രചന: നീതു
::::::::::::::::::::::
“”” നിനക്കെന്താ മയൂരി എന്റെ അമ്മ കൂടെ വന്നു എന്ന് വിചാരിച്ച് ഇവിടെ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ലല്ലോ??? “””
“”വിഷ്ണുവേട്ടാ കണ്ണടച്ച് ഇരുട്ടാക്കരുത് നിങ്ങൾക്കറിയാവുന്ന കാര്യമാണ് നമുക്ക് ഒരു തരത്തിലും പ്രൈവസി തരാത്ത ഒരു അമ്മയാണ് നിങ്ങളുടേത് എന്ന്!!! അറ്റ്ലീസ്റ്റ് അമ്മയെ പറഞ്ഞു മനസ്സിലാക്കുക എങ്കിലും ചെയ്യൂ!!!””
എന്നു പറഞ്ഞപ്പോഴേക്ക് മയൂരി കരഞ്ഞു പോയിരുന്നു… വിഷ്ണു വർദ്ധിച്ച ദേഷ്യവുമായി മുറിയിൽ നിന്ന് പുറത്തേക്ക് പോയി….
വിവാഹം കഴിഞ്ഞിട്ട് ഇത് ഇപ്പോൾ ആറുമാസമായി ഇതുവരെയും താനോ വിഷ്ണുവേട്ടനോ മാത്രമായി ഒരുമിച്ചു പുറത്തേക്ക് പോയിട്ടില്ല എല്ലായിടത്തേക്കും അമ്മ കൂടെ ഉണ്ടാകും ആദ്യമൊക്കെ അത്ര സീരിയസ് ആയി എടുത്തില്ല പക്ഷേ പിന്നീട് വെറുതെ ഒന്ന് പുറത്തിറങ്ങുമ്പോൾ പോലും ഒപ്പം വരുന്ന അമ്മ ഒരു ശല്യം ആവാൻ തുടങ്ങി….
വിഷ്ണുവേട്ടനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ഒറ്റ മോനല്ലേ അമ്മ അത്രയും കരുതലോടെ വളർത്തിയത് കൊണ്ടാണ് എന്ന് പറഞ്ഞു പക്ഷേ കല്യാണം കഴിഞ്ഞ് ഒരാൾക്കും ഭാര്യക്കും അവർക്ക് സ്വകാര്യമായി കുറച്ച് നിമിഷങ്ങൾ വിട്ടുകൊടുക്കണം എന്ന് ഏതൊരാൾക്കും അറിവുള്ളതല്ലേ അത്ര കോമൺസെൻസ് പോലും ഇല്ലാതായിപ്പോയോ എന്ന് ചിന്തിക്കാൻ തുടങ്ങി മയൂരി…
അച്ഛനും അമ്മയ്ക്കും ഒറ്റ മോളാണ് താനും.. വിഷ്ണുവേട്ടന്റെ കല്യാണാലോചന വന്നപ്പോൾ തന്നെ നോക്കിയത് അദ്ദേഹത്തിന്റെ ജോലിയാണ് പിന്നെ മറ്റു പ്രാരാബ്ധങ്ങൾ ഒന്നുമില്ല അതുകൊണ്ടാണ് ഈ വിവാഹം നടത്തിയത്….
വിവാഹം കഴിഞ്ഞ് പോരുമ്പോൾ എല്ലാരും പറഞ്ഞിരുന്നു നാത്തൂൻ പോര് ഒന്നും സഹിക്കേണ്ടി വരില്ലല്ലോ ആകെക്കൂടി ഉള്ളത് ഒരു അമ്മായിയമ്മയല്ലേ അതുകൊണ്ട് വലിയ കുഴപ്പങ്ങളൊന്നും ഇവിടെ ഉണ്ടാവില്ല എന്ന് പക്ഷേ ഇവിടെ വന്നപ്പോൾ മനസ്സിലായി, അതിനെക്കാൾ വലിയതാണ് ഇവിടെ തനിക്കായി കാത്തിരിക്കുന്നത് എന്ന്..
ഇടം വലം തിരിയാൻ വീടില്ല അമ്മ…
ഞാൻ വിരുന്നിന് ആയിരുന്നു ഞങ്ങൾ എന്റെ വീട്ടിലേക്ക് പോയത്, ഇവിടെനിന്ന് അങ്ങോട്ടേക്ക് ഒരുപാട് ദൂരമുണ്ട് എന്നത് തന്നെയായിരുന്നു അങ്ങോട്ടേക്കുള്ള പോക്കിന്റെ എണ്ണം കുറയാൻ കാരണം.. അവിടെ കുറച്ചു ദിവസം വന്നു നിൽക്കാൻ പറഞ്ഞു ഒരുപാട് വിളിച്ചിരുന്നു അച്ഛനും അമ്മയും..
അവർക്ക് മോഹം ഉണ്ടാവില്ലേ ഒരേ ഒരു മകൾ ഭർത്താവിന്റെ കൂടെ തങ്ങളുടെ വീട്ടിൽ കുറച്ചു ദിവസം വന്നു നിൽക്കണമെന്ന് അതുകൊണ്ടാണ് അദ്ദേഹത്തെ സോപ്പിട്ട് കുറച്ച് ദിവസത്തെ ലീവ് റെഡിയാക്കി അങ്ങോട്ടേക്ക് പോയത് പക്ഷേ അപ്പോഴും അമ്മയുണ്ടായിരുന്നു മുന്നിൽ..
നാലുദിവസമായിരുന്നു അവിടെ നിൽക്കാൻ കിട്ടിയത് അപ്പോഴൊക്കെയും അമ്മ ഞങ്ങളുടെ പുറകെ വീടാതെ ഉണ്ടായിരുന്നു അവിടെ നിന്ന് ഓരോരുത്തർ കളിയാക്കി ചോദിച്ചിരുന്നു അമ്മായിഅമ്മ നിഴൽ പോലെ കൂടെ ഉണ്ടല്ലോ എന്ന്…
ഒന്ന് പുറത്തേക്കിറങ്ങുമ്പോൾ ഒരു ചെരുപ്പ് വാങ്ങാൻ പോകുമ്പോൾ ഒരു സിനിമയ്ക്ക് പോകുമ്പോൾ എല്ലാം അമ്മയും കൂടെയുണ്ടായിരുന്നു…
വല്ലാത്ത ശ്വാസംമുട്ടൽ ആയിരുന്നു അതുകൊണ്ട്… ഇപ്പോൾ പുറത്തേക്ക് എങ്ങോട്ടെങ്കിലും പോവുക എന്ന് പറഞ്ഞാൽ പോലും എനിക്കൊരു മടുപ്പാണ് ഞാനില്ല എന്ന് ആദ്യം തന്നെ പറയും…
ഇതിപ്പോൾ വിഷ്ണുവേട്ടന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാവരും ഒരു ട്രിപ്പ് പോകാം എന്ന് കരുതിയാണ് പ്ലാൻ ചെയ്തത് ഒപ്പമുള്ള കൊല്ലിഗ്സും അവരുടെ ഭാര്യമാരും മാത്രമേ ഉള്ളൂ…
ആദ്യമേ പറഞ്ഞിരുന്നു ഇത്തവണ അമ്മയോട് വരണ്ട എന്ന് തന്നെ പറയണം എന്ന് കാരണം ഇത് അങ്ങനത്തെ ഫാമിലി ട്രിപ്പ് അല്ല ഒരുതരം ഹണിമൂൺ ട്രിപ്പ് ആണ്…. എന്ന് പറഞ്ഞ് മനസ്സിലാക്കണമെന്ന് എല്ലാം കേട്ട് ശരി എന്ന് പറഞ്ഞു പോയ വിഷ്ണുവേട്ടനാണ് അമ്മയും ഉണ്ട് എന്ന് വന്ന് എന്നോട് പറഞ്ഞത് അതോടുകൂടി എനിക്കാകെ ഭ്രാന്ത് പിടിച്ച പോലെയായി..
വേറെ ആർക്കും ഇല്ല ഇങ്ങനത്തെ ഒരു ഗതികേട് വിഷ്ണുവേട്ടനോട് എത്ര തവണ പറഞ്ഞതാണ് അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ അപ്പോഴൊക്കെ അദ്ദേഹം പറയുന്നത് അമ്മയ്ക്ക് വിഷമമാകും എന്നാണ്…
ഇതൊക്കെ സ്വയം ചിന്തിക്കാനുള്ള കഴിവില്ലേ… അവരും ഈ പ്രായം കഴിഞ്ഞ് തന്നെയല്ലേ വന്നിട്ടുള്ളത് എന്നിട്ടും ഞങ്ങളുടെ അവസ്ഥയെന്താണ് അവർ മനസ്സിലാക്കാത്തത് അതോ ഇതെല്ലാം മനഃപൂർവ്വം ചെയ്യുന്നതാണോ അങ്ങനെ പലതരം ചിന്തകൾ മയൂരിക്കുള്ളിൽ കൂടെ പോകാൻ തുടങ്ങി….
ഒടുവിൽ അമ്മയുണ്ടെങ്കിൽ ഈ ട്രിപ്പിന് താനില്ല എന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു…
വിഷ്ണുവേട്ടൻ അമ്മയെ പറഞ്ഞു മനസ്സിലാക്കും എന്നായിരുന്നു കരുതിയിരുന്നത് പക്ഷേ അതുണ്ടായിരുന്നില്ല അദ്ദേഹം ഞങ്ങളി ട്രിപ്പിന് ഇല്ല എന്ന് പറഞ്ഞ് ഈ ട്രിപ്പ് തന്നെ ക്യാൻസൽ ചെയ്യുകയാണ് ചെയ്തത് അതോടെ എനിക്ക് ആകെ സമനില തെറ്റുന്നത് പോലെയായി…
ഒന്നുകിൽ അമ്മയെല്ലാം കണ്ടറിഞ്ഞ് പെരുമാറണം അല്ലെങ്കിൽ വിഷ്ണുവേട്ടൻ അതനുസരിച്ച് അമ്മയെ പറഞ്ഞു മനസ്സിലാക്കണം രണ്ടും ഇവിടെ നടക്കുന്നില്ല ഒരാൾക്ക് അമ്മയെ വിഷമിപ്പിക്കാൻ വയ്യ… ആ അമ്മയാണെങ്കിൽ ഒന്നും അറിയാത്തതുപോലെ…
ഒടുവിൽ രണ്ടു കൽപ്പിച്ചാണ് ഞാൻ വിഷ്ണുവേട്ടനോട് പറഞ്ഞത് ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് ആദ്യം കുറെ തർക്കിച്ചു… നിനക്ക് അഹങ്കാരമാണ് ഇവിടെ നിനക്ക് എന്ത് കുറവ് ഉണ്ടായിട്ടാ അമ്മ നിന്നെ കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിക്കുന്നില്ല നിനക്ക് ഇവിടെ സുഖമാണ്… എന്നിട്ടും നീ പോകുന്നത് നിന്റെ അഹങ്കാരമാണ് എന്നെല്ലാം പറഞ്ഞ് എല്ലാം എന്റെ തെറ്റാണ് എന്ന രീതിയിൽ വരുത്തി തീർക്കാൻ ശ്രമിച്ചു
ഒരുതരം കയ്യും കാലും കെട്ടിയിട്ട അവസ്ഥയായിരുന്നു ഇവിടെ… ഒന്നുറക്കെ ചിരിച്ചാൽ പോലും അതിന്റെ കാരണം അറിയാൻ വേണ്ടി ഓടി വരുന്ന അമ്മ!!! ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് ആദ്യം തന്നെ വന്ന് വഷളാക്കി തരുന്ന അമ്മ…
ഞങ്ങൾക്കായി ഒരു നിമിഷം പോലും അനുവദിച്ചു തരാത്ത അമ്മ…
ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞാലും സമ്മതിക്കാത്ത മകൻ രണ്ടും കൂടി എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു…
അവരെ രണ്ടുപേരെയും പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഒന്നെങ്കിൽ മറ്റ് ആരെങ്കിലും ഇതിലിടപെടണം അതിനെ വിഷ്ണുവേട്ടൻ സമ്മതിക്കില്ല അല്ലാത്തപക്ഷം ഞാനിവിടെ നിന്ന് ഇറങ്ങി കൊടുക്കുന്നതാണ് നല്ലത് എന്ന് തോന്നി…
ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു. പുറകിൽ നിന്ന് വിളിക്കില്ല എന്നറിയാമായിരുന്നു വീട്ടിലെത്തിയതും അച്ഛനും അമ്മയും കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു ഞാൻ എന്റെ കാരണം അവരോട് പറഞ്ഞു അവിടെയും എല്ലാവർക്കും അറിയാമായിരുന്നു അമ്മയുടെ സ്വഭാവം അവരെല്ലാം ഒരു വിധം കണ്ടതാണല്ലോ…
മോൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ ഇനി അങ്ങോട്ട് പോകണ്ട എന്നു പറഞ്ഞു…
ഇത് പണ്ടത്തെ കാലം ഒന്നുമല്ല ഓരോരുത്തർക്കും അവരുടേതായ സ്പേസ് തന്നില്ലെങ്കിൽ ഇതുപോലെതന്നെ, ഓരോരുത്തർ അവരവരുടെ കാര്യം നോക്കി പോകും…
ഇപ്പോൾ ഓരോ കുട്ടികളും അവരുടെ കാലിൽ നിൽക്കുന്നവരാണ് സ്വന്തമായി തീരുമാനങ്ങൾ ഉള്ളവരാണ്… മറ്റൊരാളുടെ മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അവരാ ജീവിതം ധൈര്യപൂർവ്വം തന്നെ വലിച്ചെറിയാൻ ത്രാണി ഉള്ളവരാണ്…. എനിക്ക് ഒരു കാര്യത്തിൽ മാത്രമേ ഭയം ഉണ്ടായിരുന്നുള്ളൂ എന്റെ വീട്ടുകാർ എന്റെ കൂടെ നിൽക്കുമോ എന്ന് ഇപ്പോൾ അവരെന്റെ കൂടെ നിൽക്കും എന്ന് മനസ്സിലായതോടുകൂടി, ധൈര്യമാണ്….
അവർക്ക് എന്നെ മനസ്സിലാക്കാൻ കഴിയുമെങ്കിൽ അമ്മ സ്വയം തിരുത്താൻ തയ്യാറാണെങ്കിൽ അദ്ദേഹത്തിന്റെ കൂടെ തുടർന്ന് പോകാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല…
അല്ലാത്തപക്ഷം ഞാൻ എന്റേതായ ജീവിതം ജീവിക്കാൻ തുടങ്ങും…
വെറും കോംപ്രമൈസ് മാത്രമല്ല ജീവിതം…
അങ്ങനെ കരുതുന്നവർ വിഡ്ഢികളാണ്…
സ്വന്തം ജീവിതം വെറുതെ എറിഞ്ഞുടക്കുന്ന പമ്പര വിഡ്ഢികൾ