ഞാൻ പറയുന്നത് കേൾക്കാനും എന്റെ അവസ്ഥ മനസ്സിലാക്കാനോ നിന്നില്ല. ലീവ് ക്യാൻസൽ ചെയ്ത് മോനും…

രചന: നീതു

:::::::::::::

“”” ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് സമ്മതിച്ചു ഒരാളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ നോക്കിയത് എന്റെ ഉള്ളിൽ നന്മ കൊണ്ട് മാത്രമാ… പക്ഷേ അത് എല്ലാവരും കൂടി മുതലെടുത്തു. പക്ഷേ ഇനി എനിക്ക് ഒന്നും പറയാനില്ല ഇപ്പോൾ ഏകദേശം എല്ലാവരുടെയും സ്വഭാവം മനസ്സിലാക്കി ഇനി ഞാൻ അതിനനുസരിച്ച് ജീവിച്ചോളാം!!!!””

എന്ന് അമ്മായിയമ്മയോട് പറഞ്ഞു സാധനങ്ങളും എടുത്ത് ആ വീടിന്റെ പടിയിറങ്ങി ഷീല… അവൾക്ക് എന്തോ അപ്പോൾ ഒരു സങ്കടവും തോന്നിയില്ല പത്തിരുപതഞ്ചു വർഷത്തെ ദാമ്പത്യജീവിതം താൻ ഇവിടെ ഉപേക്ഷിക്കുകയാണ്!!!! അതും ഒരു തെറ്റും ചെയ്യാതെ തന്നെ കുറ്റവാളിയായി നിന്നു കൊടുക്കേണ്ടി വന്നത് ഓർത്ത് അവൾക്ക് അപ്പോൾ തോന്നിയ വികാരം എന്താണെന്ന് അറിയില്ലായിരുന്നു…

“””” മോളെ നീയൊന്ന് ക്ഷമിക്ക് ബാലൻ വിളിക്കട്ടെ അവനോട് ഞാൻ പറഞ്ഞോളാം!!”””

“”” എന്തു പറയും അമ്മ??? ഞാൻ അങ്ങേരെ ചതിച്ചിട്ടില്ല എന്നോ?? അത് അമ്മ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ അയാൾക്ക് ഒന്ന് ചിന്തിച്ചാൽ മനസ്സിലാകുന്ന കാര്യമല്ലേ എന്നിട്ടും അത് മനസ്സിലാക്കാൻ കൂട്ടാക്കിയില്ലല്ലോ പിന്നെ ഇനി ഒരാൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ട് എന്താണ് കാര്യം??? “””

എന്നും ചോദിച്ചു അവൾ പടിയിറങ്ങുമ്പോൾ ആ സ്ത്രീ കണ്ണുനീർ വാർക്കുന്നുണ്ടായിരുന്നു…
ഇത്രയും കാലം താൻ സ്വന്തമായി കൊണ്ട് നടന്ന വീട്ടിൽ നിന്നിറങ്ങുന്നതിനേക്കാൾ സങ്കടം തന്റെ ഏക മകനെ തന്നിൽ നിന്ന് അകറ്റിയത് ആയിരുന്നു ഷീലക്ക് …

അവന്റെ ചെറുപ്പത്തിൽ മുഴുവൻ ബാലേട്ടൻ ദുബായിലായിരുന്നു മാസം പൈസ അയച്ചു തരും എന്നല്ലാതെ ഇവിടുത്തെ ഒരു കാര്യവും ആലോചിച്ചു ഒരു ടെൻഷനും താൻ കൊടുത്തിട്ടില്ല അത്ര ഭംഗിയായാണ് എല്ലാ കാര്യങ്ങളും ചെയ്തു തീർത്തത് എന്നിട്ട് ഇപ്പോൾ ഈ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും പടിയിറക്കി വിട്ടിരിക്കുന്നു അതും ഞാൻ ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരിൽ!!!”
ആലോചിക്കുംതോറും ദേഷ്യമോ സങ്കടമോ എന്തൊക്കെയോ വന്നു പക്ഷേ മിഴികൾ നിറക്കില്ല എന്ന് അവൾ സ്വയം പ്രതിജ്ഞ എടുത്തിരുന്നു കാരണം, തന്നെ മനസ്സിലാക്കാൻ കഴിയാത്തവർക്ക് വേണ്ടി ഇനി ഒരു തുള്ളി കണ്ണീർ പോലും പാഴാക്കുന്നത് ശരിയാവില്ല….

എങ്കിലും മനസ്സിന്റെയുള്ളിൽ എവിടെയോ ഒരു നീറ്റൽ അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു…. സ്വന്തം പോലെ കരുതിയവരാണ് ഇപ്പോൾ തള്ളിപ്പറഞ്ഞത് അത് തന്നെയായിരുന്നു അതിനുള്ള കാരണവും…

ബാലേട്ടന്റെ കയ്യും പിടിച്ച് അയാളുടെ വീട്ടിലേക്ക് വന്നു കയറുമ്പോൾ തനിക്ക് വെറും ഇരുപത് വയസേ ഉണ്ടായിരുന്നുള്ളൂ….

വെറും ഒന്നര മാസത്തെ ദാമ്പത്യ ജീവിതം കഴിഞ്ഞ് ബാലേട്ടൻ ദുബായിലേക്ക് പോകുമ്പോൾ മോൻ എന്റെ വയറ്റിൽ ജന്മം എടുത്തിരുന്നു….

അവിടുന്ന് മുതൽ ഇങ്ങോട്ട് ഇവിടുത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് താനാണ്.. പ്രസവവേദനയിലും, മോന്റെ ഓരോ കാര്യങ്ങൾക്കും ബാലേട്ടൻ നാട്ടിലുണ്ടായിരുന്നു എങ്കിൽ എന്ന് എത്രയോ ആഗ്രഹിച്ചിട്ടുണ്ട്..

വർഷങ്ങൾ കൂടുമ്പോൾ ഒന്ന് ലീവിന് വരും ഇവിടെ വന്ന് രണ്ടോ മൂന്നോ മാസം നിൽക്കും അതിലപ്പുറം ഒന്നും ഇല്ല അപ്പോഴും എല്ലാം ചെയ്തിരുന്നത് താൻ തന്നെയാണ് അദ്ദേഹം പണം സമ്പാദിക്കും നാട്ടിലേക്ക് അയക്കും എന്ന് മാത്രം.. അത്ര മതി ജീവിക്കാൻ പിന്നെയെല്ലാം വളരെ എളുപ്പമാണ് എന്നാണ് അദ്ദേഹത്തിന്റെ വിചാരം…

കൂടുതൽ പണം അയക്കുമ്പോൾ മിച്ചം വച്ചും കുറച്ച് അയക്കുമ്പോൾ ലുബ്ദിചും താൻ ഉണ്ടാക്കിയ പണംകൊണ്ടാണ് ഒരു വീട് എന്ന തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായത്…
തറവാട് അനിയൻ രാജന്റെ പേരിൽ നൽകി…

കഴിഞ്ഞതവണ ബാലേട്ടൻ നാട്ടിൽ വന്നപ്പോൾ ഒരു വസ്തു വാങ്ങിയിരുന്നു അദ്ദേഹത്തിന് പോകാൻ സമയമായതുകൊണ്ട് എന്റെ പേരിൽ ആയിരുന്നു വാങ്ങിയത് റോഡ് സൈഡിൽ തന്നെ അറുപതു സെന്റ് തെങ്ങിൻതോപ്പ് ആര് കണ്ടാലും സ്വന്തമാക്കാൻ കൊതിക്കുന്ന തരം സ്ഥലം.. അതിന്റെ ഉടമസ്ഥർക്ക് എന്തോ സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ വേറെ വഴിയില്ലാതെ വിറ്റതായിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹം കടം മേടിച്ചും അവിടെ നിന്ന് ഇവിടെ നിന്നും പൈസ മേടിച്ചു എല്ലാം അത് വാങ്ങി…

രാജൻ അദ്ദേഹത്തെ പോലെ ആയിരുന്നില്ല ധൂർത്തൻ ആയിരുന്നു ഒപ്പം അറിയാത്ത ബിസിനസുകൾ ചെയ്തു ഉള്ള പൈസ മുഴുവൻ അയാൾക്ക് കളഞ്ഞു സ്വന്തം വീടുവരെ പണയത്തിലായി ഒടുവിൽ അത് ജപ്തി ചെയ്യുമെന്ന് അവസ്ഥയായി..

ഒരു ദിവസം ഏട്ടത്തി എന്ന് വിളിച്ച് അയാൾ കാണാൻ വന്നിരുന്നു..
ഒരു കൈയിൽ വിഷക്കുപ്പിയും ഉണ്ടായിരുന്നു…

“”” ഇത് കണ്ടോ ഏട്ടത്തി വിഷമാണ് ഇത് കുടിച്ച് ജീവൻ കളയേണ്ട അവസ്ഥയാണ് എനിക്കിപ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നതെല്ലാം പോയി… വീട് ജപ്തി ചെയ്യും ഏട്ടത്തിക്ക് അറിയാമല്ലോ വയസ്സായ അമ്മ പിന്നെ രണ്ട് ചെറിയ കുഞ്ഞുങ്ങൾ അവരെയും കൊണ്ട് ഞാൻ എങ്ങോട്ട് ഇറങ്ങും!!! ഏട്ടത്തി ഇപ്പോൾ എന്നെ ഒന്ന് സഹായിച്ചാൽ ഒരു കുടുംബം രക്ഷപ്പെടും ഇല്ലെങ്കിൽ അവർക്ക് എല്ലാവർക്കും വിഷം കൊടുത്ത് ഞാനും മരിക്കും!!!””

അവൻ എന്താണ് പറഞ്ഞുവരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല ഒടുവിൽ അവൻ തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു ഏട്ടൻ കഴിഞ്ഞ തവണ വന്നപ്പോൾ വാങ്ങിയ ആ സ്ഥലത്തിന്റെ ആധാരം ഒന്ന് പണയപ്പെടുത്താൻ കൊടുത്താൽ മതി!!

ആ കിട്ടുന്ന പൈസ കൊടുത്ത് തൽക്കാലം കടങ്ങളെല്ലാം വീട്ടി ഏട്ടൻ വരുമ്പോഴേക്കും ആധാരം തിരിച്ചെടുത്തു കൊണ്ട് തരാം…

എനിക്ക് ഒട്ടും സമ്മതം അല്ലായിരുന്നു ഞാൻ പറ്റില്ല എന്ന് പറഞ്ഞു അവൻ എന്റെ മുന്നിൽ വച്ച് വിഷം കുടിക്കും എന്ന് പറഞ്ഞു കുപ്പി തുറന്നു എനിക്കാകെ പേടിയായി ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു…

അദ്ദേഹത്തിന്റെ അനിയൻ തന്നെയല്ലേ.. എന്ന് കരുതി ഞാൻ ആധാരം എടുത്തു കൊടുത്തു അവൻ പറഞ്ഞിടത്ത് എല്ലാം ഞാൻ ഒപ്പിട്ടു…

അവിടെ പുതിയ കൺസ്ട്രക്ഷൻ വർക്ക് നടക്കുമ്പോഴാണ് ചതി മനസ്സിലായത് അവനത് ആർക്കോ മറിച്ചുവിറ്റു…
പണവും കൊണ്ട് ഭാര്യയെയും മക്കളെയും കൂട്ടി മറ്റെവിടെക്കൊ സ്ഥലം വിട്ടു…
പോകാൻ നേരം അമ്മയെ ഇവിടെ കൊണ്ട് ആക്കുകയും ചെയ്തു..
ഏട്ടൻ വന്നപ്പോൾ കാര്യങ്ങളെല്ലാം മനസ്സിലായി അത് വലിയ വിഷയമായി ഞാൻ മനപ്പൂർവ്വം ചെയ്തതാണെന്ന് പറഞ്ഞു..

ഞാൻ പറയുന്നത് കേൾക്കാനും എന്റെ അവസ്ഥ മനസ്സിലാക്കാനോ നിന്നില്ല ലീവ് ക്യാൻസൽ ചെയ്ത് മോനും ഒരു വിസ സംഘടിപ്പിച്ച് അവനെയും കൊണ്ട് അദ്ദേഹം പോയി…

അമ്മയുടെ കാര്യങ്ങളെല്ലാം, അവരുടെ ഒരു പെങ്ങളുടെ വീട്ടിൽ ശരിയാക്കിയിരുന്നു.. അമ്മയോട് അങ്ങോട്ട് വീട് പൂട്ടി പൊയ്ക്കോളാൻ പറഞ്ഞു ഞാനുമായി ഇനി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞു..

ആലോചിക്കാതെ ഞാൻ എടുത്തുചാടി ചെയ്തതിന്റെ ഫലം എനിക്ക് കിട്ടി…
ഒരു കുടുംബം എന്റെ മുന്നിൽ വിഷം കുടിച്ച് മരിക്കും എന്ന് പറഞ്ഞപ്പോൾ ചെയ്തു പോയതാണ്…

അമ്മയ്ക്ക് യാഥാർത്ഥ്യം അറിയാമായിരുന്നു..

പക്ഷേ അദ്ദേഹം അതൊന്നു കേൾക്കാൻ പോലും കൂട്ടാക്കിയില്ല എല്ലാം എന്റെ തലയിൽ ഇട്ടു…

ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു മോൻ ഒന്നുമറിഞ്ഞിരുന്നില്ല അവനെയും കൂട്ടി അവന്റെ അച്ഛൻ പോയി അവനും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല…

കുറച്ചുകാലം കഴിഞ്ഞ് അദ്ദേഹം വീണ്ടും ലീവിൽ വന്നിരുന്നു ഇതിനിടയ്ക്ക് എന്നെ വിളിക്കുകയോ ഞാനുമായി കോൺടാക്ട് ചെയ്യുകയോ ചെയ്തില്ല ഞാനും തിരിച്ച് ഒന്നിനും ചെന്നില്ല ഒരു പക്ഷേ എന്റെ മോൻ എങ്കിലും എന്നെ ഒന്ന് വിളിക്കുമെന്ന് കരുതി അവനോട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ അവൻ പോലും എന്നെ ഒന്ന് വിളിച്ചില്ല അങ്ങനെയൊരു ബന്ധം വേണ്ട എന്ന് ഞാനും കരുതി….

നാട്ടിൽ വന്നതും എന്നെ വിളിക്കാൻ വേണ്ടി വന്നിരുന്നു കാരണം ഞാൻ ഇല്ലാതെ ഇവിടുത്തെ കാര്യങ്ങൾ എല്ലാം അവതാളത്തിലായിരുന്നു ഒരു lic അടവ് പോലും മര്യാദയ്ക്ക് അദ്ദേഹത്തിന് അവിടെ ഇരുന്നുകൊണ്ട് ചെയ്യാനായില്ല…

“””” കഴിഞ്ഞ തവണ നിങ്ങൾ വന്നു പോയിട്ട് ഇതിപ്പോൾ ഒരു വർഷവും മൂന്നുമാസവും കഴിഞ്ഞു ഇതിനിടയിൽ ഞാൻ എങ്ങനെയാണ് ഇവിടെ ജീവിക്കുന്നത് എന്ന് നിങ്ങൾ ഒന്ന് അന്വേഷിച്ചിട്ട് കൂടിയില്ല ഇപ്പോൾ നിങ്ങൾ വന്നതും എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത പലതും ഇവിടെ ഞാൻ ഭംഗിയായി ചെയ്തിരുന്നു എന്ന തിരിച്ചറിവിന്റെ പുറത്താണ്….
നന്നായി കഷ്ടപ്പെട്ടിരുന്നു ഞാൻ ആങ്ങളമാരുടെ ഭാര്യമാരുടെ കുത്തുവാക്കുകൾ കേട്ടിരുന്നു… പക്ഷേ അപ്പോഴും പിടിച്ചുനിന്നത് ഞാൻ ഒരു തെറ്റും ചെയ്തില്ല എന്ന് ഉള്ളിൽ പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ടാണ് ഇപ്പോൾ എനിക്കൊരു ചെറിയ ജോലിയുണ്ട്!! എന്റെ കാര്യങ്ങൾ മുഴുവൻ എനിക്ക് നോക്കാൻ കഴിയുന്നുണ്ട് അതുമതി!!! എന്നെപ്പറ്റി ഇത്രയും നാൾ അന്വേഷിക്കാത്ത നിങ്ങളോട് എന്റെ കാര്യങ്ങൾ ഒന്നും ചോദിച്ചറിയാത്ത എന്റെ മകനോടോ എനിക്കിനി ഒരു ഉത്തരവാദിത്വവും ഇല്ല!!! നിങ്ങൾക്ക് പോകാം!!!””

ഒരുപക്ഷേ അദ്ദേഹത്തിന് ഒട്ടും വയ്യ എന്നറിഞ്ഞാൽ ഞാൻ ഇനിയും അങ്ങോട്ട് തന്നെ പോകുമായിരിക്കാം..
മകന് ഒരു അമ്മയുടെ ആവശ്യമുണ്ട് എന്നറിഞ്ഞാൽ അപ്പോഴും ഞാൻ ചെല്ലുമായിരിക്കാം…
പക്ഷേ ഇപ്പോൾ എനിക്ക് ഇതായിരുന്നു ശരി ഇങ്ങനെ ചെയ്യാനാണ് തോന്നിയത്..