രചന: നീതു
“” എന്താ മോളെ നിന്റെ പ്രശ്നം?? അച്ഛനോട് പറയാവുന്നതാണെങ്കിൽ പറഞ്ഞുകൂടെ എത്ര നാളായി ഓരോരോ കല്യാണ ആലോചനകളായി ഞങ്ങൾ നിന്റെ പുറകെ നടക്കുന്നു ഇനി നിന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ അതെങ്കിലും ഒന്ന് തുറന്നു പറയൂ!!!””
യാചിക്കും പോലെ അച്ഛൻ പറഞ്ഞതും എന്തുവേണമെന്ന് അറിയാതെ നിന്നു കാർത്തിക…
അച്ഛന്റെ ആവശ്യം ന്യായമാണ് തന്റെ പ്രായത്തിലുള്ള എല്ലാവർക്കും ഇതിനകം കുഞ്ഞുങ്ങളായി കഴിഞ്ഞു ഇത്രയും നാൾ പഠിക്കട്ടെ ജോലി കിട്ടട്ടെ എന്നെല്ലാം പറഞ്ഞ് വിവാഹം വേണ്ട എന്ന് വെച്ചു ഇപ്പോൾ എല്ലാം താൻ സ്വന്തമാക്കി അത്യാവിശം പഠിച്ചു നല്ലൊരു ജോലിയും ഇപ്പോൾ സ്വന്തമായിട്ടുണ്ട് ഇനിയെങ്കിലും കല്യാണത്തിന് സമ്മതിക്കണം എന്ന് അവർ പറയുന്നതിൽ യാതൊരു തെറ്റുമില്ല…
പ്രതീക്ഷയോടെ തന്റെ മുഖത്തേക്ക് നോക്കുന്ന അച്ഛനെ നിരാശപ്പെടുത്താൻ അവൾക്ക് വിഷമം ഉണ്ടായിരുന്നു എങ്കിലും അവൾ പറഞ്ഞു..
“”” അച്ഛാ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു അയാൾ എന്നെ ചതിച്ചു അതുകൊണ്ടുതന്നെ മറ്റൊരു വിവാഹത്തിന് ഉടനെയൊന്നും എനിക്ക് നിന്ന് തരാൻ പറ്റില്ല എന്റെ മനസ്സ് ഒന്ന് നേരെയാവട്ടെ അപ്പോൾ ഞാൻ തന്നെ അച്ഛനോട് വന്നു പറഞ്ഞോളാം!!!”””
എന്നും പറഞ്ഞ് അച്ഛന്റെ മുന്നിൽ നിന്ന് നടന്നു നീങ്ങുമ്പോൾ അറിയാമായിരുന്നു ആ പറഞ്ഞതും മുഴുവൻ പച്ചക്കള്ളമാണെന്ന് ഇന്നുവരെക്കും ഒരു പ്രണയം പോലും തന്റെ മനസ്സിൽ തോന്നിയിട്ടില്ല പിന്നെ അങ്ങനെയൊരു കള്ളം പറയേണ്ടി വന്നത് അത് തന്റെ ഗതികേട് കൊണ്ടാണ്…
മുറിയിലേക്ക് ചെന്നിരുന്നു കാർത്തിക ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി അതുകൊണ്ടാണ് ബാത്റൂമിലേക്ക് കയറി പൈപ്പ് തുറന്നിട്ട് അവിടെനിന്ന് പൊട്ടിക്കരഞ്ഞത്…
ഒരിക്കലും ഒരു പുരുഷനുമായി ഒത്തുപോകാൻ തന്റെ മനസ്സുകൊണ്ട് ആവുമായിരുന്നില്ല…
എപ്പോഴാണ് തന്നിലുള്ള ഈ പ്രത്യേകത താൻ തിരിച്ചറിഞ്ഞത് വളരെ ചെറുപ്പത്തിൽ, കൗമാര പ്രായത്തിൽ മുതൽ തനിക്ക് ഒരു പുരുഷന്മാരോടും യാതൊരു താൽപര്യവും തോന്നിയിട്ടില്ല കൂട്ടുകാരികളൊക്കെ ഓരോരുത്തരുടെ സൗന്ദര്യം വർണിക്കുമ്പോഴും താൻ അവരെ നോക്കുമ്പോൾ തനിക്കു മാത്രം എന്തേ അങ്ങനെയൊരു അട്രാക്ഷൻ അവരോട് ആരോടും തോന്നാത്തത് എന്ന് പല കുറി അത്ഭുതപ്പെട്ടിട്ടുണ്ട്…
ഹോമോസെക്ഷ്വാലിറ്റി!!! അന്നൊക്കെ എന്റെ അറിവിനും അപ്പുറത്തേക്ക് ആയിരുന്നു അത് പക്ഷേ പ്ലസ് ടുവിന് പഠിക്കുമ്പോൾ കൂടെ പഠിച്ചിരുന്ന ഗായത്രി എന്ന കുട്ടിയോട് തനിക്ക് തോന്നിയ അടുപ്പും അത് വെറുമൊരു സുഹൃത്ത് ബന്ധമല്ല എന്നറിഞ്ഞപ്പോഴേക്ക് വൈകി പോയിരുന്നു…
നീട്ടി എഴുതുന്ന അവളുടെ കണ്ണുകളിലും വലിയ അവളുടെ കറുത്ത പൊട്ടിലും എത്രനേരം ഞാൻ നോക്കിയിരുന്നിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല നുണക്കുഴിയുള്ള അവളുടെ ചിരി കാണുമ്പോൾ തന്നെ മനസ്സിന് വളരെ ആശ്വാസമാണ് അവളോട് ചേർന്നിരിക്കുമ്പോൾ എന്റെ എല്ലാ സങ്കടങ്ങളും മാറുന്നതുപോലെ തോന്നും…
ഒപ്പം തന്നെ അവൾ മറ്റൊരോടെങ്കിലും സംസാരിക്കുന്നത് കണ്ടാൽ അമിതമായി അടുത്തിടപഴകുന്നത് കണ്ടാൽ അപ്പോഴൊക്കെ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു…
എനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥ അതിനിടയിലാണ് അവളുടെ അച്ഛന് ചെന്നൈയിലേക്ക് മാറ്റം കിട്ടിയ അവർ ഈ നാട്ടിൽ നിന്ന് പോകുന്നത് അതോടെ ഒരുപാട് തകർന്നു പോയിരുന്നു ഞാൻ..
പ്രിയപ്പെട്ട ഒരു കൂട്ടുകാരി വിട്ടു പിരിഞ്ഞു പോയതിന്റെ സങ്കടം അത്ര മാത്രമേ എല്ലാവരും കണക്കാക്കിയുള്ള പക്ഷേ അതിനേക്കാൾ ഉപരി മറ്റെന്തൊക്കെയോ എന്നിൽ നിന്ന് നഷ്ടപ്പെട്ടു എന്ന് അറിയാവുന്നത് അന്ന് എനിക്ക് മാത്രമായിരുന്നു…
ഏറെനാൾ പരിശ്രമിച്ചിട്ടാണ് മനസ്സ് അതിൽ നിന്നൊന്ന് കരകയറിയത്… പക്ഷേ അവന്റെ പഠനത്തെ പോലും ബാധിച്ചിരുന്നു എബൗവ് ആവറേജ് ആയ കുട്ടിക്ക് കിട്ടിയ മാർക്ക് വെറും ആവറേജ് മാർക്ക് ആയിരുന്നു…
എന്തോ ഭാഗ്യം കൊണ്ട് ഇഷ്ടപ്പെട്ട വിഷയം തന്നെ ഡിഗ്രിക്ക് കിട്ടി മാർക്ക് കുറവുള്ളത് കൊണ്ട് ആകുലതയുണ്ടായിരുന്നു അത് തന്നെ കിട്ടില്ലേ എന്ന് പക്ഷേ അതുതന്നെ കിട്ടിയപ്പോൾ വല്ലാത്ത സമാധാനം തോന്നി.. ഗായത്രി അപ്പോഴും ഒരു നോവായി ഉള്ളിൽ കിടന്നിരുന്നു അതുകൊണ്ടുതന്നെ ഇനിയും അത്തരത്തിൽ ഒരു അനുഭവം ഉണ്ടാവരുത് എന്ന് കരുതി എല്ലാവരിൽ നിന്നും അകലം പാലിച്ചു സ്വയം ഒതുങ്ങിക്കൂടാൻ ശ്രമിച്ചു..
അപ്പോഴാണ് കൂടെ പഠിക്കുന്ന ഒരാൾ പ്രണയമാണ് എന്ന് പറഞ്ഞ് എന്നെ സമീപിക്കുന്നത് ഒരിക്കലും ഒരാൺകുട്ടിയെ ഇഷ്ടപ്പെടാൻ എനിക്ക് ആവില്ല എന്ന് എനിക്ക് തന്നെ ഉറപ്പായിരുന്നു അവനെ എനിക്ക് മറ്റൊരു പ്രണയമുണ്ട് എന്നൊരു കള്ളം പറഞ്ഞ് ഞാൻ ഒഴിവാക്കി അന്ന് അവന്റെ മങ്ങിയ മുഖം കണ്ട് എനിക്ക് സങ്കടമായിരുന്നു എന്നെ സ്നേഹിച്ചതിന്റെ പേരിൽ ഒരാൾക്ക് വിഷമം കൊടുക്കേണ്ടി വന്നതിൽ…
എങ്കിലും എന്നെക്കൊണ്ട് ആകുമായിരുന്നില്ല വെറുതെയെങ്കിൽ പോലും അങ്ങനെ നിന്നു കൊടുക്കാൻ പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു.. ഇതിനിടയിൽ ഒന്നും ഞാൻ ആരുമായും കൂട്ടുകൂടാൻ താല്പര്യപ്പെട്ടില്ല ഭയമായിരുന്നു മനസ്സിൽ കയറി പോയാൽ പിന്നെ ഇറക്കിവിടാൻ എനിക്ക് കഴിയില്ലല്ലോ എന്ന ഭയം…. പിന്നെ എന്റെ മനസ്സ്, മറ്റാർക്കും മുന്നിൽ അത് തുറന്നുകാട്ടാൻ എനിക്ക് ഭയമായിരുന്നു..
സമൂഹം എന്തു വിചാരിക്കും ഒരുപക്ഷേ എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തും, എന്നെ സംബന്ധിച്ചടത്തോളം അതൊന്നും വലിയ പ്രശ്നമല്ലെങ്കിലും എന്റെ അച്ഛനും അമ്മയ്ക്കും അത് വലിയ നാണക്കേടാകും അതൊന്നും എനിക്ക് സഹിക്കാൻ കഴിയുന്ന കാര്യങ്ങൾ ആയിരുന്നില്ല..
ഇതിനിടയിൽ കൂടെ പഠിച്ചവർ ഓരോരുത്തരായി കല്യാണം കഴിഞ്ഞ് പോയി. അപ്പോഴൊക്കെയും അച്ഛൻ നിർബന്ധിക്കുന്നുണ്ടായിരുന്നു ഒരു വിവാഹത്തിനായി പല ആലോചനകളും പെണ്ണുകാണൽ ചടങ്ങുവരെ നടന്നിട്ടുണ്ട് ഒന്നിനും പിടികൊടുക്കാതെ ഞാനങ്ങനെ മുന്നോട്ടുപോയി ജോലി കിട്ടട്ടെ സ്വന്തം കാലിൽ നിൽക്കട്ടെ എന്നെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു….
ഒടുവിൽ എല്ലാ കടമകളും കടന്നു കഴിഞ്ഞപ്പോൾ എനിക്ക് പറയാൻ കാരണങ്ങളില്ലാതായി അതുകൊണ്ടാണ് അങ്ങനെ ഒരു കള്ളം ഉണ്ടാക്കി പറഞ്ഞത് എനിക്ക് പിന്നെ വീട്ടിൽ നിൽക്കാൻ തോന്നിയില്ല അച്ഛനും അമ്മയ്ക്കും വല്ലാത്ത വിഷമം ആയിട്ടുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു..
ഓഫീസിലേക്ക് തിന്നു അവിടെ എന്റെ കൂടെ വർക്ക് ചെയ്യുന്ന നിത്യ എന്നെ കാണാൻ വന്നിരുന്നു.
‘”” എവിടെയായിരുന്നു മൂന്നാല് ദിവസമായില്ലേ പോയിട്ട് എന്നോട് ഒന്ന് പറഞ്ഞിട്ട് പോയിക്കൂടായിരുന്നോ? കാണാതെ ഞാൻ ഒരുപാട് വിഷമിച്ചു!!””
എന്നെല്ലാം പറഞ്ഞു അവൾ എന്നെ കെട്ടിപ്പിടിച്ചു എനിക്ക് അത്ഭുതം ആയിരുന്നു..
നല്ലൊരു കൂട്ടുകാരി എന്നതിലുപരി അവളെനിക്ക് മറ്റെന്തൊക്കെയോ ആയിരുന്നു ഞാൻ അവളോട് ഒന്നും പറയാതെ ഇരിക്കുകയായിരുന്നു അവളുടെ സൗഹൃദം നഷ്ടപ്പെടുന്നു എന്ന് ഭയപ്പെട്ട് ഒരു സുഹൃത്തായി എങ്കിലും എന്റെ കൂടെ ഉണ്ടാകുമല്ലോ എന്ന് കരുതി പക്ഷേ ഇപ്പോൾ അവളീ കാണിക്കുന്നതിന്റെ എല്ലാം അർത്ഥം….????
“”” എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് കാർത്തിക താൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ വയ്യ താനെന്നെ ഏത് രീതിയിൽ കണ്ടാലും എനിക്ക് കുഴപ്പമില്ല പക്ഷേ തിരിച്ച് എന്നോട് ഇഷ്ടമല്ല എന്ന് മാത്രം പറയരുത്!!!””
ലോകം കീഴടക്കിയ സന്തോഷമായിരുന്നു അത് കേട്ടപ്പോൾ…
അവൾ പറഞ്ഞു തീരാൻ സമ്മതിക്കാതെ അവളെ ഞാൻ ചേർത്തുപിടിച്ചിരുന്നു ഈ ലോകം അവസാനിക്കും വരെ കൂടെ കാണും എന്ന അർത്ഥത്തിൽ..
ഇതെങ്ങനെ വീട്ടിൽ അവതരിപ്പിക്കും എന്ന് എനിക്കറിയില്ല എങ്ങനെ ഉൾക്കൊള്ളും എന്നും എനിക്കറിയില്ല പക്ഷേ ഒന്നുമാത്രം അറിയാം എന്റെ ഏറ്റവും വലിയ സന്തോഷം ഇതാണ്…
മറ്റാർക്കും പറഞ്ഞാൽ മനസ്സിലാവാത്ത സന്തോഷം..