നമുക്കെല്ലാം ഇവിടെ അവസാനിപ്പിക്കാം.. ഇനിയും നമ്മുടെ ബന്ധം മുന്നോട്ടു കൊണ്ടുപോകാനാവില്ല..

രചന : ശ്രേയ

“നമുക്കെല്ലാം ഇവിടെ അവസാനിപ്പിക്കാം.. ഇനിയും നമ്മുടെ ബന്ധം മുന്നോട്ടു കൊണ്ടുപോകാനാവില്ല..”

വിനുവിന്റെ വാക്കുകൾ കേട്ട് ശ്രേയയ്ക്ക് സങ്കടം സഹിക്കാനായില്ല.

“നീയെന്താടാ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നത്..? നീ തന്നെയല്ലേ എനിക്ക് വാക്ക് തന്നത് ഞാനില്ലാതെ ഒരു ജീവിതം നിനക്ക് ഉണ്ടാവില്ല എന്ന്..എന്നിട്ടിപ്പോൾ…?”

തന്റെ സങ്കടം ഉള്ളിൽ അടക്കിവെച്ചു കൊണ്ട് അവൾ അന്വേഷിച്ചു.

“അതെ അന്ന് ഞാൻ അങ്ങനെ പറഞ്ഞത് സത്യം തന്നെയാണ്. പക്ഷേ നമ്മൾ ഒന്നിച്ച് ഒരിക്കലും മുന്നോട്ടു പോകില്ലെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു..”

അവളുടെ മുഖത്ത് നോക്കാതെയാണ് വിനു സംസാരിച്ചത്..

” അതിന്റെ കാരണമാണ് എനിക്ക് അറിയേണ്ടത്.. പെട്ടെന്നൊരു സുപ്രഭാതത്തിൽ വന്ന് നമുക്കെല്ലാം അവസാനിപ്പിക്കാം എന്ന് പറയുമ്പോൾ ഇട്ടിട്ടു പോകാൻ ഞാൻ എന്താ നീ പറയുന്നതും കേൾക്കാൻ കാത്തിരിക്കുകയാണെന്ന് കരുതിയോ..? നീ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട് അല്ലെങ്കിലും നീ എന്റെ പ്രാണനാണ്. നിന്നോട് യാതൊരു തരത്തിലുള്ള കള്ളത്തരവും ഞാൻ കാണിച്ചിട്ടില്ല.. അതുകൊണ്ട് എന്ത് കാരണം കൊണ്ടാണ് ഈ ബന്ധം അവസാനിപ്പിക്കേണ്ടത് എന്ന് നീ പറയണം.. “

അവൾ ദേഷ്യപ്പെട്ടപ്പോൾ വിനുവിനും ദേഷ്യം വരുന്നുണ്ടായിരുന്നു.

” ഇതുതന്നെയാണ് പ്രശ്നം.. ഞാനെന്തെങ്കിലും ഒന്ന് പറഞ്ഞ ഉടനെ എന്നെ ചാടിക്കടിക്കാനും കുറ്റപ്പെടുത്താനും അല്ലാതെ നിനക്ക് എന്തിനറിയാം..? എന്തുപറഞ്ഞാലും എന്നെ കുറ്റപ്പെടുത്തണം. നീ ഇപ്പൊ പറഞ്ഞില്ലേ നീ എന്നെ ആത്മാർത്ഥമായിട്ടാണ് സ്നേഹിച്ചത് എന്നും ഞാൻ നിന്നോട് ആത്മാർത്ഥത കാണിച്ചിട്ടില്ല എന്നുമൊക്കെ..? ഇതുതന്നെ കുറ്റപ്പെടുത്തൽ അല്ലേ..? ഞാൻ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല എന്ന് നിന്റെ നെഞ്ചിൽ കൈവച്ച് നിനക്ക് പറയാൻ പറ്റുമോ..? എത്ര കാര്യമായി സ്നേഹിക്കുകയും കൊണ്ട് നടക്കുകയും ചെയ്തതാണ് ഞാൻ.. ഇപ്പോൾ ഈ നിമിഷവും നിന്നെ കൈവിട്ടു കളയാൻ എനിക്ക് താല്പര്യമുണ്ടായിട്ടല്ല.. നീയില്ലാതെ ഒരു ജീവിതവും ഒരു ദിവസമോ എന്റെ ജന്മത്തിൽ ഉണ്ടാവില്ല എന്ന് തീരുമാനമെടുത്തതാണ് ഞാൻ.. എന്നിട്ടും പിന്നെ കൈവിട്ടു കളയുന്നുണ്ടെങ്കിൽ അത് എന്റെ വിധിയാണ് എന്ന് കരുതണം.. ജന്മം നമുക്കൊന്നിക്കാൻ വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി.. “

അവൻ സങ്കടത്തോടെയാണ് ഓരോ വാക്കും പറയുന്നതെങ്കിലും അവനെ വിശ്വസിക്കാൻ അവളുടെ മനസ്സ് തയ്യാറാകുന്നുണ്ടായിരുന്നില്ല.

” എന്നെ വിട്ടിട്ടു പോകുന്നത് എന്തിനാണ് എന്ന് പറയാനുള്ള മര്യാദ പോലും നീ കാണിക്കുന്നില്ലല്ലോ..? “

അതിയായ സങ്കടത്തോടെ അവൾ അന്വേഷിച്ചപ്പോൾ അവളുടെ മുഖത്ത് നോക്കാൻ പോലും അവന് പ്രാപ്തി ഉണ്ടായിരുന്നില്ല.

” ഞാൻ അടുത്ത ആഴ്ച യുഎസിലേക്ക് പോവുകയാണ്. “

പതിഞ്ഞ ശബ്ദത്തിൽ കുറച്ച് സമയത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി.

“ഇത്ര പെട്ടെന്നോ..? നിനക്ക് പോകാനുള്ള കാര്യങ്ങളൊക്കെ ശരിയായത് നീ എന്നോട് പറഞ്ഞില്ലായിരുന്നല്ലോ..?”

അവൾ കൗതുകത്തോടെയും സങ്കടത്തോടെയും ചോദിച്ചു.

“അതുകൊണ്ടാണല്ലോ ഇപ്പോൾ പറഞ്ഞത്..”

അവന്റെ മറുപടി അവളുടെ സങ്കടത്തെ കൂട്ടിയതേയുള്ളൂ..

” എന്റെ കൂടെ മീനുവും വരുന്നുണ്ട്. “

അവൻ അത് പറഞ്ഞു കഴിഞ്ഞതും അത്രയും സമയം സങ്കടത്തോടെ കുനിഞ്ഞിരുന്ന അവളുടെ മുഖം ദേഷ്യത്താൽ ജ്വലിച്ചു..

“അപ്പോൾ അതാണ് കാര്യം.. അവളെയും കൊണ്ട് യൂസിലേക്ക് പോകാനാണ് നീ എന്നെ ഉപേക്ഷിക്കുന്നത്.. നിന്നോട് എത്ര തവണ ഞാൻ ചോദിച്ചിട്ടുണ്ട് നീയും അവൾ തമ്മിലുള്ള ബന്ധം എന്താണെന്ന്..? ഒരു സൗഹൃദം മാത്രമാണ് എന്ന് പറഞ്ഞ് എന്റെ വായടപ്പിക്കാൻ ആണ് നീ ശ്രമിച്ചത്. നിങ്ങൾക്കിടയിൽ സൗഹൃദത്തിന് അപ്പുറം മറ്റേതെങ്കിലും ഒരു ബന്ധമുണ്ടെങ്കിൽ ഒഴിഞ്ഞു തരാം എന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാണ്.. അപ്പോഴൊക്കെ സൗഹൃദം മാത്രമാണ് എന്ന് പറഞ്ഞ് എന്നെ പറ്റിച്ചിട്ട് ഇപ്പോൾ ഈ നിമിഷം എന്നെ ഉപേക്ഷിക്കുകയാണല്ലേ..”

ദേഷ്യവും സങ്കടവും ഒക്കെ നിറഞ്ഞ സ്വരം ആയിരുന്നു അവളുടെ.

“നിനക്ക് എന്തിനാ എന്നെ ഇത്രയും സംശയം..? ഞാൻ പറഞ്ഞതല്ലേ ഞങ്ങൾ തമ്മിൽ സൗഹൃദം അല്ലാതെ മറ്റൊരു ബന്ധവുമില്ല എന്ന്.. അത് വിശ്വസിക്കാൻ പോലും നീ തയ്യാറാവുന്നില്ല.. എന്നെ ഇത്രയും വിശ്വാസമില്ലാത്ത ഒരാളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കും..? ഓർത്തു നോക്കിയിട്ടുണ്ടോ നീ എപ്പോഴെങ്കിലും..? “

അവൻ ചോദിച്ചപ്പോൾ പൊള്ളലേറ്റതു പോലെ അവൾ അവനെ നോക്കി.

” എന്റെ സംശയരോഗം ആണ് പ്രശ്നം.. അല്ലാതെ 5 വർഷമായി കൂടെയുള്ള കാമുകൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വന്ന് ബന്ധം ഉപേക്ഷിക്കുകയാണ് എന്ന് പറയുന്നത് എന്റെ കുഴപ്പം കൊണ്ടാണ്.. അവൻ യുഎസിലേക്ക് പോവുകയാണ് എന്ന് അവസാന നിമിഷം അറിയുന്നത് ഒരുപക്ഷേ ഞാനായിരിക്കും. അതും അവനോടൊപ്പം മറ്റൊരു പെൺ സുഹൃത്തിനെ കൂടി കൊണ്ടുപോകുന്നു എന്ന് പറയുമ്പോൾ ഏതൊരു പെണ്ണിനും തോന്നുന്ന വികാരങ്ങൾ മാത്രമാണ് എനിക്കും തോന്നിയിട്ടുള്ളത്.. “

അവൾ അത് പറയുമ്പോൾ അവൻ മുഖം തിരിച്ചു.

” നീ വിശ്വസിച്ചാലും ഇല്ലെങ്കിലും മീനു എന്റെ സുഹൃത്ത് മാത്രമാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേസമയം യുഎസിലേക്ക് പോകാനുള്ള ഓഫർ വന്നു എന്ന് കരുതി ഞങ്ങൾ കാമുകി കാമുകന്മാരാകുന്നില്ലല്ലോ.. നിന്നെ എന്നോടൊപ്പം കൂട്ടാൻ പറ്റില്ല. ഈ യാത്രയിൽ എന്നല്ല ഇനിയുള്ള ജീവിതത്തിൽ പോലും അത് നടക്കില്ല. ഈ ജന്മം നമുക്ക് ഒന്നിക്കാൻ വിധിയില്ല എന്ന് കരുതിയാൽ മതി. ഇനി പരസ്പരം കാണാതിരിക്കാനും മിണ്ടാതിരിക്കാനും ശ്രമിക്കാം.. “

എല്ലാം അവസാനിപ്പിച്ചതു പോലെ അവൻ പറയുമ്പോൾ അവൾ ഒരു ശീല പോലെ തറഞ്ഞു നിൽക്കുകയായിരുന്നു.

ആ നിമിഷം അവളുടെ ഉള്ളിലേക്ക് കടന്നുവന്നത് അവനു വേണ്ടി വീട്ടിൽ താൻ നടത്തിയ യുദ്ധങ്ങൾ ആയിരുന്നു.

അവനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കാൻ ആവില്ല എന്ന് അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി താൻ വെല്ലുവിളിച്ചു. ഒരു വിവാഹത്തിന് തന്നെ നിർബന്ധിച്ചാൽ തന്റെ ശവം മാത്രമേ കാണുകയുള്ളൂ എന്ന് അവരെ ഭീഷണിപ്പെടുത്തി.

ഇതു മുഴുവൻ താൻ ചെയ്തത് അവന്റെയും തന്റെയും നല്ല ജീവിതത്തിനു വേണ്ടി ആയിരുന്നു.. പക്ഷേ ഇപ്പോൾ.. അവനു തന്നെ വേണ്ട..

പ്രണയത്തിനു വേണ്ടി വീട്ടിൽ വാശി പിടിക്കുമ്പോൾ അച്ഛൻ പറഞ്ഞതും അതുതന്നെയായിരുന്നു..

എന്നെങ്കിലും ഒരു ദിവസം അവൻ നിന്നെ കൈവിട്ടു കളഞ്ഞാൽ നീ എന്ത് ചെയ്യും എന്ന്..അന്ന് താൻ പുച്ഛത്തോടെ അച്ഛനെ നോക്കി ചിരിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്.

അങ്ങനെ ഒരു അവസ്ഥ ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.. അങ്ങനെ ഉണ്ടാവുന്നത് നോക്കി നിങ്ങൾ ആരും ഇരിക്കുകയും വേണ്ട..

അച്ഛനെ നോക്കി വാശിയോടെ പറഞ്ഞതാണ്. എന്നൊക്കെ എന്തു സംഭവിച്ചാലും ഞാൻ നിന്നോടൊപ്പം ഉണ്ടാകും എന്ന് വാക്ക് തന്ന ഒരു ചെറുപ്പക്കാരന്റെ മുഖമായിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്.

പക്ഷേ ഇപ്പോൾ…!!!

പെട്ടെന്നുണ്ടായ തോന്നൽ അവനെ ഒന്ന് നോക്കിക്കൊണ്ട് അവൾ അവിടെ നിന്ന് ഇറങ്ങി നടന്നു. മെയിൻ റോഡിലേക്ക് ഇറങ്ങുമ്പോൾ തന്റെ നേർക്ക് പാഞ്ഞു വന്ന ലോറിയോ ഓപ്പോസിറ്റ് ഡയറക്ഷനിൽ നിന്ന് വന്ന ബസ് ഒന്നും അവൾ കണ്ടില്ല.

അവളുടെ പെട്ടെന്നുള്ള പോക്കിൽ പന്തികേട് തോന്നി അവൻ പിന്നിൽ നിന്ന് അവളെ വിളിച്ചുകൊണ്ട് ഓടിവരുമ്പോഴേക്കും ലോറി അവളെ ഇടിച്ചു തെറിപ്പിച്ചു കഴിഞ്ഞിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ കിടന്നു മരിച്ച അവളെ മനസ്സിൽ നിൽക്കുമ്പോൾ അവന് എന്ത് ചെയ്യണമെന്ന് ഊഹം പോലും കിട്ടുന്നുണ്ടായിരുന്നില്ല.

ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഒരു ക്യാൻസർ പേഷ്യന്റ് ആണ് താൻ എന്ന് അവളോട് തുറന്നു പറയാനുള്ള മടി കൊണ്ടാണ് അവളെ ഉപേക്ഷിക്കാം എന്ന് തീരുമാനിച്ചത്.അങ്ങനെയല്ലാതെ മറ്റെന്തു പറഞ്ഞാലും അവൾ ജീവിതാവസാനം വരെ തന്നോടൊപ്പം നിൽക്കാം എന്നൊരു തീരുമാനത്തിലേക്ക് ആയിരിക്കും ചെന്നെത്തുക.

താൻ കാരണം അവൾ വിഷമിക്കേണ്ടി വരരുത് എന്ന് കരുതിയിട്ടാണ്. ഇപ്പോളാകുമ്പോൾ ഇത്തിരി വിഷമം ഒക്കെ ഉണ്ടെങ്കിലും അവൾ നല്ലൊരു ജീവിതത്തിലേക്ക് പോകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു..

അതിന്റെ പേരിൽ താൻ പറഞ്ഞ ഓരോ വാക്കുകളും അവളെ വേദനിപ്പിച്ചിട്ടുണ്ടാകും എന്നറിയാം. പക്ഷേ അതിന് അവൾ ഇങ്ങനെ ഒരു പരിഹാരം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല..

നിശ്ചലമായ ശരീരം ചേർത്തു പിടിച്ചുകൊണ്ട് പൊട്ടിക്കരയുമ്പോൾ അവൻ മനസ്സുകൊണ്ട് അവളോട് ഒരായിരം വട്ടം മാപ്പ് പറഞ്ഞു കഴിഞ്ഞിരുന്നു. അധികം വൈകാതെ അവളെയും തേടി താനും എത്തിക്കോളാം എന്ന് അവൻ അവളോട് വാക്ക് പറയുന്നുണ്ടായിരുന്നു..