അവന്റെ ചോദ്യം കേട്ട് അനിത ഞെട്ടിക്കൊണ്ട് കുഞ്ഞിനെ കയ്യിലെടുത്ത് അതിന്റെ കരച്ചിൽ മാറ്റാൻ ശ്രമിച്ചു….

രചന : ശ്രേയ

::::::::::::::::::::::::

“രാവിലെ തന്നെ നിങ്ങൾ ഇത് എങ്ങോട്ടാണ്..? “

ധൃതിയിൽ റെഡിയായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അശോകന്റെ മുന്നിലേക്ക് വന്നുകൊണ്ട് അവന്റെ ഭാര്യ അനിത അന്വേഷിച്ചു.

” നാശം രാവിലെ തന്നെ മനുഷ്യനെ ഒരു വഴിക്ക് പോകാൻ സമ്മതിക്കില്ല.. നിന്റെ ഏതെങ്കിലും കാര്യത്തിൽ നിന്നെ ഞാൻ ചോദ്യം ചെയ്യുന്നുണ്ടോ..? എന്നിട്ടും ഞാൻ ഏതെങ്കിലും വഴിക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ എനിക്ക് തടസ്സമായി വരുന്നത് എന്തിനാണ്..? “

അവൻ ആക്രോശിച്ചു.

അവന്റെ ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി കരയാൻ തുടങ്ങി.

” വായിൽ വല്ലതും കുത്തിത്തിരികി വയ്ക്ക്..മനുഷ്യനു ചെവിക്ക് സ്വൈര്യം കിട്ടണ്ടേ.”

അവന്റെ ചോദ്യം കേട്ട് അനിത ഞെട്ടിക്കൊണ്ട് കുഞ്ഞിനെ കയ്യിലെടുത്ത് അതിന്റെ കരച്ചിൽ മാറ്റാൻ ശ്രമിച്ചു.

അവൾ കുഞ്ഞിന്റെ കരച്ചിൽ അടക്കുന്ന നേരം കൊണ്ട് അശോകൻ അവിടെ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.

അവന്റെ പോക്കു കണ്ടപ്പോൾ അവളുടെ കണ്ണുകൾ നീറിപ്പുകഞ്ഞു.

വിവാഹം കഴിഞ്ഞ സമയത്തൊക്കെ അശോകനു തന്നോട് എന്തുമാത്രം സ്നേഹമായിരുന്നു.. പക്ഷേ എത്ര പെട്ടെന്നാണ് അയാൾക്ക് തന്നോട് യാതൊരു താൽപര്യവും ഇല്ലാതെയായത്..!

താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അയാൾ തന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന് പോലും പലപ്പോഴും തനിക്ക് അറിയാൻ കഴിയാറില്ല..അയാളുടെ യാതൊരു കാര്യങ്ങളിലും കുറവ് വരുത്താതിരിക്കാൻ താൻ തന്നെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്.

പ്ലസ് ടു കഴിഞ്ഞ് ഇനി മുന്നോട്ട് പഠിക്കാൻ പോകാൻ പറ്റില്ല എന്നൊരു അവസ്ഥയിൽ നിൽക്കുമ്പോഴാണ് അശോകന്റെ ആലോചന അനിതയെ തേടി വരുന്നത്.മൂന്ന് പെൺമക്കളുള്ള വീട്ടിൽ നിന്ന് അവൾ എങ്കിലും രക്ഷപ്പെട്ടു പൊക്കോട്ടെ എന്നൊരു ചിന്തയിലാണ് അവളോട് പോലും ഒരു അഭിപ്രായം ചോദിക്കാതെ അവളുടെ അച്ഛനും അമ്മയും ആ വിവാഹം ഉറപ്പിക്കുന്നത്.

രണ്ടുനേരം മാത്രം ആഹാരം കഴിച്ച് ശീലിച്ച അവൾക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു ചിന്ത കൂടി ഉണ്ടായിരുന്നു.

അശോകന്റെ വീട്ടിൽ അയാളും അയാളുടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അയാൾക്ക് കൂലിപ്പണിയാണ്. പക്ഷേ എന്തു പണി ചെയ്തിട്ടാണെങ്കിലും കുടുംബം പോറ്റാൻ പറ്റുന്ന ഒരു ആരോഗ്യവും ആത്മവിശ്വാസവും അയാൾക്ക് ഉണ്ടായിരുന്നു. അതുതന്നെയാണ് അനിതയെ അയാളിലേക്ക് അടുപ്പിച്ചത്.

അവരുടെ വിവാഹത്തിന് വലിയ ആർഭാടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

“നിങ്ങളുടെ മകൾക്ക് നിങ്ങൾ ഒന്നും കൊടുക്കണമെന്ന് ഞങ്ങൾ ആരും പറയില്ല.ഇവിടുത്തെ സ്ഥിതി എന്താണെന്ന് നിങ്ങളാരും പറഞ്ഞില്ലെങ്കിലും ഞങ്ങൾക്കറിയാം. മൂന്ന് പെൺമക്കളെയും വളർത്തി വലുതാക്കാനും അത്യാവശ്യവും വിദ്യാഭ്യാസം കൊടുക്കാനും നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും വിവാഹത്തിന്റെ പേരിൽ നിങ്ങളെ കഷ്ടപ്പെടുത്താൻ ഞങ്ങൾക്ക് താല്പര്യമില്ല. വിവാഹത്തിന്റെ ഡേറ്റിന് അവളെ ക്ഷേത്രത്തിൽ എത്തിച്ചു തന്നാൽ മതി. കൈ പിടിച്ചു തരാൻ അച്ഛൻ അവിടെ ഉണ്ടായാൽ മതി.. അല്ലാതെ മറ്റൊന്നും വേണ്ട..”

വിവാഹം ഉറപ്പിക്കുന്ന സമയത്ത് അനിതയുടെ അച്ഛന്റെ കൈപിടിച്ചു കൊണ്ട് അശോകൻ പറഞ്ഞ വാക്കുകളായിരുന്നു അത്. ആ നിമിഷം അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞ സന്തോഷം കൊണ്ടായിരുന്നു.

തന്നെയും തന്റെ കഷ്ടപ്പാടുകളെയും മനസ്സിലാക്കാൻ കഴിയുന്ന ഒരു മരുമകനാണ് തന്റെ കുടുംബത്തിലേക്ക് കയറി വരുന്നത് എന്നോർത്ത് അയാൾക്ക് ചാരിതാർത്ഥ്യം തോന്നി.

വിവാഹത്തിന് ഒന്നും കൊടുക്കണ്ട എന്ന് അശോകനും കുടുംബവും പറഞ്ഞെങ്കിലും അവളുടെ കയ്യിലും കഴുത്തിലും അത്യാവശ്യം വേണ്ടുന്ന എന്തെങ്കിലുമൊക്കെ ഇട്ടുകൊടുത്തിട്ടാണ് അവർ ക്ഷേത്രത്തിലേക്ക് അവളെ എത്തിച്ചത്. വളരെ അടുത്ത ചുരുക്കം ചില ബന്ധങ്ങളുടെ സാന്നിധ്യത്തിൽ വിവാഹം നടന്നു.

അശോകന്റെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ മുതൽ അവൾക്ക് തന്റെ വീട്ടിനേക്കാൾ സൗകര്യമുള്ള ഒരു വീടാണല്ലോ എന്ന ചിന്തയായിരുന്നു. അശോകന്റെ അമ്മയ്ക്ക് ആണെങ്കിൽ അവളെ വല്ലാത്ത ഇഷ്ടമായിരുന്നു.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അവളെ കണ്ണിലെ കൃഷ്ണമണി പോലെയാണ് അശോകനും അമ്മയും കൊണ്ട് നടന്നത്.. ആ സ്നേഹം കണ്ട് പലപ്പോഴും അവൾ അഹങ്കരിച്ചിട്ടുണ്ട്..

മൂന്നുനേരം വയറു നിറയെ ഭക്ഷണം എന്നത് കൊതി മാത്രമായിരുന്നു അന്നത്തെ കാലത്ത് അവൾക്ക് അത് ആവശ്യംപോലെ കിട്ടിയിരുന്നു. പലപ്പോഴും അവളുടെ ഇഷ്ടാനുസൃതങ്ങൾ ചോദിച്ചറിഞ്ഞ് അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ആഹാരങ്ങൾ ആയിരുന്നു അന്ന് ആ വീട്ടിൽ ഉണ്ടാക്കിയിരുന്നത്.

അവൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ അവളെ പഠിക്കാൻ അയക്കാം എന്ന് അശോകൻ അവളോട് പറഞ്ഞിരുന്നു.പക്ഷേ ആ വീട്ടിലേക്ക് വന്നു അത്യാവശ്യം സുഖസമൃദ്ധിയിൽ ജീവിച്ചു തുടങ്ങിയപ്പോൾ പഠനത്തിനോട് അവൾക്ക് മടുപ്പ് തോന്നിത്തുടങ്ങി.

പലപ്പോഴും അമ്മ അവളോട് ചോദിച്ചു നീ തുടർപഠനത്തിന് ശ്രമിക്കുന്നില്ലേ എന്ന്.. അപ്പോഴൊക്കെയും അവളുടെ മറുപടി പിന്നെയാകട്ടെ എന്നായിരുന്നു..

“നീ എന്തു ഉദ്ദേശിച്ചിട്ടാണ് ഈ പിന്നെ ആകട്ടെ എന്നു പറഞ്ഞിരിക്കുന്നത്..?ഒരു കുട്ടിയൊക്കെ ആയിക്കഴിഞ്ഞാൽ പഠിക്കാൻ പോകാൻ വലിയ സുഖം ഒന്നുമുണ്ടാകില്ല കേട്ടോ. പിന്നെ കുഞ്ഞിനെ നോക്കലും അവന്റെ കാര്യങ്ങളും വീട്ടു കാര്യങ്ങളും ഒക്കെയായി നമുക്ക് നമ്മുടെ കാര്യം നോക്കാനുള്ള സമയം പോലും ഉണ്ടാകില്ല..”

അമ്മ അവളെ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ അവൾക്ക് ഈർഷ്യ തോന്നി…

” ഇപ്പൊ എന്തായാലും ഞാൻ പഠിക്കാൻ പോകാൻ ഉദ്ദേശിക്കുന്നില്ല.. കുറച്ചുകാലം എന്തായാലും ഞാൻ വീട്ടിൽ ഇരിക്കട്ടെ.. “

അന്ന് അവൾ അങ്ങനെ ഒരു മറുപടി പറഞ്ഞതിനു ശേഷം പിന്നീട് ഒരിക്കലും അമ്മ അവളോട് പഠിക്കാൻ പോകാനോ ജോലിക്ക് ശ്രമിക്കാനോ ഒന്നും പറഞ്ഞിട്ടില്ല.

പക്ഷേ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒരു ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അമ്മയെ ദൈവം തിരികെ വിളിച്ചു. അതോടെ ആ വീട്ടിലെ അവളുടെ കഷ്ടകാലങ്ങൾക്ക് തുടക്കം കുറിച്ചു എന്നും പറയാം..

ഇന്നുവരെ അവൾ കണ്ടിരുന്ന അശോകനെ ആയിരുന്നില്ല പിന്നീട് അവൾ കണ്ടത്. അവന് കിട്ടാനുള്ള ചായ ഒരു മിനിറ്റിൽ ലേറ്റ് ആയാൽ പോലും കരണത്തടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന അവൻ അവൾക്ക് ഒരു പേടി സ്വപ്നമായി മാറി.

അന്നുവരെ സ്നേഹത്തോടെ മാത്രം അവളോട് സംസാരിച്ചിട്ടുള്ള അവൻ തെറിവിളികളും കുറ്റപ്പെടുത്തലുകളും മാത്രമായി അവളെ നോക്കുമ്പോൾ അവന്റെ അഭിനയമായിരുന്നു ഇത്രയും കാലം താൻ കണ്ടത് എന്ന് സംശയം അവൾക്കും ഉണ്ടായിരുന്നു..

അധികം വൈകാതെ അവൾ ഗർഭിണിയാണ് എന്നറിഞ്ഞപ്പോഴും അവന്റെ മുഖത്ത് പ്രത്യേകിച്ച് സന്തോഷം അവൾ കണ്ടില്ല. ഒരുതരം പുച്ഛത്തോടെയാണ് അവൻ അത് നോക്കി കണ്ടത്. എത്രയൊക്കെ വയ്യായ്കകൾ ഉണ്ടെങ്കിലും അവന്റെ ഒരു കാര്യത്തിലും കുറവു വരുത്തരുത് എന്നത് അവനു നിർബന്ധമായിരുന്നു.

ആശുപത്രിയിലേക്ക് പോകാൻ പോലും അവൻ പലപ്പോഴും കൂടെ വരാറില്ല. സ്വന്തം വീട്ടിൽ നിന്ന് അമ്മയെ വിളിച്ചു വരുത്തുകയോ അനിയത്തിമാരെ കൂട്ടിന് വിളിക്കുകയോ ഒക്കെ ആയിരുന്നു പതിവ്.

പ്രസവത്തിന് കൊണ്ടുപോകുമ്പോഴും പ്രസവം കഴിഞ്ഞ് തിരികെ വരുമ്പോഴും ഒക്കെ അവന്റെ സ്വഭാവത്തിൽ യാതൊരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടായില്ല..

പക്ഷേ പ്രസവത്തിന് ശേഷമാണ് തനിക്ക് അറിയാൻ കഴിഞ്ഞത് അവനെ മറ്റേതോ ഒരു സ്ത്രീയുമായി അടുപ്പം ഉണ്ട് എന്ന്.. മിക്കവാറും ദിവസങ്ങളിൽ അവിടെയാണ് അന്തിയുറങ്ങുന്നത് എന്ന് നാട്ടുകാരിൽ പലരും പറഞ്ഞു താൻ അറിഞ്ഞു.

ആ സ്ത്രീക്ക് 20 വയസ്സോളം പ്രായമുള്ള ഒരു മകനുണ്ട്.. എന്നിട്ടും അവർക്ക് ഇങ്ങനെയൊക്കെ കാണിക്കാൻ ലജ്ജ തോന്നുന്നില്ലേ എന്ന് പലപ്പോഴും താൻ ഓർത്തിട്ടുണ്ട്..

ഇന്നും മിക്കവാറും അവരെ തേടി പോയത് തന്നെ ആയിരിക്കണം..!!

നെടുവീർപ്പോടെ അവൾ ചിന്തിച്ചു കഴിയുമ്പോഴേക്കും വീടിന്റെ വാതിലിൽ ആരോ തട്ടുന്നത് കേട്ടു. ആരാണെന്ന് സംശയത്തിൽ ചെന്ന് വാതിൽ തുറന്നു നോക്കുമ്പോൾ അയൽക്കാർ ആണെന്ന് കണ്ടു.

” മോളെ.. അശോകനെ വാസന്തിയുടെ വീട്ടിൽ വച്ച് അവളുടെ മകൻ കുത്തി.. ആള് തീർന്നെന്നാ കേട്ടത്.. “

അവർ പറഞ്ഞ വാക്കുകൾ തനിക്ക് വേദന നൽകിയോ എന്നറിയില്ല.. പക്ഷേ തന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

സഹിക്കാൻ വയ്യാതെ ചെയ്തതായിരിക്കും ആ പയ്യൻ.. അല്ലെങ്കിലും സ്വന്തം അമ്മയുടെ അവിഹിതം എത്രയെന്ന് കരുതിയാണ് കണ്ടു നിൽക്കുക..!!

അപ്പോഴും അവൾ തന്റെ കുഞ്ഞിനെ അണച്ചു പിടിച്ചു.. ഇനി അവനെ താങ്ങും തണലുമായി താൻ മാത്രമേയുള്ളൂ എന്ന ചിന്ത ഉള്ളിൽ ഉടലെടുത്തത് പോലെ…!!