അത് കേട്ടപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോകുന്നത് അറിഞ്ഞു വർഷ…

രചന: നീതു

===========

“”നമ്മൾ എങ്ങോട്ടാ പോകുന്നത്??”” എന്നാ അയാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞിരുന്നു മണ്ണാറക്കാട്ടേക്കാണ് എന്ന്!!

അത് കേട്ടപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോകുന്നത് അറിഞ്ഞു വർഷ…

“”” വേണ്ട അങ്കിൾ നമുക്ക് അങ്ങോട്ട് പോകണ്ട തിരിച്ച് പോകാം!””

എന്ന് പറഞ്ഞപ്പോഴേക്ക് അങ്കിൾ പറഞ്ഞിരുന്നു…

“””എന്നായാലും ഫേസ് ചെയ്യേണ്ടേ വർഷ അത് ഇപ്പോൾ തന്നെ ആയാൽ പിന്നെ ആ ഒരു കാര്യവും ഓർത്ത് പേടിച്ചിരിക്കേണ്ടല്ലോ??? എന്ന്!!!

അതെ ഭയപ്പെട്ടിട്ട് എന്തിനാണ് എന്നായാലും ഇവരെയെല്ലാം കാണേണ്ടതാണ്…

തരുന്ന ശിക്ഷ എന്തായാലും കയ്യോടെ അനുഭവിക്കേണ്ടതാണ് അതെല്ലാം തീരുമാനിച്ചു തന്നെയാണ് ഈ വരവ് പിന്നെ എന്തിനാണ് ഒളിച്ചോടുന്നത് അവൾ കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു രണ്ടു മിഴികളും ചാലിട്ട് ഒഴുകിയിരുന്നു അപ്പോഴേക്ക് ഓർമ്മകൾ പുറകിലേക്ക് ഓടിപ്പോയി..

അച്ഛനും അമ്മയ്ക്കും തങ്ങൾ രണ്ടു പെൺകുട്ടികളായിരുന്നു മൂത്തത് ഹർഷ ചേച്ചിയും താഴെ താനും..

ഒരു കാന്താരിയായിരുന്നു താൻ എങ്കിൽ തന്റെ നേരെ ഓപ്പോസിറ്റ് ആയിരുന്നു ചേച്ചി ഒതുങ്ങിക്കൂടിയ ഒരു ടൈപ്പ് പക്ഷേ നന്നായി പഠിക്കും നൃത്തവും ചെയ്യും ആര് കണ്ടാലും ഒന്ന് നോക്കി നിൽക്കുന്ന സൗന്ദര്യവും…
ചെറുപ്പം മുതലേ അതുകൊണ്ടുതന്നെ അവളോട് ചെറിയൊരു കുശുമ്പ് തോന്നിയിരുന്നു ഉള്ളിൽ..

പക്ഷേ അച്ഛനും അമ്മയും എന്നോട് ആയിരുന്നു കൂടുതൽ അടുപ്പം കാണിച്ചിരുന്നത് ഞാൻ എന്തു പറഞ്ഞാലും അത് വാങ്ങിത്തരും അതിനു പുറകിൽ ഒരു കാര്യവും ഉണ്ടായിരുന്നു ഒരുപാട് വാശി പിടിച്ചാൽ എനിക്ക് നഷ്ടപ്പെട്ടു പോകുന്ന എന്റെ മനസ്സ്…

അറിഞ്ഞുകൊണ്ടല്ല പിന്നെ ഞാൻ എന്ത് ചെയ്യും പ്രവർത്തിക്കും എന്നത് എനിക്ക് പോലും നിശ്ചയം ഉണ്ടായിരുന്നില്ല ഒരുതരം ഭ്രാന്ത്..

ഒന്ന് രണ്ട് തവണ മാത്രമേ അത് വന്നിട്ടുള്ളൂ പക്ഷേ, മാനസികാരോഗ്യ കേന്ദ്രത്തിൽ പോയി ചികിത്സ നടത്തേണ്ടി വന്നിരുന്നു അതിൽ നിന്ന് റിക്കവർ ആവാൻ പിന്നെ കൈവെള്ളയിൽ ഇട്ടിട്ടാണ് എന്നെ അച്ഛനും അമ്മയും കൊണ്ട് നടന്നത്..

ക്രമേണ അതെല്ലാം പഴങ്കഥകൾ ആയി ഇനി ഒരിക്കലും അങ്ങനെയൊരു അസുഖം വരില്ല എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു..
പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നു.. എന്റെ നിർബന്ധമായിരുന്നു ഹോസ്റ്റലിൽ നിന്ന് പഠിക്കണം എന്ന്..
വീട്ടിൽനിന്ന് വിട്ടുനിർത്തി ശീലമാക്കാൻ, എന്നെ ചികിത്സിച്ച ഡോക്ടറും പറഞ്ഞതോടുകൂടി അച്ഛനും അമ്മയും സമ്മതിച്ചു അങ്ങനെയാണ് വീടിന് ദൂരെയുള്ള ഒരു കോളേജിൽ ചേർന്നത്..
അവിടെ എന്നെ കാത്തിരുന്നത് ഞങ്ങളുടെ സുമുഖനായ ചെറുപ്പക്കാരൻ സാറായിരുന്നു..

ക്ലാസ്സിൽ എന്നോട് കാണിക്കുന്ന പ്രത്യേക താൽപര്യം കൂട്ടുകാരികളിൽ ആരോ പ്രണയമാണ് എന്ന് പറഞ്ഞതോടുകൂടി അയാൾ എന്റെ മനസ്സിൽ മികവോടെ തെളിയുകയായിരുന്നു ഒരിക്കലും മറക്കാനാവാത്ത വിധം..

ഒരിക്കൽ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ചേച്ചിക്ക് ഒരു വിവാഹാലോചന നോക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.. അതത്ര കാര്യമാക്കിയില്ല അവർ വന്ന് കണ്ട് ഇഷ്ടപ്പെട്ടു…. ചെക്കൻ വന്നില്ലായിരുന്നത്രെ അച്ഛനും അമ്മയും ആണ് ആദ്യം വന്നത് അവർക്ക് ഇഷ്ടമായി എന്ന് പറഞ്ഞു….

ഇനി ചെറുക്കൻ വരാൻ പോവുകയാണ് നിന്റെ ചേച്ചിയെ വിവാഹം കഴിക്കാൻ പോകുന്ന ആളെ കാണണമെങ്കിൽ പോരേ എന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ തുള്ളിച്ചാടി പുറപ്പെട്ടു.

അവിടെ എത്തിയതും കണ്ടത്, മനസ്സിൽ എന്നോ ഞാൻ പ്രതീക്ഷിച്ച ഞങ്ങളുടെ സാറിനെയാണ്…
എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞപ്പോഴും എന്റെ മനസ്സ് എന്റെ കയ്യിൽ നിന്ന് സാവകാശം നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു…

അവർക്ക് എത്രയും പെട്ടെന്ന് വിവാഹം വേണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ സമ്മതിച്ചിരുന്നു… എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി മനസ്സെല്ലാം നിയന്ത്രണത്തിൽ നിന്ന് വിട്ടു പോകുന്നത് പോലെ ചുറ്റും നടക്കുന്നതൊന്നും മനസ്സിലാകാത്തത് പോലെ..

ഇതെന്റെ ചേച്ചിയുടെ ജീവിതമാണ് അയാൾക്ക് എന്നോട് പ്രണയമില്ല എന്നൊക്കെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു ഒരു അളവ് വരെ വിജയിച്ചു എന്നാണ് കരുതിയത് പക്ഷേ അയാളുടെ താലിക്കായി കഴുത്ത് നീട്ടിനിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി പിന്നെ അവിടെ എന്താണ് നടന്നത് എന്ന് അറിയില്ല…

കയ്യിൽ കിട്ടിയ നിലവിളക്കെടുത്ത് ഞാൻ അവളുടെ പുറത്തേക്കു കുത്തിയിറക്കി.

ആരൊക്കെയോ ചേർന്ന് എന്നെ കീഴ്പെടുത്തി ഹോസ്പിറ്റലിലേക്ക് മാറ്റി ബുദ്ധിക്ക് പ്രശ്നമുള്ള കുട്ടി ആയതുകൊണ്ട് കേസെല്ലാം ആ വഴിക്ക് പോയി..

എന്നെ മെന്റൽ ഹോസ്പിറ്റലിലേക്കും മാറ്റി അവിടേക്ക് ആരും എന്നെ കാണാൻ വന്നില്ല കുറേക്കാലം ഒരു ഓർമ്മയും ഇല്ലാതെ ഭ്രാന്തിയെ പോലെ അവിടെ കഴിഞ്ഞുകൂടി..

സാവകാശം എന്റെ ഭ്രാന്ത് മാറി ഓർമ്മകൾ എല്ലാം തിരിച്ചു വരാൻ തുടങ്ങി ആ നിമിഷത്തെ ഞാൻ ശപിച്ചു ഒരിക്കലും ഓർമ്മകൾ വരാത്ത എന്നും ഒരു ഭ്രാന്തിയായി തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി മോഹിച്ചു..

ചില സമയത്ത് ദൈവം ആഗ്രഹിച്ചത് ഒന്നും നൽകില്ലല്ലോ ഭ്രാന്ത് മാറി എന്നത് വീട്ടിലേക്ക് ഹോസ്പിറ്റലിൽ നിന്ന് വിളിച്ചറിയിച്ചു..
ആരും കൊണ്ടുവരാൻ വരില്ലേ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു ഡോക്ടർ അതിനു മറുപടിയൊന്നും പറഞ്ഞില്ല..
ആരോ,
വരുമെന്ന് പറഞ്ഞ ദിവസം വരെ ഞാൻ കാത്തിരുന്നു അന്ന് വന്നത് അങ്കിൾ ആയിരുന്നു അമ്മയുടെ ഏട്ടൻ..

അച്ഛനെയോ അമ്മയെയോ പ്രതീക്ഷിച്ച ഞാൻ അങ്കിളിനെ കണ്ടതും ആകെ സങ്കടപ്പെട്ടു അവർക്കാർക്കും എന്നോട് മറക്കാനും പൊറുക്കാനും കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് മനസ്സിലായി..

മണ്ണാറക്കാട്, അവിടേക്ക് അച്ഛനും അമ്മയും താമസം മാറ്റി എന്നൊരിക്കൽ ഡോക്ടർ ആണ് പറഞ്ഞുതന്നത്… കാണാൻ വരാത്ത സ്ഥിതിക്ക് ഇനിയും അങ്ങോട്ടേക്ക് തന്നെ പോകണം എന്ന് എനിക്ക് ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് അങ്കിളിനോട് മറ്റ് എങ്ങോട്ടെങ്കിലും എന്നെ കൊണ്ടാക്കാൻ പറഞ്ഞത് പക്ഷേ എല്ലാവരെയും ഫേസ് ചെയ്യണം എന്ന് പറഞ്ഞ് അങ്കിൾ എന്നെ അങ്ങോട്ടേക്ക് തന്നെ കൂട്ടി…

ആദ്യമായാണ് ഇവിടത്തെ വീട്ടിലേക്ക് വരുന്നത് ദൂരെ നിന്നെ കണ്ടു ഒറ്റ നിലയുള്ള മനോഹരമായ ഒരു കൊച്ചു വീട്.

അങ്ങോട്ടേക്ക് അടുക്കുംതോറും കയ്യും കാലും വിറച്ചിരുന്നു എന്തുവേണമെന്ന് പോലും അറിയാത്ത ഒരു അവസ്ഥ മെല്ലെ അവിടേക്ക് ഇറങ്ങി ചേച്ചിക്കും എന്താണ് സംഭവിച്ചത് എന്ന് പോലും അറിയില്ല..
ഡോക്ടറോട് ചേച്ചിക്ക് എന്താണ് സംഭവിച്ചത് എന്ന് ഒരുപാട് ചോദിച്ചു നോക്കി അന്ന് നിലവിളക്ക് എടുത്ത് അവളുടെ പുറത്തേക്ക് കുത്തിയിറക്കുന്നത് മാത്രം ഓർമ്മയിൽ തെളിയും…
അതിനെപ്പറ്റി ഒന്നും അറിയില്ല എന്ന് പറഞ്ഞ് ഡോക്ടർ ഒഴിഞ്ഞുമാറി പിന്നെ ആരോടെങ്കിലും ചോദിക്കാം എന്ന് വെച്ചാൽ ആരും എന്നെ കാണാൻ വന്നിരുന്നില്ല…

അവിടെ ഇറങ്ങിയത് മുതൽ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു..
അകത്തേക്ക് നോക്കിയപ്പോൾ കണ്ടു അച്ഛനെയും അമ്മയെയും..
എന്നെ കണ്ടതും കരച്ചിലൂടെ അവർ അവിടെ നിന്നു അവരുടെ നെഞ്ചിൽ പോയി ചാകണം എന്ന് എനിക്ക് മോഹം ഉണ്ടായിരുന്നു പക്ഷേ എന്തോ എന്നെ പുറകോട്ട് വലിച്ചു അവരുടെ പുറകിൽ വരുന്നയാളെ കണ്ട് ഞാൻ ഒരു നിമിഷം ഞെട്ടി ഞങ്ങളുടെ സാറ്!!!!

സാറിന്റെ കയ്യും പിടിച്ച് വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടു കൂടി എന്റെ മുന്നിൽ ചേച്ചി വന്നുനിന്നു ഓടിപ്പോയി ഞാൻ അവളുടെ കാലിൽ വീണു..

സാറാണ് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചത്…

“””ഞാൻ… എന്നോട്!!!”””

ക്ഷമ ചോദിക്കാൻ പോലും എനിക്ക് അർഹതയില്ല എന്ന് അറിയാമായിരുന്നു. അവളുടെ ജീവിതം ഇത്രമേൽ താറുമാറാക്കിയത് താൻ ഒരാൾ മാത്രമാണ് അവൾ എന്നെ ചേർത്തുപിടിച്ചു എന്നിട്ട് പറഞ്ഞു,

മോള് മനപ്പൂർവം ചെയ്തതല്ല എന്ന് ചേച്ചിക്ക് അറിയാം അതുകൊണ്ട് തന്നെ എനിക്ക് നിന്നോട് ഒരു, ദേഷ്യവും ഇല്ല എന്ന്…

പേടിക്കണ്ടടോ തന്റെ ചേച്ചിക്ക് എല്ലാം മാറി പഴയതുപോലെ നടക്കും എന്ന്, ഇപ്പോ അവൾ ചികിത്സിക്കുന്ന ഡോക്ടർ ഉറപ്പു തന്നിട്ടുണ്ട് അന്നു താൻ ചെയ്തത് നട്ടെല്ലിന് ആയിരുന്നു പറ്റിയത്…
കുറേക്കാലം ഇളകാൻ പോലും ആവാതെ ബെഡിൽ കിടന്നു പിന്നെ ദൈവം സഹായിച്ച്, ഇത്ര വരെയായി..
ഇനിയും ദൈവസഹായം കൊണ്ട് അവൾ എണീറ്റ് നടക്കും…

കൈകൂപ്പി ആൾക്ക് മുന്നിൽ മാപ്പ് എന്ന് പറയാനേ എനിക്ക് ആയുള്ളൂ താലികെട്ടി എന്നൊരു ബന്ധം കൊണ്ട് ചേച്ചിയെ ഉപേക്ഷിച്ചു പോകാതെ കൂടെ നിൽക്കുന്ന ആളോട് വല്ലാത്തൊരു ബഹുമാനം തോന്നി..

എന്നെ കൂടെ കൂട്ടുമ്പോൾ ആള് പറഞ്ഞിരുന്നു,

തന്റെ ചേച്ചി പറഞ്ഞിരുന്നു എന്നോട് തന്നെ ഒരിക്കലും വെറുക്കരുത് എന്ന്!! അവൾക്ക് തന്നെ ഒരുപാട് സ്നേഹമാണ്..

അത് കേട്ടതും ശരിക്കും ഞാൻ ഉരുകി പോയിരുന്നു.. കുറ്റബോധം കൊണ്ട് ഇതും വേറെ നേരി ഇനിയുള്ള കാലം ജീവിക്കാനാണ് എന്റെ വിധി ഒപ്പം ഭ്രാന്തി എന്ന പേരും…