രചന: നീതു
:::::::::::::::::
“”കൈ പിടിച്ചു കൊടുക്കാൻ അച്ഛൻ വേണ്ടേ?? കുട്ടീടെ അച്ഛനെ വിളിക്കൂ??””
എന്ന് സ്വയം കാരണവർ ആണെന്ന് കരുതി എല്ലാത്തിലും കേറി അനാവശ്യമായി ഇടപെടുന്ന അയാൾ വിളിച്ചു പറഞ്ഞു…
അനിത പരിഭ്രമത്തോടെ അമ്മുവിനെ നോക്കി അവളുടെ മുഖത്ത് അപ്പോഴും ശാന്ത ഭാവമായിരുന്നു അവൾ അമ്മയെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…
“”” അങ്കിളെ എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ ഈ അമ്മ മാത്രമാണ് എന്റെ കൈ അമ്മ പിടിച്ചു തന്നാൽ പോരെ?? “””
ഇന്ന് അമ്മു അയാളുടെ മുഖത്ത് നോക്കി ചോദിച്ചു.. അനിതയുടെ മിഴികൾ അവളുടെ കല്യാണ ചെക്കൻ, വിനുവിൽ എത്തി നിന്നു…
അവന്റെ മുഖത്തും അതേ ചിരി ഉണ്ടായിരുന്നു.
“”” അതെ.. അത് അവിടുത്തെ ഏർപ്പാടാ? എല്ലായിടത്തും പെൺകുട്ടികളുടെ കൈപിടിച്ചു കൊടുക്കുന്നത്, അച്ഛനാണ് അച്ഛൻ ഇല്ലെങ്കിൽ മാത്രമേ പിന്നെ ഒരാളെ പറ്റി ചിന്തിക്കൂ… പിന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഇത് എങ്ങനെ ശരിയാകും!!!!””
“””” ഇത് ഇവിടെത്തെ ഏർപ്പാടാണ്!! വിനു നിനക്കൊന്നും പറയാനില്ലേ?? ഈ സമയത്ത് പെണ്ണുങ്ങൾ അല്ലല്ലോ സംസാരിക്കേണ്ടത് ആണുങ്ങൾ തീരുമാനിക്കും അത് അങ്ങ് അനുസരിച്ചാൽ മതി!!!””
“””” വലിയച്ചാ ആര് പിടിച്ചു തന്നാലും അവളെ കിട്ടുന്നത് എനിക്ക് തന്നെയാണല്ലോ പിന്നെ അതിലെന്തിനാണ് വെറുതെ ഒരു വാശി അവൾക്ക് എല്ലാം അവളുടെ അമ്മയാണ് അവൾ പറഞ്ഞല്ലോ!! അപ്പോൾ ആന്റി കൈപിടിച്ച് തരുന്നതാണ് എനിക്കും ഇഷ്ടം!!””
വിനു കൂടി അങ്ങനെ പറഞ്ഞപ്പോൾ അനിതയ്ക്ക് ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു അവൾ അങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചിരുന്നത്…
അയാൾ ദേഷ്യം പിടിച്ചു അവിടെ നിന്നും ഇറങ്ങിപ്പോയി…
ഒരു കാര്യവും ഇല്ലാതെ എല്ലാത്തിലും കയറി ഇടപെട്ട് സ്വയം അപമാനിതനായി,
അനിതയ്ക്ക് കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു അവൾ സ്റ്റേജിൽ കയറി മകളുടെ കൈപിടിച്ച് വിനുവിന്റെ കയ്യിലേക്ക് വച്ചുകൊടുത്തു അവൾക്ക് അറിയാമായിരുന്നു തന്റെ മകൾ കണ്ടുപിടിച്ച കൂട്ട് മികച്ചത് തന്നെയാണ്… അവൾക്ക് ഒരിക്കലും തെറ്റിയിട്ടില്ല എന്ന്….
പക്ഷേ ഭയം ഉണ്ടായിരുന്നു വിനുവിന്റെ വലിയച്ഛനാണ് ഇപ്പോൾ ദേഷ്യം പിടിച്ച് ഇറങ്ങിപ്പോയത് ഒരുപക്ഷേ അത് അവൾക്ക് അവരുടെ കുടുംബത്തിൽ ആദ്യം തന്നെ ഒരു ബ്ലാക്ക് മാർക്ക് കിട്ടിയേക്കാം… ആ പകയും മനസ്സിൽ വെച്ച് അവർ തന്റേ മകളോട് ഇനിയുള്ള കാലം പെരുമാറുമോ എന്ന് ചെറിയൊരു ആശങ്ക അനിതയുടെ മനസ്സിൽ ഉണ്ടായിരുന്നു…
ഊണുകഴിച്ച് ഫോട്ടോഷൂട്ടും കഴിഞ്ഞ് പോകാൻ ഇറങ്ങിയപ്പോൾ വിനുവിന്റെ അമ്മയുടെ കൈപിടിച്ച് അവർ പറഞ്ഞിരുന്നു…
“””” എന്റെ മോൾ ഒരു പാവമാണ്.. ഈ വർത്തമാനം മാത്രമേ ഉള്ളൂ… എന്നെ എന്തെങ്കിലും പറഞ്ഞാൽ അത് അവൾക്ക് സഹിക്കാൻ പറ്റില്ല നേരത്തെ അവൾ അറിയാതെ പറഞ്ഞതും അതുകൊണ്ടു തന്നെയാണ്!! ഒരിക്കലും അതൊന്നും മനസ്സിൽ വയ്ക്കരുത്!!!””
എന്ന്…
ചിരിയോടെ വിനുവിന്റെ അമ്മ തിരിച്ചു പറഞ്ഞിരുന്നു..
“‘ പണ്ടത്തെ കാലമാണെന്ന് വിചാരിച്ചോ അമ്മായിയമ്മ പോരെടുക്കാൻ ഇപ്പോഴത്തെ കുട്ടികളോട് അങ്ങനെ എന്തെങ്കിലും ആയി ചെന്നാൽ അവർ പോയി പണി നോക്കാൻ പറയും!! കാരണം ഇപ്പോൾ ഓരോരുത്തരും അവരുടെ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിരിക്കുന്നു.. പിന്നെ വിനു അമ്മു മോളുടെ കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതിക്കാൻ കാരണം, അനിതയാണ് അവളുടെ ചെറുപ്പത്തിലെ അച്ഛൻ ഉപേക്ഷിച്ചിട്ട് പോയി എന്നല്ലേ പറഞ്ഞത് പിന്നെ തയ്യലും മറ്റുമായി മറ്റൊരു വിവാഹം പോലും കഴിക്കാതെ ഈ ജന്മം മുഴുവൻ അവൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് അവളെ പഠിപ്പിച്ച്, ഈ നിലയിൽ ആക്കി എടുത്തില്ലേ??? അപ്പോ ആ കുഞ്ഞിനും അതിന്റേതായ മഹത്വം ഉണ്ടാകും എന്ന് എനിക്ക് അറിയാം!! ഞാനും ഇത് അനുഭവിച്ചതാണ്!!
വിനുവിന്റെ അച്ഛൻ ചെറുപ്പത്തിലെ മരിച്ചതാണ് ഒരു സഹായത്തിനു വേണ്ടി ബന്ധുക്കളുടെ അരികിൽ ചെന്ന് കൈ നീട്ടിയാൽ അവരുടെ മനോഭാവം എന്താകും എന്ന് ശരിക്കും മനസ്സിലാക്കിയതാണ് അതുകൊണ്ടുതന്നെ കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഞാൻ അവനെ വളർത്തിയത്…
ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപ്പോയ അവന്റെ വലിയച്ഛൻ വരെ ഞങ്ങളെ ഒന്ന് സഹായിക്കുകയോ എന്തെങ്കിലും ഒരു കാര്യത്തിന് കൂടെ നിൽക്കുകയോ ചെയ്തിട്ടില്ല ഇതുപോലെ എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ മാത്രം കയറി വരും അവരോട് ഇപ്പോ അമ്മൂ മോൾ എടുത്ത നിലപാട് തന്നെയാണ് ഞാൻ എടുക്കാറ്
അമ്മു മോള് പ്രതികരിച്ചത് ശരിക്കും ന്യായവും ആണ് ഇത്രയും കാലം തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ഉപേക്ഷിച്ച പോയ അച്ഛനാണ് മകളുടെ കൈപിടിച്ച് വരന്റെ കയ്യിൽ ഏൽപ്പിക്കാനുള്ള അർഹത എന്നൊക്കെ പറഞ്ഞ് ഒരാൾ വന്നാൽ ഇത്രയും കാലം അമ്മയെ മാത്രം കണ്ടു, അമ്മയുടെ കഷ്ടതകൾ മാത്രം കണ്ടു വളർന്ന ഒരു മകൾക്ക് മിണ്ടാതെ ഇരിക്കാൻ ആകുമോ അവൾ ചെയ്തത് കുറഞ്ഞു പോയി എങ്കിലേ ഉള്ളൂ….!!!”””
വിമല അത്രയും പറഞ്ഞതും ഒരുപാട് സന്തോഷമായിരുന്നു അനിതയ്ക്ക്… അമ്മു അവൾ ജോലി ചെയ്യുന്നിടത്ത് ഒരാളുമായി ഇഷ്ടത്തിലാണ് എന്ന് പറഞ്ഞപ്പോൾ ശരിക്കും ഉള്ളിലൂടെ കൊള്ളിയാൻ മിന്നി പോയിരുന്നു എത്തരക്കാരാകും, അവളുടെ ജീവിതം ഇനി എന്താകും എന്നെല്ലാം… കാരണം അവൾക്ക് താനും തനിക്ക് അവളും മാത്രമേയുള്ളൂ, ആ കൂട്ടരേ പറ്റി തിരക്കാണോ നല്ലത് പറഞ്ഞുതരാനോ പോലും ആരുമില്ല ഇത്രയും കാലം ആരും തിരിഞ്ഞു നോക്കിയിട്ടും ഇല്ല..
പക്ഷേ ഇന്ന് മനസ്സിലായി അവൾ തെരഞ്ഞെടുത്തത് ശരിക്കും യോജിച്ച പയ്യനെ തന്നെയാണ് എന്ന് ഇത്തരത്തിൽ മനോഭാവമുള്ള ഒരു അമ്മ വളർത്തിയ ഒരു കുഞ്ഞ് എങ്ങനെയാകും എന്നതിൽ ഒരു ആശങ്കയും അനിതയ്ക്ക് ഉണ്ടായിരുന്നില്ല….
ഒടുവിൽ യാത്ര പറയാൻ നേരത്ത് വിനുവും അരികിലേക്ക് വന്നിരുന്നു അവൻ അനിതയെ ചേർത്തുനിർത്തി ഇതുവരെ മകളും താനും മാത്രമായിരുന്നു തങ്ങളുടെ ലോകം ഇപ്പോൾ അതിലേക്ക് പുതിയൊരു അതിഥി കൂടി വന്നിരുന്നു ഒരു മകൻ അവരുടെ മനസ്സുനിറഞ്ഞു ആ സന്തോഷം അവരുടെ മുഖത്ത് പുഞ്ചിരിയായി വിടർന്നു..
‘”” അമ്മുവിന്റെ കാര്യം ഓർത്ത് അമ്മ ഒരിക്കലും വിഷമിക്കേണ്ട.. അവൾക്ക് അവളുടെതായ സ്പേസ് എപ്പോഴും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കും…. “””
അത് കേട്ടപ്പോൾ അനിതയുടെ മിഴികൾ നിറഞ്ഞിരുന്നു സങ്കടം കൊണ്ടല്ല മറിച്ച് സന്തോഷം കൊണ്ട് അപ്പോഴേക്കും അമ്മുവും അവൾ അവരുടെ അരികിലേക്ക് എത്തി..
“”” അമ്മ എന്തിനാണ് കരയുന്നത് ഈ മിഴികൾ ഇനി ഒരിക്കലും നിറയാൻ പാടില്ല!! എന്റെ ജീവിതത്തിലെ സൂപ്പർ ലേഡിയാണ് അമ്മ… ഒരാളുടെ മുന്നിൽ പോയി നിന്നു പോലും ഒരു സഹായത്തിന് അമ്മ കൈ നീട്ടുന്നത് ഞാൻ കണ്ടിട്ടില്ല എന്റെ ഏതൊരു ഫീസ് അടയ്ക്കണം എന്ന് പറഞ്ഞാലും ഹാർഡ് വർക്ക് ചെയ്യുന്ന അമ്മയെ ഞാൻ കണ്ടിട്ടുള്ളൂ…. നമ്മളുടെ ജീവിതത്തിൽ നമ്മൾ രാജാവായിരിക്കണോ അതോ യാചകനായിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ് എന്നെ ആ വലിയ പാഠം പഠിപ്പിച്ചത് അമ്മയാണ്…. അതുകൊണ്ടാണ് എന്റെ അതേ ചിന്താഗതിയുള്ള വിനുവുമായി ഞാൻ അടുത്തതും എനിക്കറിയാമായിരുന്നു എന്റെ ഇഷ്ടത്തിന് ഒന്നും അമ്മ എതിര് നിൽക്കില്ല എന്ന് പക്ഷേ എന്റെ ഭാവിയെ കുറിച്ച് ഓർത്ത് ആശങ്കപ്പെടും എന്ന് ഇപ്പോൾ എനിക്കറിയാം അമ്മയുടെ മനസ്സിൽ ആശങ്കയുടെ ഒരു കണിക പോലും ഇല്ല എന്ന് ശരിയല്ലേ??? “”
അതെ എന്ന് പറഞ്ഞു അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചു അനിത…. അനിതയോട് യാത്ര പറഞ്ഞ വിനുവിന് ഒപ്പം കാറിൽ കയറി പോകുമ്പോൾ, വിനു ഓർമ്മിപ്പിച്ചിരുന്നു അമ്മയെ, ഞങ്ങൾ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ അമ്മ കൂടി വരണം എന്ന്…
ഈ നാടുവിട്ടുകാരൻ ഇഷ്ടമല്ലെങ്കിൽ കൂടി അവരത് സമ്മതിച്ചു കാരണം, എവിടെയാണെങ്കിലും സ്വന്തം കാലിൽ നിൽക്കാം എന്നുള്ള കോൺഫിഡൻസ് ഇപ്പോഴും അവർക്കുണ്ടായിരുന്നു…
പഠിപ്പോ കഴിവോ ഒന്നുമല്ല ഹാർഡ് വർക്ക് ചെയ്യാനുള്ള മനസ്സാണ് എല്ലാത്തിനും ഉപരി എന്നവർ ജീവിതത്തിൽ നിന്ന് എന്നോ മനസ്സിലാക്കിയ പാഠമായിരുന്നു…