അവൻ മറുപടി പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ദേഷ്യം തോന്നിയെങ്കിലും കുഞ്ഞിന്റെ ശബ്ദം കൂടിയപ്പോൾ…

രചന : ശ്രേയ

::::::::::::::

” ഏട്ടാ…ഒരു 10 മിനിറ്റ് കുഞ്ഞിനെ ഒന്ന് നോക്കുമോ..? “

കുഞ്ഞു ഉണർന്നു കരയുന്ന ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് തനുജ വിളിച്ചു ചോദിച്ചു. ലാപ്ടോപ്പിന് മുന്നിൽ ഇരുന്ന ആദിത്യൻ ഈർഷ്യയോടെ തലകുടഞ്ഞു.

” എടോ.. ഞാനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന വർക്ക് ഒരു 10 മിനിറ്റ് കമ്പ്ലീറ്റ് ആകും.. അത് കഴിയുമ്പോൾ ഞാൻ എടുത്തോളാം. ഇപ്പോൾ ഞാൻ എഴുന്നേറ്റ് പോയാൽ ഇനി ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും. അതുവരെ താൻ ഒന്ന് മാനേജ് ചെയ്യൂ.. “

അവൻ മറുപടി പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ദേഷ്യം തോന്നിയെങ്കിലും കുഞ്ഞിന്റെ ശബ്ദം കൂടിയപ്പോൾ അവൾ തനിയെ മുറിയിലേക്ക് നടന്നു.

പോകുന്ന വഴിക്ക് അവൾ തൊട്ടപ്പുറത്തെ മുറിയിൽ ഇരിക്കുന്ന അമ്മായിയമ്മയെ ഒന്ന് നോക്കി. താൻ ഏട്ടനോട് വിളിച്ചു ചോദിക്കുന്നതും ഏട്ടൻ തന്നോട് പറയുന്ന മറുപടിയും ഒക്കെ അമ്മ കേട്ടിട്ടുണ്ട്.

പക്ഷേ ആ നേരത്തിന് അവിടെ നിന്ന് എഴുന്നേറ്റ് ആ കുഞ്ഞിനെ ഒന്ന് എടുക്കാനോ തൊട്ടിലിൽ അവനെ ഒന്ന് ആട്ടിക്കൊടുക്കാനോ അമ്മയ്ക്ക് സമയമില്ല.

മനസ്സിൽ അങ്ങനെ ചിന്തിച്ചെങ്കിലും അവൾ വേഗത്തിൽ കുഞ്ഞിന്റെ അടുത്തെത്തി.

തന്റെ കുഞ്ഞിനെ നോക്കേണ്ടത് തന്റെ മാത്രം ഉത്തരവാദിത്വമാണ്. ആരെങ്കിലും നോക്കും എന്ന് കരുതി അല്ലല്ലോ താൻ പ്രസവിച്ചത്..!!

കുഞ്ഞിനെ എടുത്ത് താരാട്ട് പാടി പാലു കൊടുത്ത് ഒന്ന് മയങ്ങി വന്നപ്പോഴേക്കും ഏട്ടൻ മുറിയിലേക്ക് വന്നു.

” ഇനി വേണേൽ താൻ പൊക്കോ…ഞാൻ നോക്കിക്കോളാം..”

ഏട്ടന്റെ ആ മറുപടി തനിക്ക് വല്ലാത്ത ഒരു ആശ്വാസം തന്നെയായിരുന്നു. കുഞ്ഞിനെ ഏട്ടന്റെ കയ്യിൽ ഏൽപ്പിച്ച് ആശ്വാസത്തോടെ അടുക്കളയിലേക്ക് നടന്നു.

കഷ്ണങ്ങൾ നുറുക്കി കൊണ്ടിരുന്നത് അങ്ങനെ തന്നെ ഇരിപ്പുണ്ട്. ചെയ്യേണ്ടതൊക്കെയും തന്റെ മാത്രം പ്രവർത്തികളാണ് എന്നൊരു ധാരണയാണ് അമ്മയുടേത്.

രാവിലെ അഞ്ചുമണിക്ക് തുടങ്ങുന്ന പണികളാണ്. ഏട്ടന് ജോലിക്ക് പോകണമെങ്കിലും വേണ്ടെങ്കിലും ആ നേരത്ത് താൻ എഴുന്നേറ്റ് ജോലികളൊക്കെ ചെയ്യണം എന്നുള്ളത് അമ്മയ്ക്ക് നിർബന്ധമാണ്.

ഗർഭിണിയായിരുന്ന സമയത്ത് പോലും അതിൽ യാതൊരു ഇളവും ലഭിച്ചിരുന്നില്ല. എത്രയൊക്കെ വയ്യായ്കകൾ ഉണ്ടെങ്കിലും രാവിലെ എഴുന്നേറ്റ് പണിയെടുക്കണം.

എന്നെങ്കിലും ഒരു ദിവസം താൻ എഴുന്നേറ്റ് വരാൻ ഒരു അഞ്ചു മിനിറ്റ് ലേറ്റ് ആയാൽ അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ടാകും. അത് കാണുമ്പോഴാണ് ഏറ്റവും സങ്കടം..!

എത്രയൊക്കെ പണിയെടുത്താലും അമ്മയുടെ മക്കൾ ആരെങ്കിലും വിളിക്കുമ്പോൾ താനൊരു പണിയും ചെയ്യാറില്ല എല്ലാ പണിയും അമ്മയാണ് ചെയ്യുന്നത് എന്നൊരു വർത്തമാനം ഉണ്ട്.

പലപ്പോഴും തന്റെ വയ്യായ്കകൾ കണ്ട് ഏട്ടന് സങ്കടം തോന്നാറുണ്ട്. പക്ഷേ തന്നെ അമ്മയുടെ മുന്നിൽ വച്ച് സംരക്ഷിക്കാൻ ആൾക്ക് കഴിയാറില്ല.

തന്നെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ഏട്ടൻ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ പിന്നെ അമ്മ എന്തൊക്കെ ബഹളങ്ങളാണ് അവിടെ ഉണ്ടാക്കുക എന്ന് ചിന്തിക്കാൻ പോലും കഴിയില്ല.

നെടുവീർപ്പോടെ ചിന്തിച്ചു കൊണ്ട് അവൾ ഓരോ പണികൾ ആയി ചെയ്തു തുടങ്ങി.

“ഡീ…”

അലർച്ചയോടെയുള്ള ആ ശബ്ദം കേട്ടപ്പോഴാണ് അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്. ഉറഞ്ഞുതുള്ളി കൊണ്ട് നിൽക്കുന്ന അമ്മായിയമ്മയെ കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായതുമില്ല.

” എന്താ അമ്മേ..? അമ്മയ്ക്ക് എന്തെങ്കിലും വേണോ..? “

അവൾ ചോദിച്ചപ്പോൾ അവർ അവളെ നോക്കി കണ്ണുരുട്ടി.

” അവൾ ഇനി എനിക്ക് എന്തെങ്കിലും ഉണ്ടാക്കി തരാത്ത കുഴപ്പമേ ഉള്ളു..വാടി ഇവിടെ..”

തനുജയുടെ കൈയും പിടിച്ചു വലിച്ചുകൊണ്ട് അമ്മായിയമ്മ ഉമ്മറത്തേക്ക് നടന്നു. ഹാളിൽ എത്തിയപ്പോൾ തന്നെ അവൾ കണ്ടു കുഞ്ഞിനെയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവളുടെ ഭർത്താവിനെ.

“ഇതെന്താടി ഞാൻ കാണുന്നത്..?”

കുഞ്ഞിനെയും കൊണ്ട് നടക്കുന്ന ആദിത്യനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അമ്മ അത് ചോദിക്കുമ്പോൾ അതിന്റെ അർത്ഥം എന്താണെന്ന് അറിയാതെ അവരെ തുറിച്ച് നോക്കി. അവരെന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നറിയാതെ ആദിത്യനും അവരെ ശ്രദ്ധിച്ചു.

” എന്താ അമ്മ..? അമ്മ എന്താ ഉദ്ദേശിക്കുന്നത്..? “

തനൂജ ചോദിച്ചപ്പോൾ അവർ കണ്ണുരുട്ടി.

” നീ അടുക്കളയിൽ എന്തെങ്കിലും വായ്ക്ക് രുചിയായി ഉണ്ടാക്കാറുണ്ടോ..? അതൊട്ട് ചെയ്യാറുമില്ല. എന്നാൽ അത് ചെയ്യുന്ന നേരത്ത് കൊച്ചിനെ നോക്കുന്നത് എന്റെ മോന്റെ കടമയാണ്.അവൻ നോക്കും എന്ന് കരുതിയിട്ടാണോ നീ പ്രസവിച്ചത്..? അവൾ എന്തെങ്കിലും ജോലി ചെയ്യുന്നു എന്ന് വരുത്തി തീർക്കാൻ വേണ്ടി കൊച്ചു കരഞ്ഞാൽ ഉടനെ കേട്ടാൽ ഉടനെ ഏട്ടാ.. മോനെ എടുക്ക് എന്ന് വിളിച്ചു പറയുന്നത് കേൾക്കാം. കൊച്ചിനെ നോക്കാൻ വയ്യാത്ത തരത്തിൽ എന്ത് ബുദ്ധിമുട്ടാണ് നിനക്ക് അവിടെ ഉള്ളത്…? “

അമ്മ ചോദിച്ചത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു.

രാവിലെ മുതൽ താൻ ചെയ്യുന്ന ഓരോ പണികളും അവൾക്ക് ഓർമ വന്നു. 5 മണി മുതൽ തുടങ്ങുന്നതാണ്.

അടിച്ചുവാരലും തുടയ്ക്കലും അലക്കലും ഒക്കെയായി പണികൾ ഒരുവശത്ത്. രാവിലത്തെ പലഹാരവും ഉച്ചയ്ക്കുള്ള ചോറും കറികളും ഒക്കെയായി വേറൊരു വശത്ത്.

ഒരാൾക്ക് ഇഷ്ടമുള്ളത് വേറൊരാളുടെ ഇഷ്ടമല്ല.ഓരോരുത്തർക്കും അവരോട് തരാതരത്തിനനുസരിച്ച് ഓരോന്നും കൊണ്ടുവന്നു കൊടുക്കണം. അടുക്കളയിൽ ഒരു കൈ സഹായത്തിന് പോലും അമ്മ വരാറില്ല..

” അമ്മ എന്തറിഞ്ഞിട്ടാ ഈ വർത്തമാനം പറയുന്നതു..? “

ദേഷ്യത്തോടെ ആദിത്യൻ ചോദിച്ചത് കേട്ട് അമ്മ ഒന്ന് ഞെട്ടി..

” നീ ഒരു പെങ്കോന്തൻ ആയത് കൊണ്ട് അത് നിനക്കൊരു പ്രശ്നം ആയിരിക്കില്ല.. “

അമ്മ പറഞ്ഞത് കേട്ട് അവനു ദേഷ്യം തോന്നി.

” പെങ്കോന്തനോ..? അമ്മ എന്ത് അർത്ഥത്തിലാ അത് പറയുന്നതു..? “

കുഞ്ഞിനെ തൊട്ടിലിൽ കൊണ്ട് കിടത്തിയിട്ട് അവൻ തിരികെ വന്നു.

” പിന്നെ അവൾ പറയുന്നതും കേട്ട് കൊച്ചിനെ നോക്കി നടക്കുന്ന നിന്നെ എന്താ പറയേണ്ടേ..? “

അമ്മ ദേഷ്യത്തിൽ അവനെ നോക്കി.

” അമ്മ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ വല്ലവന്റേം കൊച്ചിനെ നോക്കി നടക്കുവാണെന്ന്.. എന്റെ കൊച്ചല്ലേ..? “

” ഓ.. പിന്നെ.. കൊച്ചിനെ നോക്കേണ്ടത് അതിന്റെ തള്ളയുടെ ഉത്തരവാദിത്തം ആണ്.. ഞാനും പെറ്റതാ മൂന്നെണ്ണത്തിനെ.. എല്ലാത്തിനേം നോക്കിയതും വളർത്തി വലുതാക്കിയതും ഞാൻ ഒറ്റക്കാ..എന്നെ സഹായിക്കാൻ ആരും ഉണ്ടായില്ല.. “

അമ്മ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.

“അമ്മ അനുഭവിച്ചതൊക്കെ ഇവളും അനുഭവിക്കണം.. അത് തന്നെ അല്ലേ ഉള്ളൂ അമ്മേടെ ആഗ്രഹം..? അത് എന്ത് ചിന്തയാണമ്മേ..? പിന്നെ കൊച്ചിന്റെ കാര്യം.. അത് അവളുടെ മാത്രമല്ല.. എന്റേം കൂടെ ആണ്.. അവന്റെ എല്ലാ കാര്യത്തിലും അവൾക്കും എനിക്കും തുല്യ അവകാശം ആണ്.. അപ്പോൾ അവൻ ഒന്നു കരയുമ്പോൾ എടുത്ത് ആശ്വസിപ്പിക്കുന്നതിനും അവനെ ഉറക്കാനോ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞാൻ അങ്ങനെ അവളെ സഹായിക്കുന്നതിന് അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അമ്മ അവളെ സഹായിക്കണം. അമ്മ ടിവി കാണുന്ന നേരവും വെറുതെയിരിക്കുന്ന നേരവും മതിയല്ലോ കുഞ്ഞിനെ ഒന്ന് നോക്കാൻ. അമ്മയ്ക്ക് വയ്യായ്കകളുണ്ട് എന്നൊക്കെ പറയും. അമ്മയുടെ പ്രായത്തിന്റെതായ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലാവും. പക്ഷേ എന്റെ പെങ്ങമ്മാർ രണ്ടുപേരും അവരുടെ കുട്ടികളെയും കൊണ്ടു വരുമ്പോൾ അവർക്ക് യാതൊരു അവസരവും കൊടുക്കാതെ കുട്ടികളെ നാലുപേരെയും അമ്മ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് എന്ത് വേണമെന്ന് പറഞ്ഞാലും ഉണ്ടാക്കിക്കൊടുക്കാനും അവരെ എടുക്കാനും കൊഞ്ചിക്കാനും ഒക്കെ അമ്മയ്ക്ക് ഭയങ്കര കഴിവാണ്.. അവർക്ക് ആർക്കെങ്കിലും ഒരു പനി വന്നാൽ പോലും അമ്മയ്ക്ക് സമാധാനം ഉണ്ടാവില്ല. കുട്ടികളെ അങ്ങനെ സ്നേഹിക്കുന്നത് നല്ലതു തന്നെയാണ്. അതിന് ഞാൻ തെറ്റ് പറയില്ല. പക്ഷേ അതെല്ലാ കുട്ടികളോടും അങ്ങനെ തന്നെ ആയിരിക്കണം എന്ന് മാത്രം. എന്റെ കുട്ടിയല്ലേ.. അമ്മയുടെ മകന്റെ കുട്ടി.. അമ്മയുടെ പേരക്കുട്ടി.. അമ്മയ്ക്ക് അവനെ നോക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എനിക്ക് അതില്ല. “

അവൻ അത്രയും പറഞ്ഞു നിർത്തുമ്പോഴേക്കും മുറിയിൽ നിന്ന് മകൻ ചിണുങ്ങാൻ തുടങ്ങിയിരുന്നു. അത് കേട്ടപ്പോൾ അവൻ സംസാരം അവസാനിപ്പിച്ചു കൊണ്ട് മുറിയിലേക്ക് കയറി.

അവനു പിന്നാലെ മുറിയിലേക്ക് കയറുമ്പോൾ അവൾ ദൈവങ്ങളോട് നന്ദി പറയുകയായിരുന്നു.. ഒരിക്കലെങ്കിലും തനിക്ക് വേണ്ടി അവൻ പ്രതികരിച്ചല്ലോ എന്നോർത്തിട്ട്..!!

കുറ്റബോധത്തോടെ അമ്മ ആ കാഴ്ച കണ്ടു നിൽക്കുന്നുണ്ടായിരുന്നു.