രചന: നീതു
:::::::::::::::
കൃഷി ഓഫീസർ ആയി ട്രാൻസ്ഫർ കിട്ടി ചെന്നതായിരുന്നു ആ നാട്ടിലേക്ക് അവിടെ എന്നെ വരവേറ്റത് ഒരു വ്യക്തിയാണ്!!!
“”താമര!!!””
എന്നാണ് അയാളെ എല്ലാവരും വിളിച്ചത്..
അതാണ് അയാളുടെ യഥാർത്ഥ പേര് എന്ന് ഞാനും വിശ്വസിച്ചു എന്ത് സഹായം ചോദിച്ചാലും അവിടെയുള്ളവർ താമരയെ വിളിച്ചോളൂ അല്ലെങ്കിൽ താമര ചെയ്തു തരും എന്ന് പറയും…
എല്ലാവർക്കും താമരയെക്കുറിച്ച് നല്ലതു മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ വിശ്വസ്തനാണ് പാവമാണ് എന്നിങ്ങനെ പല അഭിപ്രായങ്ങളും കേട്ടു…
സാധാരണ താമര എന്ന പേര് ഞാൻ പെണ്ണുങ്ങൾക്ക് ആണ് കേട്ടിട്ടുള്ളത് ഇവിടെ അതൊരു പുരുഷനാണ്…
അതുകൊണ്ടുതന്നെ ആദ്യമേ താമര എന്റെ ഉള്ളിൽ സ്ഥാനം പിടിച്ചിരുന്നു അത്യാവശ്യമെഴുത്തും കൂടി ഉണ്ടായപ്പോൾ ഇതുപോലെ ഉള്ളവരെ നിരീക്ഷിക്കൽ എന്റെ സ്ഥിരം തൊഴിലായിരുന്നു…
അതുകൊണ്ടുതന്നെ അയാളെ കാണുന്നതിനു മുമ്പേ അറിയുന്നതിനു മുമ്പേ അയാൾ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു…
പത്തു അറുപത്തഞ്ചു വയസ്സുള്ള ആരോഗ്യം നന്നേ കുറഞ്ഞ ഒരാൾ…
എപ്പോഴും ചിരിക്കുന്ന മുഖമാണ് അയാളുടെ ആകർഷണീയത എന്ന് എനിക്ക് തോന്നി….
ചിരിക്കുമ്പോൾ ആ മുഖത്തിന് ഒരു ഭംഗി കൂടുന്നത് പോലെ…
എനിക്ക് ആവശ്യമുള്ള സാധനങ്ങൾ പോയി വാങ്ങാനും, പുതിയതായി വാടകയ്ക്ക് കിട്ടിയ വീട് വൃത്തിയാക്കാനും എന്റെ സാധനങ്ങൾ എല്ലാം അവിടെ അടക്കി പെറുക്കി വയ്ക്കാനും എല്ലാം എന്നെ സഹായിച്ചത് താമര ആയിരുന്നു. അയാളുടെ ഓരോ ചെയ്തികളും എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാം സമയം എടുത്ത് വൃത്തിയായി ആയിരുന്നു ചെയ്തിരുന്നത്…
അതുകൊണ്ടുതന്നെ നമുക്ക് പൂർണ്ണ തൃപ്തിയാവും അയാളെ കൊണ്ട് എന്തെങ്കിലും ചെയ്യിപ്പിച്ചാൽ..
ഒരേ ഒരു പ്രശ്നമേ ഉള്ളൂ ഏതുനേരവും അയാളെ മദ്യത്തിന്റെ ഗന്ഥം ഉണ്ടാവും അതില്ലാതെ അയാൾക്കൊരു ജീവിതമില്ല എന്ന് തോന്നുന്നു… നമ്മളുടെ കയ്യിൽ നിന്ന് കിട്ടുന്ന പണവും അയാൾ ചെലവഴിക്കുന്നത് മദ്യം മേടിക്കാൻ തന്നെയായിരുന്നു..
എന്ത് ജോലി ചെയ്താലും കൊടുക്കുന്നത് മിണ്ടാതെ മേടിച്ചു പോകും… കൂടുതലായാലും കുറവായാലും തർക്കിക്കാൻ നിൽക്കില്ല… ഇനി ഒന്നും കൊടുത്തില്ലെങ്കിലും ആൾക്ക് ഒരു കുഴപ്പവുമില്ല വല്ലാത്തൊരു മനുഷ്യൻ…
എന്തെങ്കിലും ഭക്ഷണം കഴിക്കണം എവിടെയെങ്കിലും കിടന്നുറങ്ങണം പിന്നെ മദ്യപിക്കണം ഇത്രയേ അയാളുടെ അജണ്ടയിൽ ഉണ്ടായിരുന്നുള്ളൂ അതിന് എന്തും ചെയ്യും…
എത്ര വേണമെങ്കിലും അധ്വാനിക്കും…
ഒരു ദിവസം നല്ല മഴയായിരുന്നു മഴ കണ്ടപ്പോൾ പുറത്തിറങ്ങി ഒന്ന് ആസ്വദിക്കണം എന്നൊരു കൊതി അതുകൊണ്ടാണ് രാത്രി ഏറെ വൈകി എന്ന് നോക്കാതെ പുറത്തേക്കിറങ്ങിയത്.. ഉമ്മറത്ത് കിടക്കുന്ന ആൾ പെട്ടെന്ന് വെളിച്ചം കണ്ടതും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.. ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട് മനസ്സിലായി അത് താമരയായിരുന്നു എന്ന്..
”’താനെന്താടോ ഈ നേരത്ത് ഇവിടെ?? “”
“” ഞാൻ ആ കടത്തിണ്ണയിൽ ആക്കി കിടക്കാറ് ഇന്ന് മഴയായതുകൊണ്ട് നനയും എന്ന് മനസ്സിലായി വല്ലാത്ത തണുപ്പ് അതുകൊണ്ടാണ് ഇവിടെ വന്ന് കിടക്കാം എന്ന് തീരുമാനിച്ചത് ഇവിടെയാകുമ്പോൾ സാർ മാത്രമേയുള്ളൂ ആരും ഒന്നും പറഞ്ഞുണ്ടാക്കില്ലല്ലോ….
ഞാനൊന്ന് ചിരിച്ചു പിന്നെ അയാളോട് ചോദിച്ചു എനിക്ക് വേണ്ടി ഒരു കട്ടൻ ചായ ഇട്ടു തരാമോ എന്ന്..
പാചകം ചെയ്യാൻ നല്ല മടിയായതുകൊണ്ട് എല്ലാം അവിടെ ഒരു ഹോട്ടലിൽ ആയിരുന്നു ഏൽപ്പിച്ചിരുന്നത് വല്ലപ്പോഴും ചായ ഇടാൻ കുറച്ചു തേയിലയും പഞ്ചസാരയും മാത്രം ഞാൻ ഇവിടെ വാങ്ങി വച്ചിട്ടുണ്ട് അയാൾ ചിരിയോടെ അകത്തേക്ക് നടന്നു അല്പം കഴിഞ്ഞതും രണ്ട് ഗ്ലാസ് ചായയുമായി വന്നു…
മഴയുടെ തണുപ്പിൽ ഞങ്ങൾ രണ്ടുപേരും അവിടെയിരുന്നു ആ ചായ ഊതി കുടിച്ചു…
“”” ഈ താമര എന്ന പേര് എങ്ങനെയാ വന്നത്???”””
കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ അയാളോട് ചോദിച്ചു ഒന്ന് ചിരിച്ച് അയാൾ പറഞ്ഞു,
“”” അത് ഇവിടുത്തെ ചെക്കന്മാരെ തമാശയ്ക്ക് വിളിച്ചു തുടങ്ങിയതാ പിന്നെ അതങ്ങ് പേരായി മാറി ഏത് നേരവും കള്ളുകുടിക്കുന്നത് കൊണ്ട് ഞാൻ വെള്ളത്തിലാ ന്ന് പറയും ഈ താമരയും അങ്ങനെയാണല്ലോ ഏതുനേരവും വെള്ളത്തിൽ അങ്ങനെയാണ് ആ പേര് എനിക്ക് കിട്ടിയത്….!!!”””
അയാൾ അങ്ങനെ പറഞ്ഞതും ചിരിയോടെ ഞാൻ അയാളെ കേട്ടിരുന്നു
“””താമരയ്ക്ക് സ്വന്തക്കാരാരുമില്ലേ????””
വീണ്ടും ഞാൻ ചോദിച്ചതും അയാളുടെ ചുണ്ടിലെ ചിരി മാഞ്ഞു പിന്നെ പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു..
“”””എല്ലാവരും ഉണ്ടായിരുന്നു ഇപ്പോൾ ആരുമില്ല!!!”””
താമരയ്ക്ക് ഒരു കുടുംബം ഞാൻ വെറുതെ സങ്കൽപ്പിച്ചു നോക്കി അതിൽ ആരൊക്കെയുണ്ടാവും…
“”” ആരൊക്കെ ഉണ്ടായിരുന്നു താമരയ്ക്ക്?? “”
സങ്കൽപ്പിച്ചതൊന്നും ശരിയാകാൻ ഞാൻ നേരിട്ട് തന്നെ ചോദിച്ചു…
“””” ഭാര്യയും മകനും!!””
കുറച്ചുനേരം മിണ്ടാതെ ഇരുന്ന് അയാൾ പറഞ്ഞു തുടങ്ങി,
“””” എന്റെ വീട് ഇവിടൊന്നും അല്ലായിരുന്നു സാറേ അങ്ങ് ദൂരെയാ…. കിളിയൻ പാറ എന്ന സ്ഥലത്ത്… ഇപ്പോൾ അവിടെ അങ്ങനെ ഒരു സ്ഥലം പോലുമില്ല എല്ലാം തകർന്നു!!! ഞാൻ ദുബായിലായിരുന്നു.. മോൻ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു.. അവള് അവിടെ അടുത്തുള്ള അംഗനവാടിയിൽ സഹായത്തിന് പോകും.. മോൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.. എല്ലാംകൊണ്ടും നന്നായി ജീവിച്ചു പോവുകയായിരുന്നു… അന്ന് വല്ലാത്തൊരു മഴക്കാലത്ത്, കുന്നിടിഞ്ഞു.. ഞങ്ങളുടേതടക്കം അവിടെയുള്ള പത്തു അറുപതു വീടുകൾ പൂർണമായും തകർന്നു ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും മണ്ണിനടിയിൽ പെട്ടു…
അതിൽ അവരും ഉണ്ടായിരുന്നു ഭാര്യയും എന്റെ മോനും!!! പോലീസും പട്ടാളവും എല്ലാവരും വന്ന് തിരച്ചിൽ തുടങ്ങി എല്ലാം അറിഞ്ഞ് ഗൾഫിൽ നിന്ന് എങ്ങനെയൊക്കെയോ നാട്ടിലേക്ക് വന്നു…
അപ്പോഴേക്കും അവിടുത്തെ തിരച്ചിലെല്ലാം മതിയാക്കി എല്ലാവരും തിരികെ പോയിരുന്നു അവിടെ കിട്ടിയ മൃതദേഹങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒന്നിന്റെ മകന്റേതാണെന്ന് എല്ലാവരും സ്ഥിരീകരിച്ചിരുന്നു പിന്നെ ഭാര്യ അവളെ പറ്റി ഒന്നും അറിയില്ല!!
ആകെക്കൂടി എനിക്ക് സ്വന്തം എന്ന് പറയാൻ അവർ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ ഒരു അനാഥനായിരുന്നു അവളും…
ഒരിക്കൽ കണ്ട് ഇഷ്ടപ്പെട്ട് അങ്ങനെ കൂടെ കൂട്ടിയത് ദുബായിൽ ജോലി ശരിയായപ്പോൾ കഷ്ടകാലം എല്ലാം തീർന്നു എന്ന് കരുതി അത് അങ്ങനെ തന്നെ ആയിരുന്നു എല്ലാം ഒരു കരയ്ക്ക് അടുപ്പിച്ച് ഞങ്ങൾ അങ്ങനെ ജീവിക്കാൻ തുടങ്ങുകയായിരുന്നു അപ്പഴാ…….””””””””
അയാളുടെ കണ്ണുകളിൽ ഒരു നീർത്തിളക്കം ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചു പക്ഷേ ഒന്നും കണ്ടില്ല ഒരു പക്ഷേ കരഞ്ഞു കരഞ്ഞ് കണ്ണിലെ കണ്ണുനീരു മുഴുവൻ വറ്റിപ്പോയതാകാം..
“”” മോൻ പോയാലും അവൾ അവിടെ എവിടെയെങ്കിലും ഉണ്ടാവും എന്നെ കാണാൻ വരും എന്നൊക്കെ പ്രതീക്ഷിച്ചു കുറെ കാലം ഞാൻ അവിടെ തന്നെ കഴിച്ചുകൂട്ടി!!! പിന്നെ മനസ്സിലായി അവൾ ഇനി ഒരിക്കലും വരില്ല എന്ന്…
അവിടെ നിൽക്കാൻ തോന്നിയില്ല ഓരോരോ ഓർമ്മകൾ… നാളുകെട്ട് ഇങ്ങോട്ട് പോന്നു സങ്കടം മാറാൻ കുടി തുടങ്ങി… കയ്യിലെ പണം തീർന്നു പിന്നെ ഇവിടെ ഓരോരുത്തർക്ക് എന്തെങ്കിലും സഹായം ചെയ്തു കിട്ടുന്ന പൈസയ്ക്ക് മുഴുവൻ കുടി തുടങ്ങി…!!!!
അങ്ങനെ താമര എന്ന പേരും കിട്ടി..!!”””
മഴ ശക്തമായി പെയ്തു തോർന്നിരുന്നു അപ്പോഴേക്കും അയാൾ പറഞ്ഞ കഥ വെറുതെ മനസ്സിൽ സങ്കൽപ്പിച്ച് ഞാനിരുന്നു…
സന്തോഷത്തിന്റെ നെറുകയിൽ നിന്ന് ഒന്നുമില്ലായ്മയിലേക്ക് ഒരു നിമിഷം കൊണ്ട് വലിച്ചെറിയപ്പെട്ട ആ മനുഷ്യനെ ഞാൻ ഒന്ന് സങ്കൽപ്പിച്ചു നോക്കി അയാൾ എങ്ങനെ ഇപ്പോഴും അതെല്ലാം സഹിച്ചു ജീവിച്ചിരിക്കുന്നു എന്ന് അത്ഭുതപ്പെട്ടു.
പിന്നെ എന്ത് ചെയ്യാൻ?? കിട്ടിയ ജീവിതം മുഴുവൻ ജീവിച്ചു തീർക്കുകയല്ലാതെ വേറെ മാർഗ്ഗങ്ങൾ ഇല്ലല്ലോ..
മഴ മാറിയതും പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ അയാളോട് ഞാൻ വെറുതെ വിളിച്ചു ചോദിച്ചു..
“”” അല്ല ശരിക്കുള്ള പേര് പറഞ്ഞില്ല!!!””
എന്ന്…
“””താമര!!! അത് മതി സർ!!””
എന്നുപറഞ്ഞ് എനിക്കായി ഒരു ചിരിയും സമ്മാനിച്ച ഇരുട്ടിലേക്ക് അയാൾ നടന്നു മറഞ്ഞു….