ഇതിന് വേണ്ടി ആണോ ദേവേട്ടാ നമ്മൾ  ഇത്രനാളും സ്നേഹിച്ചത്….

ദേവാമൃതം

രചന: Sarath Lourd Mount

:::::::::::::::::::::::::::::

ഇതിന് വേണ്ടി ആണോ ദേവേട്ടാ നമ്മൾ  ഇത്രനാളും സ്നേഹിച്ചത്???

തങ്ങൾക്ക് മുന്നിൽ തുറന്ന് വച്ചിരിക്കുന്ന വിഷക്കുപ്പിയിലേക്കും ദേവന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട്  അമൃത ചോദിച്ചു.

ഇതല്ലാതെ എന്താണ് പെണ്ണേ നമുക്ക് മുന്നിൽ ഉള്ളത്???

7 വർഷം   നീണ്ട പ്രണയം , ഒടുവിൽ   ഒന്ന് ചേരാൻ  തീരുമാനിച്ചപ്പോളോ  തടസമായി ജാതിയും, മതവും, പണവും നമ്മുടെ കുടുംബങ്ങൾക്ക്  നമ്മളെക്കാൾ വലുത് അതൊക്കെയാണ്  അമൃത. നമ്മുടെ മനസ്സോ,അതിനുള്ളിലെ പ്രണയമോ അവർക്ക് വിഷയമേയല്ല.

അവരെ എതിർത്ത് ഒരിക്കലും നമുക്ക് ഒന്ന് ചേരാൻ കഴിയില്ല  ,നമ്മളെ ജീവിക്കാൻ അവർ അനുവദിക്കില്ല…

ഒരുമിച്ച് ജീവിക്കാൻ അല്ലെ നമുക്ക് അവരുടെയൊക്കെ അനുവാദം വേണ്ടത്  ഒരുമിച്ച് മരിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ….
ദേവൻ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി.

മരിക്കാൻ ഭയമില്ലാത്ത നമ്മൾ ജീവിക്കാൻ  എന്തിനാ ദേവേട്ടാ ഭയപ്പെടുന്നത്????

ഒരു ദിവസമെങ്കിലും ഒരു ദിവസം  എന്റെ ദേവേട്ടന്റെ പെണ്ണായി ആ  കഴുത്തിൽ ആതാലിയും,  നെറുകയിൽ ഒരു നുള്ള് സിന്ദൂരവും അണിയാൻ ഞാൻ എത്രത്തോളം കൊതിക്കുന്നുണ്ടെന്ന്  അറിയോ????

എന്നിട്ടും ദേവേട്ടൻ വിളിച്ചപ്പോൾ ,മരിക്കാൻ ആണെന്ന് പറഞ്ഞിട്ടും ഞാൻ ഇറങ്ങി വന്നത്   ഞാൻ  അത്രത്തോളം സ്നേഹിച്ചു പോയത് കൊണ്ടാണ്.

മരിക്കാൻ എനിക്ക്  ഭയമുണ്ടായിട്ട് അല്ല   ഏട്ടന്റെ പെണ്ണെന്ന അവകാശത്തോടെ ഒരു നിമിഷമെങ്കിലും  ആ നെഞ്ചിൽ ചായാൻ അത്രക്ക് കൊതിയുള്ളത് കൊണ്ടാണ്..

അത് പറയുമ്പോൾ അമൃതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ദേവേട്ട ഒരു നിമിഷത്തെ എടുത്ത് ചാട്ടത്തിൽ നമ്മൾ ചെയ്യാൻ പോകുന്ന ഈ കാര്യം കൊണ്ട് ആർക്ക് എന്ത് ഉപകാരണമാണ് ഉണ്ടാകാൻ പോകുന്നത്???

അതോ നമ്മുടെ പ്രണയത്തെ എതിർത്തവരോട് പകരം വീട്ടാൻ ആണോ ഇതെല്ലാം???

അങ്ങനെയാണെങ്കിൽ  അവരുടെയൊക്കെ മുന്നിൽ ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത്??? നമ്മുടെ  പ്രണയം സത്യമായിരുന്നു എന്ന് ജീവിതം കൊണ്ട് കാണിച്ചുകൊടുക്കുകയല്ലേ വേണ്ടത്????

അമൃതയുടെ ഓരോ ചോദ്യങ്ങൾക്കും മുന്നിൽ ദേവന്റെ ശിരസ്സ് ഒരു നിമിഷം കുനിഞ്ഞു.

അവൾ ചോദിക്കുന്നത് ശരിയല്ലേ? ഇതിന് വേണ്ടി ആണോ താൻ അവളെ സ്നേഹിച്ചത്???

ചുറ്റിലും നിന്ന് തള്ളിപ്പറഞ്ഞ  സ്വന്തക്കാരുടെയും, അവളുടെ ജീവൻ പോലും ഇല്ലാതാക്കും എന്ന് മുഴങ്ങിയ ഭീക്ഷണിക്കുമെല്ലാം മുന്നിൽ ഒരു നിമിഷം  തളർന്നു പോയപ്പോൾ എടുത്ത തീരുമാനം,  അത് എത്ര വലിയ തെറ്റായിരുന്നു എന്ന് അവൻ തിരിച്ചറിയുകയായിരുന്നു ആ നിമിഷം.

ആ തിരിച്ചറിവിന്റെ  ബോധ്യത്തിൽ മുന്നിലെ ആ വിഷക്കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞപ്പോൾ അവളുടെ കൈകൾ അവൻ മുറുകെ പിടിച്ചിരുന്നു.

തന്റെ കൈകളിൽ മുറുകെ പിടിച്ച് തന്റെ നെഞ്ചിൽ ചാഞ്ഞ് നിന്ന അമൃതയെ ഒരുനിമിഷം അവൻ തന്നോട് ഒന്നുകൂടി  ചേർത്ത് പിടിച്ചു.
ആ മുറിയിൽ നിന്ന് അവൻ അവർക്കൊപ്പം പുറത്തേക്ക് നടന്നു.

അവരുടെ ജീവിതം വീണ്ടും മുന്നോട്ട് പോയി.   പ്രണയം കൂടുതൽ ശക്തമായി എന്നതല്ലാതെ കുടുംബങ്ങളുടെ ചിന്താഗതിയിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.

ഒടുവിൽ  അവരെ തമ്മിൽ പിരിക്കാൻ   ആത്മഹത്യാഭീക്ഷണിയുമായി മാതാപിതാക്കൾ മുന്നോട്ട് വന്നതോടെ എല്ലാ പ്രതിബന്ധങ്ങളെയും  ഭേദിച്ച്  ഒരു താലിചരടിന്റെ പവിത്രമായ ബലത്തിൽ  ഒരു ക്ഷേത്രമുറ്റത്ത് വച്ച് തങ്ങളുടെ ഇഷ്ടഭാഗവാനെ സാക്ഷിനിർത്തി അവർ ഒന്നായി മാറി.

എന്നാൽ അവർ പ്രതീക്ഷിക്കാത്ത ഒന്ന്  കൂടി അവിടെ സംഭവിച്ചു.

ശക്തമായ എതിർപ്പോടെ  ഇരു കുടുംബങ്ങളും മുന്നോട്ട് വന്നപ്പോൾ   അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത പലരും അവർക്ക് താങ്ങായി വന്നു.

നിയമം പോലും അവരുടെ പ്രണയത്തിനൊപ്പം നിന്നു, തങ്ങൾക്ക് ഇങ്ങനെയൊരു മകനും മകളും ഇല്ല എന്ന് ശപിച്ചുകൊണ്ട് ഇറങ്ങിപ്പോയ മാതാപിതാക്കൾക്ക് മുന്നിൽ

കേവലം പുഞ്ചിരികളിൽ മാത്രം ഒതുങ്ങി നിന്ന സൗഹൃദങ്ങൾ പോലും   തങ്ങളുടെ പ്രണയത്തിന് കൂട്ടായി വന്നപ്പോൾ പ്രണയമെന്ന  സത്യത്തിന്റെ ശക്തി അവർ തിരിച്ചറിയുകയായിരുന്നു.

നാളുകൾ പിന്നെയും കടന്ന് പോയി ഇരു കുടുംബങ്ങളും കൂടെ ഇല്ല എന്നതൊഴിച്ചാൽ   ജീവിതം വളരെയധികം സന്തോഷത്തിലാണ് ഇപ്പോൾ , ആ സന്തോഷത്തിന് മാറ്റ് കൂട്ടാൻ  അവർക്കിടയിലേക്ക് പുതിയൊരു ജീവൻ കൂടി വരാൻ പോകുന്നു.

എല്ലാ കുടുംബങ്ങളിലും സംഭവിക്കുന്ന പോലെ   ഒരു കുഞ്ഞ് എന്ന സ്വപ്നം പൂവണിയാൻ തുടങ്ങിയപ്പോൾ  കുടുംബങ്ങളും അവരെ സ്വീകരിക്കാൻ തയാറായി.

ജീവിതം മൊത്തത്തിൽ കളറാണ് ഇപ്പോൾ.

അങ്ങനെ ഒരു രാത്രിയിൽ നിറവയറോടെ ദേവന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കവേ അവളവനോട് ചോദിച്ചു.

നമ്മുടെ  അച്ഛനുമമ്മയും  എല്ലാം   മരിച്ചുകളയും എന്ന് പറഞ്ഞിട്ടും എന്നെ വിട്ട് കളയാതിരിക്കാൻ അത്രത്തോളം എന്നെ സ്നേഹിച്ചിരുന്നോ????

അവളുടെ ആ ചോദ്യത്തിന് മറുപടിയായി അവൻ പറഞ്ഞു.

ഡീ പെണ്ണേ… സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കുന്നതിലേറെ വിട്ടുകൊടുക്കുന്നതിലാണ് പ്രണയം എന്ന് എഴുതാനും വായിക്കാനുമൊക്കെ നല്ല രസാ എന്നാലേ അനുഭവിക്കുമ്പോ മാത്രേ അറിയൂ ആ അവസ്ഥ. എനിക്ക്   നിന്നെ വിട്ടുകൊടുക്കാൻ വയ്യായിരുന്നു ഡീ പെണ്ണേ……

നെറുകയിൽ പതിഞ്ഞ ഒരു നറുചുംബനത്തോടെ  വീണ്ടും അവളെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ പുറത്ത് പ്രണയത്തിന്റെ ഗന്ധവും പേറി ഒരു  മഴ പെയ്ത് തുടങ്ങിയിരുന്നു.

പ്രണയിക്കുന്നവർക്കായി മാത്രം ഒരു മഴ…..