പറഞ്ഞതുപോലെ ചെയ്തു ഞാൻ എല്ലാവർക്കും അത് കാണിച്ചു കൊടുത്തു അന്നേരം മാത്രമാണ് എല്ലാവരും എന്നെ വിശ്വസിച്ചത്..

രചന: നീതു

:::::::::::::::

“”” നസീമ നിനക്ക് സമ്മതിച്ചുകൂടെ ഇപ്പോൾ നീ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കുവല്ലേ?? എത്ര നാളായി നീ പുരുഷസുഖം എന്താണെന്ന് അറിഞ്ഞിട്ട് ആരും അറിയില്ല നമ്മൾ മാത്രം!!”””

എന്നോട് പറഞ്ഞത് മാമ ആണെന്ന് വിശ്വസിക്കാൻ പോലും പറ്റാതെ ഞാനാ നിർത്തം നിന്നു…

വലിയ ഒരു ദുരന്തത്തിൽ നിന്ന് രക്ഷിച്ച് ഇങ്ങോട്ട് കൈപിടിച്ചു കയറ്റുമ്പോൾ എപ്പോഴോ അയാൾക്ക് ഞാനെന്റെ ഉപ്പയുടെ സ്ഥാനം നൽകിയിരുന്നു..
എന്നിട്ടും അയാളുടെ വായിൽ നിന്ന് വീണത് അത് തന്നെയാണോ എന്ന് ഒരിക്കൽ കൂടി ഞാൻ പരിശോധിച്ചു അതെ അയാൾ എന്റെ ശരീരം മോഹിച്ചുകൊണ്ട് ആയിരുന്നു ഇത്രയും നാൾ കൂടെ നിന്നത് എന്നറിഞ്ഞപ്പോൾ എനിക്ക് സ്വയം അറപ്പ് തോന്നി. അയാളെ വിശ്വസിച്ചതിന്..

അത്യാവശ്യം കാണാൻ ഭംഗിയുള്ളത് കൊണ്ട് തന്നെ, എവിടെ ചെന്നാലും രണ്ടോ മൂന്നോ കല്യാണ ആലോചനകൾ വരിക പതിവായിരുന്നു പതിനെട്ടു വയസ്സ് കഴിഞ്ഞിട്ട് മതി എന്നത് ഉപ്പയുടെ തീരുമാനമായിരുന്നു അങ്ങനെയാണ് അയാളുടെ വിവാഹാലോചന വരുന്നത്..

ടൗണിൽ വലിയൊരു ടെക്സ്റ്റൈൽസ് ഗ്രൂപ്പിന്റെ അക്കൗണ്ടന്റ് ആയിരുന്നു അയാൾ!!!
അത്യാവശ്യം പഠിപ്പുണ്ട് പിന്നെ അകന്നൊരു ബന്ധു കൂടിയായിരുന്നു..
ഉപ്പ അയാളെ പറ്റി നന്നായി അന്വേഷിച്ചു ആർക്കും ഒരു ദോഷവും പറയാനില്ല എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ ഈ വിവാഹം നടത്തിത്തന്നു…

അവളെ വിവാഹം കഴിഞ്ഞാലും പഠിപ്പിക്കണം എന്ന് മാത്രമേ ഉപ്പ അയാളോട് പറഞ്ഞിരുന്നുള്ളൂ.. ശരിക്കും എനിക്കൊരു ഭാഗ്യം തന്നെയായിരുന്നു എന്റ ഉപ്പ…

പോകാൻ നേരത്ത് എന്നെ ചേർത്തുനിർത്തി പറഞ്ഞു എന്റെ മോൾക്ക് അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല ഉപ്പ പ്രാർത്ഥിക്കാം എന്ന്….

വിവാഹം കഴിഞ്ഞ് മൂന്ന് നാള് കഴിഞ്ഞപ്പോഴേക്ക് ഉപ്പാക്ക് ഒരു നെഞ്ചുവേദന വന്നു. അറിഞ്ഞിരുന്നില്ല എല്ലാവരെയും കണ്ണീരിൽ ആഴ്ത്തിക്കൊണ്ട് ഞങ്ങളെയെല്ലാം വിട്ടു പോകാൻ വേണ്ടി ഉള്ളതായിരുന്നു അത് എന്ന്..

ഈ ലോകത്ത് ശരിക്കും ഞാൻ ഒറ്റപ്പെട്ടതുപോലെ തോന്നി ഉപ്പ അത്രയ്ക്ക് ഞങ്ങളെ സ്നേഹിച്ചിരുന്നു…

ഉപ്പയുടെ ചടങ്ങ് എല്ലാം കഴിഞ്ഞ് പിന്നെ കുറച്ചു മാസം കഴിഞ്ഞാണ് ഞങ്ങൾ ഒരുമിച്ച്, ഇക്കയുടെ ജോലി സ്ഥലത്തേക്ക് പോയത് അവിടെ ഒരു ഫ്ലാറ്റ് ഇക്ക വാടകയ്ക്ക് എടുത്തിരുന്നു..
കല്യാണത്തിന് മുന്നേ തന്നെ പറഞ്ഞിരുന്നു വിവാഹം കഴിഞ്ഞ് കുറച്ചു കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ടേക്ക് മാറും എന്ന് ഉപ്പയുടെ വിയോഗം ആയിരുന്നു അതിനു താമസം സൃഷ്ടിച്ചത്..

സത്യം പറഞ്ഞാൽ വിവാഹം കഴിഞ്ഞിട്ട് അധികം ഒന്നും അടുത്ത് അറിഞ്ഞിട്ടില്ല കാരണം ഞാൻ എന്റെ വീട്ടിൽ തന്നെ ആയിരുന്നു.. ഉപ്പയുടെ കാര്യങ്ങൾക്കെല്ലാം വന്നിരുന്നു എങ്കിലും ലീവ് കഴിഞ്ഞ് ഇക്ക തിരിച്ചുപോയി..
പിന്നെ ചെല്ലുന്നത് അങ്ങോട്ടേക്കാണ് ആ ഫ്ലാറ്റിലേക്ക് അവിടെ ചെന്നപ്പോഴാണ് ഇക്കായുടെ തനി സ്വരൂപം കാണുന്നത് അയാളോരു സൈക്കോ ആയിരുന്നു..

അയാൾക്ക് എന്തെങ്കിലും റെസ്ട്രേഷനോ ദേഷ്യമോ വന്നിട്ടുണ്ടെങ്കിൽ അത് തീർക്കുന്നത് മറ്റുള്ളവരുടെ ദേഹത്താണ് അവർ വേദന സഹിക്കാതെ പിടഞ്ഞ് നിലവിളിക്കുമ്പോൾ അയാൾക്ക് അതിൽ നിന്ന് വല്ലാത്തൊരു സന്തോഷം ആയിരുന്നു കിട്ടിയിരുന്നത്…

ടോർച്ചർ ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുന്ന വല്ലാത്തൊരു തരം സൈക്കോ..

വേദനകൊണ്ട് പിടയുന്ന പല രാത്രികളിലും ഞാൻ എന്റെ ഉപ്പ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആലോചിച്ചു…
വീട്ടിൽ ചെന്ന് പറഞ്ഞപ്പോൾ അവരെല്ലാം എന്നെ കുറ്റപ്പെടുത്തി ഇത്രയും നല്ലൊരു ചെറുക്കനെ കണ്ടിട്ടില്ല എന്നായിരുന്നു എല്ലാവരുടെയും പക്ഷം…

എന്നെ പിന്തുണയ്ക്കാത്തതിനും കാരണമുണ്ടായിരുന്നു എനിക്ക് അവിടെ അടുത്ത ഫ്ലാറ്റിലെ ചെറുപ്പക്കാരനുമായി ബന്ധമുണ്ട് എന്ന് അയാൾ ആദ്യമായി വീട്ടുകാരെ അറിയിച്ചിരുന്നു.. അയാളുടെ അടുത്ത് ജീവിക്കാൻ ഞാൻ ഉണ്ടാക്കിയ നാടകമായി അവര് ഇതിനെ കണക്കാക്കി…

എന്റെ ദേഹത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞ പാടും, കടിച്ചപാടും എല്ലാം ഉണ്ടായിരുന്നു അതെല്ലാം ഞാൻ സ്വയം ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞ് തള്ളി..

സത്യം പറഞ്ഞാൽ എനിക്ക് താങ്ങാൻ പറ്റുന്നതിനേക്കാൾ അപ്പുറത്തായിരുന്നു അത് അപ്പോഴും എന്നെ വിശ്വസിക്കാൻ ഒരാൾ ഉണ്ടായി, ഇക്കായുടെ മാമ..

അയാൾ എനിക്ക് ആരും അറിയാതെ മൊബൈൽ കൊണ്ടുവന്നു തന്നു അവൻ വരുമ്പോൾ ഓൺ ചെയ്തു വെക്കാൻ പറഞ്ഞ അതിൽ എല്ലാം ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞു.

പറഞ്ഞതുപോലെ ചെയ്തു ഞാൻ എല്ലാവർക്കും അത് കാണിച്ചു കൊടുത്തു അന്നേരം മാത്രമാണ് എല്ലാവരും എന്നെ വിശ്വസിച്ചത്..

അയാളുടെ നേരെ കേസ് കൊടുത്തു പോലീസ് പിടിച്ചുകൊണ്ടുപോയി…
ഞാൻ എന്റെ വീട്ടിലേക്ക് പോയി..

വീട്ടിൽ എന്നെ കൂടാതെ ഉമ്മയും രണ്ട് അനിയന്മാരും ആണ് ഉണ്ടായിരുന്നത്. അതിൽ മൂത്ത അനിയന് വിവാഹം നോക്കിയിരുന്നു ഉമ്മ പലപ്പോഴായി എന്നോട് പറഞ്ഞിരുന്നു അവന്റെ വിവാഹം കഴിഞ്ഞാൽ പിന്നെ നീ ഇവിടെ അധികപ്പറ്റായി മാറും മോളെ.. ആങ്ങളമാർ സമ്പാദിച്ചു കൊണ്ടുവരുന്ന പണം കെട്ടിച്ചുവിട്ട പെങ്ങന്മാരെ തീറ്റിപ്പോറ്റാൻ ഒരു ഭാര്യമാരും സമ്മതിക്കില്ല എന്ന്… അതുകൊണ്ട് എത്രയും പെട്ടെന്ന് മറ്റൊരു വിവാഹം നോക്കാം എന്ന്..

ഞാൻ ആകെ തകർന്നു പോയിരുന്നു ഈ സമയത്ത് മറ്റൊരു വിവാഹം എനിക്കത് ചിന്തിക്കാൻ പോലും ആകുന്നുണ്ടായിരുന്നില്ല…

അപ്പോഴും എന്റെ മനസ്സിൽ വന്ന മുഖം മാമയുടെതാണ് മാമയോട് ഞാൻ എല്ലാം വിളിച്ചു പറഞ്ഞു മാമ വരാം ഉമ്മയോട് മാമ സംസാരിച്ചോളാം എന്ന് പറഞ്ഞു…
മാമയോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ടായിരുന്നു ശരിക്കും ഉപ്പായെ പോലെ ഞാൻ അയാളെ കരുതി…
അതുകൊണ്ടാണ് ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ ആദ്യം തന്നെ മാമയുടെ മുഖം മനസ്സിലേക്ക് ഓടി വരുന്നത്.

മാമ ഇടയ്ക്കിടയ്ക്ക് എന്നെ കാണാൻ വരുമായിരുന്നു.. പുതിയ കല്യാണ ആലോചനകൾ എല്ലാം വന്നെങ്കിലും എനിക്ക് ഒന്നും സമ്മതിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ചൂടുവെള്ളത്തിൽ വീണ് പൂച്ചയെപ്പോലെ ഞാൻ എല്ലാം ഭയപ്പെട്ടു മാമയും എന്റെ ഭാഗത്തുനിന്നു അവളുടെ മനസ്സൊന്നു ശരിയായിട്ട് വിവാഹം നോക്കിയാൽ മതി എന്നു പറഞ്ഞു…

ഒരിക്കൽ എന്നെ കാണാൻ വന്ന മാമ ആരുമില്ലാത്ത ഒരു സമയം നോക്കി എന്നോട് ചോദിച്ചതായിരുന്നു അത്…

പുരുഷസുഖം അനുഭവിച്ചിട്ട് നാളുകൾ ആയില്ലേ അതുകൊണ്ട് അതിനയാൾ സഹായിക്കാം എന്ന്…
എന്റെ ഉപ്പയെക്കാൾ വയസ്സ് കാണും എന്നെക്കാൾ മൂത്ത പെൺമക്കൾ അയാൾക്കുണ്ട് എന്നിട്ടും എന്നോട് ഇങ്ങനെയൊരു മനോഭാവം എത്ര വൃത്തികെട്ട രീതിയിലാണ് അയാൾ ചിന്തിച്ചത് എന്ന് ഞാൻ ഓർത്തു…

എനിക്ക് സങ്കടം വന്നത് അയാൾ അങ്ങനെ പറഞ്ഞതിൽ ആയിരുന്നു ഞാൻ ഉപ്പയെ പോലെ കണ്ടയാളുടെ വായിൽ നിന്ന് ഇങ്ങനെയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…

അവിടെക്കിടന്ന് ഫ്ലവർ വേസ് എടുത്ത് അയാളെ ഞാൻ എറിഞ്ഞു ഓടിയതുകൊണ്ട് പുറത്തായിരുന്നു തട്ടിയത് അയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു മേലിൽ ഈ പടി കയറിയത് എന്ന് ഞാൻ അയാളോട് പറഞ്ഞു..

ഇത്തവണ ഒട്ടും ഞാൻ തളർന്നു പോയില്ല കാരണം തളർന്നിട്ടുണ്ടെങ്കിൽ, തോറ്റു പോകുന്നത് ഞാൻ മാത്രമായിരിക്കും.. ബികോം എങ്കിലും കമ്പ്ലീറ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് അപ്പോഴാണ് ഞാൻ ശരിക്കും ആഗ്രഹിച്ചത്…
അടുത്തൊരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ മൂന്ന് മാസത്തെ കോഴ്സ് ചെയ്താൽ അവർ തന്നെ ഏതെങ്കിലും സ്ഥലത്ത് പ്ലേസ് മെന്റ് തരും എന്ന് കേട്ട് ഞാൻ അവിടെ പോയി ചേർന്നു..

ഒരു പ്രീ യൂസ്ഡ് കാർ ഷോറൂമിൽ റിസപ്ഷനിസ്റ്റായി അവരെനിക്ക് ജോലിയും മേടിച്ചു തന്നു…

എന്റെ കാര്യങ്ങൾ അത്യാവശ്യം നോക്കാനുള്ള സാലറി എനിക്ക് അവിടെ നിന്നും കിട്ടിയിരുന്നു..

ഡിസ്റ്റന്റായി ബികോം കൂടി ചെയ്യണം…
ഡിഗ്രി കഴിഞ്ഞാൽ ഇവരുടെ തന്നെ മറ്റൊരു സ്ഥാപനത്തിൽ ഉയർന്ന സാലറിയിൽ എനിക്ക് ജോലി തരാമെന്ന് അവർ ഉറപ്പ് തന്നിരുന്നു…

അതുകഴിഞ്ഞ് മാത്രമേ ഇനിയൊരു വിവാഹം പോലും ഉണ്ടാകൂ… അത് ഇന്റെ തീരുമാനമാണ് ഇനിയും പന്ത് തട്ടി കളിക്കാൻ എന്റെ ജീവിതം ഞാൻ ആർക്കും വിട്ടുകൊടുക്കില്ല…