രചന: നീതു
ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന ഏതൊരു പെണ്ണിന്റെയും മനസ്സിൽ ഉണ്ടാകുന്ന ആഗ്രഹങ്ങളോടെ തന്നെയാണ് ഞാനും ഈ ജീവിതത്തിലേക്ക് വലതുകാൽ വച്ച് കയറിയത്!!!
മൂന്ന് പെൺകുട്ടികൾ ഉള്ള വീട്ടിൽ മൂത്തകൾക്ക് ഒരു കല്യാണ ആലോചന വന്നപ്പോൾ അതും സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞ്, പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല എത്രയും പെട്ടെന്ന് അവരുടെ കൂടെ ഇറക്കിവിടുക എന്ന് മാത്രമേ എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ…
പെണ്ണുകാണാൻ ഒരിക്കൽ മാത്രം ആ ചെക്കൻ ഒന്നു വന്നിരുന്നു കാണാൻ സുന്ദരനാണ് എല്ലാവർക്കും ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു ആള് അധികം സംസാരിക്കുന്ന കൂട്ടത്തിൽ അല്ല… പെണ്ണിനും ചിക്കനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞപ്പോൾ അതിനു പോലും കൂട്ടാക്കിയില്ല…
അതുകൊണ്ടുതന്നെ ഇന്ന് വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു നിമിഷയ്ക്ക്… ആനന്ദ് എന്നാണ് അയാളുടെ പേര് എന്നതിൽ കൂടുതലായി അയാളെ പറ്റി ഒന്നും അറിയില്ല ഇന്ന് അയാൾ തന്റെ കഴുത്തിൽ താലികെട്ടി എന്നല്ലാതെ ഒരു നോട്ടം കണ്ടോ ചിരി കൊണ്ടോ പോലും അയാൾ ഒന്ന് കടാക്ഷിച്ചില്ല….
വലതുകാൽ വച്ച് താൻ ആ വീട്ടിലേക്ക് കയറി ഇതാണ് മുറി എന്ന് പറഞ്ഞു ഒരു റൂം കാണിച്ചുതന്നു. അവിടെ ഇരിപ്പായിരുന്നു.. ഓരോരുത്തർ വന്ന് പരിചയപ്പെട്ടു അവരോടെല്ലാം ചിരിച്ച് അവർ പറയുന്നതെല്ലാം കേട്ടു.. ഇതിനിടയിൽ ഒരിക്കൽപോലും ആളെ ഇങ്ങോട്ട് കണ്ടിട്ടില്ല….
നേരം ഇരുട്ടിയപ്പോൾ അയാളുടെ പെങ്ങന്മാർ വന്ന് മേല് കഴുകാനും മറ്റും പറഞ്ഞു ബാത്റൂം കാണിച്ചുതന്നു ഒപ്പം എനിക്ക് ഇടാനുള്ള വസ്ത്രങ്ങളും കൊണ്ട് തന്നു ഈ സാരിയും മറ്റും ഊരിവെച്ച് ഒരു നൈറ്റി എടുത്തിട്ടപ്പോഴേ പകുതി ആശ്വാസം തോന്നിയിരുന്നു നേരെ റൂമിലേക്ക് കൊണ്ട് ആക്കി കുറച്ചു കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നു. അവിടെ പോയിരുന്നു അവരുടെ കൂട്ടത്തിൽ ഭക്ഷണവും കഴിച്ചു അപ്പോഴും ആളെ അങ്ങോട്ടേക്ക് കണ്ടില്ല…
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം എന്റെ മനസ്സ് അറിഞ്ഞത് പോലെ അവർ പറഞ്ഞത് ഏട്ടൻ ഒരു കൂട്ടുകാരൻ ആക്സിഡന്റ് ആയിട്ടുണ്ട് അങ്ങോട്ടേക്ക് പോയേക്കുവാ ഇന്ന് വരില്ല എന്ന്..
അവരുടെയെല്ലാം മുഖഭാവവും പരിഭ്രമവും കണ്ട് എനിക്ക് എന്തൊക്കെയോ അസ്വഭാവികത തോന്നിയിരുന്നു എങ്കിലും ഒന്നും മിണ്ടാതെ ഞാൻ മുറിയിൽ പോയി കിടന്നു..
പിറ്റേദിവസം ഒരു പത്തുമണിയോടെ അയാൾ കയറിവന്നിരുന്നു വന്നപാടെ അമ്മയും അയാളും അടുക്കള വശത്ത് എന്തിനൊക്കെയോ വഴക്കിടുന്നുണ്ടായിരുന്നു…
എനിക്ക് ഒന്നും മനസ്സിലായില്ല.. അയാൾ മുറിയിൽ വന്ന് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഡ്രസ്സും എടുത്ത് കുളിച്ച് വീണ്ടും എങ്ങോട്ടോ ഇറങ്ങിപ്പോയി…
എനിക്കാകെ വല്ലായ്മ തോന്നി എന്തൊക്കെയോ അവിടെ പുകയുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി എന്റെ സംശയം അധികനേരം ഉള്ളിലേക്ക് വയ്ക്കേണ്ടി വന്നില്ല അവരുടെ ഒരു ബന്ധു എന്നെ കാണാൻ വന്നിരുന്നു ഏഷണി പറയും പോലെ അവർ എനിക്ക് പറഞ്ഞു തന്നിരുന്നു ഭർത്താവിന്റെ വിശേഷങ്ങൾ….
ഭർത്താവ് ഉപേക്ഷിച്ച് പ്രായം കുറേ ഉള്ള ഒരു സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ട് അവർക്ക് മുതിർന്ന കുട്ടികൾ ഒക്കെയുണ്ട് എങ്കിലും അയാൾ അവിടെ തന്നെയാണ് എന്ന്….
അതിൽ നിന്ന് അയാളെ മോചിപ്പിക്കാൻ ഉള്ള പരീക്ഷണ വസ്തു ആണത്രേ ഞാൻ…
കേട്ടപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി എല്ലാവരോടും ദേഷ്യവും ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ സ്ത്രീധനം വേണ്ട എന്നൊരു വാക്കിന്മേൽ ചുറ്റിപ്പറ്റി നിന്ന് എന്നെ ഇങ്ങോട്ടേക്ക് പറഞ്ഞയച്ച എന്റെ വീട്ടുകാരോട് അടക്കം..
വൈകിട്ട് അയാൾ കയറി വന്നപ്പോൾ ഞാൻ അയാളോട്സംസാരിക്കാൻ നോക്കി…
“”” നോക്ക് എനിക്ക് മറ്റൊരാളെ ഇഷ്ടമാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു പിന്നെ ഇവര് ചത്തു കളയും അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറഞ്ഞതുകൊണ്ട് ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ ഒരു കല്യാണത്തിന് സമ്മതിച്ചത്….””””
“”””അതുകൊണ്ട്???”””
അയാൾ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല…
“”” നീ നിന്റെ വീട്ടിലേക്ക് തിരിച്ചു പോയ്ക്കോ!!””
എന്നാൽ നിസ്സാര ഭാവത്തിൽ പറഞ്ഞപ്പോൾ എനിക്ക് ശരിക്കും ദേഷ്യം ഇരച്ചു കയറി ഞാൻ അയാളോട് തർക്കിച്ചു..
“”” അങ്ങനെ തോന്നുമ്പോൾ കൊണ്ടുവന്നു തോന്നുമ്പോൾ വീടാൻ ഞാൻ പൂച്ചയോ പട്ടിയോ ഒന്നുമല്ല… എന്റെ വീട്ടിൽ നിങ്ങൾ എന്നെ പെണ്ണുകാണാൻ വന്നപ്പോൾ നിങ്ങൾക്ക് പറയാമായിരുന്നു ഈ ബന്ധത്തിന് ഇഷ്ടമല്ലെങ്കിൽ അല്ലെന്ന്… അല്ലെങ്കിൽ അത് കഴിഞ്ഞ് നിങ്ങൾക്ക് ഇതിൽ നിന്ന് പിന്മാറാമായിരുന്നു. അപ്പോൾ ഒന്നും ഒന്നും ചെയ്യാതെ ഇപ്പോൾ ഈ കല്യാണം എല്ലാം കഴിഞ്ഞ്, അതും എന്റെ അച്ഛൻ പണം കടം വാങ്ങി അത് നടത്തി തന്നപ്പോഴാണോ നിങ്ങൾക്ക് ബോധ്യപ്പെട്ടത് ഈ വിവാഹത്തിന് സമ്മതം അല്ലായിരുന്നു എന്ന്!!”””
ഉത്തരം ഇല്ലാത്തതു കൊണ്ട് തന്നെ അയാൾ എന്നെ ഉപദ്രവിക്കാൻ വന്നു. തൊട്ടുപോകരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ അവിടെ പറഞ്ഞു നിന്നു. ഞാൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് ആണ് പോകുന്നത് ഇതിന് എന്തെങ്കിലും പരിഹാരം അവിടെനിന്ന് കിട്ടും എന്ന് പറഞ്ഞപ്പോൾ അയാളുടെ വീട്ടുകാർ എന്റെ കാലുപിടിച്ചു…
ഒന്നും ചെയ്യരുത് എല്ലാവർക്കും നാണക്കേടാണ് എന്നെല്ലാം പറഞ്ഞു അയാളോട്, ആ ബന്ധം ഉപേക്ഷിച്ചു ഇനി ഒന്നും ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പുതരാൻ വേണ്ടി അവർ പറഞ്ഞു… മനസ്സില്ല മനസ്സോടെ അയാൾ ഉറപ്പു തന്നു പിന്നെ വീട്ടിൽ തന്നെ കയറി ഇരിപ്പായിരുന്നു രണ്ടുദിവസം, അതും വീട്ടുകാരുടെ ആവശ്യപ്രകാരം അത് കഴിഞ്ഞപ്പോൾ ആ പെണ്ണ് വന്ന് പ്രശ്നമുണ്ടാക്കി അവളുടെ ഭർത്താവാണ് ആനന്ദ് അയാളെ ഇറക്കി വിടണം എന്നെല്ലാം പറഞ്ഞു….
ആനന്ദ് തന്നെ വന്ന് അവളെ അടിച്ചിറക്കി…. കാരണം അയാൾക്ക് ഭയമുണ്ടായിരുന്നു. ഇത് പോലീസ് കേസ് ആയിട്ടുണ്ടെങ്കിൽ അയാളുടെ കയ്യിൽ ഒന്നും ഒതുങ്ങില്ല എന്ന് നിമിഷ നേരം കൊണ്ട് അയാൾ അവളെ തള്ളിപ്പറഞ്ഞു…
പക്ഷേ എനിക്ക് അയാളെ ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല മറ്റൊരു പെണ്ണിന് മനസ്സും ശരീരവും കൊടുത്ത ആളെ എനിക്ക് വേണ്ടായിരുന്നു..
അത്രയും ആയപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങി… അവരെല്ലാം എന്നെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് അതൊന്നും പ്രശ്നമായിരുന്നില്ല കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയിൽ അയാളെ എനിക്ക് കാണണമായിരുന്നു എന്റെ ജീവിതം വെറുതെ നശിപ്പിച്ച അയാളെ…
അച്ഛൻ തന്ന സ്വർണം എല്ലാം അച്ഛന് തന്നെ കൊണ്ടു കൊടുത്തു… വിവാഹത്തിന്റെ മുന്നേ ഞാനൊരു ടെക്സ്റ്റൈൽസിൽ ജോലിക്ക് പോയിരുന്നു വിവാഹം പ്രമാണിച്ച് വേണ്ട എന്ന് വെച്ച് ആ ജോലി വീണ്ടും മേടിച്ചെടുത്തു…
ഇത്രയും നാളും പ്രത്യേകിച്ച് ഒരു ലക്ഷ്യവും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്നെങ്കിലും ഒരു കല്യാണം ഉണ്ടാകും എന്നറിയാമായിരുന്നു പക്ഷേ ഇനി അങ്ങനെയല്ല സ്വന്തം കാലിൽ തന്നെ നിൽക്കണം എന്ന് പൂർണ ബോധ്യം ഉണ്ട് ഇപ്പോൾ….
അതുകൊണ്ടുതന്നെ മുമ്പ് പാതിക്ക് വെച്ച് നിർത്തിയ സ്റ്റിച്ചിങ് ഒന്നുകൂടി പൊടി തട്ടിയെടുത്തു ബാക്കി സമയത്ത് അതും പഠിക്കാൻ വേണ്ടി പോയി…
പഞ്ചായത്ത് വക ഫാഷൻ ഡിസൈനിങ് ഫ്രീയായിട്ട് പഠിപ്പിക്കുമ്പോൾ അതിനും അറ്റൻഡ് ചെയ്ത് അതും മനസ്സിലാക്കി..
ഇപ്പോൾ അത്യാവശ്യം നന്നായി തയ്ക്കും അടുത്തുള്ള ഒരു ഗാർമെന്റ്സിൽ നല്ല ശമ്പളത്തിന് ജോലി കിട്ടി…
അച്ഛന് പകരം വീട്ടിലെ കാര്യങ്ങൾ മുഴുവൻ എനിക്ക് നോക്കാൻ കഴിഞ്ഞു. അതിൽ പിന്നെ എന്നെ കുറ്റപ്പെടുത്തുന്നത് അവരും നിർത്തിയിരുന്നു…
അനിയത്തിമാർക്ക് കല്യാണ ആലോചന വരുമ്പോൾ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു ആദ്യം സ്വന്തം കാലിൽ നിന്നിട്ട് മാത്രം മതി വിവാഹം എന്ന്…. ജീവിതത്തിലെ ഏറ്റവും വലിയ സംഗതിയല്ല വിവാഹം എന്ന്….
അവർക്ക് പഠിക്കാനുള്ള എന്ത് സഹായവും ഞാൻ ചെയ്തു കൊടുത്തു…
രണ്ടുപേരും ഇപ്പോൾ പഠിച്ച് ജോലി. നേടാനുള്ള ശ്രമത്തിലാണ്….
ഞാൻ ആകട്ടെ എന്റെ തായ ജീവിതം കെട്ടിപ്പടുക്കുന്ന തിരക്കിലും….