രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി…

രചന: നീതു

::::::::::::::::::::::

“” എടി നീയറിഞ്ഞോ നമ്മുടെ ട്യൂഷൻ സെന്ററിൽ പുതിയ മാഷ് വന്നു എന്ന്!! ആള് ചുള്ളനാട്ടോ!!”””

പ്ലസ് വണ്ണിന് കൂടെ പഠിക്കുന്ന ദൃശ്യ വന്ന് അങ്ങനെ പറഞ്ഞപ്പോൾ അമൃത ആദ്യം ഒന്നും കാര്യമാക്കിയില്ല… പക്ഷേ പിറ്റേദിവസം ട്യൂഷൻ ക്ലാസിൽ ചെന്നപ്പോഴാണ് മനസ്സിലായത് അവൾ പറഞ്ഞതിൽ ഒട്ടും കുറയില്ല എന്ന് ആള് സുന്ദരനാണ്..

പക്ഷേ മനപ്പൂർവ്വം അവൾ ആളെ ശ്രദ്ധിച്ചില്ല തന്റെ ഇരുണ്ട നിറവും ചുരുണ്ട മുടിയും എല്ലാം ആളുകൾ പരിഹസിക്കുന്നതാണ്…
അത്രയും ഭംഗിയുള്ള ഒരാളെ എല്ലാ കുട്ടികളും വായ് നോക്കി ഇരിക്കുന്നുണ്ടായിരുന്നു പക്ഷേ അമൃതയ്ക്ക് എന്തോ ഒന്ന് നോക്കാൻ പോലും തോന്നിയില്ല…

ഫിസിക്സ് ആണ് ആള് പഠിപ്പിക്കുന്ന സബ്ജക്ട് തനിക്ക് ഏറ്റവും ദേഷ്യവും ആ ഒരു സബ്ജക്ടാണ്… നീറ്റ് എഴുതാം എന്നുള്ള ഒരൊറ്റ ചിന്ത കൊണ്ടാണ് സയൻസ് എടുത്തത്…
പക്ഷേ ഫിസിക്സ് ഇത്ര ടഫ് ആവും എന്ന് വിചാരിച്ചില്ല…

അതിന്റെ പ്രോബ്ലംസും തിയറിയും എല്ലാം കൂടെ മൂക്കുകൊണ്ട് ഇക്ഷ വരച്ചിട്ട് ഇരിക്കുകയായിരുന്നു… എന്റെ നിർഭാഗ്യം എന്നുപറയട്ടെ ആ വിഷയത്തിന് തന്നെയാണ് ആളുടെ വരവ്..
ഏതായാലും മറ്റുള്ളവരെ പോലെ സൗന്ദര്യം കൊണ്ട് ആളെ അട്രാക്ട് ചെയ്യാൻ തനിക്ക് പറ്റില്ല എങ്കിൽ പിന്നെ ക്ലാസിൽ നന്നായി പഠിച്ച് ശ്രദ്ധയാകർഷിക്കാമെന്നു വിചാരിച്ചപ്പോൾ അയാൾക്ക് വേറെ ഒരു വിഷയവും എടുക്കാൻ കണ്ടില്ല..

എല്ലാവരും പിന്നെ ഫിസിക്സ് പ്രത്യേക താൽപര്യത്തോടെ പഠിക്കാൻ തുടങ്ങി എനിക്കാണെങ്കിൽ അത് പഠിച്ച് തലയിലും കയറുന്നില്ല…
എന്നും വന്നാൽ ഇക്വേഷൻസ് എല്ലാം കാണാതെ പറയിപ്പിച്ചിട്ട് ആള് ക്ലാസിൽ കയറ്റി ഇരുത്തിയിരുന്നുള്ളൂ അതുവരെ എല്ലാവരും വരിയായി ക്ലാസിന് പുറത്തുനിൽക്കണം.. ഇക്വേഷൻ എല്ലാം പഠിച്ച് അന്നത്തെ ക്വസ്റ്റ്യൻസ് ആൻസർ പറയുന്നവർക്ക് മാത്രം ക്ലാസിലേക്ക് പ്രവേശിക്കാം അല്ലാത്തവർ അവിടെത്തന്നെ അങ്ങനെ നിന്നോളണം പഠിച്ച് തീരുന്നത് വരെ…

എന്നും ഏറ്റവും അവസാനം പഠിച്ച തീരുന്നത് ഞാനായിരുന്നു എന്നെ എന്നും ചീത്ത പറയാൻ സാറിന് നേരം ഉണ്ടായിരുന്നുള്ളൂ ഇടയ്ക്കൊക്കെ ഓരോന്ന് കിട്ടുകയും ചെയ്യും ആ ക്ലാസിലെ ഏറ്റവും വഷളായ സ്റ്റുഡന്റ് ആയി ഞാൻ മാറി ഒന്നും അറിയാത്തവൾ…എന്നെ എന്തെങ്കിലും ക്വസ്റ്റ്യൻ ചോദിച്ച് എണീപ്പിച്ചു നിർത്തുമ്പോഴേക്കും തുടങ്ങും ക്ലാസിൽ നിന്ന് കൂട്ടച്ചീരി…

സത്യം പറഞ്ഞാൽ ഞാൻ ഇത്ര മണ്ടി ഒന്നുമല്ല പക്ഷേ സാർ ക്വസ്റ്റ്യൻ ചോദിക്കുമ്പോൾ എനിക്ക് തപ്പി പിടിക്കലാണ് ഒന്നും തലയിൽ വരില്ല എല്ലാംകൂടി ബ്ലാങ്ക് ആയതു പോലെ…

സാറിന് മുന്നേ ഇനി നാണം കെടാതിരിക്കാൻ എത്ര ആത്മാർത്ഥമായി പഠിച്ചാലും ആളുടെ ഗൗരവമുള്ള മുഖം കാണുമ്പോൾ എല്ലാം കിളി പാറുന്നത് പോലെ പാറും.
‘”‘ എടോ താൻ പഠിക്കാൻ വരുന്നത് തന്നെയാണോ??? “””

എന്നുള്ള ചോദ്യം ഇടയ്ക്ക് നെഞ്ചിൽ കത്തി കുത്തി കേറും പോലെ തോന്നും..

സങ്കടം സഹിക്കാഞ്ഞിട്ട് ഒരു ദിവസം ഞാൻ അമ്മയോട് പറഞ്ഞു ഇനി ഞാൻ ട്യൂഷന് പോകുന്നില്ല എന്ന് ചപ്പാത്തി കോല് വെച്ച് ഒരെണ്ണം കിട്ടി പുറത്തേക്ക് പിന്നെ ആ മോഹവും പറഞ്ഞിട്ടില്ല…

ചീത്തയും അടിയും എല്ലാം സഹിച്ചു ആ വർഷം അങ്ങനെ മുന്നോട്ട് പോയി.. ഒടുവിൽ പബ്ലിക് എക്സാം കഴിഞ്ഞ റിസൾട്ട് വന്നപ്പോൾ അത്യാവശ്യം മാർക്ക് മറ്റെല്ലാ വിഷയങ്ങളിലും കിട്ടി ഫിസിക്സിൽ മാത്രം ജസ്റ്റ്‌ പാസ്‌..

എല്ലാവരും റിസൾട്ട് അറിഞ്ഞ സന്തോഷത്തിന് മിഠായിയും കൊണ്ട് ചെന്നിരുന്നു ട്യൂഷൻ സെന്ററിലേക്ക്… ഒപ്പം ഞാനും..

എല്ലാവരോടും കൺഗ്രാജുലേഷൻസ് പറഞ്ഞുകൊണ്ട് ബിജു സാർ എന്നെ നോക്കി..
തലതാഴ്ത്തി മിഠായിയും നീട്ടിപ്പിടിച്ച് ഞാൻ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു.

“” അമൃത തരുന്ന മിട്ടായി എനിക്ക് വേണ്ട ഏറ്റവും കുറച്ച് മാർക്ക് വാങ്ങി പിന്നെ മിഠായി കൊണ്ട് തരുന്നതിന് എന്താണ് ഒരു കാര്യം… താൻ നല്ല മാർക്ക് വാങ്ങിയിരുന്നെങ്കിൽ ഈ മിഠായിയെക്കാൾ മധുരം ഉണ്ടാവുമായിരുന്നു അതിന്!!!”””

അപ്പോൾ അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും എന്റെ നിയന്ത്രണം വിട്ടിരുന്നു “”””സാറ് കാരണം തന്നെയാണ് എന്നെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് എന്റെ തലയിൽ ഒന്നും കേറാത്തത് കൊണ്ടാണ്!!””””
എന്നും പറഞ്ഞ് ഞാൻ മിട്ടായിയുടെ പാത്രവും അവിടെ വെച്ച് വീട്ടിലേക്ക് ഓടി പോന്നു…

നീറ്റ് പരീക്ഷ എഴുതിയെങ്കിലും എനിക്ക് അഡ്മിഷൻ കിട്ടിയത് വെറ്റിനറിയിൽ ആയിരുന്നു…
ഒട്ടും സങ്കടം തോന്നിയില്ല..

മനുഷ്യരെക്കാൾ പെരുമാറാൻ നല്ലത് മൃഗങ്ങൾ ആണെന്ന് ഒരു തോന്നൽ ആയിരുന്നു എനിക്ക് അപ്പോൾ..
പഠിപ്പിക്കാൻ കഴിഞ്ഞ വീട്ടിൽ വിവാഹം അന്വേഷിച്ചു തുടങ്ങിയിരുന്നു..
ഒരു കോളേജ് ലെക്ചർടെ ആലോചന വന്നിരുന്നു അച്ഛനും അമ്മയ്ക്കും എല്ലാം ബോധിച്ചു ഇനി ഞാൻ കൂടി കണ്ടാൽ മതി അവർ എനിക്കും കൂടി ഒഴിവുള്ള ദിവസം വരുന്നുണ്ട് എന്ന് പറഞ്ഞു…

ചായയും കൊണ്ട് മുന്നിൽ പോയി നിന്ന് ഞാൻ ഞെട്ടിപ്പോയി ബിജു സാർ..
അന്ന് പിജി കഴിഞ്ഞ ഉടനെ ആയിരുന്നു ഞങ്ങളുടെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ വന്നത് ഇപ്പോൾ അന്നത്തേക്കാൾ ഗ്ലാമറിൽ സുന്ദര കുട്ടപ്പനായി ഇരിപ്പുണ്ട്.

തുറന്ന വായ അടയ്ക്കാൻ മറന്നു ഞാൻ സാറിന്റെ മുന്നിൽ ചായയും പിടിച്ച് നിന്നു. ആ മുഖത്ത് ചെറിയൊരു ചിരി ഉണ്ടായിരുന്നു…

രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി…

“” ഒട്ടും ബുദ്ധിയില്ലാത്ത ആളാ ഞാൻ ഈ കല്യാണം, ഒട്ടും ശരിയാവില്ല സാറിന് കുറച്ചു കൂടി ബുദ്ധിയുള്ള ആരെയെങ്കിലും നോക്കുന്നത് ആയിരിക്കും നല്ലത്!!!””

എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ എന്നെ തിരികെ വിളിച്ചു..

“”‘ എടോ അന്നേ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു മറ്റ് കുട്ടികളുടെ പോലെ ഒട്ടും സ്മാർട്ട് അല്ലാത്ത തന്നെ എന്തോ ഒരു ഇഷ്ടം തോന്നി പോയി… ഒരുപാട് എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ടാണ് അന്ന് ഞാൻ കരുതിയത് തന്നെ പേടിപ്പിച്ചാൽ ഒന്നുകൂടി കൂടുതൽ മെച്ചത്തോടെ താൻ പഠിക്കും എന്ന്… പക്ഷേ എന്റെ ആധാരണ തെറ്റായിരുന്നു എന്ന് തന്റെ അവസാനത്തെ ഒരു ഡയലോഗിൽ താൻ എനിക്ക് മനസ്സിലാക്കി തന്നു ഒരിക്കലും ഒരു നല്ല അധ്യാപകൻ കുട്ടികളെ പേടിപ്പിക്കാൻ ശ്രമിക്കില്ല പകരം അവരുടെ കൂടെ നിന്ന് അവരെ അറിഞ്ഞ് പഠിപ്പിക്കാനേ ശ്രമിക്കൂ…. എന്ന്…

തന്റെ കാര്യത്തിൽ മാത്രമായിരുന്നെടോ എനിക്ക് അബദ്ധം പറ്റിയത് അന്നുമുതൽ ഞാൻ നല്ലൊരു അധ്യാപകനായി തീർന്നു പിന്നെ പ്രൊഫഷൻ ഇതുതന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു..

കുറെ നാളായി അമ്മ വീട്ടിൽ വിവാഹാലോചനയുടെ കാര്യം പറയുന്നു അപ്പോഴൊക്കെ എന്തുകൊണ്ട് അറിയില്ല അപ്പോൾ ഒക്കെ തന്റെ മുഖമായിരുന്നു മനസ്സിൽ… അന്ന് താൻ അവിടെ നിന്ന് പോയതിൽ പിന്നെ കുറെ നാൾ താൻ മനസ്സിൽ അങ്ങനെ ഉണ്ടായിരുന്നു.. എന്റെ ഉറക്കം കെടുത്തി കൊണ്ട്… പിന്നെ ദൈവം നിസ്സാരക്കാരൻ അല്ല എന്ന് എനിക്ക് മനസ്സിലായത് ഒരു ബ്രോക്കർ കൊണ്ടുവന്ന കൂട്ടത്തിൽ തന്റെയും ഫോട്ടോ കണ്ടപ്പോഴാണ്..

അതെടുത്ത് ഞാൻ അമ്മയോട് പറഞ്ഞിരുന്നു ഇതുതന്നെ മതി എന്ന് അമ്മയുടെ പ്രിയപ്പെട്ട ജ്യോത്സ്യൻ നല്ല പൊരുത്തവും പറഞ്ഞപ്പോൾ, വല്ലാത്തൊരു സന്തോഷമായിരുന്നു… ഇനി താനും കൂടി സമ്മതിച്ചാൽ മതി അന്ന് ഞാൻ അങ്ങനെയൊക്കെ ചെയ്തതിന് ഒരു ജന്മം മുഴുവൻ താനെന്റെ ഭാര്യയായി പകരം വീട്ടിക്കോ!!!”””

ആളുടെ വായിൽ നിന്ന് അത്രയും കേട്ടപ്പോഴേക്ക് ഞാൻ ചിരിച്ചു പോയിരുന്നു.. ഇതുവരെ ആളോട് തോന്നിയ വിദ്വേഷം മുഴുവൻ ആ ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിൽ നിന്ന് പോയി മറഞ്ഞു…
“”” എന്നാപ്പിന്നെ അങ്ങനെ തന്നെ ആവട്ടെ സാറിന്റെ വിധി എന്റെ കൈകൊണ്ട് ജീവിതാവസാനം മുഴുവൻ കിട്ടാനായിരിക്കും!!””

എന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് നിറഞ്ഞ ഒരു ചിരി കണ്ടു…

ഇനി ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹമാണ്…
മൃഗങ്ങളെ മേയ്ക്കാൻ പഠിച്ച പെണ്ണിന്റെയും ആ പെണ്ണിനെ നേരെയാക്കാൻ വരുന്ന മാഷിന്റെയും..