിച്ചു അവളെ കൊണ്ട് അയാളെ പ്രണയിപ്പിച്ചു ഭ്രാന്തമായി..
പക്ഷേ അറിഞ്ഞിരുന്നില്ല അയാളുടെ മനസ്സിൽ മറ്റൊരാളായിരുന്നു എന്ന്..
ആ മനസ്സിൽ ഒരു സ്ഥാനം തനിക്ക് പിടിച്ചു പറ്റാനാകുന്നതിനേക്കാൾ മുൻപ് കൂടെ പഠിച്ച ഒരു ക്രിസ്ത്യാനി പെണ്ണ് ആ മനസ്സ് സ്വന്തമാക്കി എന്ന് അവൾ അറിഞ്ഞില്ല…
ആയിടയ്ക്കാണ് ചന്ദ്രയുടെ അമ്മയ്ക്ക് ചെറിയൊരു നെഞ്ചുവേദന വന്നത് ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോഴാണ് അറിഞ്ഞത് ആ ഹൃദയത്തിന് ഇനി അധികകാലം ഇല്ല എന്ന് അതുകൊണ്ടുതന്നെ മകളുടെ വിവാഹം നടന്നു കാണാൻ അവർക്ക് വല്ലാത്ത കൊതി തോന്നി ഏട്ടനോട് പറഞ്ഞപ്പോൾ കുഞ്ഞുങ്ങൾ അല്ലേടി ഇപ്പോൾ നിശ്ചയം കഴിച്ചു വയ്ക്കാം പിന്നീട് സേതുമാധവന് ഒരു നല്ല ജോലി ആയിട്ട് കല്യാണം നടത്താം എന്ന് തീരുമാനിച്ചു….
ആ ഒരു ഉറപ്പു മതിയായിരുന്നു ചന്ദ്രയുടെ അമ്മയ്ക്കും അവർ അതുമതി എന്ന് പറഞ്ഞു…
പക്ഷേ അതൊന്നും ഉൾക്കൊള്ളാൻ കഴിയാഞ്ഞത് സേതുമാധവന് ആയിരുന്നു…..
ചന്ദ്ര തനിക്കുള്ളതാണെന്ന് പണ്ട് പറഞ്ഞുവെച്ചത് വെറുമൊരു തമാശയായിട്ട് അയാൾ കണ്ടിരുന്നുള്ളൂ ഇത്രത്തോളം എല്ലാവരുടെയും മനസ്സിൽ അത് വേരോടിയിരുന്നു എന്ന് അയാൾ മനസ്സിലാക്കാൻ വൈകി…
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ പ്രണയവുമായി മുന്നോട്ടു പോകും എന്ന് തന്നെ അയാൾ ഉറച്ചു പറഞ്ഞു.. എങ്ങനെയും സമ്മതിക്കാതിരുന്ന കൃഷ്ണൻ മേനോനെ അവഗണിച്ച് ഒടുവിൽ അയാൾക്ക് അവളെ വിവാഹം ചെയ്യേണ്ടി വന്നു..
കൂടെ പഠിച്ച ക്രിസ്ത്യാനി കുട്ടിയെ കല്യാണം കഴിച്ചതിന്റെ പേരിൽ വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ടിവന്നു സേതുമാധവന്.
ഇങ്ങനെയൊരു മകനില്ല തനിക്ക് എന്നു പറഞ്ഞ് പടിയടച്ച് പൂട്ടി കൃഷ്ണൻ മേനോൻ അയാൾ ആ പെണ്ണിനെയും കൂട്ടി മറ്റേതോ നാട്ടിലേക്ക് യാത്രയായി..
ചന്ദ്രയുടെ അമ്മയ്ക്ക് അത് സഹിക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല അടുത്ത നിമിഷത്തിൽ തന്നെ അവർ നെഞ്ചുപൊട്ടി മരിച്ചു ചന്ദ്ര ഈ ലോകത്ത് ഒറ്റപ്പെട്ടു….
അവളുടെ വിവാഹം നടത്താൻ ശ്രമിച്ച അമ്മാവനോട് അവൾ തുറന്നു തന്നെ പറഞ്ഞിരുന്നു ഇപ്പോൾ വിവാഹം വേണ്ട മനസ്സ് അസ്വസ്ഥമാണ് അതൊന്ന് ശരിയായിട്ട് പറയാം എന്ന് പക്ഷേ ഒരിക്കലും അവൾക്ക് സേതുമാധവന്റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ ആവില്ല എന്നത് പരമമായ സത്യമായിരുന്നു….
അമ്മ മരിക്കുന്നതിന് മുമ്പ് തന്നെ അമ്മയുടെ പേരിൽ ബാങ്കിൽ കിടന്നിരുന്ന പൈസ ഉപയോഗിച്ച് അവളെ അടുത്ത സ്കൂളിൽ ടീച്ചറായി ജോലി വാങ്ങി കൊടുത്തിരുന്നു…
അത് വലിയൊരു ആശ്വാസമായിരുന്നു കുഞ്ഞുങ്ങളുടെ കളി ചിരിയും കൊഞ്ചലും എല്ലാംകൊണ്ടും അവൾ ഓരോ ദിവസവും വലിയ കുഴപ്പമില്ലാതെ തള്ളി നീക്കി വൈകിട്ട് ആരുമില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് കയറി ചെല്ലുമ്പോൾ മാത്രം അമ്മയെ ഓർക്കും കണ്ണീര് വാർക്കും കൂട്ടിനായി അപ്പുറത്തെ വീട്ടിലെ ആരോരുമില്ലാത്ത ജാനകി മുത്തശ്ശിയും വന്നിരുന്നു…
ഇതിനിടയിലാണ് സേതുവിന് ഒരു കുഞ്ഞു പിറന്നു എന്നറിഞ്ഞത് കൃഷ്ണമേനോൻ ബാക്കിയെല്ലാം മറന്നു രണ്ടുകൈയും നീട്ടി മകനെ സ്വീകരിച്ചു…
അവൻ തിരിച്ച് ആ നാട്ടിലേക്ക് തന്നെ വന്നു പക്ഷേ അത് ചന്ദ്രയുടെ മനസ്സിൽ പ്രത്യേകിച്ചു മാറ്റങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല അവൾ തന്റെ മനസ്സിൽ നിന്ന് സേതുവിനെ അകറ്റിനിർത്താൻ ശ്രമിച്ചതിൽ വിജയിച്ചിരുന്നു ഇപ്പോൾ അവളെ സംബന്ധിച്ചിടത്തോളം സേതു അവളുടെ ആരുമല്ല…
പക്ഷേ എന്നിട്ടും അവളുടെ അവിവാഹിതയായ ആ നിൽപ്പ് സേതുവിന്റെ ജീവിതത്തിൽ വിള്ളൽ വീട്ടിൽ പലപ്പോഴും ഭാര്യ അവളുടെ പേരും പറഞ്ഞ് വഴക്ക് അടിക്കാൻ തുടങ്ങി…
അതിനൊരു പോംവഴി എന്നോണം ആയിരുന്നു, ഏതോ ഒരു കൂട്ടുകാരൻ വഴി ഒരു വിവാഹാലോചന സേതു ചന്ദ്രയ്ക്കായി കൊണ്ടുവന്നത് താൻ പറഞ്ഞാൽ അവൾ കേൾക്കും എന്ന മിഥ്യാധാരണയിൽ നിർബന്ധിക്കാൻ ചെന്നത്…..
ആരുടെ ജീവിതത്തിലേക്കും കടന്നു കയറാത്തവളുടെ ജീവിതത്തിലേക്ക് നിർബന്ധപൂർവ്വം കടന്നു കയറുകയായിരുന്നു മറ്റുള്ളവർ…… അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി…
അതുകൊണ്ടുതന്നെയാണ് അവളുടെ സമ്മതം പോലും ചോദിക്കാതെ ഒരു പെണ്ണുകാണൽ ചടങ്ങ് ഉണ്ടാക്കിയത്..
ഇനിയൊന്നും അവൾക്ക് എതിർത്തു പറയാൻ കഴിയില്ല എന്നാണ് വിചാരിച്ചത് പക്ഷേ അവരുടെ മുന്നിൽ തന്നെ നിന്ന് ചന്ദ്ര പറഞ്ഞിരുന്നു… ഇപ്പോൾ ഞാൻ ഒരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല… ഇനി ഉണ്ടെങ്കിൽ തന്നെ അതിൽ എനിക്ക് മറ്റ് ആരുടെയും
ഔദാര്യം ആവശ്യമില്ല എന്ന്…
ഒരു പെണ്ണ് അങ്ങനെ നെഞ്ചുവിരിച്ച് പറഞ്ഞത് ചില്ലറയൊന്നുമല്ല പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
“”” അഹങ്കാരി എന്റെ കുഞ്ഞിന്റെ ജീവിതം കൂടി തകർക്കാൻ നോക്കുകയാണ് “”
സ്നേഹിച്ച കൃഷ്ണ മാമയിൽ നിന്ന് തന്നെ അങ്ങനെയൊരു വാക്ക് കേട്ടപ്പോൾ അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു..
“”” ഞാൻ ഇവിടെ ജീവിക്കുന്നത് എന്റെ ചെലവിലാണ് നിങ്ങളുടെ ആരുടെയും ഒരു സഹായത്തിനും ഞാൻ അങ്ങോട്ട് വന്നിട്ടില്ല പിന്നെ ഒരു കാര്യം നിങ്ങളുടെ മകൻ എന്റെ മനസ്സിൽ അല്ല, വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ല..!!! എന്റെ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു കുറ്റബോധവും വേണ്ട…. എന്റെ കാര്യങ്ങൾ ഞാൻ തീരുമാനിച്ചുകൊള്ളാം നിങ്ങൾക്ക് പോകാം!!!!”””
“” പിന്നെ ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് താമസിച്ച് പേരുദോഷം വരുത്താൻ ആണോ നിന്റെ ഭാവം”””
സേതുവാണ്… ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ!!!
“”” ഒറ്റയ്ക്ക് താമസിക്കുന്നവരെല്ലാം പേരുദോഷം വിളിച്ചു വരുത്തും എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?? എനിക്ക് എന്റെ കാലിൽ നിൽക്കാൻ ഇപ്പോൾ ഒരു ജോലിയുണ്ട് ഒറ്റയ്ക്ക് നിൽക്കാനുള്ള ചങ്കൂറ്റവും ഉണ്ട്!!! ഇത് രണ്ടും മതി എനിക്ക് മുന്നോട്ടു ജീവിക്കാൻ… മേലിൽ എന്റെ കാര്യങ്ങളും പറഞ്ഞ് ഈ പടി ആരും കയറരുത് എന്നെ എന്റെ ജീവിതം ജീവിച്ചു തീർക്കാൻ വിട്ടേക്കൂ””””
“”” അഹങ്കാരി”””
സ്വന്തം സ്വാതന്ത്ര്യം തിരിച്ചു തരാൻ പറഞ്ഞവൾക്ക് കിട്ടിയ മറുപടി അതായിരുന്നു….
പക്ഷേ അത് അവളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിയിച്ചു..
കാരണം അവൾക്ക് അപ്പോൾ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരായിരുന്നു അഹങ്കാരം..