രചന: നീതു
::::::::::::::::::::::
“”””എടാ നീ എന്താ ഇവിടെ?? ഇന്ന് പകൽ ഇങ്ങോട്ട് വന്നിട്ടല്ലേ ഉള്ളൂ സമയം ഇപ്പോൾ 9 മണിയായി… നിന്റെ കെട്ട്യോൾ അവിടെ കാത്തിരിക്കുന്നുണ്ടാവും!!!”
വല്ലാത്തൊരു ടോണിൽ ഉമേഷ് അത് പറഞ്ഞതും ദേഷ്യത്തോടെ അവനെയൊന്നു നോക്കി ബാബു..
“”” അതെ ഞാൻ എപ്പോൾ വീട്ടിൽ പോണം എന്ന് ഞാൻ തീരുമാനിച്ചോളാം. എനിക്ക് അതിന് നിന്റെ ഉപദേശം വേണ്ട!!!”
എന്നുപറഞ്ഞ് ബാബു തിരിഞ്ഞതും,
“”” അങ്ങനെ പറഞ്ഞു കൊടുക്കെടാ അവനോട്!! ഗൾഫിൽ നിന്ന് വന്നെന്നു കെട്ടിയോള് മാത്രം പോരാ കൂട്ടുകാരും കൂടെ വേണം എന്ന്.. നീ പോണ്ടടാ ഇവിടെ ഇരി അവൾ കുറച്ചു കാത്തിരിക്കട്ടെ!!”’
ബാബു കൊണ്ടുവന്ന് കൊടുത്ത ഗ്രീൻ ലേബലിന്റെ ലഹരിയിൽ സതീഷ് പറഞ്ഞ് തീർത്തു…
ഉമേഷ് ബാബുവിനെ ഒന്നുകൂടെ നോക്കി… കയ്യിലിരിക്കുന്ന ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് കുടിച്ച് അവൻ ദൂരെ എങ്ങോട്ടോ നോക്കിയിരിക്കുകയാണ്…
അവന്റെ മനസ്സിൽ എന്തോ ഉണ്ട് എന്നത് സത്യമാണ് അതുകൊണ്ടാണ് അവൻ ഇത്രയും അസ്വസ്ഥനായിരിക്കുന്നത്…
“””ടാ എന്താടാ പറ്റിയെ??”””
എന്ന് ആരും കേൾക്കാതെയാണ് ഇത്തവണ ഉമേഷ് അവന്റെ ചെവിയിൽ പോയി ചോദിച്ചത്..
“” ഏയ് ഒന്നൂല്ലെടാ… “”
എന്ന് പറഞ്ഞപ്പോൾ മനസ്സിലായി അവനത് പറയാൻ താല്പര്യമില്ല എന്ന് അതുകൊണ്ടാണ് അവന്റെ മനസ്സ് ഒന്ന് മാറ്റാം എന്ന് വിചാരിച്ച് മറ്റുകാര്യങ്ങളെല്ലാം ചോദിച്ചത് ആരോ അപ്പോഴേക്കും വന്ന് ചോദിച്ചിരുന്നു,
“” ഡാ നിനക്ക് ലീവ് എത്രയുണ്ട്??.
എന്ന്..
“” ലീവ് ഒക്കെ രണ്ടുമൂന്നു മാസം ഉണ്ട് പക്ഷേ അത് ക്യാൻസൽ ചെയ്ത് പോകാൻ പോകുവാ!!””
അന്നേരം എല്ലാവരും ചിരിച്ചെങ്കിലും അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ ഉമേഷന് മനസ്സിലായിരുന്നു കാര്യമായി എന്തോ അവന്റെ മനസ്സിന് അലട്ടുന്നുണ്ട് എന്ന്..
“”ന്താടാ എന്താ പ്രശ്നം??””
എന്ന് എല്ലാവരും പോയപ്പോൾ ചോദിച്ചു മദ്യത്തിന്റെ ലഹരിയിൽ ആണെന്ന് തോന്നുന്നു അവൻ അത് പറയാൻ തയ്യാറായത്..
“”” എടാ എന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞപ്പോൾ ഇപ്പോ അവളെ എനിക്ക് നോക്കാൻ തന്നെ തോന്നുന്നില്ല!! സാധാരണ അവൾ ഉള്ളതിന്റെ ഇരട്ടിയായിട്ടുണ്ട്… ഇടിഞ്ഞു തൂങ്ങിയ മാറിടം!! പോരാത്തതിന് ആകെ വരയും കുറിയും ആയിട്ടുള്ള വയറും!!
എപ്പോഴും പാലിറ്റി വീഴും!!! അവളുടെ നൈറ്റി എപ്പോഴും നനഞ്ഞാണ് ഇരിക്കുക…!!! ഒരുപാട് മോഹങ്ങളോട് ആണ് ഞാൻ നാട്ടിലേക്ക് വന്നത് പക്ഷേ വല്ലാത്തൊരു മടുപ്പ്!!!”””
അവൻ അങ്ങനെ പറഞ്ഞത് ശരിക്കും ദേഷ്യം വന്നു ഉമേഷിന്!! അവൻ പക്ഷേ അത് പുറത്ത് കാട്ടാതെ ഇരുന്നു ബാബു വീണ്ടും പറഞ്ഞു തുടങ്ങി..
“” രാത്രി മുഴുവൻ അവൾ ഉണർന്നിരിക്കും കുഞ്ഞിനോടൊത്ത്!!! കണ്ണിന് ചുറ്റും കറുപ്പൊക്കെ പടർന്ന് വല്ലാത്ത പ്രായം തോന്നുന്നുണ്ട്!! തന്നെയുമല്ല അവൾക്കിപ്പോൾ എന്റെ കാര്യങ്ങൾ ഒന്നും നോക്കാൻ പോലും സമയമില്ല ഏത് നേരവും കുഞ്ഞ് കുഞ്ഞ് എന്നൊരു ചിന്ത മാത്രമേ ഉള്ളൂ!!!””
അവനെ നോക്കി ഉമേഷ് ഇരുന്നു അവരോട് എന്തു പറയണം എന്ന് അറിയില്ലായിരുന്നു ഉമേഷിന്…
“”” ഡാ ഉമേഷേ നിന്റെ പെങ്ങൾക്ക് പ്രസവവേദന തുടങ്ങിയെന്ന്!! വേഗം ചെല്ലാൻ പറഞ്ഞു!!!
എന്ന് വീടിനടുത്തുള്ള ചേട്ടൻ പറഞ്ഞപ്പോൾ ബാബുവിനെയും കൂട്ടിയാണ് ഉമേഷ് പോയത്…
പൂർണ്ണ ഗർഭിണിയായിരുന്നു ഉമേഷിന്റെ പെങ്ങൾ വേദനകൊണ്ട് നിൽക്കാനോ ഇരിക്കാനോ വയ്യാത്ത അവസ്ഥയായിരുന്നു അവരുടെ…
“”” ഉമേഷേട്ടാ ഞാനിപ്പോ ചാവും!!! എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോ!!!””
എന്നും പറയുന്ന കരയുന്ന അവന്റെ പെങ്ങൾ ഉമയെ ഭയത്തോടെ നോക്കി ബാബു..
അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം സഹിക്കാൻ പറ്റാത്ത വേദനയാണ് എന്ന് അതുകൊണ്ടുതന്നെ ബാബു പറഞ്ഞു,
“”” എടാ നോക്കി നിൽക്കാതെ നീ വണ്ടി എടുക്ക്!!!”””
എന്ന്.
കുടിച്ചതൊക്കെ രണ്ടുപേർക്കും ഇറങ്ങിയിരുന്നു അപ്പോഴേക്കും..
അവിടെനിന്ന് അവളെ കാറിൽ കേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അവർ രണ്ടുപേരും ഒരുപോലെ പ്രാർത്ഥിച്ചിരുന്നു അവൾക്ക് ഒന്നും വരരുതേ എന്ന്…
നേരെ കൊണ്ടുപോയി ലേബർ റൂമിലേക്ക് അതിന്റെ വാതിൽ തുറന്നപ്പോൾ അകത്തുനിന്ന് ഒരുപാട് സ്ത്രീകളുടെ കരച്ചിൽ കേൾക്കാമായിരുന്നു വല്ലാത്ത ഒരു അന്തരീക്ഷം!!!
ടെൻഷനടിച്ച് മണിക്കൂറുകൾ!!! അത് കഴിഞ്ഞ് സിസ്റ്റർ വന്നു പറഞ്ഞു പ്രസവിച്ചു എന്ന് അതോടെ എല്ലാവരുടെയും മനസ്സിൽ മഞ്ഞുവീണു.. കുറച്ചു കഴിഞ്ഞപ്പോൾ റോസ് കളറിൽ ഒരു കുഞ്ഞു പെണ്ണിനെ അവർക്കെല്ലാം കൊണ്ടുവന്ന് കാണിച്ചുകൊടുത്തു സിസ്റ്റർ!!!
സന്തോഷാധിക്യത്താൽ കരയുന്ന ഉമേഷിനെ ചേർത്തുപിടിച്ചു ബാബു അവന്റെ കണ്ണുകളും നനഞ്ഞിരുന്നു…
ഉമേഷ് ബാബുവിനെ മെല്ലെ അവിടെ നിന്ന് കൊണ്ടുപോയി അവിടെ കണ്ട ഒരു കസേരയിലേക്ക് മെല്ലെ ഇരുത്തി..
“” എടാ ഈ കുഞ്ഞിനെ ഗർഭം ധരിക്കുക അതിനു ജന്മം കൊടുക്കുക എന്നൊക്കെ പറഞ്ഞ അതൊന്ന് മരിച്ച് ജനിക്കും പോലെ അത്രയും പ്രയാസമാണ്!!! അതുകൊണ്ടല്ലേ മാതാ പിതാ ഗുരു ദൈവം എന്ന് പറഞ്ഞിരിക്കുന്നത് എപ്പോഴും ഒന്നാം സ്ഥാനം അമ്മയ്ക്കാണ് എന്തുകൊണ്ടാണെന്ന് അറിയാമോ നിനക്ക്… അത്രയും ത്യാഗങ്ങൾ ഒക്കെ സഹിച്ചു, എല്ലു നുറുങ്ങുന്ന വേദന സഹിച്ച് നമുക്ക് ജന്മം തരുന്നത് കൊണ്ട് അവരോടുള്ള കടപ്പാട് ഈ ജന്മം തീർത്താലും തീരില്ല!! അതുപോലെതന്നെയല്ലടാ നമ്മുടെ ഭാര്യമാരും!! ഒരുപക്ഷേ നാട്ടിൽ അവളുടെ ഒപ്പം നിന്ന് അവളുടെ പത്ത് മാസത്തെ ബുദ്ധിമുട്ടുകൾ എല്ലാം മനസ്സിലാക്കിയാൽ നിനക്ക് ഇതുപോലെ ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു…
നമ്മുടെ മോഹങ്ങൾ തീർത്തു തരിക എന്നതിലുപരി, ഒരു സ്ത്രീയെന്ന ജന്മം ഒരുപാട് പരിഗണനകളും ബഹുമാനവും അർഹിക്കുന്നു!!!””
ഉമേഷ് അത്രയും പറഞ്ഞപ്പോൾ എന്തോ ഒരു നീറ്റൽ ബാബുവിന് ഉള്ളിൽ തോന്നി…
അവൻ പറഞ്ഞത് മുഴുവൻ ശരിയാണ് വിവാഹം കഴിഞ്ഞ് വെറും ഒന്നരമാസം മാത്രമാണ് താൻ നാട്ടിൽ ഉണ്ടായിരുന്നത് പിന്നെ ഗൾഫിലേക്ക് തിരിച്ചുപോയി അപ്പോൾ അറിയുന്നത് അവൾ ഗർഭിണിയാണ് എന്നായിരുന്നു അപ്പോൾ നല്ല സന്തോഷം തോന്നി അവളുടെ ബുദ്ധിമുട്ടും സങ്കടങ്ങളും അവൾ പിന്നെ അറിയിച്ചിട്ടില്ല അവിടെ ജോലി ചെയ്യുന്ന എന്നെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാവും…
കുഞ്ഞു ജനിച്ചപ്പോൾ പിന്നെ അവൾക്ക് അവനെപ്പറ്റി മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ അവളുടെ മനസ്സിൽ കുഞ്ഞു മാത്രമേ ഉണ്ടായിരുന്നുള്ളൂ എല്ലാ അർത്ഥത്തിലും അവൾ ഒരു നല്ല അമ്മയായി മാറുകയായിരുന്നു. പക്ഷേ തന്റെ മനസ്സിൽ പോയത് പോലെ തന്നെയായിരുന്നു അവൾ!!
സ്ത്രീ എന്നതിൽ നിന്ന് അവൾ ഒരു അമ്മയായി എന്നത് ഉൾക്കൊള്ളാൻ തനിക്കപ്പോൾ കഴിഞ്ഞിരുന്നില്ല പക്ഷേ ഒരു ഇത്തിരി നേരം ഇവിടെ ഇരുന്നപ്പോൾ മനസ്സിലായിരുന്നു, അവൾ സഹിച്ച ത്യാഗം… മനോഹരമായ ആകാര വടിവ് ഉള്ളവൾ ആയിരുന്നു എല്ലാം നഷ്ടപ്പെടുത്തിയത് തന്റെ കുഞ്ഞിനു വേണ്ടിയാണ് നൊന്ത് പ്രസവിച്ച്, പാലൂട്ടി ഒരു നിമിഷംപോലും കുഞ്ഞിന്റെ അരികിൽ നിന്ന് മാറാതെ…
എന്തേ തനിക്ക് അതൊന്നും മനസ്സിലാക്കാൻ കഴിയാതെ പോയത്!!!
വിവാഹം കഴിഞ്ഞ്, ഒരുമിച്ച് സന്തോഷം പങ്കിട്ടതിന്റെ കണക്കുകൾ മാത്രമേ തനിക്ക് പറയാനുള്ളൂ.. മറ്റെല്ലാ കഷ്ടപ്പാടുകളും അവൾക്ക് സ്വന്തമാണ് എന്നിട്ടും താനെന്തേ അതൊന്നും കണക്കിൽ എടുത്തില്ല…
അപ്പോഴും അവളിൽ, തന്റെ ആഗ്രഹത്തെ ശമിപ്പിക്കാൻ ഒരു ശരീരം മാത്രം തേടിയതിന്റെ കുറ്റബോധത്തിൽ ബാബു ഇരുന്നു!!
ബാബുവിന്റെ രണ്ട് മിഴികളും നിറഞ്ഞിരുന്നു ഒരു ഭാര്യ എന്നതിലുപരി അവളോട് ഇപ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു..
ബാബുവിന്റെ അവസ്ഥ കണ്ടറിഞ്ഞ് ആണെന്ന് തോന്നുന്നു ഉമേഷ് അവനെ ചേർത്തുപിടിച്ചത്..
“”” ഡാ കുറ്റബോധം ഒന്നും വേണ്ട!! നീയൊന്ന് ചെന്ന് ചേർത്ത് പിടിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ!!!””
അതോടെ മനസ്സിലെ വേദന ഒരല്പം ആശ്വാസം കിട്ടുന്നത് പോലെ തോന്നിയിരുന്നു ബാബുവിന് പിന്നെ ധൃതിയായിരുന്നു തന്റെ ഭാര്യയെ കാണാൻ… അവൾ അർഹിക്കുന്ന പരിഗണന കൊടുക്കാൻ ചേർത്ത് നിർത്താൻ അവൾക്ക് പകരം കുഞ്ഞിനെ നോക്കി അവളോട് ഇനിയെങ്കിലും രാത്രിയിൽ ഉറങ്ങിക്കോളാൻ പറയാൻ…