രചന : ശ്രേയ
” കല്യാണത്തിന് മുൻപ് മെലിഞ്ഞു എന്ത് ഭംഗി ആയിരുന്നു നിന്നെ കാണാൻ..! ഇപ്പോ കണ്ടില്ലേ തടിച്ചു ചീർത്ത് ചക്ക പോത്ത് പോലെ ആയി.. നിന്റെ അമ്മായിയമ്മേടെ ഫുഡ് നിനക്ക് അത്രക്ക് അങ്ങ് പിടിച്ചോ..? “
മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് ഒപ്പം പഠിച്ച ഒരു സുഹൃത്തിനെ കണ്ടത്. അവളുടെ വാക്കുകൾ കേട്ടപ്പോഴാണ് തന്റെ ശരീരത്തിൽ ഇത്രയും അധികം മാറ്റങ്ങൾ വന്നിരുന്നു എന്ന് ആലോചിച്ചത്..
“എന്തായാലും നിന്നെ കാണാൻ ആകെ ഒരു കോലം ആയിട്ടുണ്ട്.. നിന്റെ ആരോഗ്യം ശ്രദ്ധിക്കണം.. അല്ലെങ്കിൽ എന്താണ് ഉണ്ടാവുക എന്ന് പറയേണ്ടല്ലോ..”
അവൾ പറഞ്ഞത് കേട്ടപ്പോൾ ആകെ ഒരു വിഷമം തോന്നി എന്നത് ശരി തന്നെ. പക്ഷേ തനിക്ക് എന്ത് ചെയ്യാനാവും..? തന്റെ ആരോഗ്യവും തന്റെ സൗന്ദര്യവും ഒന്നും ശ്രദ്ധിക്കാനുള്ള സമയം ആ വീട്ടിൽ തനിക്കില്ല..
“നിന്റെ കാനഡ ലൈഫ് ഒക്കെ എങ്ങനെയുണ്ട്..?”
അവളുടെ അടുത്ത ചോദ്യം തന്റെ നേർക്ക് തൊടുത്തു വിടുന്നത് അറിയുന്നുണ്ടായിരുന്നു.
” എന്തു പറയാനാ..? നന്നായി പോകുന്നു.. “
ചെറിയൊരു വിഷാദം കലർന്നിരുന്നു മറുപടിയിൽ.
“ഇനിയെന്നാ തിരിച്ച് അവിടേക്ക്..?”
ചോദിച്ചപ്പോൾ ഉള്ളിൽ ഒരു മടുപ്പ് നിറഞ്ഞു.വീണ്ടും ആ നാല് ചുവരുകൾക്കുള്ളിലേക്ക് തളക്കപ്പെടുന്ന കാര്യം ആലോചിക്കാൻ വയ്യ..
“ഒരു മാസത്തെ ലീവ് ഉണ്ട് എന്നാണ് പറഞ്ഞത്.അത് കഴിയുമ്പോൾ മടങ്ങിപ്പോകും..”
അവളുടെ മറുപടികളിൽ എവിടെയോ ഒരു ഔപചാരികത സുഹൃത്തിന് തോന്നുന്നുണ്ടായിരുന്നു.എന്തൊക്കെയോ മറച്ചു വെക്കാനുള്ള ഒരു വ്യഗ്രത അവളുടെ വാക്കുകളിൽ നിന്ന് സുഹൃത്ത് വായിച്ചെടുത്തു.
“നീ ഓക്കേ ആണല്ലോ അല്ലേ..?”
പരസ്പരം പിരിയുന്ന നേരത്ത് അവൾ ചോദിച്ച ആ വാക്കുകൾ കാവ്യയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു.
താൻ ഓക്കേ ആണോ എന്ന്.. ഇത്രയും വർഷങ്ങൾക്കിടയിൽ ഒരു പക്ഷേ ആരും അന്വേഷിച്ചിട്ടില്ലാത്ത കാര്യം…!
തന്റെ ദുഃഖങ്ങൾ മറ്റാരുമായും പങ്കുവെച്ചിട്ടും പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് വിശ്വസിച്ച കാവ്യ താൻ ഓക്കെയാണ് എന്നുതന്നെയാണ് സുഹൃത്തിനോട് പറഞ്ഞത്.
“നിനക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും എന്നെ വിളിക്കാം.സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ ഏത് സമയത്തും തുണയായി നിൽക്കുന്നവർ എന്നാണ്. നിന്റെ ജീവിതത്തിൽ എന്തെങ്കിലും ഒരു മോശം ഘട്ടത്തിലൂടെയാണ് നീ കടന്നു പോകുന്നതെങ്കിൽ.. പറയാൻ മടിക്കരുത്.. പലരും തുറന്നു പറയാൻ ഒരാൾ ഇല്ലാത്ത വിഷമത്തിൽ പല അബദ്ധങ്ങളും ചെയ്തു വയ്ക്കുന്ന കാലമാണ്. എന്റെ ഒരു സുഹൃത്തിനെ പോലും അങ്ങനെ കാണാൻ എനിക്ക് ആഗ്രഹമില്ലാത്തതു കൊണ്ടാണ്..അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നോട് വീണ്ടും വീണ്ടും ഇത് അന്വേഷിക്കുന്നത്..”
അവൾ പറഞ്ഞ വാക്കുകൾ കാവ്യയുടെ കണ്ണുകളെ ഈറനണിയിച്ചു.
“എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ ആദ്യം നിന്നെ തന്നെ വിളിക്കും.. അതുപോരെ..?”
പരസ്പരം നമ്പർ കൈമാറി പിരിയുന്ന സമയത്ത് കാവ്യയ്ക്ക് ഒരു ആശ്വാസം തോന്നി. തന്നെ കേൾക്കാൻ ഒരാളെങ്കിലും ഉണ്ടാകും എന്നൊരു വാക്ക് കേട്ടതിന്റെ ആശ്വാസം..!
അവൾ തിരികെ വീട്ടിലെത്തുമ്പോൾ അമ്മായിയമ്മയും ഭർത്താവും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്.
തന്നെ കണ്ടപ്പോൾ രണ്ടാളുടെയും മുഖം ഇരുളുന്നത് അവൾ ശ്രദ്ധിച്ചു. അത് പതിവായത് കൊണ്ട് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവൾ അകത്തേക്ക് കയറി.
” ഏത് നേരവും ത* തിരിഞ്ഞ് വല്ല സ്ഥലങ്ങളിലും പൊക്കോളും.. ഏതെങ്കിലും നേരത്തെ തിരികെ വന്ന് കയറുകയും ചെയ്യും.. ഇതൊക്കെ എങ്ങോട്ടാ പോകുന്നത് എന്താ ചെയ്യുന്നത് എന്ന് ആരെങ്കിലും അറിയുന്നുണ്ടോ..? “
അമ്മായിയമ്മ ആരോടൊന്നും ഇല്ലാത്ത ഭാവത്തിൽ പറയുന്നത് അവൾ ശ്രദ്ധിച്ചു. ഭർത്താവിന്റെ മറുപടിക്ക് വേണ്ടിയാണ് അവൾ കാത്തു നിന്നത്.
പക്ഷേ അയാൾ പ്രത്യേകിച്ച് മറുപടിയൊന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ അവൾക്ക് നിരാശ തോന്നി.
” കല്യാണം കഴിഞ്ഞിട്ട് കൊല്ലം മൂന്നായില്ലേ..? ഇതുവരെ കൊച്ചുങ്ങളും കുട്ടികളും ഒന്നുമില്ലല്ലോ.. അവക്ക് പ്രസവിക്കാൻ വയ്യാത്തതാണോ..അതോ ഉണ്ടാവാത്തതാണോ..? “
അമ്മായിയമ്മ ചോദിക്കുന്നത് കേട്ട് അവൾക്ക് വല്ലാതെ അരിശം വന്നു.
ഇപ്പോഴും ഭർത്താവും മൗനം തന്നെയായിരുന്നു എന്നത് അവൾ ശ്രദ്ധിച്ചു. അല്ലെങ്കിലും ഇതൊന്നും അയാളെ സംബന്ധിക്കുന്ന കാര്യങ്ങൾ അല്ലല്ലോ..
കാനഡകാരന്റെ ആലോചന വന്നപ്പോൾ അതെന്തോ മഹാഭാഗ്യമാണെന്നാണ് തന്റെ വീട്ടുകാർ കരുതിയത്. അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണങ്ങൾക്ക് നിൽക്കാതെ എത്രയും വേഗം വിവാഹം നടത്താനായിരുന്നു അവർക്ക് താല്പര്യം.
അധികം ആർഭാടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അത്യാവശ്യം സ്വർണവും പണവും ഒക്കെ തന്നിട്ട് തന്നെയാണ് തന്നെ ഈ വീട്ടിലേക്ക് കെട്ടിച്ചു വിട്ടത്.
കല്യാണം കഴിഞ്ഞ് വന്ന കയറിയപ്പോൾ തന്നെ അമ്മായി അമ്മയ്ക്കും നാത്തൂനും ഒക്കെ സ്വർണ്ണത്തിലായിരുന്നു കണ്ണ്.ഓരോന്നും എത്ര പവൻ ഉണ്ട് എന്നുള്ള കണക്കെടുപ്പ് ആയിരുന്നു ഒട്ടും സഹിക്കാൻ വയ്യാത്തത്.
വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവിന്റെ ഭാഗത്തുനിന്ന് വല്ലാതെ സ്നേഹപ്രകടനങ്ങൾ ഒന്നും അവൾ കണ്ടില്ല. ഒരുപക്ഷേ അങ്ങനെയായിരിക്കും ആളുടെ സ്വഭാവം എന്ന് അവൾക്ക് തോന്നി.
അതുകൊണ്ടുതന്നെ അതിൽ പ്രത്യേകിച്ച് വിഷമങ്ങൾ ഒന്നും തോന്നിയതുമില്ല.
വിവാഹം കഴിഞ്ഞ് ഒരു മാസം ആകുമ്പോഴേക്കും ആൾക്ക് തിരിച്ചു പോകാനുള്ള സമയമായി.തന്നെയും കൂടി കൊണ്ടുപോകും എന്ന് വിവാഹത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നു. എന്തായാലും അദ്ദേഹം ആ വാക്ക് പാലിച്ചു.
വിവാഹം കഴിഞ്ഞ് ഭർത്താവിനോടൊപ്പം താനും കാനഡയിൽ എത്തി. അവിടുത്തെ ജീവിതം അത്ര സുഖകരം ഒന്നുമായിരുന്നില്ല.
രാവിലെ ഭർത്താവ് ജോലിക്ക് പോകും വൈകുന്നേരം ലേറ്റ് ആയിട്ടാണ് വീട്ടിലെത്താറ്. ആ സമയം വരെ നാലു ചുവരുകൾക്കുള്ളിൽ ഇരുന്ന് ബോറടിക്കുക എന്നല്ലാതെ തനിക്ക് മറ്റൊന്നും അവിടെ ചെയ്യാൻ ഉണ്ടായിരുന്നില്ല.
ഭാഷ പോലും വലിയ പിടിയില്ലാത്തതുകൊണ്ട് പുറത്തേക്കിറങ്ങാൻ പോലും പേടിയായിരുന്നു.
രാവിലെ നേരത്തെ എഴുന്നേറ്റ് ഭർത്താവിനുള്ള ആഹാരം ഉണ്ടാക്കി വയ്ക്കുകയും കഴിപ്പിക്കുകയും വീട്ടിലെ കാര്യങ്ങൾ നോക്കുകയും ഒക്കെ ചെയ്തു പതിയെ പതിയെ തനിക്ക് തന്നെ മടുപ്പ് തോന്നി തുടങ്ങിയിരുന്നു.
തനിക്ക് കൂടി എന്തെങ്കിലും ഒരു ജോലി നോക്കിയാലോ എന്ന് ചോദിച്ചപ്പോൾ,
” ഇത് നിന്റെ പട്ടിക്കാട് പോലത്തെ നാടല്ല.. അത്യാവശ്യം സ്റ്റാറ്റസ് ഉള്ള ആളുകൾ ജീവിക്കുന്ന നാടാണ്… ഇവിടെ ജോലി ചെയ്യുന്നവർക്കും ആ സ്റ്റാറ്റസ് നിർബന്ധമാണ്. ഇംഗ്ലീഷ് പോലും മര്യാദയ്ക്ക് കൈകാര്യം ചെയ്യാൻ അറിയാത്ത നീ ഇവിടെ എങ്ങനെ പിടിച്ചു നിൽക്കാനാണ്..? “
പുച്ഛത്തോടെ അയാൾ അത് ചോദിച്ചപ്പോൾ തല്ലിക്കെടുത്തി കളഞ്ഞത് തന്റെ ആത്മവിശ്വാസം തന്നെയായിരുന്നു. തന്നോട് ഭാര്യയുടെതായ ഒരു സമീപനവും അയാൾ കാണിച്ചിരുന്നില്ല.
ആളുകൾ പോകുംതോറും തനിക്ക് ആ കാര്യത്തിൽ വളരെയധികം സംശയങ്ങൾ ഉണ്ടായിരുന്നതാണ്. അതിനൊക്കെയുള്ള മറുപടി ഒരു ദിവസം തനിക്ക് കിട്ടി..
അയാളെയും അയാളുടെ ഗേൾഫ്രണ്ടിനെയും ഒന്നിച്ച് തന്നെ കാണാനുള്ള ഒരു ഭാഗ്യം ഒരു ദിവസം തനിക്ക് ലഭിച്ചു. അന്ന് അയാളോട് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു.
” എന്നെ ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ നിനക്ക് ആരാണ് അധികാരം തന്നത്..? നിന്റെ കഴുത്തിൽ ഞാൻ കെട്ടിത്തന്ന താലിയുടെ ബലത്തിലാണ് ഈ സംസാരം എങ്കിൽ, അതിനേക്കാൾ വലിയൊരു ബന്ധം ഞാനും അവളും തമ്മിൽ ഉണ്ട്. എന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നവളാണ് അത്.. “
അയാളുടെ ആ വാക്കുകൾ തനിക്ക് വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു. അയാൾക്ക് മുന്നിൽ തന്റെ സ്ഥാനം എന്താണെന്ന് തനിക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
” നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ എനിക്കൊരു ഭാര്യ.. അതുമാത്രമാണ് നീ.. എന്നോടൊപ്പം നല്ലൊരു ജീവിതം മോഹിച്ച് നീ ഇവിടെ പിടിച്ചു നിൽക്കേണ്ട. നിന്നെ ഇവിടേക്ക് കൊണ്ടുവന്നത് പോലും,എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല.. ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടായാൽ അതിനെ നോക്കാൻ ഒരാൾ വേണ്ടേ എന്ന രീതിയിലാണ്.. ഞങ്ങൾക്ക് രണ്ടുപേർക്കും ജോലി ഉള്ളതാണല്ലോ..!”
തന്റെ അഭിമാനത്തിന് ഏറ്റവും മുറിവ് തന്നെയായിരുന്നു ആ സംഭാഷണം.. അതിന്റെ പിറ്റേദിവസം ആണ് നാട്ടിലേക്ക് വരുന്നത്.
തന്നോട് നേരത്തെ ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല. നാട്ടിലെത്തിക്കഴിഞ്ഞതിനു ശേഷം ആണ് ഒരു മാസം ലീവ് ആണ് എന്നൊക്കെ അറിയുന്നത്..
” അവൾക്ക് കുട്ടികൾ ഉണ്ടാവാത്തതായിരിക്കും.. എന്റെ ആഗ്രഹങ്ങൾക്ക് ഒന്നും വിലയില്ലല്ലോ.. “
സങ്കടം നിറഞ്ഞ ശബ്ദത്തോടെ അവൻ പറയുന്നത് കേട്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു.
പിന്നീട് ഒരു നിമിഷം പോലും ചിന്തിച്ചു നിൽക്കാതെ അവൾ തന്റെ സാധനങ്ങൾ എല്ലാം ഒരു ബാഗിലേക്ക് നിറച്ച് ഉമ്മറത്തേക്ക് വന്നു. അവളുടെ ആ വരവ് കണ്ട് അമ്മായിയമ്മയും ഭർത്താവും നെറ്റി ചുളിച്ചു.
” എനിക്ക് കുട്ടികൾ ഉണ്ടാവാത്തത് ഞാൻ മച്ചി ആയതുകൊണ്ടാണെന്ന് നേരത്തെ ഇയാൾ ഇവിടെ പ്രസ്താവിക്കുന്നത് ഞാൻ കേട്ടു. പക്ഷേ ഞാൻ ഒന്നു ചോദിച്ചോട്ടെ..? എനിക്കാണോ ഇയാൾക്കാണോ പ്രശ്നമെന്ന് ആരെങ്കിലും ടെസ്റ്റ് ചെയ്ത് നോക്കിയിട്ടുണ്ടോ..? നിങ്ങളുടെ മകൻ പിന്നെ നേരത്തെ കഴിവ് തെളിയിച്ചത് ആയതു കാരണം അതിനകത്ത് വലിയ സംശയമൊന്നും ഉണ്ടാവില്ല.. എനിക്ക് അതിനുള്ള അവസരം കിട്ടാത്തതുകൊണ്ട് എന്റെ കാര്യം എങ്ങനെയാണെന്ന് അറിയാൻ പറ്റില്ല.. “
അവൾ പറഞ്ഞത് കേട്ട് അമ്മായിയമ്മ സംശയത്തോടെ അവളുടെ ഭർത്താവിനെ ശ്രദ്ധിക്കുന്നത് അവൾ കണ്ടു..
“അമ്മ അവിടെ നോക്കണ്ട.. അമ്മയ്ക്കുള്ള മറുപടി ഞാൻ തരാം. എന്റെ കഴുത്തിൽ ഒരു താലികെട്ടി എന്നല്ലാതെ ഭാര്യ ഭർത്താക്കന്മാർ ആയി ഞങ്ങൾ ഇന്നുവരെ ജീവിച്ചിട്ടില്ല. എന്ന് മാത്രമല്ല അമ്മയുടെ മോന് അവിടെ വേറെ സെറ്റപ്പും കുട്ടികളും ഒക്കെയുണ്ട്. അതിനിടയിൽ എന്റെ ജീവിതം കൂടി ഇരുട്ടിൽ ആക്കിയത് എന്തിനാണെന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല. ഉള്ളതുകൊണ്ട് കഴിഞ്ഞുകൂടുന്ന ആളുകൾ ആയിരുന്നല്ലോ ഞങ്ങൾ.. അതിനിടയിൽ എന്തിനാണ് നിങ്ങളൊക്കെ കൂടി കയറി വന്നത്.. എന്റെ ജീവിതം ഇല്ലാതാക്കാൻ വേണ്ടി..”
അത്രയും പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. പക്ഷേ അതൊക്കെയും അമ്മായിയമ്മയ്ക്ക് പുതിയ അറിവുകൾ ആയിരുന്നു എന്നത് അവരുടെ മുഖത്തെ ഞെട്ടലിൽ നിന്ന് വ്യക്തമായിരുന്നു.
” ഈ കേട്ടതൊക്കെ സത്യമാണോ ഡാ..? “
അവർ ചോദിച്ചപ്പോൾ അയാൾ പതർച്ചയോടെ അവളെയും അമ്മയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. അവസാനം ഗത്യന്തരമില്ലാതെ അയാൾക്ക് അത് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.
” ദ്രോഹി.. എത്രയൊക്കെ ഈ പെൺകൊച്ചിനെ ദ്രോഹിച്ച നീയാണോ ഇപ്പോൾ വലിയ കാര്യമായി നിന്റെ ആഗ്രഹം കാണാൻ ആളില്ല എന്നൊക്കെ ഇവിടെ പറഞ്ഞത്.. നിന്റെ ഇങ്ങനെയുള്ള ഓരോ പരാതികൾ കേട്ട് ഈ പെൺകുട്ടിയെ കുറ്റപ്പെടുത്തിയ ഞാൻ ആരായി..? നമ്മുടെ വീണ മോൾക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ നീ സഹിക്കുമായിരുന്നോ..? “
ദേഷ്യത്തോടെ അവനോട് ചോദിച്ചിട്ട് അമ്മായിഅമ്മ അവൾക്ക് അടുത്തേക്ക് വന്നു.
” മോള് അമ്മയോട് ക്ഷമിക്ക്. അമ്മയുടെ ഭാഗത്ത് നിന്ന് മോൾക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതൊക്കെയും മറന്നു കളയൂ.. മോൾക്ക് ഇനിയും നല്ലൊരു ഭാവിയുണ്ട്. ഇവിടെ നിന്ന് അത് തല്ലിക്കെടുത്തി കളയണ്ട. മോളുടെ ആഭരണങ്ങളൊക്കെയും ഇവിടെ എന്റെ അലമാരയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഞാൻ എടുത്തു തരാം.. “
പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് പോയി അവളുടെ ആഭരണങ്ങളുമായി തിരിച്ചുവന്നു. ഒക്കെയും അവളുടെ കയ്യിൽ തന്നെ അവർ ഏൽപ്പിക്കുകയും ചെയ്തു.
” മോള് പോയി രക്ഷപ്പെട്.. എന്റെ മകൻ ഇത്രയും വലിയ ഒരു ചെകുത്താൻ ആണെന്ന് ഞാൻ അറിയാതെ പോയി.. “
അത്രയും പറഞ്ഞുകൊണ്ട് സങ്കടത്തോടെ അവർ അകത്തേക്ക് കയറി പോകുമ്പോൾ അവൾക്കും വിഷമം തോന്നിയിരുന്നു.. അതൊരിക്കലും ഭർത്താവിനെ ഓർത്തല്ല അമ്മായിയമ്മയെ ഓർത്തിട്ട് ആയിരുന്നു..
എന്നെപ്പോലെ തന്നെ ഈ വീട്ടുകാരെയും അയാൾ പറ്റിക്കുകയായിരുന്നു എന്നോർത്തിട്ട്…!!
പക്ഷേ അവരോട് സഹതാപം കാണിച്ചു നിൽക്കാനുള്ളതല്ല തന്റെ ജീവിതം എന്ന തിരിച്ചറിവിൽ അവൾ പുറത്തേക്ക് ചുവട് വച്ചു…