രചന: നീതു
::::::::::::::::::::::::
കിങ്ങിണി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പുറത്തെ വീട്ടിലോട്ട് പോകരുത് എന്ന്!!!””
അമൃത മകളോട് പറയുന്നത് കേട്ടിട്ടാണ് വിനു കയറി വന്നത്, ഓഫീസിൽനിന്ന് എത്തിയതും അകത്ത് വലിയ ബഹളം നടക്കുന്നത് കേട്ടു എന്താണ് കാര്യം എന്നറിയാൻ വേണ്ടി വേഗം വന്നതായിരുന്നു ഇപ്പോഴാണ് ഏകദേശം രൂപം കിട്ടിയത്.
അവളോട് എന്തെങ്കിലും പറഞ്ഞു പോയാൽ പിന്നെ ആകെ ബഹളമാക്കും ഈ ദിവസം തന്നെ നഷ്ടപ്പെടും. അതുകൊണ്ടുതന്നെ വിനു ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..
ഡ്രസ്സ് മാറ്റിവന്ന് കിങ്ങിണിയെ അന്വേഷിച്ചു.. അമ്മ ചീത്ത പറഞ്ഞതിന്റെ വിഷമത്തിൽ ദൂരെ, മതിലിന് അരികിൽ പോയി ഇരിക്കുന്നുണ്ട്.. കവിളിൽ കണ്ണുനീർ വീണ് ഉണങ്ങിയ പാടും… കണ്ടപ്പോൾ തന്നെ വിഷമം തോന്നി വേഗം അവളുടെ അരികിലേക്ക് നടന്നു..
എന്നെ കണ്ടതും അവൾ എന്തോ കയ്യിൽ മറക്കുന്നതുപോലെ തോന്നി അരികിൽ വന്നിരുന്നപ്പോൾ, നല്ല ഉണ്ണിയപ്പത്തിന്റെ മണം..
“”” അച്ഛമ്മ തന്നോ ഉണ്ണിയപ്പം കിങ്ങിണിക്ക്?? “”
എന്ന് ചോദിച്ചപ്പോൾ പരിഭ്രമത്തോടെ അവൾ എന്നെ നോക്കി ചീത്ത പറയുമോ എന്ന പേടിയാണ്..
“” സാരല്ലെടാ അച്ഛമ്മയുടെ ഉണ്ണിയപ്പം നല്ല സ്വാദാണ്!!””
എന്ന് പറഞ്ഞപ്പോൾ ചിരിയോടെ ഒരെണ്ണം അവൾ എനിക്ക് നേരെ നീട്ടിയിരുന്നു അത് വാങ്ങി, ഒന്ന് കടിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു…
ചെറുപ്പത്തിലെ, വളരെ ബുദ്ധിമുട്ടിയാണ് വളർന്നത്.. അച്ഛന് ഹാർട്ടിന് ചെറിയ പ്രശ്നം ഉണ്ടായിരുന്നതുകൊണ്ട് ഭാരമുള്ളതൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു വീടിന്റെ എല്ലാ കാര്യങ്ങളും അമ്മയാണ് അതുകൊണ്ടുതന്നെ ഏറ്റെടുത്തത്…
പത്താം ക്ലാസ് കഴിഞ്ഞതോടെ ഞാനും എന്തെങ്കിലും ജോലിക്കൊക്കെ പോയി വീട്ടിലേക്ക് എന്‍റേതായ സഹായം എത്തിച്ചു കൊടുത്തിരുന്നു. എത്ര കഷ്ടപ്പെട്ടാലും പഠനം മുടക്കരുത് എന്ന് അമ്മയുടെ നിർബന്ധമായിരുന്നു കഷ്ടപ്പാട് അറിഞ്ഞ് പഠിച്ചതുകൊണ്ട് തന്നെയാവും ഉഴപ്പിയിട്ടില്ല…
അനിയത്തിക്ക് ഒരു വിവാഹാലോചന വന്നു അപ്പോൾ അച്ഛന്, ഒരു സർജറി കഴിഞ്ഞ് സമയമായിരുന്നു ആ സർജറിക്ക് തന്നെ നല്ല പണമായി നല്ലൊരു ബന്ധം ആയതുകൊണ്ട് അത് ഒഴിവാക്കാനും വയ്യ.. അങ്ങനെയാണ് അമ്മ എന്നോട് ചോദിച്ചത് നിനക്ക് ഒരു വിവാഹം കഴിക്കാമോ എന്ന്!! ആ കിട്ടുന്ന പണം കൊണ്ട്, അനിയത്തിയുടെ വിവാഹം നടത്തി കൊടുക്കാൻ കഴിയുമായിരുന്നു..
നാട്ടിൽ അത് പുതുമയുള്ള കാര്യമൊന്നുമല്ലായിരുന്നു ആദ്യമേ സംസാരിച്ചു ഉറപ്പിച്ചാണ് അമൃത എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്..
അവളുടെ സ്വർണം എടുത്തതിന് പകരം അമ്മ, ഞങ്ങളുടെ സ്ഥലത്തിന്റെ പകുതി അവളുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു!!
ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാണ് അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് അവളുടെ അച്ഛൻ കൊടുത്തതിന്റെ പങ്കുപറ്റാൻ പോവില്ല അമ്മ.
അനിയത്തിയുടെ വിവാഹം കഴിഞ്ഞു… അച്ഛനും ഭേദമായി, എല്ലാം ഒരു കാരക്ക അടുപ്പിച്ചു എന്ന് കരുതി സമാധാനമായി ഇരിക്കുമ്പോഴാണ് അമൃത അവളുടെ തനി സ്വരൂപം പുറത്തേക്ക് എടുക്കാൻ തുടങ്ങിയത് അവൾക്ക് അച്ഛനെയും അമ്മയെയും എങ്ങനെയും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു..
ഇന്നും തൊട്ടതിനെ പിടിച്ചതിനും എല്ലാം കുറ്റം കണ്ട് പ്രശ്നമായിരുന്നു വീട്ടിൽ.. അവളുടെ ആവശ്യം ഇതായിരുന്നു അവൾക്കായി അമ്മ നൽകിയ സ്ഥലത്ത് ഒരു വീട് അല്ലെങ്കിൽ ഞാൻ അവളുടെ വീട്ടിൽ പോയി നിൽക്കണം…
ഒടുവിൽ സഹിക്കെട്ട് അമ്മ തന്നെയാണ് പറഞ്ഞത് അവൾക്കായി നൽകിയ സ്ഥലത്ത് വീടുണ്ടാക്കി കൊള്ളാൻ..
അതിനുവേണ്ടി അവൾ മനപ്പൂർവം പ്രശ്നം ഉണ്ടാക്കുകയാണ് എന്ന് പോലും ഞങ്ങൾക്ക് തോന്നിയിരുന്നു ഞാൻ ശക്തമായി അതിനെ എതിർത്തു എനിക്ക് എന്റെ അമ്മയെ വിട്ട് അച്ഛനെ വിട്ടു പോകാൻ കഴിയുമായിരുന്നില്ല അവരുടെ സ്വഭാവം എനിക്ക് ശരിക്കും അറിയാമായിരുന്നു ഒരിക്കലും അവളോട് ഒരു പ്രശ്നത്തിലും അവർ പോകില്ല എല്ലാത്തിന്റെയും മൂല കാരണം അവൾ തന്നെയാണ്…
അപ്പോഴും അമ്മ തന്നെയാണ് എന്നെ ഉപദേശിച്ചത്… അച്ഛനും അമ്മയും ഒരു പ്രായം വരെ കാണൂ ജീവിതാവസാനം വരെ കൂടെയുണ്ടാകുക ഭാര്യയും കുഞ്ഞുങ്ങളും ആണ് അതുകൊണ്ട് അവർക്ക് പ്രാധാന്യം നൽകി ജീവിക്കാൻ നോക്ക് എന്ന്…
എന്നുവച്ച്, ആരോടുള്ള കടമ മറക്കാൻ എനിക്ക് ആവില്ലായിരുന്നു… മാസം ശമ്പളം കിട്ടുമ്പോൾ അമ്മയുടെ കയ്യിൽ ഒരു നിശ്ചിത തുക ഞാൻ കൊണ്ടുപോയി ഏൽപ്പിക്കും ആയിരുന്നു അവൾക്ക് അതൊന്നും ഇഷ്ടമല്ല ഓരോ കാര്യങ്ങൾ പറഞ്ഞ് അവരെയും എന്നെയും തെറ്റിക്കാൻ ആയി പിന്നെ അവളുടെ ശ്രമം…
ഇതിനിടയിൽ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം അച്ഛനും അമ്മയും നിലത്തൊന്നുമല്ലായിരുന്നു…
പക്ഷേ അവളുടെ അമ്മയെ വിളിച്ചു കൊണ്ടുവന്ന വീട്ടിൽ നിർത്തിയതല്ലാതെ എന്റെ അമ്മയെയും അച്ഛനെയോ അവൾ അടുപ്പിച്ചില്ല…
ശരിക്കും എനിക്ക് ദേഷ്യം വന്നു, അപ്പോഴും അമ്മ പറഞ്ഞത് ഈ സമയത്ത് ഒന്നും പറയേണ്ട എന്നായിരുന്നു…
ഒടുവിൽ കുഞ്ഞുണ്ടായപ്പോഴും, അവൾക്കൊരു വ്യത്യാസവും വന്നില്ല പാവം അച്ഛനും അമ്മയും അവിടെ ഒറ്റപ്പെട്ടു പോലെയായി അനിയത്തിക്കും അങ്ങനെ വന്നു നിൽക്കാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു..
കുഞ്ഞിനെ പോലും ഒന്ന് കാണിച്ചു കൊടുക്കില്ല.. അവൾക്കിപ്പോൾ മൂന്നു വയസ്സായി അവൾക്ക് ഏറെ പ്രിയമാണ് അച്ഛമ്മയെയും അച്ചാച്ചനെയും.. ഒപ്പം
നിന്നില്ലെങ്കിൽ കൂടി അവരുടെ വാത്സല്യം അവൾ തിരിച്ചറിഞ്ഞിരുന്നു…
അതും അമൃതയ്ക്ക് സഹിക്കാൻ കഴിയുന്നതിന് അപ്പുറത്തായിരുന്നു അവൾ കുഞ്ഞിനേയും തടഞ്ഞു.. ഞാനും കിങ്ങിണിയും ഒരുമിച്ചിരുന്ന്, ഉണ്ണിയപ്പം കഴിച്ചു പെട്ടെന്നാണ് അവൾ വന്നത് അവളുടെ കയ്യിലെ ഉണ്ണിയപ്പം തട്ടിപ്പറിച്ച് നിലത്തേക്ക് എറിഞ്ഞു…
എന്റെ അമ്മ സ്നേഹപൂർവ്വം ഉണ്ടാക്കിക്കൊടുത്തതാണ് അതുകൂടി കണ്ടപ്പോൾ എല്ലാം കൂടി എനിക്ക് സഹിക്കാൻ പറ്റിയില്ല കുഞ്ഞിനെയും എടുത്ത് ഞാൻ അവിടെ നിന്ന് എന്റെ വീട്ടിലേക്ക് പോയി…
അവൾക്കാകെ ഭ്രാന്ത് പിടിച്ചിരുന്നു കുഞ്ഞിനെ വലിച്ചു മേടിക്കാൻ നോക്കി പക്ഷേ മോൾക്ക് അവളുടെ കൂടെ പോകാൻ ഇഷ്ടമുണ്ടായിരുന്നില്ല അവൾ എന്നെയും അമ്മയെയും ഇറക്കി പിടിച്ചു നിന്നു. അമ്മ കുറെ പറഞ്ഞു നോക്കി പ്രശ്നം ഉണ്ടാക്കേണ്ട.. അവളുടെ കൂടെ ചെല്ല് എന്ന് കുറെയായി സഹിക്കുന്നു ഇനി എനിക്ക് വയ്യ എന്ന് പറഞ്ഞ് ഞാൻ അമ്മയെ എതിർത്തു അവൾ എന്നോടുള്ള ദേഷ്യത്തിന് അവളുടെ വീട്ടിൽ പോയി നിന്നു..
കുറച്ചുകാലം കഴിഞ്ഞപ്പോൾ അവൾക്ക് മനസ്സിലായിരുന്നു, കെട്ടിച്ചുവിട്ട പെണ്ണിന് സ്വന്തം വീട്ടിൽ വലിയ സ്ഥാനമൊന്നും ഉണ്ടാവില്ല എന്ന്.. അങ്ങനെയാണല്ലോ ഇവിടുത്തെ നാട്ടുനടപ്പ്…
അവിടെനിന്ന് സഹിക്കാൻ പറ്റാതെയാണ് ഒരു ദിവസം ഇറങ്ങി അവൾ ഇങ്ങോട്ട് വന്നത് അച്ഛമ്മയുടെയും അച്ഛച്ചന്റെയും വാത്സല്യത്തിൽ കഴിഞ്ഞ മോള് അവളെ ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല…
അവളുടെ പരാജയം അവൾക്ക് മനസ്സിലായി…
ഒരിക്കൽപോലും അമ്മ അവളെ വേദനിപ്പിക്കുന്ന തരത്തിൽ ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല എന്നിട്ടും അവൾ അവർക്ക് ഓരോ കുറ്റങ്ങൾ കൽപ്പിച്ചുണ്ടാക്കി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു.
ഇത്തവണ വന്ന് അവൾ അമ്മയോട് മാപ്പ് പറഞ്ഞു..
ഞാൻ വന്നപ്പോൾ എന്നോടും…
എന്റെ വീട്ടിൽ ആദ്യമായിട്ടായിരുന്നു അവളുള്ള ദിവസം ഞങ്ങൾ എത്രത്തോളം സന്തോഷത്തോടെ നിൽക്കുന്നത് അന്നു മുഴുവൻ അവളും ഞാനും കിങ്ങിണിയും അവിടെ നിന്നു പിറ്റേദിവസം ആണ് ഞങ്ങളുടെ വീട്ടിലേക്ക് പോയത്…
ഒരുപാട് മാറ്റമുണ്ടായിരുന്നു അമൃതയ്ക്ക്… അവൾ അച്ഛനെയും അമ്മയെയും പരിഗണിക്കാൻ തുടങ്ങി..
എന്നും വഴക്കും തല്ലുമായിരുന്ന വീട്ടിൽ സമാധാനം നിറഞ്ഞു സന്തോഷം കളിയാടി…
അവർക്കും അവൾ പ്രിയപ്പെട്ടവൾ ആയി മാറി..
പരസ്പരം വൈരികൾ ആയിരുന്നവർ എത്ര പെട്ടതാണ് പ്രിയപ്പെട്ടവരായി മാറിയത്.. സ്നേഹം എന്ന് മൂന്നക്ഷരത്തിന്റെ മാജിക് വല്ലാത്ത താണ്…
രണ്ടു വീടാണെങ്കിലും ഒറ്റ മനസ്സും, സ്നേഹവുമായി ഞങ്ങൾ കഴിഞ്ഞുകൂടി…
“”” ഇത്രയേ നിന്നിൽ നിന്ന് ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ!! അച്ഛനാണ് അമ്മയാണ് എന്നുള്ള പരിഗണന…””
എന്ന് അവളെ നെഞ്ചോട് ചേർത്ത് പറഞ്ഞപ്പോൾ, അവളുടെ മിഴികൾ നിറഞ്ഞിരുന്നു…
അതു മെല്ലെ തുടച്ചു കൊടുത്ത് അവളോട് ഞാൻ പറഞ്ഞു, ഇനി ഇത് നിറയരുത് എന്ന്….