രചന: നീതു
“” അപ്പേട്ടന് വട്ടാണോ അവളെ ഇങ്ങോട്ട് കൊണ്ടുവരാൻ!!! തന്നിഷ്ടം കാണിച്ച് ഇറങ്ങിപ്പോയവള് ഇനി ഇങ്ങോട്ട് കയറണ്ട അങ്ങനെയല്ലേ ഇവിടെ എല്ലാവരും തീരുമാനിച്ചത് പിന്നേ അപ്പെട്ടന് മാത്രം എന്താ???”””
എന്ന് ദേഷ്യത്തോടെ വന്ദന ചോദിച്ചതും എന്തു പറയണം എന്നറിയാതെ നിന്നിരുന്നു അപ്പു…
“””” എന്റെ വന്ദന അവയുടെ വന്ന നിനക്കും അവളെ നിഷേധിക്കാൻ ആവില്ല ഒരു പാവം അല്ലെടി അവൾ!!!””
എന്ന് പറഞ്ഞെങ്കിലും അതൊന്നും ചെയ്തിക്കൊള്ളാൻ വന്ദന ഒരുക്കമായിരുന്നില്ല വന്ദനയുടെ ഉള്ളിൽ മുഴുവൻ അവളോടുള്ള ദേഷ്യം ആയിരുന്നു….
“”” അവളോട് പറ എങ്ങോട്ടെങ്കിലും പൊയ്ക്കോളാൻ ഇങ്ങോട്ട് കയറണ്ട എന്ന്!!! അല്ലെങ്കിലും അടിച്ചതിനകത്ത് കയറ്റരുത് അവളെ!! കണ്ടവരുടെ കൂടെ ഇറങ്ങിപ്പോയവളെ!! കുടുംബത്തിന് ഇത്രയും നാൾ ഉണ്ടാക്കി വച്ച മാനക്കേട് പോരാഞ്ഞിട്ടായിരിക്കും ഇപ്പോൾ ഇങ്ങോട്ട് എഴുന്നള്ളുന്നത്…!!””
വന്ദനയുടെ മുഖത്ത് അപ്പുവിന്റെ കൈ പതിഞ്ഞത് അവൻ പോലും അറിയാതെയാണ് എന്തോ തന്റെ അനിയത്തിയെ കുറിച്ച് പറയുന്നത് കേട്ട് നിൽക്കാൻ തോന്നിയില്ല…
അനിയത്തി എന്ന് പറയാൻ പറ്റില്ല ഒരേപോലെ ഒരേസമയം അമ്മയുടെ വയറ്റിൽ കിടന്നിരുന്നതാണ് താനും അവളും ആദ്യം പുറത്തുവന്നത് താൻ ആയതുകൊണ്ട് ഏട്ടനായി എന്ന് മാത്രം…
ഇരട്ടക്കുട്ടികളാണ് എന്നറിഞ്ഞ് എല്ലാവരും അത്ഭുതത്തോടെ കാത്തിരിക്കുകയായിരുന്നു തങ്ങളുടെ ജനനത്തിനായി…
ഒടുവിൽ എല്ലാവർക്കും പ്രിയപ്പെട്ടവരായി മാറി…
രണ്ടുപേരെയും അച്ഛൻ ഒരുമിച്ച് പൊന്നുപോലെ തന്നെയാണ് നോക്കിയത്..
അവളും ഞാനും ഒരുപോലെ വളർന്നു ആർക്കും ഒരു കുറ്റവും പറയാനില്ലാതെ.
സ്വർഗ്ഗം പോലെയായിരുന്നു അന്നെല്ലാം വീട് ചിരിയും കളിയും മാത്രം…
പക്ഷേ എല്ലാം ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞു അച്ഛന് ഉണ്ടായ ഒരു ആക്സിഡന്റ് അദ്ദേഹത്തെ ബെഡിൽ തന്നെ തളർത്തി കിടത്തിയപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടത്, സർവ്വസവും ആയിരുന്നു… പാർട്ട് ടൈം ജോലികളൊക്കെ ചെയ്തു ഞാൻ എന്റേതായ സഹായം വീടിന് വേണ്ടി നൽകി അപ്പോഴേക്കും കുടുംബക്കാരെല്ലാം കൈയൊഴിഞ്ഞിരുന്നു ബാധ്യതയാകും എന്ന് അവർക്കെല്ലാം അറിയാം.
പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത പാവം അമ്മ ജോലിക്ക് ഇറങ്ങിയത് പോലും വീട്ടിലെ പട്ടിണി മാറ്റാനായിരുന്നു…
രണ്ടുപേരും പ്ലസ് ടു നല്ല മാർക്കോടെ തന്നെ പാസായി ഡിഗ്രിക്ക് ചേർത്തണമെങ്കിൽ ഒരുപാട് പണം വേണമായിരുന്നു, അന്ന് ഞങ്ങൾക്ക് മുന്നിൽ പകച്ചുനിന്ന അമ്മയെ നോക്കി സമാധാനിപ്പിച്ചത് അവൾ ആയിരുന്നു… അവൾ അന്ന് എന്നോട് പറഞ്ഞു നീ പഠിച്ചോ ഞാൻ പഠിച്ചിട്ട് എന്തിനാ വല്ലവരുടെയും അടുക്കളയിൽ പോയി പണിയെടുക്കാൻ നീ പഠിക്കുകയാണെങ്കിൽ അച്ഛനും അമ്മയ്ക്കും അത് വലിയ സഹായം ആവും…
എനിക്ക് വേണ്ടി അവൾ പഠിപ്പ് നിർത്തി ചർക്ക ക്ലാസിലേക്ക് പോകാൻ തുടങ്ങി.. അവിടെനിന്ന് അവൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനം അമ്മയുടെ കയ്യിൽ മുടക്കം ഇല്ലാതെ കൊണ്ടുവന്നു കൊടുക്കുന്നു അമ്മ അതും കൂടി കൂട്ടിയാണ് വീട്ടിലേക്ക് കാര്യങ്ങളെല്ലാം നടത്തിയിരുന്നത് ഞാൻ പഠിക്കുന്നുണ്ടെങ്കിലും പാർട്ടിയുമായി എന്നെക്കൊണ്ടാകുന്നത് ചെയ്തിരുന്നു എങ്ങനെയെങ്കിലും അവളെ അടുത്ത കൊല്ലം എങ്കിലും പഠിപ്പിക്കണം എന്ന് എനിക്ക് നല്ല മോഹമുണ്ടായിരുന്നു പക്ഷേ അപ്പോഴേക്കും അച്ഛന് അസുഖം കൂടുതലായി കരുതിവച്ചിരുന്ന പണം മുഴുവൻ അങ്ങനെ ചെലവായി..
സാരമില്ലടാ എനിക്ക് പഠിക്കാൻ മോഹം ഒന്നുമില്ല എന്ന് അവൾ പറഞ്ഞെങ്കിലും അവളുടെ ഉള്ളിലെ നീറൽ എനിക്ക് നന്നായി അറിയാമായിരുന്നു…
കാരണം സ്കോളർഷിപ്പും, എൽഎസ്എസും യു എസ് എസും എല്ലാം നേടിയതിന്റെ സർട്ടിഫിക്കറ്റ് ഞങ്ങളുടെ വീടിന്റെ കാര്യം അലമാരിയിൽ നിറഞ്ഞിരുന്നിരുന്നു അവളുടെ പേരിൽ..
ഓരോ തവണയും വിചാരിക്കും അവളെയും പഠിപ്പിക്കണമെന്ന് പക്ഷേ ഓരോ കാര്യങ്ങളായി വന്ന് അതെല്ലാം മുടക്കി കൊണ്ടിരുന്നു…
വല്ലാത്തൊരു വിധിയായിരുന്നു ഞങ്ങളുടേത്…
ഒടുവിൽ ഒരു ജോലിക്ക് വേണ്ടി എനിക്ക് പണം കെട്ടി വയ്ക്കണം എന്ന് പറഞ്ഞ അന്ന്, അവളുടെ ചെറിയ സമ്പാദ്യത്തിൽ നിന്ന് അവൾ കൂട്ടിവെച്ച തുക ഒരു മടിയും കൂടാതെ എനിക്ക് എടുത്തു തന്നു… അവളുടെ അധ്വാനത്തിന്റെ വിയർപ്പിന്റെ മണമായിരുന്നു ആ പണത്തിന്..
വേണ്ട എന്ന് പറഞ്ഞ് നിഷേധിക്കാൻ അന്നത്തെ എന്നെക്കൊണ്ട് ആവുമായിരുന്നില്ല….
കുടുംബക്കാരുടെ അടുത്ത് ചെന്നപ്പോൾ ആരും സഹായം ചെയ്തില്ല അവർക്കെല്ലാം ഭയമായിരുന്നു ഞാൻ തിരിച്ചു കൊടുത്തില്ലെങ്കിലോ എന്ന്..
അത്രയും വേണ്ടപ്പെട്ടവർ പോലും എന്നെ, സഹായിച്ചില്ല….
അതും കടം വാങ്ങിയതും എല്ലാം കൂടി കൊടുത്താണ്, ഞാനാ ജോലി നേടിയെടുത്തത്..
അപ്പോഴേക്കും അവൾ ഒരാളുമായി ഇഷ്ടത്തിലായിരുന്നു വീട്ടിൽ ഒരു കാരണവശാലും സമ്മതിക്കാൻ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്…. അതുകൊണ്ടുതന്നെ അച്ഛനും അമ്മയും എതിർത്തു ഒപ്പം ഞാനും…
എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് അവൾ അവന്റെ കൂടെ പോയത് അത് അച്ഛന് സഹിക്കാൻ കഴിഞ്ഞില്ല ഇനി അവളെ ഈ വീട്ടിലേക്ക് കയറ്റില്ല എന്നത് അച്ഛന്റെ തീരുമാനമായിരുന്നു ഏറെ വിഷമിച്ചില്ലെങ്കിലും അതിന് ഞങ്ങളും കൂട്ടുനിന്നു…
വീട്ടിലെ സ്ഥിതിയെല്ലാം ക്രമേണ മാറി വന്നു അത്യാവശ്യ സാലറി കിട്ടാൻ തുടങ്ങിയതോടുകൂടി എല്ലാം ദാരിദ്ര്യവും മാറി ഞങ്ങളുടെ ജീവിതവും മെച്ചപ്പെട്ടു. അന്നേരം വിട്ടുനിന്ന കുടുംബക്കാർ വീണ്ടും എത്തിയിരുന്നു പക്ഷേ ആരെയും അടുപ്പിച്ചില്ല…..
അതോടെ എല്ലാവർക്കും വൈരാഗ്യമായി എന്റെ കയ്യും പിടിച്ച് കയറിവന്ന, വന്ദനയോടു പോലും പലതും പറഞ്ഞ് അവരെല്ലാം വിഷം കുത്തിവച്ചു എന്റെ അനിയത്തിയെ അവൾക്ക് കണ്ടുകൂടാതെ ആക്കി..
അവൾ എന്തൊക്കെ പറഞ്ഞു ചെയ്തു എന്നു പറഞ്ഞാലും എനിക്ക് അവൾ ചെയ്ത സഹായം ഒന്നും മറക്കാൻ പറ്റില്ലായിരുന്നു എത്രത്തോളം എന്നെ അവൾ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മാത്രം അറിയാവുന്ന ഒരു കാര്യമായിരുന്നു…
പെട്ടെന്നായിരുന്നു അവളുടെ ഭർത്താവിന്റെ ആകസ്മികമായ മരണം… അവർക്കിടയിൽ ആശ്വാസത്തിനായി ഒരു കുഞ്ഞു പോലും ഉണ്ടായിരുന്നില്ല അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് ശരിക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ അവളെ കൂട്ടാൻ വേണ്ടി ചെന്നത്…
അവൾ എന്റെ കൂടെ വരില്ല എന്ന് പറഞ്ഞ് വാശി പിടിച്ചു അദ്ദേഹം ഉണ്ടായിരുന്നപ്പോൾ ഒരിക്കൽ എങ്കിലും നിന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു അത്രമാത്രം നീ എന്നെ മനസ്സിലാക്കി എന്ന് ഞാൻ കരുതിയിരുന്നു പക്ഷേ ഉണ്ടായില്ല നിനക്ക് നിന്റെ വാശിയായിരുന്നു വലുത് ഇനി ഞാൻ അങ്ങോട്ട് വരുന്നില്ല എനിക്ക് നിങ്ങളാരും വേണ്ട എന്ന് പറഞ്ഞവൾ പൊട്ടിക്കരഞ്ഞപ്പോൾ അവളോട് ഞാൻ മാപ്പ് ചോദിച്ചിരുന്നു…
“”””എത്രയോ തവണ വരാൻ വേണ്ടി നിന്നതാണ് പക്ഷേ ധൈര്യം ഉണ്ടായിരുന്നില്ല ഇത്രയും കാലം നിന്നെ അകറ്റിനിർത്തിയിട്ട് പിന്നെ വരുമ്പോൾ നീ എന്തു പറയും എന്ന് ഭയമായിരുന്നെടി എനിക്ക്!!!!”””
എന്ന് കരഞ്ഞു പറഞ്ഞപ്പോൾ അവൾക്ക് അത് മനസ്സിലായി… അല്ലെങ്കിലും അവളെക്കാൾ കൂടുതൽ എന്നെ മനസ്സിലാക്കിയവർ ആരും തന്നെയില്ല വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ചു… അവളുടെ ഭർത്താവിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അന്ന് പടിയിറങ്ങി ഇങ്ങോട്ടേക്ക് വരാം എന്ന് സമ്മതിച്ചപ്പോൾ തന്നെ എനിക്ക് പകുതി ആശ്വാസമായിരുന്നു വയ്യാത്ത അച്ഛനും അമ്മയും എത്രയൊക്കെ കുറ്റം പറഞ്ഞാലും ഇപ്പോൾ അവളുടെ വരവിനായി ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു….
പക്ഷേ അതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തത് വന്ദനക്കായിരുന്നു അത്രത്തോളം വിഷം കുടുംബക്കാരെല്ലാം ചേർന്ന് അവളുടെ മേൽ കുത്തി വച്ചിരുന്നു..
“””” എന്റെ അനിയത്തിയാണ്!!! അവൾക്കിവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്!!””
എന്ന് മാത്രം വന്ദനയോട് ഞാൻ കർക്കശമായി പറഞ്ഞു…
ആദ്യം ദേഷ്യത്തോടെ അവൾ നിന്നു എങ്കിലും, എന്റെ അനിയത്തിയുടെ പെരുമാറ്റം വന്ദനയെ ശരിക്കും മാറ്റിമറിച്ചിരുന്നു അല്ലെങ്കിലും അവളുടെ കയ്യിൽ മാജിക് ഉണ്ടല്ലോ നിസ്വാർത്ഥ സ്നേഹത്തിന്റെ മാജിക്..
അതാരെയും മാറ്റും, അവളിൽ തളച്ചിടും…
ഇന്നിപ്പോൾ ഏറ്റവും വലിയ കൂട്ട് വന്ദനയും അവളും ആണ് അന്നേരം ഞാൻ വന്ദനയെ ചോപ്പിക്കാൻ വേണ്ടി പറയും കണ്ടവരുടെ കൂടെ ഇറങ്ങി പോയവളെ ഇവിടെ നിന്ന് ഇറക്കി വിടട്ടെ എന്ന്…
അന്നേരം എന്റെ നേരെ കൂർപ്പിച്ച് നാലു മിഴികൾ നോക്കുന്നുണ്ടാവും..