വലിയ താല്പര്യമൊന്നുമില്ലാതെയാണ് വിവാഹം നടന്നതെങ്കിലും വിവാഹത്തിന് ശേഷം ദേവന്റെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ

രചന : ശ്രേയ

” എനിക്കിപ്പോൾ ഒരു കല്യാണത്തിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല.. അതിനുള്ള പ്രായമോ പക്വതയോ എനിക്കായിട്ടുണ്ടെന്ന് പോലും എനിക്ക് തോന്നുന്നില്ല.. ഞാനിപ്പോൾ പഠിക്കട്ടെ.. അതുകഴിഞ്ഞ് സമയമാകുമ്പോൾ വിവാഹം നടത്തിയാൽ പോരെ..? “

ലാവണ്യക്ക് 20 വയസ്സ് തികഞ്ഞതെയുണ്ടായിരുന്നുള്ളൂ വിവാഹാലോചന വരുമ്പോൾ. അതുകൊണ്ടു തന്നെ അവൾ വിവാഹത്തിന് ശക്തമായി എതിർത്തു.

” അങ്ങനെയല്ല മോളെ .. ഇപ്പോൾ കൈവന്ന ഈ ഭാഗ്യം വിട്ടു കളയാൻ തോന്നുന്നില്ല. ദേവനെ നിനക്ക് അറിയാവുന്നതല്ലേ.. ഈ നാട്ടിലെ ഏറ്റവും പേര് കേട്ട തറവാടാണ് അവന്റെ.എന്നുമാത്രമല്ല അവരുടെ ഉടമസ്ഥതയിലുള്ള ഭൂസ്വത്തുകൾക്കും സ്ഥാപനങ്ങൾക്കും എന്തെങ്കിലും കണക്കുണ്ടോ..? അങ്ങനെയൊരു വീട്ടിലേക്ക് ചെന്ന് കയറാൻ പറ്റുക എന്ന് പറയുന്നത് ഒരു ഭാഗ്യം തന്നെയാണ് .. ഇനിയുള്ള ജീവിതത്തിൽ യാതൊരു കഷ്ടപ്പാടും അറിയാതെ നിനക്ക് ജീവിക്കാമല്ലോ.. “

അമ്മ അങ്ങനെ പറഞ്ഞിട്ടും അവൾക്ക് അത് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

” എനിക്കെന്തോ… പറ്റുന്നില്ല അമ്മ…”

അവൾ പറയുന്നതും കേട്ടു കൊണ്ടാണ് അച്ഛൻ മുറിയിലേക്ക് കയറി വന്നത്.

“ഞങ്ങൾ പറഞ്ഞത് അനുസരിച്ചാൽ മതി.അല്ലാതെ നിന്റെ അഭിപ്രായവും ഇഷ്ടങ്ങളും ഒന്നും ഇവിടെ ആരും അന്വേഷിച്ചില്ല.. അല്ലെങ്കിൽ തന്നെ ആ ചെറുക്കന് എന്ത് കുറവുണ്ടായിട്ടാണ്..? നിന്നെ എവിടെയോ വെച്ച് കണ്ട് ഇഷ്ടപ്പെട്ടു പോയി എന്നൊരു പേരിലാണ് അവൻ ഇവിടെ കയറി ഇറങ്ങുന്നത്.അല്ലാതെ അവന് ഈ നാട്ടിൽ വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ലല്ലോ..? അവൻ വിചാരിച്ചാൽ ഏതു കുടുംബത്തിൽ നിന്നാണ് പെണ്ണ് കിട്ടാത്തത്..?”

അച്ഛൻ ഇപ്പോൾ തന്നെ മരുമകന്റെ പത്രാസിൽ മതി മറന്നിരിക്കുകയാണല്ലോ എന്നൊരു ചിന്ത അവളുടെ ഉള്ളിൽ കടന്നുകൂടാതില്ല..

” നിങ്ങളുടെയെല്ലാം ഇഷ്ടം പോലെ എന്താണെന്ന് വെച്ചാൽ ചെയ്യാം.. “

എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവൾ വിവാഹത്തിന് സമ്മതിച്ചു.

വലിയ താല്പര്യമൊന്നുമില്ലാതെയാണ് വിവാഹം നടന്നതെങ്കിലും വിവാഹത്തിന് ശേഷം ദേവന്റെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ അത് ഒരു സ്വർഗം തന്നെയാണെന്ന് അവൾക്ക് തോന്നിപ്പോയി.

എന്തിനും ഏതിനും പരിചാരകരും എല്ലാവിധ സൗകര്യങ്ങളും ഉള്ള ആ വീട് ഒരു കൊട്ടാരം തന്നെയായിരുന്നു. പതിയെ പതിയെ ആ വീടും അവിടുത്തെ സുഖസൗകര്യങ്ങളും അവൾക്ക് വല്ലാതെ ബോധിച്ചു.

ദേവനും അവളെ കാര്യമായി തന്നെയാണ് കൊണ്ട് നടന്നത്. അവൾ അന്നോളം ധരിച്ചിട്ടില്ലാത്ത മോഡലിലുള്ള വസ്ത്രങ്ങളും പെർഫ്യൂമുകളും ആഭരണങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും കൊണ്ട് അവളുടെ മുറിയിലെ കബോർഡുകൾ നിറഞ്ഞു.

നാടൻ വസ്ത്രങ്ങളും രീതികളും ഇഷ്ടപ്പെട്ടിരുന്ന ആ പെൺകുട്ടി എത്ര പെട്ടെന്നാണ് മോഡേൺ ചിന്താഗതിയുള്ള ഒരു യുവതിയായി മാറിയത്.. അതോടെ അവൾക്ക് തന്റെ അച്ഛനെയും അമ്മയെയും പോലും പുച്ഛം തോന്നി തുടങ്ങി.

നല്ല വസ്ത്രങ്ങൾ വളരെ കുറവ് മാത്രമുള്ള, സൗന്ദര്യം ഒരുപാട് ഒന്നുമില്ലാത്ത ആ രണ്ടു സാധുക്കളെ അവൾ പതിയെ പതിയെ മറന്നു പോയി.

വല്ലപ്പോഴും പോലും അവരെ കാണാൻ അവൾ സ്വന്തം വീട്ടിലേക്ക് പോകാറില്ല.ഇപ്പോഴെങ്കിലും അവർ മകളെ കാണാനായി ആ വീട്ടിലേക്ക് വന്നാൽ വേണ്ടത്ര സ്വീകരണവും അവർക്ക് നൽകാറില്ല.

അവളുടെ ബർത്ത് ഡേ അത്യാഡംബരപൂർവ്വം ദൈവം ആഘോഷിച്ചു. അന്ന് അവളുടെ അച്ഛനെയും അമ്മയെയും അവിടേക്ക് ക്ഷണിച്ചത് ദേവൻ തന്നെയായിരുന്നു. ഒരുപാട് പ്രതീക്ഷയോടെയും സന്തോഷത്തോടെയും ആണ് ആ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

അവിടെ ഒരു മാലാഖയെ പോലെ തങ്ങളുടെ മകൾ ഒരുങ്ങി നിൽക്കുന്നതും, സമൂഹത്തിലെ ഉന്നതരുമായി ഇടപെടുന്നതും ആ അച്ഛനും അമ്മയും സന്തോഷത്തോടെ കണ്ടു നിന്നു.

ഇടയ്ക്ക് എപ്പോഴോ അവളെ അടുത്ത് കണ്ടപ്പോൾ അമ്മ അവളുടെ കൈപിടിച്ച് വർത്തമാനം പറഞ്ഞു. ആ സമയത്തും അവളുടെ നോട്ടം തന്റെ ചുറ്റുമുള്ള ആളുകളെയായിരുന്നു. അവരിൽ ആരുടെയെങ്കിലും നോട്ടം തങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടോ എന്ന് അവൾ ശ്രദ്ധിച്ചു.

പക്ഷേ അതേ സമയത്ത് തന്നെ അവളുടെ ഒരു സുഹൃത്ത് അവിടേക്ക് വരികയും അമ്മ ആരാണെന്ന് അന്വേഷിക്കുകയും ചെയ്തു.

“എനിക്കറിയില്ല.. ദേവന്റെ ഏതെങ്കിലും പരിചയക്കാരായിരിക്കും..”

അമ്മയുടെ കൈതട്ടി മാറ്റിക്കൊണ്ട് അവൾ സുഹൃത്തിനോട് പറയുന്നത് കേട്ടിട്ട് ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അച്ഛനെ നോക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തും സങ്കടം അവർ കണ്ടു.

ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ലാവണ്യ സുഹൃത്തിനോടൊപ്പം പോവുകയും ചെയ്തു.

തന്റെ ഭാര്യയെയും ചേർത്തുപിടിച്ചു കൊണ്ട് ആ മനുഷ്യൻ ആ നിമിഷം ആ വീടിന്റെ പടിയിറങ്ങി.

” എന്നാലും നമ്മുടെ മോള് ഇങ്ങനെ മാറിപ്പോകും എന്ന് ഞാൻ കരുതിയില്ല.. ആഡംബരമുള്ള ഒരു ജീവിതം കിട്ടിയപ്പോൾ അവൾ നമ്മളെ മറന്നു.. അല്ലേ ചേട്ടാ..”

സങ്കടത്തോടെ ആ അമ്മ ചോദിക്കുമ്പോൾ അച്ഛന്റെ മനസ്സിലും അതു തന്നെയായിരുന്നു.

അച്ഛനും അമ്മയും പോകുന്നത് ലാവണ്യ കണ്ടിരുന്നു.അവർ പോയി കഴിഞ്ഞപ്പോഴാണ് അവളുടെ മനസ്സിന് ആശ്വാസം തോന്നിയത്.

ഇനിയും ആരുടെയെങ്കിലും ഒക്കെ മുന്നിൽ അവരെ പരിചയപ്പെടുത്താൻ അവൾ ആഗ്രഹിച്ചിരുന്നില്ല.

ആ ഒരു സംഭവത്തോടെ മകളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച മട്ടിൽ ആയിരുന്നു ആ അച്ഛനും അമ്മയും.

കാലങ്ങൾ കടന്നു പോയി.ലാവണ്യയുടെ വിവാഹം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും അവൾക്ക് ഒരു കുഞ്ഞിന്റെ അമ്മയാകാനുള്ള ഭാഗ്യം കിട്ടിയില്ല.

അതിന്റെ പേരിൽ പലരുടെ ഭാഗത്തുനിന്നും ചോദ്യങ്ങളും പരിഹാസങ്ങളും വന്നു തുടങ്ങിയപ്പോൾ അവൾക്ക് ഉള്ളിൽ ഒരു വേദന തോന്നി തുടങ്ങിയിരുന്നു.

ആദ്യമൊക്കെ ദേവൻ അവളെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുകയും ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ പിന്നീട് എപ്പോഴും അവന്റെ ആ സ്വഭാവത്തിൽ വ്യത്യാസം വന്നുതുടങ്ങി.

അവളോട് സംസാരിക്കാനുള്ള സമയം പോലും അവനില്ലാതായി. നേർക്ക് നേരെ കാണുന്ന അവസരങ്ങൾ പോലും വിരളമായി തുടങ്ങി.

അവന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാലോ എന്ന് കരുതി അവൾ അവനു വേണ്ടി അമ്പലങ്ങൾ കയറിയിറങ്ങി.

ഒരിക്കൽ ക്ഷേത്രദർശനം കഴിഞ്ഞ് അവൾ വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ തന്റെ മുറിയിൽ മറ്റാരുടെയോ സാമീപ്യം അവൾ അറിഞ്ഞു.

ദേവനോടൊപ്പം തങ്ങളുടെ കിടക്കയിൽ മറ്റൊരു സ്ത്രീ രൂപത്തിനെ കണ്ട് അവളുടെ കൈകാലുകൾ വിറച്ചു.

ആ മുറിയിൽ അവരുടെ കാമകേളികൾ അരങ്ങേറുകയായിരുന്നു എന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടിവന്നില്ല. അവരുടെ കിതപ്പുകളും സീൽക്കാരങ്ങളും കേട്ട് അവളുടെ ചെവി കൊട്ടിയടക്കപ്പെട്ടു.

” എന്നാലും ദേവാ..അവളെ ഇങ്ങനെ പറ്റിക്കാൻ നിന്നെക്കൊണ്ട് എങ്ങനെ പറ്റുന്നു..? “

ആ സ്ത്രീ രൂപത്തിന്റെ ചോദ്യത്തിന് ദേവൻ ചിരിച്ചുകൊണ്ട് മറുപടി പറയുന്നത് അവൾ കേട്ടു.

“ആദ്യമൊക്കെ നല്ല ഭർത്താവായി അഭിനയിച്ചു.. അവളുടെ സൗന്ദര്യം കണ്ട് അവളോടൊപ്പം ഒന്ന് കിടക്കണമെന്ന് ആഗ്രഹം തോന്നിയത് സത്യമാണ്. പക്ഷേ അങ്ങനെ അവൾ വഴങ്ങി തരില്ല എന്ന് തോന്നിയപ്പോഴാണ് കല്യാണ നാടകം അവതരിപ്പിച്ചത്. അതിൽ ആ പൊട്ടി വീഴുകയും ചെയ്തു. ഇതിപ്പോ മൂന്നു വർഷമായില്ലേ.. ഉണ്ടായിരുന്ന ഇൻട്രസ്റ്റ് ഒക്കെ പോയി.. ഇനിയിപ്പോ ആരെ കാണിക്കാനാ..?”

അവൻ പറയുന്നത് കേട്ടിട്ട് ഭൂമി തുറന്നു താഴേക്ക് പോയാൽ മതിയെന്ന് ലാവണ്യക്ക് തോന്നി.

ഇങ്ങനെയൊരു ചതിയനു വേണ്ടിയാണല്ലോ താൻ തന്റെ കുടുംബം മുഴുവൻ നഷ്ടപ്പെടുത്തിയത് എന്ന് അവൾക്ക് പശ്ചാത്താപം തോന്നി.

“അവൾ എവിടെയോ പോയതാണ് എന്നല്ലേ നീ പറഞ്ഞത്.. ഇപ്പോൾ അവൾ കയറിവന്നു നമ്മളെ കണ്ടാലോ..?”

അവരുടെ ആ ചോദ്യത്തിനും ചിരി തന്നെയായിരുന്നു ദേവന്റെ മറുപടി.

” കണ്ടാലെന്താ… എന്റെ അത്രയും പണി കുറഞ്ഞു കിട്ടും ..ഇത് കണ്ടുകഴിഞ്ഞാൽ അവൾ ഇറങ്ങി പൊയ്ക്കോളും. അല്ലെങ്കിൽ പിന്നെ അവളെ ഇറക്കി വിടാൻ എന്തെങ്കിലും ഒരു മാർഗ്ഗം ഞാൻ കണ്ടുപിടിക്കേണ്ടി വരും.. “

ലാഘവത്തോടെ അവൻ പറയുന്നത് കേട്ടപ്പോൾ തന്നെ അവന്റെ ജീവിതത്തിൽ തനിക്ക് പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല എന്ന് ലാവണ്യക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

പിന്നീട് ഒരു നിമിഷം പോലും നിൽക്കാതെ അവൾ അവിടെ നിന്ന് ഇറങ്ങി നടക്കുമ്പോൾ ദേവൻ അവളുടെ സാമീപ്യം അറിഞ്ഞിരുന്നു. അവൾ പോയെന്ന് കണ്ടപ്പോഴും അവൻ ചിരിച്ചു.

അന്ന് വൈകുന്നേരം വരെ അവൾ തെരുവിൽ അലഞ്ഞു നടന്നു. എവിടേക്ക് പോകണമെന്നറിയാതെ ഒരുതുള്ളി വെള്ളം പോലും കിട്ടാതെ അവൾ ആ ദിവസം മുഴുവൻ തള്ളി നീക്കുകയായിരുന്നു.

സ്വന്തം വീട്ടിലേക്ക് തിരികെ ചെല്ലാൻ അവളുടെ അഭിമാനം അവളെ അനുവദിക്കുന്നുണ്ടായിരുന്നില്ല.അത്രത്തോളം തന്റെ അച്ഛനെയും അമ്മയെയും താൻ വേദനിപ്പിച്ചിട്ടുണ്ട് എന്ന സത്യം അവൾക്ക് അറിയാമായിരുന്നു.

പക്ഷേ ആശ്രയം ഇല്ലാതിരുന്ന അവളുടെ മുന്നിലേക്ക് ദൈവദൂതനെ പോലെ അവളുടെ അച്ഛൻ പ്രത്യക്ഷപ്പെട്ടത് എത്ര പെട്ടെന്നായിരുന്നു.. അച്ഛനെ കണ്ടപ്പോൾ അവളുടെ സങ്കടം സഹിക്കാനായില്ല.. അയാളെ കെട്ടിപ്പിടിച്ച് അവൾ വാതോരാതെ കരഞ്ഞു.

“എന്നോട് ക്ഷമിക്ക് അച്ഛാ.. അറിവില്ലാതെ എന്തൊക്കെയോ ചെയ്തു കൂട്ടിയതാണ്.. ശിക്ഷ എനിക്ക് കിട്ടി..”

അവൾ പറഞ്ഞപ്പോൾ അച്ഛൻ അവളെ ആശ്വസിപ്പിച്ചു.

” മക്കൾ എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കാനും സഹിക്കാനും മാത്രമേ മാതാപിതാക്കൾക്ക് കഴിയൂ.. നീ ഒരിക്കലും അനാഥ അല്ലല്ലോ.. നീ ഞങ്ങളെ അവിടെനിന്ന് ഇറക്കി വിട്ടാലും നിന്നെ ഒരിക്കലും നമ്മുടെ വീട്ടിൽ നിന്ന് ഞങ്ങൾ ഇറക്കി വിടില്ല. അവന്റെ വീട്ടിൽ നിന്ന് നീ പടിയിറങ്ങിയ നിമിഷം നിനക്ക് നമ്മുടെ വീട്ടിലേക്ക് വരാമായിരുന്നല്ലോ..? എന്തിനായിരുന്നു തെരുവിൽ അലഞ്ഞു നടന്നത്.. എന്റെ ഒരു പരിചയക്കാരൻ വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഈ കാര്യം അറിയുന്നത്. അല്ലെങ്കിൽ ഞാൻ ഇവിടേക്ക് എത്തിപ്പെടുക പോലും ഇല്ലായിരുന്നു.. “

അവളെ ആശ്വസിപ്പിച്ചു വീട്ടിലേക്ക് കൈപിടിച്ച് കൊണ്ടുപോകുമ്പോൾ മനസ്സുകൊണ്ട് അവൾ ഒരായിരം വട്ടം അച്ഛനോടും അമ്മയോടും മാപ്പ് പറഞ്ഞു കഴിഞ്ഞിരുന്നു…!!!