അമ്മേ രാത്രി മേളി കഴുകിയിട്ട് പുറത്ത് മഴയിൽ ഇട്ടിരുന്ന എന്റെ ഡ്രസ്സ് ഒന്നും കാണുന്നില്ല….

രചന: നീതു

“” അമ്മേ രാത്രി മേളി കഴുകിയിട്ട് പുറത്ത് മഴയിൽ ഇട്ടിരുന്ന എന്റെ ഡ്രസ്സ് ഒന്നും കാണുന്നില്ല??? “”

രാവിലെ എണീറ്റതും പ്രീതി അമ്മായിയമ്മയോട് പരാതി പറഞ്ഞു..

“”” കാണുന്നില്ലേ അവിടെ എവിടെയെങ്കിലും ഉണ്ടാവും അതിപ്പോ എവിടെ പോകാനാ??””
അത് അത്ര വലിയ കാര്യമാക്കി എടുത്തിരുന്നില്ല ദാക്ഷായണി..

“”” അങ്ങനെയല്ല അമ്മേ അടിവസ്ത്രങ്ങൾ മാത്രമാണ് കാണാതാവുന്നത്. ഇതിപ്പോ മൂന്നാമത്തെ തവണയായി!!!!!”””

അതു പറയുമ്പോൾ അവൾക്ക് വല്ലാത്ത വിഷമം ഉണ്ടായിരുന്നു…

“” നോക്ക് പ്രീതി അതിനുമാത്രം ഇപ്പോൾ ഇവിടെ കള്ളൻ വരുമോ?? നീ ഇന്നലെ എവിടെയാ ഇട്ടത് എന്നോർത്ത് നോക്ക് ചിലപ്പോൾ വല്ല കാറ്റും വന്നു താഴത്തെങ്ങാനും വീണപ്പോൾ വല്ല നായകളും എടുത്ത് ഓടിയതാവും!!”””

പ്രീതിക്ക് ആ മറുപടി അത്ര തൃപ്തികരമല്ലായിരുന്നു എങ്കിലും കൂടുതലൊന്നും പറയാൻ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായതോടെ അവൾ മുറിയിലേക്ക് ചെന്നു.

ദീപുച്ചേട്ടൻ വിളിക്കാറായിട്ടുണ്ട് ഇന്ന് വെള്ളിയാഴ്ച ആയതു കൊണ്ട് ഒരുപാട് നേരം സംസാരിക്കും. അവൾ ഫോൺ ചാർജിൽ നിന്നെടുത്ത് ജനലിന് അരികിൽ കൊണ്ടുവച്ചു ഇവിടെവച്ചാൽ ഇനി റേഞ്ച് കുറവായിട്ട് കിട്ടാതിരുന്നാലോ എന്ന് കരുതി….

പെട്ടെന്ന് ജനൽ പാളി തുറന്നപ്പോഴാണ് അവിടെനിന്ന് ആരോ ഓടിപ്പോകുന്നത് പോലെ തോന്നിയത്!!!
അവൾക്ക് പേടിയായി ആരാണെന്ന് ശരിക്കും കണ്ടത് പോലുമില്ല പക്ഷേ ഒരു സിഗരറ്റിന്റെ മണം അവിടെയെല്ലാം ഉണ്ടായിരുന്നു…

ജനലിന് ചെറിയൊരു വിടവുണ്ട് അതിലൂടെ ഉള്ളിലേക്ക് നോക്കിയതാവാം ആരോ.. എന്നവൾ അനുമാനിച്ചു…

അപ്പോഴേക്ക് ദീപുച്ചേട്ടൻ വിളിച്ചിരുന്നു മുഖം കണ്ടിട്ട് ആവണം ആള് ചോദിച്ചത് എന്താണ് പ്രശ്നം എന്ന് ഉണ്ടായതെല്ലാം ദീപു ചേട്ടനോട് തുറന്നു പറഞ്ഞു.

“” ചിലയിടത്തെല്ലാം ഇങ്ങനെ കേട്ടിട്ടുണ്ട് ചില സൈക്കോ ആളുകൾ ഇങ്ങനെയെല്ലാം ചെയ്യും എന്ന് അവിടെ അങ്ങനെയൊന്നും പറഞ്ഞു കേട്ടിട്ടില്ല ആരാണെന്ന് അറിയുകയുമില്ല നീ ഒന്ന് സൂക്ഷിച്ചോ!! ഇനിയൊന്നും പുറത്തു ഇടേണ്ട എല്ലാം അകത്തു കൊണ്ടുവന്നിട്ടാൽ മതി!!!””

എന്നുപറഞ്ഞപ്പോൾ ആശ്വാസം തോന്നിയിരുന്നു ഒരാളെങ്കിലും എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ എന്ന് അമ്മയോട് ഒരുപാട് പറഞ്ഞിട്ടും ഒരു പ്രയോജനവുമില്ല അമ്മയ്ക്ക് എല്ലാം എന്റെ തോന്നൽ ആയിട്ട് മാത്രമേ തോന്നു…

രാത്രി കിടക്കാൻ നേരം എന്തോ കാര്യത്തിന് ദീപുച്ചേട്ടൻ വിളിച്ചു എപ്പോഴും വാട്സപ്പ് കോൾ ആണ് വിളിക്കുക കട്ടിലിന്റെ അവിടെ പോയി ഇരുന്നാൽ ശരിക്കും ക്ലിയർ ആവില്ല അതുകൊണ്ട് ജനലിന് അരികിൽ വന്നു നിന്നിട്ട് വേണം വിളിക്കാൻ..

അവിടെ വന്ന് വാതിൽ തുറന്നപ്പോൾ കണ്ടിരുന്നു അപ്പുറത്തെ വീട്ടിലെ അറുപതു വയസ്സുള്ള ആ അപ്പാപ്പനെ!!!!

ഞാനപ്പോൾ അവിടെ വരും എന്നും ജനൽ തുറക്കുമെന്നും അയാൾ പ്രതീക്ഷിച്ചിരുന്നില്ല..

ആ ജനലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കുകയായിരുന്നു ഞാൻ ആകെ
ഞെട്ടിപ്പോയി..

അവിടെ നിന്ന് വസ്ത്രം മാറിയതും, ദീപു ഏട്ടൻ ഇവിടെയുണ്ടായിരുന്നപ്പോഴത്തെ കാര്യങ്ങളും എല്ലാം എന്റെ ഉള്ളിൽ ഭയത്തോടെ ഓർമ്മ വരാൻ തുടങ്ങി എന്തെല്ലാം അയാൾ ഒളിഞ്ഞുനിന്നു കണ്ടിരിക്കും!!!

ഞാൻ കണ്ടിട്ടുണ്ട് എന്ന് അയാൾ മനസ്സിലാക്കി പക്ഷേ അപ്പോഴേക്കും
അവിടെനിന്നും ഓടി മറിഞ്ഞു അപ്പോഴും അയാളുടെ കയ്യിലെ സിഗരത്തിന്റെ മണം അവിടെ നിറഞ്ഞു നിന്നിരുന്നു ഞാൻ ആകെ തളർന്നു പോയി..

ദീപു ചേട്ടന്റെ തന്നെ അകന്ന ബന്ധുക്കളിൽ ഒരാളാണ് അത് അമ്മയുടെ ആങ്ങള ആയിട്ട് വരും ഞങ്ങളോട് വളരെ അടുപ്പമുള്ള കുടുംബം തന്നെയാണ് അയാളോട് എത്ര ബഹുമാനത്തോടെയാണ് താൻ സംസാരിച്ചിരിക്കുന്നത് ഒരിക്കൽ പോലും അയാൾ ഇങ്ങനെ ഒരാൾ ആണെന്ന് മനസ്സിലായിരുന്നില്ല അത്രയും വിദഗ്ധമായി ആയിരുന്നു പകൽ വെളിച്ചത്തിൽ അയാളുടെ അഭിനയം ഇരുട്ടത്ത് ഇതുപോലെയുള്ള ഓരോ പ്രവർത്തികളും അവൾക്ക് അറപ്പ് തോന്നി അയാളെ..

ദീപുച്ചേട്ടൻ വിളിച്ചപ്പോൾ കരച്ചിലൂടെ തന്നെ ഞാൻ വിവരം പറഞ്ഞു ദീപുച്ചേട്ടനും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

അമ്മയോട് എല്ലാം പറയാൻ പറഞ്ഞത് ദീപുച്ചേട്ടൻ തന്നെയാണ് അത് പ്രകാരമാണ് ഞാൻ അമ്മയോട് ഉണ്ടായതെല്ലാം പറഞ്ഞത്..

അമ്മ എന്റെ കൂടെ നിൽക്കും എന്ന് വിചാരിച്ച് എനിക്ക് തെറ്റി. അത് കേട്ടത് അമ്മ ഉറഞ്ഞുതുള്ളുകയാണ് ഉണ്ടായത്..

“”” എന്താടി നിന്റെ ഉദ്ദേശം കുറെ നാളായല്ലോ നീ തുടങ്ങിയിട്ട്?? ഇവിടെയുള്ളവരെല്ലാം ചീത്ത ആളുകൾ ആണെന്ന് നിനക്ക് വരുത്തി തീർക്കാൻ ആണോ?? എന്റെ ചെറുപ്പം മുതൽ കാണുന്നത ഭാർഗ്ഗവേട്ടനെ!! ഇതുവരെയും ഇങ്ങനെയൊന്നും എവിടെയും പറഞ്ഞു കേട്ടിട്ടില്ല നാട്ടിൽ വലിയ വിലയുള്ള മനുഷ്യനാ എങ്ങനെ തോന്നിയെടീ അങ്ങേരുടെ തലയിൽ ഇതെല്ലാം കൊണ്ടുപോയി കെട്ടിവയ്ക്കാൻ!!!”””

അമ്മ പറഞ്ഞത് ഞാൻ കരഞ്ഞു പോയിരുന്നു..

“” ആവശ്യമില്ലാതെ അയാളെ പറ്റി വെറുതെ ഇല്ലാ വചനം ഉണ്ടാക്കാൻ എനിക്ക് എന്ത് കാര്യമുണ്ട് അമ്മേ ഒന്ന് എന്റെ ഭാഗത്തുനിന്ന് ചിന്തിച്ചു നോക്കൂ!!! ഒന്നും എന്റെ തോന്നലല്ല എല്ലാം ഉള്ളത് തന്നെയാണ്…!!”””

എന്തു പറഞ്ഞിട്ടും അമ്മയ്ക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

“”‘ പിന്നെ നീ ഒരു ലോകസുന്ദരി ഇവിടെ മാത്രമല്ലേ ഉള്ളൂ നിന്നെ കണ്ട് മയങ്ങി ഇങ്ങനെ ആളുകൾ ഇവിടെ കേറി നിരങ്ങുകയാണല്ലോ വെറുതെ എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട ഇവിടെ ബുദ്ധിമുട്ടാണെങ്കിൽ പിന്നെ കഷ്ടപ്പെട്ട് നിൽക്കണം എന്നില്ല സുരക്ഷിതമായ നിന്റെ വീട്ടിലേക്ക് നിനക്ക് പോകാം!!”””

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല ദീപുച്ചേട്ടൻ വിളിച്ചപ്പോൾ അമ്മ പറഞ്ഞത് അതുപോലെ ഞാൻ പറഞ്ഞു കൊടുത്തു അദ്ദേഹവും പറഞ്ഞത് അത് തന്നെയായിരുന്നു അവിടെ നിൽക്കാൻ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ രാവിലെ നീ നിന്റെ വീട്ടിലേക്ക് പൊയ്ക്കോ എന്ന്..

പക്ഷേ ഈ കാരണം കൊണ്ടാണ് വരുന്നത് എന്ന് അവിടെ പറയരുത് വെറുതെ ഒരു നാണക്കേട് ഉണ്ടാക്കി വയ്ക്കേണ്ട എല്ലാവർക്കും!!””

എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു അടുത്ത ദിവസം തന്നെ വീട്ടിലേക്ക് പോകാം എന്ന് മനസ്സിൽ ഉറപ്പിച്ചു.

പക്ഷേ അന്ന് രാത്രി എന്തോ ശബ്ദം കേട്ട് പുറത്തേക്ക് വന്ന അമ്മ കാണുന്നത് ഇരുട്ടിന്റെ മറവിൽ നിന്ന് ഒളിച്ചു പോകുന്ന സ്വന്തം ആങ്ങളയെ തന്നെയാണ്..

സ്വന്തം കണ്ണുകൊണ്ട് കണ്ടപ്പോൾ അവർ അത് വിശ്വസിച്ചു!!!

പിറ്റേദിവസം തന്നെ അവരുടെ വീട്ടിൽ പോയി വലിയ ബഹളം ഉണ്ടാക്കി അയാൾ, എല്ലാം എന്റെ തെറ്റ് പോലെയാണ് പറഞ്ഞത് ഞാൻ അയാളെ വശീകരിക്കാൻ ശ്രമിച്ചത്രേ…

അക്കാര്യത്തിൽ എന്റെ അമ്മായമ്മ എന്നെ തെറ്റിദ്ധരിച്ചില്ല അവർക്ക് ഏകദേശം എന്റെ സ്വഭാവം ഇതിനകം തന്നെ മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അമ്മ അവരെ ആളെ അടിക്കാൻ ഒരു സ്വന്തം ഏട്ടനാണ് എന്ന് പോലും വിചാരിക്കാതെ അമ്മയെ ഞാൻ തന്നെയാണ് കഷ്ടപ്പെട്ട് വീട്ടിലേക്ക് കൊണ്ടുവന്നത്!!!

“”” അയാൾ ഇത്രയും നാറി ആണ് എന്ന് വിചാരിച്ചില്ല കണ്ണടച്ച് വിശ്വസിച്ചിരുന്നു മോളെ നീ പറഞ്ഞപ്പോൾ പോലും ഞാൻ വിശ്വസിക്കാതിരുന്നത് ചെറുപ്പം മുതൽ ഞാൻ കാണുന്ന ആളല്ലേ എന്നതുകൊണ്ടാണ് പക്ഷേ പുറമെ ചിരിച്ച് ഇതുപോലൊരു ചെകുത്താൻ അയാളുടെ ഉള്ളിൽ ഉണ്ട് എന്ന് ഞാൻ അറിഞ്ഞില്ല!!”””

അന്നുമുതൽ അമ്മയും എന്റെ കൂടെ വന്നു കിടന്നിരുന്നു..

എന്റെ ജനലിനുള്ള ആ ചെറിയ വിടവ് അന്ന് തന്നെ ഒരാളെ വിളിച്ച് അമ്മ ശരിയാക്കി തന്നു..

പിന്നെ എല്ലാത്തിനും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അമ്മ..
ഇപ്പോൾ വല്ലാത്ത ഒരു സമാധാനമാണ്..
ഒരുപാട് പേരുണ്ട് ഇത്തരം അവസരങ്ങളിലൂടെ കടന്നു പോകുന്നവർ ചിലർ പറയാൻ മടിക്കും.. ഉള്ളിലൊതുക്കും..

അപ്പോഴും നഷ്ടപ്പെടുന്നത് അവരുടെ മനസ്സമാധാനം തന്നെയാണ്..
എല്ലാം തുറന്നു പറഞ്ഞു അമ്മയുടെ സപ്പോർട്ട് കൂടിയായപ്പോൾ ഇപ്പോൾ മുന്നോട്ടു പോകാൻ ഒരു ധൈര്യമാണ്..

ഒരുപക്ഷേ ആരോടും പറയാതെ ഞാൻ അത് സഹിച്ചിരുന്നെങ്കിൽ ഇന്നും അയാൾ അത് തന്നെ തുടർന്നേനെ നാട്ടുകാരുടെ മുന്നിൽ വലിയ മാന്യനായി രാത്രിയിൽ എന്തും ചെയ്യാൻ മടിക്കാത്ത അയാൾ ഇവിടെ യഥേഷ്ടം വിഹരിച്ചേനെ..

ഇതിപ്പോ എനിക്കല്ലെങ്കിൽ മറ്റൊരാൾക്ക് അയാളെ മനസ്സിലാക്കി വയ്ക്കാൻ ആയി..

ഒന്നിനുമല്ല വെറുതെ ഒരു മുൻകരുതൽ അതെങ്കിലും എടുക്കാമല്ലോ…