മൂന്ന് പെൺകുട്ടികൾ ഉള്ള വീട്ടിൽ ഒന്നിന്റെയെങ്കിലും വിവാഹം കഴിഞ്ഞാൽ അത്രയും ഭാഗ്യം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു അച്ഛൻ..

രചന: നീതു

“””അവൾക്ക് അത്ര വിലയുടെ ഒന്നും വാങ്ങേണ്ട എന്നിട്ട് എന്തിനാ അടുക്കളയിൽ നിൽക്കുമ്പോൾ ഇടാനോ??””

അമ്മ പറഞ്ഞത് കേട്ട് എല്ലാവരും വലിയ തമാശ കേട്ടതുപോലെ പൊട്ടിച്ചിരിച്ചു…
അടുക്കളയിൽ നിന്ന് അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു ശുഭ!!!

അവളുടെ കണ്ണെല്ലാം നീറി പുകഞ്ഞു ഈ വീടിനുവേണ്ടി രാവും പകലും എന്നില്ലാതെ കഷ്ടപ്പെടുന്നതാണ് അതിന്റെ നന്ദി കാണിക്കുന്നില്ല എന്നത് പോട്ടെ ഒപ്പം തന്നെ ഇങ്ങനെ നാലാളുടെ മുന്നിൽ വച്ച് പരിഹസിക്കുക കൂടി ചെയ്യുമ്പോൾ വല്ലാത്ത സങ്കടം വരുന്നുണ്ടായിരുന്നു അവൾക്ക്…

പതിനെട്ടു വയസ്സ് തികയുന്നതിന് മുമ്പാണ് അനിയേട്ടൻ തന്നെ പെണ്ണുകാണാൻ വന്നത് ആള് ഗൾഫിലാണ് എന്ന് പറഞ്ഞു…
മൂന്ന് പെൺകുട്ടികൾ ഉള്ള വീട്ടിൽ ഒന്നിന്റെയെങ്കിലും വിവാഹം കഴിഞ്ഞാൽ അത്രയും ഭാഗ്യം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു അച്ഛൻ..
അപ്പോഴാണ് മൂത്ത മകൾക്ക് ഒരു കല്യാണാലോചന വരുന്നത്, അതും സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞ്!!! അതുകൊണ്ടുതന്നെ നല്ല കൂട്ടുകാരാവും എന്ന് അച്ഛൻ ഉറപ്പിച്ചു പക്ഷേ അത് കല്യാണം കഴിക്കാൻ വരുന്ന ആളിന്റെ മാത്രം തീരുമാനമായിരുന്നു എന്നറിഞ്ഞില്ല!!!

പതിനെട്ടു വയസ് ആവാൻ കാത്തു നിന്നു അതിനുശേഷം ആണ് കല്യാണം നടത്താൻ നിശ്ചയിച്ചത് അതുകൊണ്ടുതന്നെ അനിയേട്ടൻ ലീവ് എക്സ്റ്റന്റ് ചെയ്തിരുന്നു..

വിവാഹം കഴിഞ്ഞ് ആ വീട്ടിലേക്ക് കാലെടുത്തു വച്ചത് മുതൽ മനസ്സിലായിരുന്നു അനിയേട്ടൻ മാത്രമേ അവിടെ നല്ല മനസ്സിന് ഉടമയുള്ളൂ എന്ന് ബാക്കിയെല്ലാവരും തന്നെ ഓരോ പ്രത്യേക സ്വഭാവത്തിന് ഉടമകളായിരുന്നു അമ്മയായാലും അതെ അനിയേട്ടന്റെ സഹോദരങ്ങളായാലും അതെ….

“”” സ്ത്രീധനം വേണ്ട എന്ന് പറഞ്ഞപ്പോൾ പെണ്ണിനെ മാത്രം പാക്ക് ചെയ്ത് ഇങ്ങോട്ട് പറഞ്ഞയക്കും എന്ന് കരുതിയില്ല നാണമില്ലാത്ത വർഗ്ഗങ്ങൾ എന്തേലും ഒന്ന് കയ്യിലോ കഴുത്തിലോ ഇട്ട് കൊടുത്തയക്കണ്ടേ??? ഇതിപ്പോ സൂക്ഷിച്ചു നോക്കണം എന്തെങ്കിലും ഉണ്ടോ എന്ന്!!!”””

അനിയേട്ടന്റെ അമ്മ അനിയേട്ടന്റെ ചേച്ചിയോട് എന്നെ കേൾപ്പിച്ച് പറയുന്നതാണ്!!!!

സ്വത്ത് എന്ന് പറയാൻ അച്ഛന് ഞങ്ങൾ ഇരിക്കുന്ന ആ മൂന്നു സെന്റ് അതിലൊരു ചെറിയ വീടും മാത്രമേ ഉണ്ടായിരുന്നുള്ളൂ അത്യാവശ്യം അധ്വാനിച്ച് ഒരു അല്ലലും ഇല്ലാതെ തന്നെയാണ് കുടുംബം നോക്കിയിരുന്നത് പക്ഷേ ജോലി സ്ഥലത്തുനിന്ന് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹത്തിന് നട്ടെല്ലിന് ക്ഷതം ഏറ്റിരുന്നു. കുറെ കാലം കഴിഞ്ഞ് ആണ് ഒന്ന് എണീറ്റ് നടക്കാം എന്ന് ആയത് എന്നാലും കയ്യും കാലും പണ്ടത്തെപ്പോലെ യഥേഷ്ടം ചലിപ്പിക്കാൻ കഴിയില്ലായിരുന്നു…

അതുകൊണ്ടുതന്നെ പിന്നെ ലോട്ടറി വില്പനയും മറ്റുമായിയാണ് കുടുംബം നോക്കിയിരുന്നത് അമ്മയാണെങ്കിൽ പശുവിനെ നോക്കി പാല് വിറ്റും, തൊഴിലുറപ്പ് പദ്ധതിയിൽ പോയി എല്ലാം അമ്മയുടെ വകയും പറ്റുന്നതുപോലെ അച്ഛനെ സഹായിച്ചു…

ആ സമയത്താണ് എനിക്ക് വിവാഹാലോചന വന്നത് പത്താം ക്ലാസിൽ തട്ടിമുട്ടി പാസായ ഞാൻ പ്ലസ് വണും പ്ലസ്ടുവും പഠിക്കാൻ പോയി പക്ഷേ അത് ജയിക്കാൻ പറ്റിയില്ല… പിന്നെ പഠിപ്പിക്കാനുള്ള അവസ്ഥയും ഇല്ലാത്തതുകൊണ്ട് പഠിപ്പ് അവിടെ വച്ച് നിർത്തിയിരുന്നു അപ്പോഴേക്കും കല്യാണ ആലോചനയും വന്നു…

അമ്മയുടെ സ്വർണ്ണം മുഴുവൻ വിറ്റ് അച്ഛനെ ചികിത്സിച്ചിരുന്നു.. പോരാത്തതിന് ആധാരവും പണയപ്പെടുത്തിയിരുന്നു…. അതുകൊണ്ടുതന്നെ എന്റെ വിവാഹത്തിന് വലുതായി ഒന്നും തരാൻ കഴിയില്ല എന്ന് അവർക്കറിയാമായിരുന്നു നാട്ടുകാർ കൂടി സഹായിച്ചാണ് പന്ത്രണ്ടു പവൻ എങ്കിലും എനിക്ക് തന്നത്…

ഞങ്ങളെ സംബന്ധിച്ചത് അത് തന്നെ വലിയ കാര്യമായിരുന്നു പക്ഷേ അനിയേട്ടന്റെ അമ്മയുടെ കണ്ണിൽ അതൊന്നും കണ്ടില്ല നിറയെ സ്വർണ്ണമിട്ട് മകന്റെ കൈപിടിച്ച് കയറി വരുന്ന മരുമകളെയും സ്വപ്നം കണ്ടിരുന്ന അവർക്ക് ഞാൻ ഈ കോലത്തിൽ വന്നത് ഒരു അടിയായി…

എപ്പോഴും ഒന്നും കൊണ്ടുവരാതെ കയറിവന്നു എന്ന് കുത്തിക്കുത്തി പറയും അനിയേട്ടൻ പോകുന്നത് വരെ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല പക്ഷേ പോയി കഴിഞ്ഞപ്പോൾ അവർ തനി സ്വഭാവം പുറത്തേക്കെടുത്തു. ചേച്ചിയെ കല്യാണം കഴിച്ചു വിട്ടതായിരുന്നു ഇടയ്ക്ക് അവർ വീട്ടിൽ വന്ന് നിൽക്കും അപ്പോൾ രണ്ടുപേരും കൂടി കൂടുതൽ കുത്തിനോവിക്കും..

അമ്മയെയും പെങ്ങൾമാരെയും അനിയനെയും എല്ലാം ജീവനെപ്പോലെ കരുതുന്ന അനിയേട്ടനെ കൊണ്ട് ഇതൊന്നും താങ്ങാൻ ആവില്ല എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെ ഇവിടെ നിന്നും എനിക്കുണ്ടായ എല്ലാ വിഷമങ്ങളും അനിയേട്ടന്റെ മുന്നിൽ നിന്ന് ഞാൻ മറച്ചുവെച്ചു…

ഇപ്പോൾ അനിയന്റെ വിവാഹമാണ് എവിടെനിന്നോ ഒരു പെൺകുട്ടിയെ സ്നേഹിച്ചു വീട്ടിൽ പറഞ്ഞ് സമ്മതിച്ചിരിക്കുകയാണ് അമ്മയുടെ അതേ സ്വഭാവമുള്ള മകൻ ആയതുകൊണ്ട് ഏതോ പുളികൊമ്പ് നോക്കിയാണ് പിടിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അമ്മയ്ക്ക് വലിയ സന്തോഷമായിട്ടുണ്ട്!!!

അവരുടെ വലിയ വീടിനും പത്രാസിലും എല്ലാം കണ്ണ് തള്ളി അമ്മയ്ക്ക് ഇപ്പോൾ എന്നെ തീരെ പിടിക്കാതെ ആയിട്ടുണ്ട്!!!

അനിയേട്ടൻ കല്യാണത്തിന്റെ തലേ ദിവസത്തേക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് അതിനുമുമ്പ് വരാൻ നോക്കിയതാണ് പക്ഷേ കിട്ടിയില്ല..

അമ്മയും മകനും കൂടിയേ തന്നെയാണ് എല്ലായിടത്തും ക്ഷണിക്കാൻ നടക്കുന്നത് എല്ലാവരെയും തലേദിവസത്തേക്കും അന്ന് വൈകിട്ടത്തെ റിസപ്ഷനിലേക്കും എല്ലാം ക്ഷണിച്ചു പക്ഷേ എന്റെ വീട്ടിൽ മാത്രം കല്യാണത്തിന് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളൂ!!!

അതും പേരിന് ഒന്ന് പോയി ക്ഷണിച്ചു!!!

അനിയന്റെ വക കല്യാണത്തിന് എല്ലാവർക്കും ഡ്രസ്സ് എടുത്തു കൊടുത്തിരുന്നു!! എനിക്ക് മാത്രം ഒട്ടും ഇഷ്ടമില്ലാതെ വിലകുറവിന്റെ ഒരു സാരി ആണ് വാങ്ങിത്തന്നത്..

ആരോടും പരാതിയില്ലാതെ എല്ലാം സ്വയം സഹിച്ച് ഞാൻ നിന്നു!!!
ഇല്ലാത്ത കുടുംബത്തിൽ നിന്ന് കയറി വന്നാൽ ഇതൊക്കെ സഹിക്കേണ്ടി വരുമെന്ന് ആരൊക്കെയോ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്!!!

തലേദിവസം അനിയേട്ടൻ വന്നു!! എത്തി എന്ന് പറഞ്ഞത് കേട്ട് അടുക്കളയിൽ നിന്ന് ഓടിവന്ന് ഒരു നോട്ടം കണ്ടു!!
എന്നെ കണ്ടത് ആ മിഴികൾ വിടർന്നിരുന്നു..
പെട്ടെന്ന് മങ്ങുന്നതും കണ്ടു…

“‘” അടുക്കളയിൽ നിനക്ക് ജോലിയൊന്നുമില്ലേ??? “””

എന്ന് അനിയേട്ടനെയും നോക്കി നിന്ന് എന്നോട് അമ്മ ചോദിച്ചു..
അവിടെനിന്ന് അടുക്കളയിലേക്ക് പോയി ഒരുപാട് ജോലി എനിക്കായി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു വന്നവരോട് കുശലം പറഞ്ഞും, വരാൻ പോകുന്ന മരുമകളുടെ വിശേഷം പറഞ്ഞ അമ്മയും ചേച്ചിയും എല്ലാം അവിടെ തിരക്കിലായിരുന്നു ജോലികൾ മുഴുവൻ എനിക്ക് ഇതിനിടയിൽ അനിയേട്ടൻ അടുക്കളയിലേക്ക് എത്തി എന്നോട് ചോദിച്ചു!!!

“””എന്ത് കോലമാടി പെണ്ണേ ഇത്???””
എന്ന്!!!

കണ്ണുകൾ നിറഞ്ഞ് ഒന്ന് ചിരിക്കാനെ എന്നെക്കൊണ്ടായുള്ളൂ ഏകദേശം അവിടുത്തെ എന്റെ ജീവിതം ആ ഒരു നിമിഷം കൊണ്ട് തന്നെ അനിയേട്ടന് മനസ്സിലായി!!!”

പിറ്റേദിവസം കല്യാണമായതുകൊണ്ട് അതുവരേക്കും അദ്ദേഹം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല എന്റെ സാരിയും എന്റെ വീട്ടുകാരുടെ കല്യാണത്തിന് മാത്രമുള്ള വരവ് എല്ലാം അദ്ദേഹത്തിൽ സംശയം ജനിപ്പിച്ചു…

അമ്മയും അനിയത്തിയും കൂടിയാണ് വിവാഹത്തിന് വന്നത് വൈകീട്ട് വരില്ലേ എന്ന് ചോദിച്ചപ്പോൾ അമ്മ ഒന്നും മിണ്ടിയില്ല..

“”” അവരെ അതിനൊന്നും വിളിച്ചിട്ടില്ല!!””

എന്ന് ഞാനാണ് അനിയേട്ടനോട് പറഞ്ഞത് അനിയേട്ടന് അതൊന്നും ഉൾക്കൊള്ളാൻ ആയില്ല അന്ന് തന്നെ അമ്മയോട് കയർത്തു!!!

അതെല്ലാം എന്റെ പണിയാണ് വന്നു കയറിയതിനേക്കാൾ മുൻപ് തലയണമന്ത്രം പറഞ്ഞുകൊടുത്തു മകനെ അവർക്കെതിരെ ആക്കി എന്നെല്ലാം പറഞ്ഞ് അമ്മ വഴക്കിട്ടു ഒരു കല്യാണവീട് ആയതുകൊണ്ട് കൂടുതൽ ഒന്നും പിന്നെ അനിയേട്ടൻ പറയാൻ നിന്നില്ല…

ദുബായിൽ അത്ര നല്ല ജോലിയൊന്നും അല്ലായിരുന്നു എന്നിട്ടും ഈ വരവിൽ എന്റെ പാസ്പോർട്ട് ശരിയാക്കി.. അവിടെ ചെന്ന് ഒരു മാസത്തിനുള്ളിൽ വിസയും അയച്ചു എന്നെ അങ്ങോട്ടേക്ക് കൊണ്ടുപോയി…

അമ്മ അതിന് ഉണ്ടാക്കാത്ത പ്രശ്നങ്ങളൊന്നും ഇല്ല…
അനിയേട്ടൻ കണ്ടില്ല എന്ന് നടിച്ചു…

“”‘ കെട്ടിയ പെണ്ണിനെ സന്തോഷമായി ഇരുത്തേണ്ടത് എന്റെ കടമയാണ്!”””
എന്ന് മാത്രം പറഞ്ഞു…

ഒരു കുഞ്ഞു മുറിക്കുള്ളിൽ ആണ് ജീവിതം എങ്കിലും സ്വർഗ്ഗം പോലെ തന്നെയായിരുന്നു ഇവിടെ….

ഇതുവരെ അവിടെനിന്ന് കിട്ടിയ അവഗണനകൾക്ക് പകരം എന്നെ സ്നേഹിച്ചു കൊല്ലുന്നുണ്ടായിരുന്നു അനിയേട്ടൻ…

എട്ടുമാസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കുഞ്ഞുമണി കൂടി വരും..

ആകെക്കൂടി ത്രില്ലിലാണ് രണ്ടുപേരും!!!! ജീവിതം ഇത്രമേൽ മനോഹരമാണ് എന്ന് തോന്നിയത് ഇവിടെ വന്നതിനുശേഷം ആയിരുന്നു….