ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും അവൾ ഇറങ്ങുന്നവരെ ശ്രദ്ധിച്ചെങ്കിലും പരിചിതരായവർ ആരെയും കണ്ടില്ല

Sree Vishnu, Satna Titus in Needi Naadi Oke Katha Movie Stills HD

രചന: ഗിരീഷ് കാവാലം

:::::::::::::::::::

“ടിക്കറ്റ് പുറകിൽ നിന്ന് എടുത്തു ട്ടോ…”

കണ്ടക്ടർ പറഞ്ഞതും മീനാക്ഷി പുറകിലേക്ക് ഒന്ന് കണ്ണ് പായിച്ചെങ്കിലും നല്ല തിരക്കുള്ളതിനാൽ പരിചയ മുഖങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല..

എന്നാലും ആരായിരിക്കും തന്റെ ടിക്കറ്റ് എടുത്തത്.?

ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും അവൾ ഇറങ്ങുന്നവരെ ശ്രദ്ധിച്ചെങ്കിലും പരിചിതരായവർ ആരെയും കണ്ടില്ല

മീനാക്ഷി അമ്പലപ്പുഴ ഇറങ്ങാൻ നേരം ശ്രീലക്ഷ്മി എന്ന പ്രൈവറ്റ് ബസിൽ, സീറ്റിൽ ഇരിക്കുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ബസിൽ നിന്നിറങ്ങിയ മീനാക്ഷിയുടെ കണ്ണുകൾ പുറകിൽ സൈഡ് സീറ്റിൽ ഇരിക്കുന്ന അയാളിൽ ഉടക്കി.. മുഖം തിരിച്ച ശേഷം വീണ്ടും അയാളെ ഒന്ന് നോക്കി അപ്പോൾ അയാളിൽ ഒരു ചെറു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു

ഇത് ദേവീ ക്ഷേത്രത്തിന്റെ അടുത്ത് ഉള്ള താലൂക്ക് ഓഫീസിൽ ജോലി ഉള്ള ചേട്ടൻ ആണല്ലോ..ഇയാൾ ആയിരിക്കുവോ ടിക്കറ്റ് എടുത്തത്… ഹാ… എന്തെങ്കിലും ആകട്ടെ..

“ഒരു അമ്പലപ്പുഴ…”

“ടിക്കറ്റ് എടുത്തിട്ടുണ്ട് പുറകീന്നു “

ടിക്കറ്റിന് മീനാക്ഷി ചോദിച്ചതും ഇന്ന് രാവിലെയും ശ്രീലക്ഷ്മി ബസിലെ കണ്ടക്ടർ പറഞ്ഞു

മീനാക്ഷി ഒന്ന് തിരിഞ്ഞു നോക്കി. ബസിൽ നല്ല തിരക്ക് ഉണ്ട്. അറിയുന്ന മുഖങ്ങൾ ആരും തന്നെ ഇല്ല.. ഇന്നലെ കണ്ട ആ ചേട്ടനെയും കാണാൻ ഇല്ല

മീനാക്ഷി ഓരോ സ്റ്റോപ്പിൽ ഇറങ്ങുന്നവരെയും സസൂക്ഷ്മം വീക്ഷിച്ചു

അടുത്ത് അറിയുന്ന ആരെയും കണ്ടില്ല..

ബസിൽ നിന്നിറങ്ങിയ മീനാക്ഷിയുടെ കണ്ണുകൾ പുറകിൽ സൈഡ് സീറ്റിൽ ഇരിക്കുന്ന അയാളിൽ ഉടക്കി നിന്നു

അയാൾ തന്നെ.. ഇന്നും തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട് എന്നറിഞ്ഞ മീനാക്ഷി പെട്ടന്ന് നോട്ടം പിൻവലിച്ചു

“ടീച്ചറെ.. ടീച്ചർ ഭാഗ്യവതിയാ ബസിലെ ടിക്കറ്റ് എടുക്കാനും ആളുണ്ട്”

മീനാക്ഷി സഹ ടീച്ചർമാരോട് കാര്യം പറഞ്ഞതും അവരെല്ലാം കൂടി ടീച്ചറെ ഒന്ന് പൊക്കി

“ഈ ചേട്ടന് ഇത് എന്ത് പറ്റി.. ഇയാൾ താലൂക്ക് ഓഫീസിലെ ജോലിക്കാരൻ ആണ്.. പ്രായം ഇത്രയും ആയെങ്കിലും ഇതുവരെ കല്യാണവും കഴിച്ചിട്ടില്ല..ഇയാൾക്ക് ഇപ്പോൾ ആണോ വായ് നോക്കാനുള്ള വെളിവ് ആയതു”

ക്ലാസ്സിൽ പഠിപ്പിക്കുമ്പോഴും മീനാക്ഷിയുടെ ചിന്ത ഇടയ്ക്കിടെ ബസിലെ യാത്രയിലേക്ക് പോയിരുന്നു

അടുത്ത ദിവസവും അത് തന്നെ ആവർത്തിച്ചു… ഇറങ്ങി നടക്കാൻ നേരം മീനാക്ഷിയുടെ നോട്ടം പുറകിൽ സൈഡ് സീറ്റിൽ ഇരിക്കുകയായിരുന്ന അയാളിൽ ഉടക്കി നിന്നു… മീനാക്ഷി ആദ്യമായി അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

ഉടൻ തന്നെ അയാൾ മീനാക്ഷിയെ നോക്കി ഒന്ന് കൈ വീശി

പെട്ടന്ന് മീനാക്ഷി മുഖം തിരിച്ചു നടന്നു നീങ്ങി
“ശ്ശെടാ ഇയാൾക്ക് ഈ പ്രായത്തിൽ എന്ത് പറ്റി.. നല്ല പ്രായത്തിൽ കല്യാണം കഴിക്കാതെ പ്രണയിക്കാൻ നടക്കുന്നോ..”

മീനാക്ഷി മനസ്സിൽ പറഞ്ഞുകൊണ്ട് ഒന്ന് തീരുമാനിച്ചു..

“ഇത് ശരിയാകില്ല.. അയാൾക്ക് പോസിറ്റീവ് സിഗ്നൽ കൊടുക്കാൻ പാടില്ല… ഈ ടിക്കറ്റ് എടുപ്പ് ഇന്ന് തന്നെ നിർത്തിക്കണം…ആരാണ് തന്റെ ടിക്കറ്റ് എടുക്കുന്നത് എന്ന് കണ്ടക്ടറോട് ചോദിച്ചറിയാൻ മീനാക്ഷി തീരുമാനിച്ചു”

അന്നും രാവിലെ ശ്രീലക്ഷ്മി ബസിൽ കയറുമ്പോൾ തിരക്ക് ഉണ്ടായിരുന്നെങ്കിലും മീനാക്ഷിക്ക് സീറ്റ് കിട്ടി

“ങാ… ഇവിടെ ടിക്കറ്റ്..???

മീനാക്ഷിയെ നോക്കി കണ്ടക്ടർ ചോദിച്ചതും അവൾ അത്ഭുതപ്പെട്ടുപോയി

അവൾ പെട്ടന്ന് ബാഗിൽ നിന്ന് ഇരുപതിന്റെ ഒരു നോട്ട് എടുത്തു നീട്ടി ടിക്കറ്റ് വാങ്ങി

“ഇന്ന് ആൾ വന്നിട്ടില്ലേ… ഇതെന്ത് പറ്റി.. ആൾക്ക് മടുത്തോ..”

ബസിൽ നിന്നിറങ്ങിയ മീനാക്ഷി സൈഡ് സീറ്റിൽ ഇരിക്കുന്ന അയാളെ നോക്കുമ്പോഴേക്കും അയാൾ കൈ ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു

താൻ അയാളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായ അയാൾ ഒരു നമ്പർ ഇട്ടതാണോ..

സ്കൂളിലേക്ക് നടന്നു പോകവേ മീനാക്ഷിയുടെ മനസ്സിൽ പലവിധ ചോദ്യങ്ങൾ ഉയർന്നു വന്നു

സൈഡ് സീറ്റിൽ ഇരിക്കുന്ന അയാൾ കൈ ഉയർത്തിയത് കണ്ടാണ് അടുത്ത ദിവസം രാവിലെ മീനാക്ഷി ശ്രീലക്ഷ്മി ബസിലേക്ക് കയറിയത്

അന്നും കണ്ടക്ടർ ടിക്കറ്റ് നീട്ടിയത് മീനാക്ഷിയെ അത്ഭുതപ്പെടുത്തി..

പുറകിൽ സീറ്റിൽ, തന്നെ ഒലിപ്പിച്ചുകൊണ്ട് അയാൾ ഇരിപ്പുണ്ടല്ലോ…. ഇനി അയാൾ അല്ലാതെ വേറെ ആരെങ്കിലും ആണോ.. മീനാക്ഷിയുടെ ചിന്ത പല കോണിലേക്കും പോയി..

അപ്പോഴാണ് ടിക്കറ്റ് എടുക്കുന്ന കണ്ടക്ടറിൽ മീനാക്ഷിയുടെ കണ്ണുകൾ ഉടക്കി നിന്നത്..

ഇന്നലെ മുതൽ പുതിയ കണ്ടക്ടർ ആണല്ലോ… പുതിയ ആൾ വന്ന ശേഷം ആണല്ലോ തന്നോട് ടിക്കറ്റിനു ചോദിക്കുന്നത്… അപ്പോൾ ആ ചെറുപ്പക്കാരൻ കണ്ടക്ടർ…വെളുത്ത ചുരുണ്ട മുടി ഉള്ള കട്ട താടി ഉള്ള അയാൾ ആണോ….

“ചേട്ടാ.. ആ കണ്ടക്ടർ എവിടെ പോയി… രണ്ടു ദിവസം മുൻപ് വരെ ഉണ്ടായിരുന്ന ആ ആൾ…”

കണ്ടക്ടർ ചേട്ടനോട് മീനാക്ഷി ചോദിച്ചതും പുറകിൽ ഇരിക്കുന്ന പെൺകുട്ടികളുടെ അടക്കത്തിലുള്ള ചിരി കേക്കാമായിരുന്നു

ഹരി അല്ലെ അവന് ജോലി കിട്ടി റവന്യു ഡിപ്പാർട്മെന്റ്ൽ ക്ലാർക്ക് ആയി…ആലപ്പുഴയാ അവന്റ ജോലി..

വെളുത്തു ചുരുണ്ട മുടിയുള്ള അവന്റെ രൂപം മീനാക്ഷിയുടെ മനസ്സിൽ തെളിഞ്ഞു വന്നു

ടീച്ചർ…..സ്ഥലം ആയി കണ്ടക്ടർ വിളിച്ചു പറഞ്ഞത് കേട്ടാണ് മീനാക്ഷിക്ക് സ്ഥലകാല ബോധം വന്നത്

മീനാക്ഷി ബസിൽ നിന്നിറങ്ങുമ്പോൾ അയാളും പിൻസീറ്റിൽ നിന്നിറങ്ങുന്നുണ്ടായിരുന്നു..

മീനാക്ഷിയെ കണ്ടതും അയാൾ അവളുടെ അടുത്തേക്ക് നടന്നു വന്നു

“ഹായ്..”

“എന്താ ചേട്ടാ…”

“ഈയിടെയായി താൻ എന്നെ ശ്രദ്ധിക്കുന്നുണ്ട് എനിക്ക് മനസ്സിലായി”

“അല്ല ചേട്ടാ.. ചേട്ടനെ അല്ല ഞാൻ നോക്കിയത്.. എന്റെ ഒരു കസിൻ ബ്രദർ ബസിൽ വരാറുണ്ട് പുള്ളിയാ എന്റെ ടിക്കറ്റ് ദിവസവും എടുക്കുന്നത്.. പുള്ളിക്കാരനെ നോക്കുന്നതാ…”

“ഓ… സോറി ഞാൻ തെറ്റി ധരിച്ചു…”

അല്പം ചമ്മലോടെ അയാൾ അവിടുന്ന് തിരികെ പോകുന്നത് കണ്ടപ്പോൾ കഷ്ടം തോന്നിയെങ്കിലും മീനാക്ഷിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല..

“അപ്പോൾ ഉറപ്പിക്കാം ഇയാൾ അല്ല അത് അവൻ തന്നെ….”

മീനാക്ഷി മനസ്സിൽ ഉറപ്പിച്ചു

“ഒരു ആലപ്പുഴ…”

മുന്നിൽ നിന്ന് ഒരു പെൺകുട്ടി എടുത്തിട്ടുണ്ട്

എന്റെയോ. ?

“അതേ നീല ചെക്ക് ഷർട്ട് ഇട്ടിരിക്കുന്ന താടി ഉള്ള ആൾ എന്ന് പറഞ്ഞാ…”

കണ്ടക്ടർ അത് പറഞ്ഞതും ഒരു നിമിഷം ഹരിയിൽ ഒരു ഞെട്ടൽ ഉളവായി

ഹരിക്ക് ടിക്കറ്റ് കൊടുത്ത ശേഷം കണ്ടക്ടർ മുന്നോട്ട് പോയി

തിരക്കുള്ള ബസിൽ ഹരി ആകുന്നത്ര ഒന്ന് വീക്ഷിച്ചു..

അവസാനം അവന്റെ കണ്ണുകൾ ആ നീല സാരിക്കാരിയിൽ ഉടക്കി നിന്നു…

“മീനാക്ഷി…..”

“അവൾ ആയിരിക്കണേ ടിക്കറ്റ് എടുത്തത്…”

പെരുവിരൽ മുതൽ തല വരെ പെരുത്ത് കയറുന്ന പോലെ തോന്നിയ ഹരിയുടെ ശ്വാസ ഗതി വർധിച്ചു

പക്വതയാർന്ന ഒരു ഉദ്യോഗസ്ഥനിൽ നിന്നും ആ പഴയ കോളേജ് വിദ്യാർത്ഥിയിലേക്ക് ഹരി മാറിയ നിമിഷം

ബസിൽ തിരക്ക് ഒഴിഞ്ഞതും രണ്ടും കല്പിച്ചു ഹരി മീനാക്ഷിക്ക് അടുത്തായി അവൾക്ക് കാണാവുന്ന സീറ്റിൽ ഇരുന്നതും മീനാക്ഷി അവനെ ശ്രദ്ധിച്ചു

അവരുടെ കണ്ണുകൾ ഉടക്കി നിന്ന നിമിഷങ്ങൾ… കൃഷ്ണമണികൾ തിളങ്ങുന്നത് പരസ്പരം മനസ്സിലാക്കിയ നിമിഷങ്ങൾ..അത് ഒരു ചെറു പുഞ്ചിരിയിലേക്ക് വഴി മാറി …

ഇമ വെട്ടാതെ ഉള്ള അവരുടെ നോട്ടത്തിനു മാറ്റ് കൂട്ടുവാൻ എന്നവണ്ണം സുന്ദരമായ ഒരു ഹിറ്റ്‌ പ്രണയഗാനം ബസിന്റെ സൗണ്ട് ബോക്സിൽ നിന്ന് ഒഴുകുന്നുണ്ടായിരുന്നു അപ്പോൾ……….