നന്ദൻറെ പിടിയിൽ നിന്ന് മോചിതയായി അവൾ സങ്കടവും നാണവും കൊണ്ട് പരിഭവിച്ചു പറഞ്ഞു.

അമൃതം.

രചന :വിജയ് സത്യാ പള്ളിക്കര

ദേ… നന്ദേട്ടാ…കിടക്കണില്ലേ സമയം ഒരുപാട് ആയല്ലോ….അരുണിമ ബെഡിൽ മലർന്നു കിടന്നു നന്ദനെ വിളിച്ചു.

ലാപ്ടോപ്പിൽ ഓഫീസ് കാര്യങ്ങൾ നോക്കുകയായിരുന്നു നന്ദൻ തിരിഞ്ഞുനോക്കി…. പതിവിൽ അധികം കാലകത്തി കിടക്കുന്ന ഭാര്യയെ കണ്ടപ്പോൾ നന്ദനറിയാം ഇന്ന് തന്നെ അവൾ ക്ഷണിക്കുകയാണ്.. പക്ഷേ ഇനിയും ഒരു അരമണിക്കൂർ ചിലവിട്ടാൽ മാത്രമേ തന്റെ രാത്രിയിലെ ത്തെ വർക്കുകൾ തീർക്കാൻ പറ്റുള്ളൂ… അതുകൊണ്ടുതന്നെ നന്ദൻ അവളുടെ കിടത്തം അവഗണിച്ചു.

നന്ദൻ ജോലി പൂർത്തിയാക്കി അവളുടെ സമീപം എത്തുമ്പോൾ അവൾ ഉറങ്ങി കൂർക്കം വലിച്ചിരുന്നു. നന്ദനെ വല്ലാത്ത വിഷമം ആയി.. എങ്കിലും നന്ദൻ അവൾ അറിയാതെ അവളെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

പിറ്റേന്ന് ഓഫീസിൽ നിന്നും വന്ന ഉടനെ ഭാര്യയും കൂട്ടി അർജന്റായി ഒരു പർച്ചേസിംഗ് നടത്തേണ്ടതായി വന്നു നന്ദന്..

കാറു പാർക്ക് ചെയ്തു നന്ദൻ ഭാര്യ അരുണിമയെയും കൂട്ടി ഷോപ്പിംഗ് മാളിലേക്ക് നടക്കുന്ന സമയത്ത് അവളുടെ ചില വാക്കുകൾ കേട്ടപ്പോൾ അറിയാതെ കെട്ടിപ്പിടിച്ചു പോയി…

“ശോ…. എന്താ നന്ദേട്ടാ ഇത്…. ആൾക്കാര് കാണും വിടൂ…. പ്ലീസ്…”

അരുണിമയ്ക്ക് വല്ലാണ്ടായി… അവളുടെ തൊലിയുരിഞ്ഞ പോലെയായി..

“നീയല്ലേ ഇപ്പം പറഞ്ഞത് എനിക്ക് സ്നേഹമില്ലെന്ന്..”

“അയ്യോ ഉണ്ട് ഉണ്ട്.. വിട് എന്നെ.. അയ്യേ എല്ലാരും നോക്കുന്നു..പ്ലീസ് നന്ദേട്ടാ വിടൂന്നേ..”

അരുണിമ കെഞ്ചി..

നന്ദൻ അങ്ങനെയാണ് സ്നേഹം പെട്ടെന്ന് തുളുമ്പുന്ന ഒരു ഭർത്താവാണ്.. പരിസരം നോക്കാതെ ഭാര്യയെ സ്നേഹിച്ചു കളയും..

മാളിലേക്ക് വരുന്നവരും പോകുന്നവരും പലരും ആ കാഴ്ച കണ്ടു ചിരിച്ചു..

“നോക്കു നന്ദേട്ടാ കഷ്ടമുണ്ട് കേട്ടോ… പ്രായം ഒത്തിരിയായി എന്നിട്ടും കൊച്ചു കുഞ്ഞുങ്ങളെ പോലെയാ… നടുറോട്ടിൽ വെച്ച്..”

നന്ദൻറെ പിടിയിൽ നിന്ന് മോചിതയായി അവൾ സങ്കടവും നാണവും കൊണ്ട് പരിഭവിച്ചു പറഞ്ഞു.

ഭാര്യയുടെ കയ്യിൽ പിടിച്ചു നടക്കുന്ന നന്ദൻ പുഞ്ചിരിച്ചു കാണിച്ചത് അല്ലാതെ ഒന്നും മിണ്ടിയില്ല

“ഇതിനാണോ ആദിയെ കൂട്ടാതെ ഇരുന്നത്? കള്ളൻ..”

കല്യാണം കഴിഞ്ഞപ്പോൾ മുതലേ അരുണിമ കാണുന്നതാണ് നന്ദന്റെ ഈ ശീലം… മകൻ ആദി മുതിർന്നപ്പോൾ മാറ്റിയതായിരുന്നു…

ഇന്നലെ തൊട്ടു വീണ്ടും ഇളക്കം കൂടി..കല്യാണ കുട്ടികൾ വന്നു പോയതിനു ശേഷം സ്നേഹം വഴിഞ്ഞു ഒഴുകുകയാണ് നന്ദനു..

പിറ്റേന്ന് രാവിലെ

“എന്താ നാത്തൂനെ ഭർത്താവിനെ വീട്ടീന്ന് സ്നേഹിച്ചത് പോരാഞ്ഞ് റോഡിലിറങ്ങി സ്നേഹിക്കാൻ തുടങ്ങിയോ..”

കുടുംബ ഗ്രൂപ്പിലെ വാട്സപ്പിൽ നന്ദേട്ടൻ ടൗണിൽ വെച്ച് ക്കാണിച്ച ആ വിക്രിയയുടെ ഒരു വീഡിയോയും പിന്നെ നാത്തൂന്റെ വക ഫോൺ വിളിച്ചുള്ള ഈ കമന്റ് കൂടി കേട്ടപ്പോൾ അരുണയുടെ തൊലി ഒന്നുകൂടി ഉരിഞ്ഞു..

“ശാന്തി നിനക്ക് ഇത് എവിടുന്ന് കിട്ടി വീഡിയോ?”

അരുണിമ സങ്കടവും ചിരിയും കൊണ്ട് തളർന്ന സ്വരത്തിൽ ചോദിച്ചു.

“നിങ്ങൾ പോയ മാളിന്റെ തൊട്ടു മുമ്പിലുള്ള കൊച്ചു ടെക്സ്റ്റൈൽസ് നടത്തുന്ന നമ്മുടെ വടക്കേലെ പ്രകാശൻ സിസിടിവിയിൽ നിന്നും കിട്ടിയ വീഡിയോ ആണിത്..”

“ഹമ്മേ വൈറൽ ആയോ.?”

“ഏയ് പേടിക്കാനൊന്നുമില്ല വൈറലും വയറ്റിലും ഒന്നുമായില്ല.. ആ പ്രകാശൻ നന്ദേട്ടൻ ആണെന്നറിഞ്ഞപ്പോൾ ഒരു രസത്തിന് ഫൂട്ടേജ് എടുത്തു നമ്മുടെ ഗ്രൂപ്പിൽ ഇട്ട് തന്നതാ..”

“ഈശ്വര ആശ്വാസമായി.
എടി ശാന്തി നമ്മുടെ ഇരട്ട പെൺകുട്ടികൾക്ക് കല്യാണം ആയിട്ടുണ്ടല്ലോ അവർക്ക് വല്ലതും വാങ്ങിക്കാൻ വേണ്ടി പോയതായിരുന്നു ടൗണിൽ.. കഷ്ടകാലത്തിന് ‘കുട്ടികൾക്ക് മാത്രമേ ഉള്ളൂ എനിക്കൊന്നുമില്ലെ ‘

എന്ന് ഞാൻ ചോദിച്ചു പോയി..

അപ്പോൾ നന്ദേട്ടൻ പറയുകയാണ് തന്റെ കാര്യം ഞാൻ മറന്നുപോയെന്നു ‘

‘ഇപ്പൊ എന്നോട് സ്നേഹം ഒന്നുമില്ലല്ലോ പഴയതുപോലെ’

എന്ന് ചുമ്മാ പറഞ്ഞു പോയതാ…

അതു കേൾക്കേണ്ട താമസം.. പിന്നെ കാണിച്ചതാണെടി ഈ പരാക്രമം..”

“ഓ അതാണോ കാര്യം..!”

അൽപ്പംകൂടി ലോകകാര്യം സൊള്ളിയ ശേഷം നാത്തൂൻ ഫോൺ വച്ചു.

ഈശ്വര ആകെ നാണക്കേടായി… കുടുംബക്കാർ മൊത്തം കണ്ടു..

ഈ ചേട്ടനെ കൊണ്ട്.. തോറ്റു…എന്തൊരു സ്നേഹമാണ് പുള്ളിക്ക് തന്നോട്.. അവൾ ഓർത്തു.. രണ്ടുദിവസം മുമ്പ് നന്ദേട്ടൻ അത് തെളിയിച്ചതാണ്… അവൾ അതു ഓർത്തു

“അമ്മേ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ.. “

അതും പറഞ്ഞു കൗമാരം പിന്നിടുന്ന ആദി മോൻ നാണം കുണുങ്ങി അടുക്കളയിൽ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ അരുണിമയ്ക്ക് എന്തോ പണി വന്നെന്നു തോന്നി.

“ആരാ.. മോനെ… “

“അമ്മേടെ മക്കൾ “

“എന്റെ മക്കളോ..അതൊക്കെ മോൻ തന്നെയല്ലേ എനിക്കു “

അപ്പഴേക്കും സിസ്റ്റർ അമലയും രണ്ടു ഇരട്ട പെൺകുട്ടികളും വീട്ടിലേക്ക് കേറി വന്നു…

അവരെ കണ്ടപ്പോൾ അരുണിമയ്ക്കും നാണം വന്നു.

“ഇരിക്ക് സിസ്റ്ററെ… “

അരുണിമ ഇവരുടെ പെട്ടെന്നുള്ള ആഗമനത്തിൽ അത്ഭുത പരതന്ത്ര കുന്തമായി.

മനസ്സൊന്നുന്നടങ്ങിയപ്പോൾ സ്നേഹത്തോടെ അവൾ അടുത്ത് ചെന്ന് കുട്ടികളെ കെട്ടിപിടിച്ചു.കുട്ടികൾ തിരിച്ചും.

“അമ്മേടെ അനുഗ്രഹം വാങ്ങിക്ക് ജിഷയും നിഷയും.. “

സിസ്റ്റർ പറഞ്ഞതനുസരിച്ചു പെൺകുട്ടികൾ അരുണിമയുടെ പാദം തൊട്ടു അനുഗ്രഹം വാങ്ങി. കുട്ടികൾ കാൽ തൊട്ടപ്പോൾ അരുണിമ വല്ലാണ്ടായി. എങ്കിലും കുട്ടികളെ പിടിച്ചെഴുന്നേല്പിച്ചു.

“അത് കൊടുക്കൂ മക്കളെ..”

സിസ്റ്റർ അത് പറഞ്ഞപ്പോൾ കുട്ടികൾ ഒരു വെഡിങ് ഇൻവിറ്റേഷൻ കാർഡ് അരുണിമയെ ഏല്പിച്ചിട് പറഞ്ഞു.

“അമ്മ വരണം. അടുത്ത സൺ‌ഡേ അമ്മേടെ മക്കളുടെ കല്യാണം പള്ളിയിൽ വെച്ച് മിന്നുകെട്ട് ഭർത്താവിന്റെ വീടിനടുത്തുള്ള കല്യാണ ഹാളിൽ വച്ച് വിവാഹ ചടങ്ങുകൾ അമ്മ അച്ഛനെയും ആദിയെയും കൂട്ടി വരണം. “

മാതൃ വാത്സല്യത്താൽ അരുണിമയുടെ ഹൃദയം തുടികൊണ്ടു
അരുണിമ ആ കാർഡ് വാങ്ങി. അവൾക്ക്‌ വാത്സല്യം തോന്നി. അവരെ നെഞ്ചോടു ചേർത്ത് ഒന്നുകൂടി തഴുകി.

അവർക്ക് കാപ്പിയിട്ട് നൽകി അത് കുടിച്ച് പോകാൻ നേരം നന്ദേട്ടൻ എത്തി. ഏട്ടന് അവരെ കണ്ടപ്പോൾ അതീവ സന്തോഷം ആയി കുശലപ്രശ്നങ്ങൾക്ക് ശേഷം നന്ദേട്ടന്റെയും അനുഗ്രഹം വാങ്ങി അവർ.

കുട്ടികൾ പോയ വഴിയേ നോക്കി ഇരിക്കുകയാണ് അരുണിമ. പോകാൻ നേരം നന്ദേട്ടൻ വലിയ തുക എഴുതിയ ഒരു ചെക്ക് സിസ്റ്ററെ ഏല്പിച്ചത് തന്റെ മനസ്‌സിലെ ആഗ്രഹം പറയാതെ അറിഞ്ഞത് കൊണ്ട് തന്നെ എന്നു അരുണിമയ്ക്ക് അറിയാം.

അവളുടെ മനസ് ഗതകാല സ്മരണയിലെക്ക്‌ ഊളിയിട്ടിറങ്ങി.

ചങ്കായി നല്ല ഒരു സുഹൃത്തു ഉണ്ടെങ്കിൽ ദുഷ്‌കൃത്യമാകേണ്ട ഒരു കാര്യം സത്കർമ്മമായി മാറ്റാം എന്നു പഠിപ്പിച്ച ആമിയെ ഈ അവസരത്തിൽ അവൾ നന്ദിയോടെ ഓർത്തു.

പാൽ നിറഞ്ഞു വിങ്ങുന്ന മുലയിൽ നിന്നും ടോയ്‌ലെറ്റിലെ ക്ലോസ്സെറ്റിലേക്ക് അരുണിമ തന്റെ മുലപ്പാൽ ഞെക്കി പിഴിഞ്ഞ് കളഞ്ഞു കൊണ്ടിരുന്നു. കുറെ അങ്ങനെ ചെയ്തപ്പോൾ ഇത്തിരി ആശ്വാസം കിട്ടി.

അരുണിമ പ്രസവിച്ചിട്ട് ആറുമാസം ആയി. കുഞ്ഞിനെ വീട്ടിൽ അമ്മയെ ഏല്പിച്ചിട്ട് അവൾ സർക്കാർ ആപ്പീസിലെ തന്റെ ജോലിക്ക് കേറിയത്.

രാവിലേ വരുമ്പോൾ ആദി മോനു വയറു നിറയുവോളം മാമൂട്ടി വന്നാലും ഉച്ചയാവുമ്പോഴേക്കും ഈ പ്രോബ്ലം തുടങ്ങും. വസ്ത്രം നനഞ്ഞു വല്ലാതാകുന്നു.

അതിനാണ് തന്റെ മോൻ കുടിക്കേണ്ട അമ്മിഞ്ഞപാൽ പാഴാക്കി കളയുന്നത്.

പഞ്ചായത്തിലെ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കുന്ന പുതുതായി വന്ന പ്യുൺ ചാരുശീലന്റെ ശ്രദ്ധയോടുള്ള നോട്ടവും പലപ്പോഴും ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്ന തന്റെ നനഞ്ഞ ബ്ലൗസിന് നേരെ ആയിരിക്കും.

അത് കൊണ്ട് ബ്ലൗസ് നനയാതെ നോക്കാനും ഈ പ്രവർത്തി ആവശ്യമായി വന്നു.

അതിൽ അരുണിമയ്ക്ക് വളരെ മാനോവിഷമം ഉണ്ട്. എന്ത് ചെയ്യാൻ..!

സഹപ്രവർത്തകയായ ആമിയോട് പറഞ്ഞപ്പോൾ അവളൊരു പോം വഴി ഉപദേശിച്ചു.

കേട്ടപ്പോൾ പക്ഷെ തനിക്കു അതിനോട് ആദ്യം അത്ര യോജിപ്പില്ലായിരുന്നു.

ഇപ്പോൾ ആശിച്ചു പോകുന്നു അങ്ങനെയെങ്കിലും ചെയ്താൽ മതിയായിരുന്നുഎന്നു..

വീട്ടിലെ പ്രാരാബ്ദംകാരണം ഡെലിവറി ലീവ് കഴിഞ്ഞും കുഞ്ഞിനെ നോക്കിയിരിക്കാൻ വേറെ ലീവ് എടുക്കാൻ ആവുന്നതല്ല.

അത് കൊണ്ടാണ് മോനെ പിരിഞ്ഞും ജോലിക്ക് വരുന്നത്. ആ സമയങ്ങളിൽ വീട്ടിൽ മോനു കുപ്പിപാൽ നൽകിയാണ് തന്റെ അമ്മ അവനെ പരിചരികുന്നത്.

അമ്മ റിട്ടയേർഡ് ടീച്ചർ ആണ് വലിയ തറവാട്ടിലെ ആകെ അവശേഷിക്കുന്ന കണ്ണി. പഴയ പ്രതാപങ്ങൾ തകർന്നടിഞ്ഞു. പേര് മാത്രം ഉള്ള തറവാട്.

പിറ്റേന്ന് ഓഫീസിൽ ലഞ്ച് കഴിഞ്ഞപ്പോൾ ആമിയോട് പറഞ്ഞു.

“ആമി പറഞ്ഞത് നല്ല കാര്യമാണെന്ന് തോന്നുന്നു. മാത്രമല്ല ഇവിടെ അടുത്തു തന്നെയല്ലേ ലഞ്ച് ബ്രേക്ക്‌ ടൈം കഴിയുമ്പോഴേക്കും മടങ്ങി എത്താമല്ലോ… പോവാം “

"സത്യം..? നീ തീരുമാനിച്ചോ . "

ആമിക്ക് വിശ്വസിക്കാനായില്ല.

“അതെന്നെ.. പോവാം “.

അങ്ങനെ ആമിയോടൊപ്പം അടുത്തുള്ള ബാലസദനത്തിൽ എത്തി.

അവിടെ കണ്ട കാഴ്ച അരുണിമയുടെ നെഞ്ച് പൊള്ളിച്ചു .

ആരോ പ്രസവിച്ചയുടനെ ഉപേക്ഷിച്ച ഇരട്ട പെൺകുട്ടികൾ. അമ്മിഞ്ഞപ്പാൽകിട്ടാണ്ട് വരണ്ട ആ ചുണ്ടുകളിൽ അവൾ അമൃതധാര പൊഴിച്ച് ആത്മ നിർവൃതിയടഞ്ഞു.

“ലളിതാംബിക ടീച്ചറിന്റെ മോളല്ലേ? “

സിസ്റ്റേർ ചോദിച്ചു.

അമല സിസ്റ്റർ ആണ് അത് നടത്തിക്കുന്നതു.

“അതെ “

അരുണിമ തലയാട്ടി.
ദിനം തോറും തന്റെ വരവ് ആ കുഞ്ഞുങ്ങൾക്ക് ജീവചൈതന്യം പകർന്നു നൽകുന്നതായി. അവർ നന്നായി പുഷ്ടിപ്പെട്ടു.

അരുണിമ എന്ന അമ്മ ആദിമോനു നൽകുന്ന അതെ വാത്സല്യം ആ കുട്ടികൾക്കും നൽകി.

കുട്ടികളെ പരിചരിക്കുന്ന സിസ്റ്റർസ് അവരെ എന്നും അകമഴിഞ്ഞ് സ്വീകരിച്ചു.

അരുണിമയുടെ കുട്ടികളോടുള്ള സ്നേഹ വയ്‌പിന്‌ മുന്നിൽ സിസ്റ്റേഴ്സ് കണ്ണീരണിഞ്ഞു.

ഏതാണ്ട് ഒന്നര വയസായപ്പോഴേക്കും ആദി മോൻ മുലകുടി നിർത്തി.

അതിനു ശേഷം പിന്നെയും കുറച്ചു നാൾ അരുണിമ ആ കുട്ടികൾക്ക് പാൽ നൽകി.

“എന്താ അരുണിമ ഇങ്ങനെ ആ പെൺകുട്ടികളുടെ വെഡിങ് കാർഡ് കൈയ്യിൽ പിടിച്ചു ആലോചിക്കുന്നത്… “.

നന്ദേട്ടന്റെ ആ ചോദ്യം കേട്ടാണ് അരുണിമ ചിന്തയിൽ നിന്നുമുണർന്നത്.

ആദി മോനും തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു.

ഇത്രയും സമയം താൻ ചിന്തയിൽ ആയിരുന്നു എന്നു ഇപ്പോഴാ ഓർത്തത് വിസ്മയ ലോകത്തു നിന്നു മോചനം ലഭിക്കുന്നില്ല.

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

സിസ്റ്റേറിനൊപ്പം ആ ഇരട്ട പെൺകുട്ടികൾ ഇപ്പോൾ വീട്ടിൽ വന്നു പോയതേ ഉള്ളൂ വെങ്കിലും ചിന്തയിൽ താൻ ഇരുപതു കൊല്ലം പിറകിലോട്ട് പോയി അവരുമായി ചിലവിട്ടു .

രണ്ടു കുട്ടികൾക്കും ഒരേ വീട്ടിലെ സഹോദരൻമാർ ചേർന്നു വിവാഹം കഴിക്കുന്നു.

സൗഭാഗ്യകരം തന്നെ. കെട്ടിപിടിച്ചു ഇരുകവിളിലും കുട്ടികൾ ഉമ്മ നൽകിയ കവിൾതടങ്ങൾ അവൾ ഇരു കൈകൊണ്ടും തലോടി.

അവളുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു അവർ വളർന്നു വിവാഹപ്രായമെത്തിയിരിക്കുന്നു.

മാതൃ പുത്ര വാത്സല്യങ്ങൾ ഒരുതരം നിർവൃതിയുടെ മായിക ലോകമാണ്..

അവിടെ നേരത്തിനോ, കാലത്തിനോ സ്ഥാനം ഇല്ല.

അരുണിമയുടെ കണ്ണിൽ രണ്ടു തുള്ളി ആർദ്രതയുടെ ആനന്ദകണ്ണീർ രൂപപ്പെട്ടു..

ഞായറാഴ്ച പെൺകുട്ടികളുടെ മിന്നുകെട്ടിന് ശേഷം ചെറുക്കൻമാരുടെ വീട്ടിൽ പോയി കല്യാണത്തിനും കൂടി വരുമ്പോൾ അരുണിമ യിലെ അമ്മ ആത്മ നിർവൃതിയുടെ ലോകത്തായിരുന്നു…