അവന്റെ സമ്മതം ഇല്ലെന്ന് വച്ചു ഒരു ജീവിതം ഇല്ലാതാക്കാൻ അങ്ങേയ്ക്ക് കഴിയുമോ…

രചന: നീതു

“” നിങ്ങടെ അമ്മ ഇന്ന് നിങ്ങളെ കാണാൻ വന്നിരുന്നു!! കുഞ്ഞനിയത്തിയുടെ കല്യാണമാണ് എന്തെങ്കിലും സഹായിച്ചു കൊടുക്കണം എന്ന്!!””

പരിഹാസത്തോടെ ദിവ്യ അത് പറഞ്ഞതും അവളെ ഒന്ന് നോക്കി മഹേഷ്‌..

“” അല്ലെങ്കിലേ ലോണും ഇൻഷുറൻസും എല്ലാം അടച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി വീട്ടിലെ കാര്യം നോക്കി രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴാണ് ഇനിയിപ്പോ അതിനും കൂടെ സഹായിക്കുന്നത്!!””

എന്നവൾ പിറുപിറുക്കുന്നത് വ്യക്തമായി കേട്ടിരുന്നു മഹേഷ്!

“” എന്നിട്ട് അവർ എപ്പോഴാ പോയത്?? “”

എന്ന് ദിവ്യയുടെ പുറകെ പോയി ചോദിച്ചപ്പോൾ അവൾ തിരിഞ്ഞു നിന്ന് ചോദിച്ചിരുന്നു,
“” എന്താ ഒരു സോഫ്റ്റ് കോർണർ സഹായിക്കാൻ ഇറങ്ങി പുറപ്പെടുകയാണോ?? എന്ന്..

അവളോട് കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാമായിരുന്നു അതുകൊണ്ടാണ് റൂമിലേക്ക് ചെന്ന് കട്ടിലിലേക്ക് വീണത് എന്തോ മനസ്സ് അസ്വസ്ഥമായിരുന്നു കാരണം ഏറെ കാലത്തിന് ശേഷമാണ് അമ്മ തന്നെ തിരക്കി വരുന്നത് അതും ഇവിടെ തന്റെ വീട്ടിലേക്ക് ..

മഹേഷ് ഫോൺ എടുത്തു അമ്മ എന്നെഴുതിയ നമ്പറിലേക്ക് നോക്കി നിന്നു.. വിളിക്കണോ വേണ്ടയോ എന്ന് മനസ്സിൽ ഒരു പിടിവലി തന്നെ നടന്നു..
വേണ്ടെന്ന് തീരുമാനിച്ച് കണ്ണടച്ച് ബെഡിലേക്ക് കിടന്നു..

“”അനിയത്തി!!””

എന്നാണ് അവൾ ജീവിതത്തിലേക്ക് കയറി വന്നത്!! ഓർമ്മകൾ ഒരുപാട് പുറകിലേക്ക് പോയി അച്ഛനും അമ്മയും താനും കൂടി സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു.. പെട്ടെന്നാണ് ഒരു ദിവസം അച്ഛന് നെഞ്ചുവേദന വന്നത് അന്ന് എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു അവിടെ നിന്ന് വെള്ളയിൽ പൊതിഞ്ഞ് അച്ഛനെ കൊണ്ടുവന്നപ്പോൾ അമ്മയാണ് പറഞ്ഞുതന്നത് ഇനി മേലിൽ നിനക്ക് അച്ഛൻ ഇല്ല എന്ന് അന്നത്തെ പ്രായത്തിൽ അത് മനസ്സിലായില്ല എങ്കിലും പിന്നീട് വീട്ടിലെ കഷ്ടപ്പാടുകൾ മനസ്സിലാക്കി തന്നിരുന്നു അച്ഛൻ ഇല്ലാത്ത ജീവിതം ദുസഹമാണ് എന്ന്…

പിന്നീട് അമ്മാവന്മാരുടെ ചിലവിൽ ആയിരുന്നു.. അവർക്ക് അത് കൂടുതൽ കാലം മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്തതുകൊണ്ടാണ് മറ്റൊരു വിവാഹത്തിന് അമ്മയെ നിർബന്ധിച്ചതും അമ്മയെക്കൊണ്ട് വേറൊരാളെ വിവാഹം കഴിപ്പിച്ചതും അത് പക്ഷേ എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ ആയില്ല..

ഒരു സ്കൂൾ മാഷ് ആയിരുന്നു ആള് പരമ പാവം പക്ഷേ അതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല എന്റെ മനസ്സിൽ അയാളെപ്പോഴും ശത്രു സ്ഥാനത്തായിരുന്നു മോനെ എന്ന് വിളിച്ച് എന്നിലേക്ക് അടുക്കാൻ ശ്രമിച്ചയാളെ ദേഷ്യത്തിന്റെ മുഖംമൂടി ധരിച്ച് ഞാൻ അകറ്റി നിർത്തി…

എന്നോട്‌ അടുക്കുന്നത് എനിക്കിഷ്ടമല്ല എന്നറിഞ്ഞതും എന്റെ സമാധാനത്തിനുവേണ്ടി അദ്ദേഹവും എന്നിൽ നിന്ന് ഒഴിഞ്ഞുമാറി നിന്നു ഞാനും അമ്മയും കൂടി കെട്ടിപ്പിടിച്ച് കിടന്നിരുന്ന മുറിയിൽ എന്നെ പുറത്താക്കി അവർ രണ്ടുപേരും ചേക്കേറി… ഇതൊക്കെ എനിക്ക് സഹിക്കാൻ പറ്റുന്നതിനേക്കാൾ അപ്പുറത്തായിരുന്നു…

അയാളെ വെറുപ്പായിരുന്നു അക്കൂട്ടത്തിൽ അമ്മയെയും ഞാൻ വെറുത്തു..
തന്നിഷ്ടക്കാരനായി… അയാളുടെ സ്കൂളിൽ ആയിരുന്നു ഞാൻ പഠിച്ചിരുന്നത് മകനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുമ്പോഴും എന്റെ അച്ഛനല്ല എന്ന് ഞാൻ ഉറക്കെ പറഞ്ഞു..
അതയാളെ ഏറെ വിഷമിപ്പിച്ചിരുന്നു..
അതൊന്നും ഞാൻ കാര്യമാക്കിയില്ല.

ഒടുവിൽ,
പത്താം ക്ലാസ് പഠിക്കുമ്പോൾ അന്നാണ് അറിഞ്ഞത് അമ്മയുടെ വയറ്റിൽ എനിക്കൊരു കൂടെപ്പിറപ്പ് വളരുന്നുണ്ട് എന്ന് ഒട്ടും സന്തോഷം തോന്നിയില്ല എന്നു മാത്രമല്ല തോന്നിയത് മുഴുവൻ നാണക്കേടായിരുന്നു ഈ പ്രായത്തിൽ ഒരു അനിയത്തി അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു അതുകൊണ്ടുതന്നെ ഞാൻ ആ വീട് വിട്ട് പോകാൻ തന്നെ തീരുമാനിച്ചു…

മരിച്ചുപോയ എന്റെ അച്ഛന്റെ പെങ്ങളെ വിളിച്ച് ഞാനിനി ഇവിടെ നിൽക്കില്ല എന്ന് പറഞ്ഞു അവർ എന്നെ വന്നു കൊണ്ടുപോകാം എന്ന് പറഞ്ഞതും ആ സമാധാനത്തിൽ ഞാൻ അവിടെ നിന്നു. അന്ന് രാത്രി അമ്മയുടെ റൂമിൽ നിന്ന് അയാളുടെ സംസാരം കേട്ടിരുന്നു,

“”‘ മഹി കുട്ടന് അത്രയ്ക്കും സഹിക്കാൻ പറ്റുന്നില്ലച്ചാൽ നമുക്കിത് വേണോ ഭാഗ്യം??”””” എന്ന്!!

അപ്പോഴേക്കും അമ്മ പൊട്ടിത്തെറിച്ചിരുന്നു!!
“””അവന്റെ സമ്മതം ഇല്ലെന്ന് വച്ചു ഒരു ജീവിതം ഇല്ലാതാക്കാൻ അങ്ങേയ്ക്ക് കഴിയുമോ??””

എന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ അയാൾ മൗനം പാലിച്ചു… അപ്പച്ചി വന്ന് രണ്ടുദിവസത്തിനകം എന്നെ അവിടേക്ക് കൊണ്ടുപോയി പിന്നീട് എന്റെ പഠിത്തവും എല്ലാം അവിടെയായിരുന്നു… ജോലി കിട്ടിയതും എന്റെ വിവാഹം നടത്തിയതും എല്ലാം അവിടെ വച്ചായിരുന്നു അന്യരെപ്പോലെ അമ്മയും അയാളും വന്ന് പങ്കെടുക്കും.. കൂടെ അവളും… അനിയത്തി…

കുറച്ചു വർഷങ്ങൾക്കു മുമ്പ് അയാൾ മരിച്ചു എന്നെ വിവരമറിയിച്ചു നാട്ടുകാർ കാണാൻ ചെല്ലുന്നത് പോലെ ഒന്ന് ചെന്നു.. അന്നമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞു അവർക്ക് ഇനി ആരുമില്ല നിന്റെ അനിയത്തിയെ നോക്കണം എന്ന്…

അയാൾക്ക് പെൻഷൻ ഉണ്ട് പക്ഷേ എന്തൊക്കെയോ പ്രശ്നം കാരണം മരണശേഷം അത് അമ്മയ്ക്ക് കിട്ടിത്തുടങ്ങിയിരുന്നില്ല… നന്നായി ബുദ്ധിമുട്ടി തന്നെയായിരുന്നു അവരുടെ ജീവിതം പിന്നെ അങ്ങോട്ട്..

അന്വേഷിക്കാനോ സഹായിക്കാനോ പോയില്ല.. ദിവ്യയെ ഞാൻ താലികെട്ടി കൊണ്ടുവന്നത് അപ്പച്ചിയുടെ വീട്ടിലേക്ക് ആയിരുന്നു ഇവിടത്തെ കാര്യങ്ങളെല്ലാം അവളോട് തുറന്നു പറഞ്ഞതും അവൾക്കും അവരോട് എല്ലാം വെറുപ്പായി…

അവൾക്ക് വിവാഹാലോചന വന്നു കാണും!!! വല്ലതും ശരിയായി കാണും!!! കയ്യിൽ നീക്കിയിരിപ്പ് ഒന്നും കാണില്ല അതുകൊണ്ടാവും അവസാന വഴി എന്ന രീതിയിൽ എന്റെ അരികിൽ വന്നത്..

സഹായിക്കണം എന്ന് മനസ്സിന്റെ ഒരു പാതി പറയുമ്പോഴും മറു പാതി അവരുടെ മുന്നിൽ തോറ്റു കൊടുക്കരുത് എന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു.. എന്തിനാ എന്ന് പോലും അറിയാത്ത ഒരു ശത്രു സ്ഥാനം അവർക്ക് എല്ലാം എന്റെ മനസ്സിൽ എന്നോ സ്ഥാനം നേടിയിട്ടുണ്ട്…

അമ്മയും അവളും വന്നത് ഞാൻ മനപ്പൂർവ്വം മറന്നു.. ഒരിക്കൽ കൂടി അവർ വന്നിരുന്നു ഒരു ഞായറാഴ്ച ഞാൻ കൂടി വീട്ടിലുള്ളപ്പോൾ കയ്യിലുള്ള ഇൻവിറ്റേഷൻ കാർഡ് എന്റെ നേരെ നീട്ടി അവളാണ് പറഞ്ഞത്..

“””ഏട്ടൻ എന്റെ വിവാഹത്തിന് വരണം””” എന്ന്….

ഞാൻ മനപ്പൂർവം മറന്നതായിരുന്നു ഇക്കാര്യം എന്തോ മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധം തോന്നി അപ്പോൾ ഞാൻ അമ്മയെ നോക്കി പുച്ഛിച്ചു ഒരു ചിരി ആ മുഖത്ത് ഉണ്ടായിരുന്നു..

“”” അദ്ദേഹത്തിന്റെ പെൻഷൻ ശരിയായി ഇതുവരെ തടഞ്ഞുവെച്ച തുക മുഴുവൻ കിട്ടി!! ആൾക്കാർ നമ്മളെ തോൽപ്പിക്കുമ്പോൾ ദൈവങ്ങൾ ആയിട്ട് ജയിക്കാൻ അവസരം ഉണ്ടാക്കി തരുന്നതാവും… ഒരിലച്ചോറ് ഉണ്ണാൻ നീയും വരണം!! കാരണം അവൾക്ക് ആകെ ഒരേ ഒരു കൂടപ്പിറപ്പേ ഉള്ളൂ!!! നിയത്ര തള്ളിപ്പറഞ്ഞാലും അച്ഛന്റെ സ്ഥാനത്ത് അവൾ നിന്നെയാണ് കണ്ടിട്ടുള്ളത്!! ആ സ്ഥാനത്ത് നിന്ന് അവളുടെ കൈപിടിച്ചു കൊടുക്കാൻ നീ ഉണ്ടാവണം!!””””

എന്നെന്റെ മുഖത്ത് നോക്കി പറഞ്ഞ് അവളുടെ കയ്യും പിടിച്ച് അമ്മ ഞങ്ങളുടെ വീടിന്റെ പാടി ഇറങ്ങി ഞാൻ ദിവ്യയെ നോക്കി അവളുടെ മുഖത്ത് എന്താണ് ഭാവം എന്നെനിക്കറിയാം കഴിഞ്ഞില്ല പക്ഷേ എന്റെ മനസ്സ് മുഴുവൻ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു… അവസാന നിമിഷത്തിൽ എങ്കിലും എനിക്ക് അവരെ സഹായിക്കാമായിരുന്നു.. പക്ഷേ ചെയ്തില്ല…

വിവാഹത്തിന് നേരത്തെ തന്നെ ഞാൻ അവിടേക്ക് ചെന്നിരുന്നു വിളിച്ചപ്പോൾ അവളില്ല എന്ന് പറഞ്ഞു പക്ഷേ എനിക്ക് പോകാതിരിക്കാൻ ആയില്ല..

കയ്യിൽ കരുതിയ ഒരു ചെയിൻ അവൾക്ക് സമ്മാനമായി നൽകി അവൾ അത് നിഷേധിച്ചു എങ്കിലും നിർബന്ധിച്ചു തന്നെ അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു..,

“”” ഏട്ടൻ വന്നല്ലോ ഇതിനേക്കാൾ അതാണ് എനിക്കുള്ള വിലപ്പെട്ട സമ്മാനം!!””

എന്നുപറഞ്ഞ് അവളെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു എന്റെ മിഴികളും നിറഞ്ഞിരുന്നു ഞാൻ അമ്മയെ നോക്കി അമ്മയും സങ്കടം ഒളിപ്പിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു..
അവളുടെ കൈപിടിച്ച് അവളുടെ ചെക്കന്റെ കയ്യിൽ വച്ചു കൊടുക്കുമ്പോൾ, എനിക്കറിയാമായിരുന്നു ഒരു പാവം ആത്മാവ് മറ്റേതോ ലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും എന്ന്…